Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

`എഴുപതുകൾ എന്ന് പറഞ്ഞാൽ കെഎസ്ആർടിസിയിൽ സിഗററ്റ് കവറിൽ എഴുതി ജോലി നൽകുന്ന കാലം`; ജീവനക്കാരി മരിച്ചപ്പോൾ സഹോദരന് ജോലി കിട്ടിയത് അനധികൃതമായി; മകൻ സംഭവം അറിയുന്നത് വർഷങ്ങൾക്ക് ശേഷമെന്ന് യൂണിയൻ നേതാവിന്റെ വിചിത്ര വാദം; നിയമന തട്ടിപ്പിൽ കുരുങ്ങിയ നേതാവിനെ രക്ഷിക്കാൻ ഓഡിയോ സംഭാഷണവുമായി എഐടിയുസി നേതാവ് എം.ജി.രാഹുലിന്റെ രംഗപ്രവേശവും; കെഎസ്ആർടിസിയിലെ ഒരു വിചിത്ര നിയമനത്തിന്റെ കഥ

`എഴുപതുകൾ എന്ന് പറഞ്ഞാൽ കെഎസ്ആർടിസിയിൽ സിഗററ്റ് കവറിൽ എഴുതി ജോലി നൽകുന്ന കാലം`; ജീവനക്കാരി മരിച്ചപ്പോൾ സഹോദരന് ജോലി കിട്ടിയത് അനധികൃതമായി; മകൻ സംഭവം അറിയുന്നത് വർഷങ്ങൾക്ക് ശേഷമെന്ന് യൂണിയൻ നേതാവിന്റെ വിചിത്ര വാദം; നിയമന തട്ടിപ്പിൽ കുരുങ്ങിയ നേതാവിനെ രക്ഷിക്കാൻ ഓഡിയോ സംഭാഷണവുമായി എഐടിയുസി നേതാവ് എം.ജി.രാഹുലിന്റെ രംഗപ്രവേശവും; കെഎസ്ആർടിസിയിലെ ഒരു വിചിത്ര നിയമനത്തിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ കെഎസ്ആർടിസിയിൽ കൊഴുക്കുന്നു. ഒരു ജീവനക്കാരി മരിച്ചപ്പോൾ ആശ്രിതരായ രണ്ടു പേർക്കാണ് കെഎസ്ആർടിസി ജോലി നൽകിയത്. ഈ നിയമന തട്ടിപ്പ് പ്രശ്‌നമാണ് ഇപ്പോൾ യൂണിയനുകളിൽ ആരോപണ പ്രത്യാരോപണങ്ങളായി കൊഴുക്കുന്നത്. ആശ്രിത നിയമനം വഴി ജോലി ലഭിച്ച രാജീവ് എഐടിയുസി യൂണിയൻ അംഗമായതിനാൽ ഇദ്ദേഹത്തെ പിന്തുണച്ച് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ രംഗത്ത് വന്നതോടെയാണ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം വിവാദത്തിന്റെ തലത്തിലേക്ക് എത്തുന്നത്.

രാജീവിന്റെ നിയമനം വിവാദമാക്കി രംഗത്ത് വന്നവർക്ക് നേരെ ഭീഷണിയുടെ സ്വരത്തിൽ എഐടിയുസി യൂണിയൻ ജനറൽ സെക്രട്ടറി പ്രതികരിച്ചതോടെ ഈ വിശദീകരണത്തിൽ പിടിച്ചാണ് ഇപ്പോൾ വിവാദം കൊഴുക്കുന്നത്. രാധാമണി മരിച്ചപ്പോൾ ഭർത്താവിനോ മക്കൾക്കോ ആണ് ആശ്രിതനിയമനം ലഭിക്കേണ്ടത്. എന്നാൽ, രാധാമണിയുടെ സഹോദരനു നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഭർത്താവ് കോർപറേഷനു കത്ത് നൽകി.

ഇക്കാര്യം മറച്ചുവച്ച് വീണ്ടും കത്ത് നൽകിയപ്പോൾ രാധാമണിയുടെ മകൻ രാജീവിനും ജോലി നൽകി. എ.ഐ.ടി.യു.സി. യൂണിയന്റെ സംസ്ഥാനനേതൃനിരയിലെത്തിയ രാജീവ് കണ്ടക്ടറായാണു ജോലിയിൽ കയറിയത്. ഇപ്പോൾ ഇയാൾ കൺട്രോളിങ് ഇൻസ്‌പെക്ടറാണ്. രാജീവിനെ തൊട്ടപ്പോൾ എഐടിയുസിക്ക് പൊള്ളി. യൂണിയൻ നേതൃനിരയിൽ ഉള്ളതിനാൽ രാജീവിനെ സംരക്ഷിക്കേണ്ടത് യൂണിയന്റെ ആവശ്യമായി. ഈ ആവശ്യവുമായി ബന്ധപ്പെട്ടു രാഹുൽ നൽകിയ വിശദീകരണമാണ് വിവാദമാകുന്നത്.

കെഎസ്ആർടിസിയിലെ ആശ്രിത നിയമനചട്ടങ്ങൾ പോലും വളച്ചോടിച്ചാണ് രാഹുൽ ഈ കാര്യത്തിൽ വിശദീകരണം നൽകുന്നത്. കെഎസ്ആർടിസി ചട്ടം അനുസരിച്ച് ജീവനക്കാരൻ മരിച്ചാൽ ഒരാൾക്ക് മാത്രമേ നിയമനം ലഭിക്കുകയുള്ളൂ. എന്നാൽ മരിച്ച രാധാമണിയുടെ കുടുംബത്തിൽ നിന്ന് രണ്ടുപേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ അമ്മയുടെ ജോലി ലഭിച്ച രാജീവ് ഇപ്പോൾ കൺട്രോളിങ് ഇൻസ്‌പെക്ടറാണ്. രാജീവിനെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ ചട്ടങ്ങൾ വരെ രാഹുൽ വളച്ചോടിച്ചാണ് വിശദീകരണം നൽകുന്നത്. രാധാമണി മരിച്ചപ്പോൾ ഭർത്താവിനു ജോലി ലഭിക്കുമായിരുന്നു. എന്നാൽ സഹോദരന് ജോലി നൽകാൻ കത്ത് നൽകിയ പ്രകാരം കെഎസ്ആർടിസി സഹോദരന് ജോലി നല്ലി. സഹോദരി മരിച്ചാൽ സഹോദരന് ജോലി നൽകാൻ ചട്ടമില്ല. ഈ ചട്ടങ്ങൾ ലംഘിച്ചാണ് സഹോദരന് ജോലി നൽകിയത്. ഇരുപത് വർഷത്തിലേറെ സഹോദരൻ ജോലി ചെയ്തപ്പോൾ മരണപ്പെട്ട രാധാമണിയുടെ മകനായ രാജീവിന് ജോലി ലഭിക്കാൻ ഭർത്താവ് വീണ്ടും കത്ത് നൽകി. അപ്പോൾ രാജീവന് ജോലി ലഭിച്ചു.

ആശ്രിത നിയമനപ്രകാരം രാജീവന് ജോലി ലഭിച്ചപ്പോൾ സഹോദരൻ ഹൈക്കോടതിയിൽ പോയി വീണ്ടും നിയമന ഉത്തരവ് നേടി എന്നാണ് രാഹുൽ പറയുന്നത്. അപ്പോൾ ആശ്രിത നിയമന പ്രകാരം രണ്ടുപേർക്കാണ് കെഎസ്ആർടിസി ജോലി നൽകിയത്. ഇതാണ് കെഎസ്ആർടിസി മൂടി വെച്ചത്. രാജീവ് എഐടിയുസി യൂണിയൻ നേതാവായതിനാൽ ഈ കാര്യം മൂടിവയ്ക്കപ്പെടുകയും ചെയ്തു. രാധാമണി മരിച്ചപ്പോൾ കെഎസ്ആർടിസി ചട്ടപ്രകാരം ഭർത്താവിനു ജോലി ലഭിക്കാൻ അർഹതയുണ്ട്. ജീവനക്കാരി-ജീവനക്കാരൻ മരിച്ചാൽ വിധവ-വിധുരൻ, മകൻ, മകൾ എന്നിവർക്ക് ആണ് ജോലിക്ക് അർഹത.

അത് പ്രകാരം രാജീവിന്റെ അച്ഛന് അപ്പോൾ തന്നെ ജോലി ലഭിക്കുമായിരുന്നു. എന്നാൽ സഹോദരന് ജോലി നൽകാനാണ് ഇയാൾ കത്തിലൂടെ ആവശ്യപ്പെട്ടത്. ചട്ടങ്ങൾ നോക്കാതെ കെഎസ്ആർടിസി സഹോദരന് ചട്ടവിരുദ്ധമായി ജോലി നൽകുകയും ചെയ്തു. ആശ്രിത നിയമനം വഴി കണ്ടക്ടറായി ജോലിക്ക് കയറി ഇപ്പോൾ കൺട്രോളിങ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നരാജീവിന് ഇപ്പോൾ യോളം ശമ്പളമുണ്ട്. ഈ വിവരത്തിൽ പരാതി നൽകിയപ്പോൾ ഇത് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സർക്കാർ ഉത്തരവ് എങ്കിലും ആ അന്വേഷണ റിപ്പോർട്ടിന്റെ ഫയൽ തന്നെ പൂഴ്‌ത്തിയ അവസ്ഥയിലാണ്. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനും അതേ വിജിലൻസ് വിഭാഗത്തിൽ ജോലി നോക്കുന്നതുകൊണ്ട് തന്നെ ഈ ഫയൽ പൂഴ്‌ത്താൻ വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്തു.ഇത്തരത്തിൽ വർദ്ധിച്ച് വരുന്ന നിയമന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് കെഎ്ആർടിസി ജീവനക്കാരനായ ജൂഡ് ജോസഫാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ഈ വിഷയത്തിൽ കൊഴുക്കുന്നത്.

എം.ജി.രാഹുലിന്റെ ഓഡിയോ സംഭാഷണം ഇങ്ങനെ:

ട്രാൻസ്‌പോർട്ട് യൂണിയൻ എഐടിയുസിക്ക് എതിരായും മുൻ ഭാരവാഹിയായ പി. രാജീവിനെതിരായും കഴിഞ്ഞ ഒരാഴ്ച കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമ അപകീർത്തിപ്പെടുത്തലും ദുഷ്പ്രചാരണവും നടന്നു വരുകയാണ്. പല സഖാക്കൾക്കും ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ പല അന്വേഷണങ്ങളും നടത്തി. ഇത്തരം ഒരു അസത്യം പ്രചരിപ്പിക്കുന്നതിന് എതിരായ ഒരു പ്രതികരണം നമ്മൾ നടത്തേണ്ടതുണ്ടോ എന്ന കാര്യം ആദ്യം ആലോചിച്ചുവെങ്കിലും ഇപ്പോഴത് വലിയ രീതിയിൽ യൂണിയനെയും രാജീവിനെയും കുടുംബത്തെയും കടന്നാക്രമിക്കാൻ വേണ്ടി പരിശ്രമിക്കുമ്പോൾ യാഥാർത്ഥ്യം ബോധ്യപ്പെടുത്താതിരിക്കാൻ കഴിയില്ല. ഇതെല്ലാം റഫറണ്ടം മുന്നിൽ കണ്ടു ചില കാറ്റഗറി സംഘടനകൾ നടത്തുന്ന ജുഗുപ്‌സവഹമായ ചില ഇടപാടുകളാണ്. അതല്ലാ എന്നുണ്ടെങ്കിൽ ഇത് നീതിപൂർവകമല്ല ഇതിൽ എഐടിയുസിയോ രജീവോ അഴിമതി നടത്തിയിട്ടുണ്ട് എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കി ഹൈക്കോടതിയിൽ പോകാം. കെഎസ്ആർടിസിയെ സമീപിച്ച് നിയമനം റദ്ദ് ചെയ്യാം. ഇതിനു ഒന്നും പോകാതെ പെയ്ഡ് ന്യൂസുകൾ സൃഷ്ടിച്ച് ഇങ്ങിനെ അന്തരീക്ഷത്തിൽ വൃത്തികേടുകൾ മുഴുവൻ പറഞ്ഞു പരത്തുക എന്നതിന് അപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല എന്ന യാഥാർത്ഥ്യം നമ്മുടെ സഖാക്കൾ അറിഞ്ഞിരിക്കണം.

1971-ൽ രാജീവിന്റെ അമ്മ കെഎസ്ആർടിസി ജീവനക്കാരിയായിരിക്കെ മരണപ്പെട്ടു. അന്ന് രാജീവിന് അഞ്ച് വയസ് മാത്രം പ്രായം. അനുജന് മൂന്നു വയസും അനുജത്തിക്ക് കേവലം മൂന്നു മാസവും പ്രായം. ഭാര്യയുടെ ജോലി തനിക്ക് ലഭിക്കണം എന്ന് പറഞ്ഞു രാജീവിന്റെ അച്ഛൻ കെഎസ്ആർടിസിക്ക് അപേക്ഷ നൽകി. എന്നാൽ ഭാര്യയുടെ ജോലി ഭർത്താവിനു ആശ്രിത നിയമനം വഴി ലഭിക്കില്ലാ എന്ന മറുപടിയാണ് കോർപറെഷൻ നൽകിയത്. അത് കാരണം ജോലിക്ക് കയറുവാൻ കഴിഞ്ഞില്ല. എന്നാൽ ആരുമറിയാതെ രാധാമണിയുടെ സഹോദരൻ കെഎസ്ആർടിസിയിൽ ജോലിക്ക് ശ്രമിക്കുകയും സ്വാധീനം വഴി ടിക്കറ്റ് ഇഷ്യുവർ ആയി ജോലി നേടി. 1970 എന്ന് പറഞ്ഞാൽ പബ്ലിക് സർവീസ് കമ്മിഷനും നിയമാനുസൃത സംവിധാനങ്ങളുമെല്ലാം നോക്കുകുത്തികളായി നിന്നുകൊണ്ട് സിഗററ്റ് കവറിൽ ആയാലും നിയമനം എഴുതി കൊടുത്ത് നേടുന്ന കാലമാണ്. ആരു എങ്ങിനെ ജോലി നേടി എന്നത് ആർക്കും പരിചിതമല്ലാത്തതും വിവരാവകാശമോ ചാനലുകളോ മാധ്യമങ്ങളോ ഇല്ലാത്ത കാലമാണ്. അന്ന് ഇത്തരം നിയമനങ്ങൾ എങ്ങിനെ നേടി എന്ന് ആർക്കും അറിയാത്ത കാലമാണ്.

രാജീവ് പ്രായപൂർത്തിയായപ്പോഴാണ് രാജീവിന്റെ അച്ഛൻ കെഎസ്ആർടിസിക്ക് ജോലിക്ക് അപേക്ഷ നൽകുന്നത്. അപ്പോൾ ആശ്രിത നിയമനത്തിനുള്ള ലീഗൽ ഹയർഷിപ്പ് ഹാജരാക്കാൻ ആവശ്യപ്പെടുന്നു. രേഖ പ്രകാരം അച്ഛനും മൂന്നു മക്കളുമാണ് അവകാശികൾ. ഈ രേഖ കാണാനില്ലെന്നു പറഞ്ഞ പ്രകാരം രണ്ടാമത് വീണ്ടും നൽകി. ഇതിന്റെ ആവശ്യത്തിനായി ആലുവയിൽ കത്തെഴുതുമ്പോഴാണ് സഹോദരൻ ജോലിക്ക് കയറി എന്ന വിവരം കോർപറെഷനെ അറിയിക്കുന്നത്. സഹോദരൻ ജോലിക്ക് കയറിയതിനാൽ രാജീവിന് ജോലി ലഭിക്കില്ലാ എന്നാണ് കോർപറേഷൻ അറിയിച്ചത്. രാജീവിന്റെ അച്ഛൻ കേരള ഹൈക്കോടതിയിൽ പോയി. കേസ് രാജീവിന് അനുകൂലമായി. ജോലി നൽകാൻ കെഎസ്ആർടിസി ഹൈക്കോടതി വിധിച്ചു. ആ ഉത്തരവ് പ്രകാരമാണ് രാജീവിന് 1992ൽ ജോലി ലഭിച്ചു. രാജീവിന്റെ അമ്മാവൻ വിജയകുമാറിനെ കെഎസ്ആർടിസി പിരിച്ചു വിട്ടു. 1991ൽ പിരിച്ചു വിട്ട വിജയകുമാർ മൂന്നു വർഷക്കാലം കേസ് നടത്തി. നാല്പത് വയസ് കഴിഞ്ഞതിനാൽ എനിക്ക് ടെസ്റ്റുകൾ എഴുതാൻ കഴിയില്ല. അതിനാൽ കെഎസ്ആർടിസിയിൽ ജോലി നൽകണം. ഇതായിരുന്നു ആവശ്യം. മൂന്നു വർഷത്തിനു ശേഷം വിധി വിജയകുമാറിനും അനുകൂലമായി. ജോലി തിരികെ ലഭിച്ചു. പിന്നെ വിരമിച്ചു. രാജീവ് ഇപ്പോൾ സ്‌ക്വാഡിന്റെ ഐസിയായി. ഇതാണ് ഇപ്പോൾ ഊതിപ്പെരുപ്പിക്കുന്നത്.

പെരുമ്പാവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഷെഡ്യൂൾ. സൂപ്പർഫാസ്റ്റ്. ആറുമണിക്കൂർ റണ്ണിങ് ടൈം. എംപാനൽ കാരെ പിരിച്ചു വിട്ട സമയത്ത് ആറു മണിക്കൂർ സ്റ്റിയറിങ് അവർ ഉള്ള ഡ്യൂട്ടിയെ ഡിസിയാക്കി മാറ്റുന്ന സാഹചര്യമുണ്ടായി. പെരുമ്പാവൂരിൽ പിന്നീട് എംപാനൽ കാർ തിരിച്ചു കയറിയ ശേഷം കണ്ടകടർ ഓപ്ഷൻ വാങ്ങിയ ജീവനക്കാർ യൂണിറ്റിൽ വലിയ പ്രതിഷേധമുണ്ടാക്കി. ഡിസി ഒഴിവാക്കി കണ്ടക്ടർമാരെ നിയമിക്കുന്ന സാഹചര്യം വന്നു. തിരുവനന്തപുരത്ത് എത്തിയാൽ മിനിമം നാലുമണിക്കൂർ റെസ്റ്റ് ഡ്യൂട്ടിയെ സംബന്ധിച്ചുണ്ട്. അതിനാൽ കണ്ടക്ടർമാരെ ആ ഷെഡ്യൂളിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. മൂന്നു ഡിസിമാരെ പോസ്റ്റ് ചെയ്തു. അവരെ ഒഴിവാക്കിയപ്പോൾ ഇവർ അത് ചാനൽ വാർത്തയാക്കി. അഭിമുഖം കോർപ്പറേഷന് എതിരായി. വിജിലൻസ് ഓഫീസറോട് ഇത് അന്വേഷിക്കാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടു. പെരുമ്പാവൂരിലെ സ്‌ക്വാഡ് ഐസി എന്ന നിലയിൽ രാജീവ് ആണ് ഇത് അന്വേഷിച്ചത്. രാജീവ് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ട് പ്രകാരം മൂന്നു ജീവനക്കാർക്ക് സ്ഥലം മാറ്റം വന്നു. ഈ ജീവനക്കാരാണ് രാജീവിനെതിരെ രംഗത്തുള്ളത്. റഫറണ്ടം ഉള്ളതിനാൽ ഇത് ഐഐടിയുസിക്ക് കൂടി എതിരായി. രാജീവ് കുറ്റക്കാരനല്ല. എഐടിയുസിക്കാരൻ ആയത് ഒരു കുറ്റമല്ല. ഇത് രാജീവിന് ഒരു ഭാരമാകാൻ പാടില്ല. ഒരു സഖാവ് എന്ന നിലയിൽ രാജീവിനെയും സംഘടനയെയും ഒറ്റതിരിഞ്ഞു ആക്രമിക്കാൻ നടത്തുന്ന ഇത് ഹീനമായ ശ്രമത്തെയും ചെറുത്ത് തോൽപ്പിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്-രാഹുൽ ഓഡിയോ സംഭാഷണത്തിൽ പറയുന്നു.

കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനങ്ങളുടെ മറവിൽ വൻതട്ടിപ്പ് പുറത്തായതോടെ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിയമന ഉത്തരവുകളടക്കം സുപ്രധാനരേഖകൾ കോർപറേഷനിൽനിന്ന് അപ്രത്യക്ഷമായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശ്രിതനിയമനം നേടി, എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ എത്തിയവരുടേതുൾപ്പെടെ പല രേഖകളും സംശയാസ്പദവുമാണ്. വിവരാവകാശനിയമപ്രകാരം രേഖകളുടെ പകർപ്പ് നൽകാൻ കോർപറേഷൻ മടിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടതായി സൂചന. ആശ്രിതനിയമനത്തിന്റെ യാതൊരു രേഖയുമില്ലാതെ, പതിനായിരങ്ങൾ ശമ്പളം വാങ്ങുന്ന നൂറുകണക്കിനു ജീവനക്കാർ നിലവിൽ കോർപറേഷനിലുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയെവരെ കോർപറേഷൻ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കോർപറേഷൻ കോടതിയിൽ സ്വീകരിച്ച നിലപാടും വിവാദമായി. അനധികൃത നിയമനങ്ങൾക്കെതിരേ നടപടിയെടുക്കേണ്ട ഉന്നതോദ്യോഗസ്ഥരിൽ പലരും പിൻവാതിൽ നിയമനം നേടിയവരാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇത്തരത്തില് നിരവധി തട്ടിപ്പുകളാണ് കോർപ്പറേഷനിൽ നടക്കുന്നത്. ഇത് പോലെയുള്ള നൂറ് കണക്കിന് നിയമന തട്ടിപ്പുകളാണ് ആനവണ്ടിയെ നശിപ്പിച്ച് പണ്ടാരമടക്കിയത്. ഈ വിഷയത്തിൽ കർശനമായി ഇടപെടുകയും തട്ടിപ്പുകൾ അവസാനിപ്പിക്കാൻ നിലപാട് എടുക്കുകയും ചെയ്തതും മുൻ സിഎംഡി ടോമിൻ ജെ തച്ചങ്കരിക്ക് പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP