Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാത്തതിന്റെ വേദനയുമായെത്തിയത് ഭീകര സംഘടനയിൽ; സംഘടനയുടെ തലവനയായത് പടിപടിയായി ഉയർന്ന്; വാണത് വടക്കൻ സിറിയ മുതൽ ബഗ്ദാദ് വരെ 34,000 ചതുരശ്ര മൈൽ പ്രദേശത്തിന്റെ അധിപനായി; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ നോട്ട പുള്ളിയായി; ഒളിവിൽക്കഴിഞ്ഞത് വ്യാപാരിയെന്ന പേരിൽ; ബാഗ്ദാദിയെ കൊന്നതും ലാദന്റെ വഴിയേ

കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാത്തതിന്റെ വേദനയുമായെത്തിയത് ഭീകര സംഘടനയിൽ; സംഘടനയുടെ തലവനയായത് പടിപടിയായി ഉയർന്ന്; വാണത് വടക്കൻ സിറിയ മുതൽ ബഗ്ദാദ് വരെ 34,000 ചതുരശ്ര മൈൽ പ്രദേശത്തിന്റെ അധിപനായി; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ നോട്ട പുള്ളിയായി; ഒളിവിൽക്കഴിഞ്ഞത് വ്യാപാരിയെന്ന പേരിൽ; ബാഗ്ദാദിയെ കൊന്നതും ലാദന്റെ വഴിയേ

മറുനാടൻ മലയാളി ബ്യൂറോ

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ അമേരിക്കൻ സേനയ്ക്ക് കൈമാറിയത് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയാണ്. ബാഗ്ദാദിയെ കണ്ടെത്താൻ ഒരു വർഷമായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങൾ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കൻ കമാൻഡോകൾ ഒളിയിടം കണ്ടെത്തിയതും ആക്രമണം നടത്തിയതും. എട്ടു വർഷം മുൻപ് ഉസാമ ബിൻ ലാദനെ ഉന്മൂലനം ചെയ്യാൻ യുഎസ് സൈന്യം നടപ്പാക്കിയ 'ഓപ്പറേഷൻ ജെറോനിമോ'യെ ഓർമിപ്പിച്ചു സിറിയയിലെ ആക്രമണവും. അമേരിക്കയുടെ ഓപ്പറേഷൻ ഒബ്ളിട്രേഷൻ ഒടുവിൽ ബാഗ്ദാദിയേയും തീർത്തു.

വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ഏറ്റവും ശക്തിയാർജിച്ച സമയം ഐഎസിന്റെ നിയന്ത്രണം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം വരെയെത്തി. 34,000 ചതുരശ്ര മൈൽ വിസ്തീർണമുള്ള പ്രദേശത്ത് പൂർണ നിയന്ത്രണം. ഇതിനൊപ്പം അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇത് ഇറാഖിനും ഭീതിയായി. ഇത് മനസ്സിലാക്കിയാണ് ഇറാഖും അമേരിക്കയ്ക്ക് ഒപ്പം ചേർന്നത്. ഇങ്ങനെ ഇറാഖിൽ ജനിച്ച ബാഗ്ദാദിയെ ഇല്ലാതാക്കാനുള്ള യുദ്ധത്തിൽ ഇറാഖും നിർണ്ണായക പങ്കുവഹിച്ചു. ഇറാഖിലെ ഭരണമാണ് ഐഎസിലൂടെ ബാഗ്ദാദി ലക്ഷ്യമിടുന്നതെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണവും.

കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അൽ ഖായിദയേക്കാൾ ലോകത്തെ ഭയപ്പെടുത്തിയ ഐഎസിനു രൂപം നൽകി. ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1971ൽ ഇറാഖിലെ സമാരയിലായിരുന്നു ജനനം. യുഎസിന്റെ ഇറാഖ് അധിനിവേശകാലത്ത് 2003ൽ ബഗ്ദാദി പിടിയിലായതായിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം മോചിതനായി. ബഗ്ദാദി പടിപടിയായി വളർന്ന് 2010ൽ അൽ ഖായിദയുടെ ഇറാഖ് മേഖലാ കമാൻഡറായി. അൽ ഖായിദയുടെ ഈ വിഭാഗമാണു പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്‌ഐഎസ്) ആയി വളർന്നത്. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടിയാൽ ഒരു കോടി ഡോളറും വാഗ്ദാനം ചെയ്തു. 2016ൽ തുക രണ്ടരക്കോടി ഡോളറായി (177 കോടി ഡോളർ) വർധിപ്പിച്ചു. ലാദൻ, പിൻഗാമി അയ്മൻ അൽ സവാഹിരി എന്നിവരുടെ തലയ്ക്കിട്ട അതേ വില.

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ 2011 മെയ്‌ രണ്ടിനു പുലർച്ചെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് പറന്നെത്തിയ യുഎസിന്റെ 'സീൽസ്' കമാൻഡോ സംഘമാണു കൊലപ്പെടുത്തിയത്. 23 കമാൻഡോകൾ ലാദൻ ഒളിവിൽ കഴിഞ്ഞ കോട്ടയ്ക്കു തുല്യമായ വസതി വളഞ്ഞു. മൂന്നാം നിലയിൽ ലാദനെ കണ്ടു. ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 65 കിലോമീറ്ററകലെ ഹരിപുരിലായിരുന്നു ആദ്യം താമസം. 2005ലാണ് അബട്ടാബാദിലെത്തിയത്. ഇവിടെ അമേരിക്ക നടത്തിയത് വീണ്ടും ആവർത്തിക്കപ്പെട്ടു.

ആഗ്രഹിച്ചത് മൊസുൾ തലസ്ഥാനമായി ഭരണം

ഇറാഖിൽനിന്നുള്ള യുഎസ് പിന്മാറ്റത്തിനു ശേഷമാണ് ഐഎസ് ഈ മേഖലയിൽ പിടിമുറുക്കിയത്. 2014 ൽ ഇറാഖിന്റെ നാലിലൊന്നു ഭാഗവും സിറിയയുടെ ഗണ്യമായ ഭാഗവും ചേർത്ത് സ്വന്തം ഭരണകൂടം പ്രഖ്യാപിച്ചു; അതിന്റെ പരമാധികാരിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ലോകശ്രദ്ധയിൽ വന്നശേഷം ബഗ്ദാദി ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ട ഏക സന്ദർഭം ഇറാഖിലെ മൊസൂളിൽ നടത്തിയ രാഷ്ട്ര പ്രഖ്യാപനവേളയിലായിരുന്നു.

മൊസൂൾ തലസ്ഥാനമാക്കിയായിരുന്നു ബഗ്ദാദിയുടെ 'ഭരണം'. ഇറാഖിലും സിറിയയിലും കൂട്ടുക്കുരുതികളുടെയും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഐഎസ് ഭീകരാക്രമണങ്ങളുടെയും കാലം. എന്നാൽ ഇറാഖിലെയും സിറിയയിലെയും ഐഎസ് വിരുദ്ധ ശക്തികളും യുഎസ് സഖ്യസേനയും രംഗത്തിറങ്ങിയതോടെ ഐഎസിന്റെ ശക്തി ക്ഷയിച്ചു. അധീന മേഖലകൾ പലതും നഷ്ടമായി. ഐഎസിന്റെ മുതിർന്ന നേതാക്കളേറെയും കൊല്ലപ്പെട്ടു. 2018 ജൂലൈയിൽ ബഗ്ദാദിയുടെ മകൻ ഹുദൈഫ അൽ ബദ്രി സിറിയയിൽ പ്രസിഡന്റ് അൽ അസദിന്റെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ബഗ്ദാദി കൊല്ലപ്പെട്ടെന്ന് പലതവണ വാർത്തകൾ വന്നു. എന്നാൽ അത്തരം വാർത്തകളെല്ലാം തെറ്റെന്നു തെളിയിച്ച് കഴിഞ്ഞ ഏപ്രിലിൽ 30 മിനിറ്റ് വിഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടു. 5 വർഷത്തിനിടെ ബഗ്ദാദിയുടെ മുഖം ലോകം കാണുന്നത് അന്നാദ്യം. ആറുമാസത്തിനു ശേഷം ഇപ്പോഴിതാ യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണം. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു. പാരിസ്, നീസ്, ഓർലൻ!!ോ, സൗദി അറേബ്യ, ഈജിപ്ത്, മാലി എന്നിവിടങ്ങൾ കൂടാതെ ശ്രീലങ്കയിൽ കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 260 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിലും സംഘടന ഉത്തരവാദിത്തമേറ്റു.

ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഐഎസ് അനുഭാവമുള്ള ഭീകരസംഘടനകൾ സജീവമാണ്. ഐഎസുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഭീകരതയിൽ പ്രചോദനം ഉൾക്കൊണ്ടു ചാവേറുകളായി മാറിയവരെയും ലോകം കണ്ടു. ഇറാഖിലെ ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന മൊസൂൾ 2017ൽ യുഎസ് പിന്തുണയോടെ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. മൊസൂൾ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബഗ്ദാദി ഇതോടെ പുതിയ കേന്ദ്രത്തിലേക്കു മാറി. ഇപ്പോഴും 2000ലേറെ ഐഎസ് ഭീകരർ ഇറാഖിൽ സജീവമാണെന്നാണ് യുഎസ് നിഗമനം.

സിറിയ നിർണ്ണായകമായി

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് നടത്തിയ ശക്തമായ ആക്രമണങ്ങളാണു ഐഎസിന്റെ പിടി അയച്ചത്. ഒട്ടേറെ ഐഎസ് പ്രവർത്തകരെ ഇവർ തടവിലാക്കി. കുർദുകൾക്കെതിരെ തുർക്കിയുടെ ആക്രമണത്തെത്തുടർന്ന് ഐഎസ് തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇപ്പോഴും സിറിയയുടെ ചില മേഖലകളിൽ ഗണ്യമായ സ്വാധീനം ഐഎസിനുണ്ട്.

2015ൽ ഐഎസ് ആധിപത്യകാലത്ത് സിറിയയിലും ഇറാഖിലുമായി 3500 ലേറെപ്പേരെ അടിമകളാക്കിയെന്നാണ് യുഎൻ റിപ്പോർട്ട്. ഇതിലേറെയും യസീദി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവരെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ചതിന്റെ കഥകൾ പിന്നീടു ലോകം ഞെട്ടലോടെ കേട്ടു. ഇറാഖിൽ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണവിൽപനയാണു സംഘടനയുടെ പ്രധാന വരുമാനം. ഇതിനൊപ്പം തട്ടിക്കൊണ്ടുപോയവരിൽനിന്നു ലഭിച്ച മോചനദ്രവ്യം, നികുതികൾ, കൊള്ളയടിച്ച അമൂല്യ കലാവസ്തുക്കൾ വിറ്റുകിട്ടുന്ന പണം തുടങ്ങിയവയും സാമ്പത്തികസ്രോതസ്സായി.

വ്യാപാരിയെ കുറിച്ച് അറിഞ്ഞ് നടുക്ക മാറാതെ നാട്ടുകാർ

ബാഗ്ദാദിയെ വധിക്കാൻ യു.എസ്. പ്രത്യേക കമാൻഡോകൾ നടത്തിയ ഓപ്പറേഷന്റെ നടുക്കത്തിലാണ് സമീപത്ത് താമസിക്കുന്നവർ. രാത്രിയോടെയാണ് യു.എസ്. കമാൻഡോവിഭാഗം ഓപ്പറേഷൻ ആരംഭിച്ചത്. 'വിദേശ ഭാഷ സംസാരിക്കുന്ന സൈനികരെ' വീടിനുസമീപത്ത് കണ്ടതായി പ്രദേശവാസിയായ അബു അഹമ്മദ് പറഞ്ഞു.

അദ്ദേഹത്തിന്റെ അയൽവീടിന് നേരെയായിരുന്നു ആക്രമണം. അയൽവീട്ടുകാർ ആരെന്ന് അറിയില്ലായിരുന്നു. കാണുമ്പോൾ ആശംസകൾ കൈമാറുകയല്ലാതെ മറ്റൊന്നും ബാഗ്ദാദി സംസാരിച്ചിരുന്നില്ല. രാവിലെ വീട്ടിൽനിന്ന് പോയാൽ രാത്രിയാണ് എത്തുക. അലേപോ പ്രവിശ്യയിലെ വ്യാപാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഒഴിഞ്ഞുമാറും -അബു അഹമ്മദ് പറഞ്ഞു.

ആക്രമണശബ്ദം കേട്ടാണ് സ്ഥലത്ത് ആളുകൂടിയത്. ഹെലികോപ്റ്ററിൽ വീടും പുറത്തുണ്ടായിരുന്ന കാറും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടു. മൃതദേങ്ങൾ വീട്ടിനുള്ളിലും കാറിലും കണ്ടതായി അയൽവാസിയായ അബേൽ ഹമീദ് പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് സമീപത്ത് രഹസ്യമായി താമസിച്ചത് ബാഗ്ദാദിയാണെന്ന് അറിയുന്നത്. ഹയാത്ത് തഹ്രിൽ അൽ-ഷാം എന്ന വിഭാഗത്തിന്റെ കീഴിലാണ് ആക്രമണം നടന്ന ഇദ്ലിബ് എന്ന പ്രദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP