Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡയമണ്ട് പ്രിൻസസ് കപ്പലിൽ രോഗം പടർന്നവരുടെ എണ്ണം 600 പിന്നിട്ടതോടെ സകലതും പിഴച്ചതായി അധികൃതർ; എബോളയെയും സാർസിനെയും പോടിക്കാത്ത ഡോക്ടർ പോലും ഐസലേഷനിൽ; ഏഴാഴ്ച കൊണ്ട് രോഗമെത്തിയത് 26 രാജ്യങ്ങളിൽ; ചൈനയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങളെല്ലാം പ്രതിസന്ധിയിൽ; മാസങ്ങൾക്കുള്ളിൽ പ്രതിസന്ധി മാറുമെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി

ഡയമണ്ട് പ്രിൻസസ് കപ്പലിൽ രോഗം പടർന്നവരുടെ എണ്ണം 600 പിന്നിട്ടതോടെ സകലതും പിഴച്ചതായി അധികൃതർ; എബോളയെയും സാർസിനെയും പോടിക്കാത്ത ഡോക്ടർ പോലും ഐസലേഷനിൽ; ഏഴാഴ്ച കൊണ്ട് രോഗമെത്തിയത് 26 രാജ്യങ്ങളിൽ; ചൈനയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങളെല്ലാം പ്രതിസന്ധിയിൽ; മാസങ്ങൾക്കുള്ളിൽ പ്രതിസന്ധി മാറുമെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ഗോള തലത്തിൽ ആശങ്ക വിതച്ച് കൊറോണ രോഗബാധ തുടരുന്നു. കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ മാത്രം 2100 കവിഞ്ഞു. ചൈന കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ പേരെ വൈറസ് ബാധിച്ചത് ഡയമണ്ട് പ്രിൻസസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരെയാണ്. ഇതിനകം 621 പേർക്കാണ് കപ്പലിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏഴ് ഇന്ത്യക്കാരുമുണ്ട്.

ഡയമണ്ട് പ്രിൻസസ്, വെസ്റ്റർഡാം എന്നീ കപ്പലുകളാണ് വിവിധ തുറമുഖങ്ങളിൽ പിടിച്ചിട്ടിരുന്നത്. ഈ കപ്പലുകളിലുള്ള രോഗബാധയില്ലാത്തവരെ കഴിഞ്ഞദിവസം പോകാൻ അനുവദിച്ചിരുന്നു. രണ്ടുകപ്പലുകളിലായി മലയാളികളടക്കം 150-ഓളം ഇന്ത്യക്കാരുണ്ട്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷമാണ് വൈറസ് ബാധയേറ്റിട്ടില്ലാത്തവരെ കരയിലിറങ്ങാൻ അനുവദിച്ചത്.

ജപ്പാനിലെ യോക്കോഹോമ തീരത്താണ് 3700-ലേറെ യാത്രക്കാരുള്ള ഡയമണ്ട് പ്രിൻസസ് നങ്കൂരമിട്ടിരിക്കുന്നത്. ഫെബ്രുവരി അഞ്ചുമുതൽ കപ്പൽ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ കപ്പലിൽനിന്നിറക്കി വിവിധ ആശുപത്രികൡ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയില്ലാത്തവരെ ഇന്നലെ കരയിലേക്ക് പോകാൻ അനുവദിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് അവരെ വിട്ടതും.

ഡയമണ്ട് പ്രിൻസസ് കപ്പലിൽ 138 ഇന്ത്യക്കാരാണ്. വൈറസ് ബാധയുള്ള ഇന്ത്യക്കാരെല്ലാം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജപ്പാനിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇവരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്തിച്ചേക്കും. കപ്പലിലെ സ്വന്തം പൗരന്മാരെ യു.എ്‌സ്. നേരത്തെ കൊണ്ടുപോയിരുന്നു. ബ്രിട്ടൻ, ഹോങ്കോങ്, കാനഡ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളും പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ്.

കംബോഡിയയിലാണ് വെസ്റ്റർഡാം കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഈ കപ്പലിലെ ആർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ, കപ്പലിലുള്ളവരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. കോട്ടയം സ്വദേശി ബീറ്റാ കുരുവിള, കൊല്ലം സ്വദേശി മണിലാൽ, തൊടുപുഴ സ്വദേശി സിജോ, വൈക്കം സ്വദേശി അനൂപ് എന്നീ മലയാളികളും കപ്പലിലുണ്ട്. ഇവരും അടുത്ത ദിവസങ്ങളിൽ നാട്ടിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. 13 ദിവസം നടുക്കടലിൽ കഴിഞ്ഞശേഷമാണ് കംബോഡിയ കപ്പലിന് തീരംതൊടാൻ അനുമതി നൽകിയത്.

രോഗം പടർന്നത് 26 രാജ്യങ്ങളിലേക്ക്

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ അതിവേഗമാണ് ലോകത്ത് വലിയ ആശങ്കയായി മാറിയത്. ഇതിനകം 26 രാജ്യങ്ങളിൽ രോഗം പടർന്നിട്ടുണ്ട്. മുക്കാൽലക്ഷത്തോളം പേർക്ക് രോഗബാധയുണ്ടായതായും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച അഞ്ചിൽ നാലുപേരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രോഗം പടരുന്നത് ഇനിയും നിയന്ത്രിക്കാനാകാത്തത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇറാനിലാണ് ഏറ്റവുമൊടുവിൽ രോഗബാധ സ്ഥിരീകരിച്ചത്. ടെഹ്‌റാന് തെക്ക് ക്വോം നഗരത്തിലുള്ള രണ്ടുപേർക്കാണ് രോഗം ബാധിച്ചത്. ഇരുവരും ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. ദക്ഷിണ കൊറിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റദിവസം കൊണ്ട് ഇരട്ടിയോളമായി. കഴിഞ്ഞദിവസം 31 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോഴത് 51 പേർക്കായി. ആഗോള വിപണിയിലെ ശക്തമായ സാന്നിധ്യമായ ചൈനയിൽ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി പല രാജ്യത്തുനിന്നും ആളുകൾ യാത്ര ചെയ്യുന്നതും ചൈനയിൽനിന്നുള്ള കുടിയേറ്റം വ്യാപകമായതുമാണ് രോഗബാധ വ്യാപകമാകാൻ കാരണം.

ചൈനയെ ആശ്രയിച്ചുനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതിയെല്ലാം കൊറോണ വൈറസ് ബാധയോടെ പ്രതിസന്ധിയിലായിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെയും കൊറോണ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗബാധ തുടർന്നാൽ, ആഗോള തലത്തിൽ സമസ്ത മേഖലകളിലും അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

കപ്പലിൽ അധികൃതർ കാട്ടിയത് ക്രൂരമായ വീഴ്ച

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം പിടിപെട്ടത് ഡയമണ്ട് പ്രിൻസസ് കപ്പലിലാണ്. ഇത്തരമൊരു സാഹചര്യമുണ്ടായത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണെന്ന വിമർശനം ശക്തമാണ്. കപ്പലിനുള്ളിലെ ക്വാറന്റൈൻ നടപടികൾ കാര്യക്ഷമമല്ലെന്ന് ആദ്യം മുതലേ വിമർശനമുയർന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് രോഗബാധയെന്ന് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടക്കുമുള്ള സംഘടനകൾ ആരോപിച്ചു.

കൊറോണ വൈറസ് ബാധ ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് ജപ്പാനീസ് ഡോക്ടറും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിദഗ്ധനുമായ കെന്റാരോ ഇവാറ്റ പറഞ്ഞു. ആഫ്രിക്കയിലെ എബോള ബാധയെയും 2003-ൽ ചൈനയിലുണ്ടായ സാർസ് ബാധയെയും പ്രതിരോധിക്കുന്നതിൽ പ്രവർത്തിച്ചിട്ടുള്ള കെന്റാരോ, ഡയമണ്ട് പ്രിൻസസിലെ രോഗബാധയ്ക്ക് കാരണം അധികൃതരുടെ വീഴചയാണെന്ന് പറഞ്ഞു. കപ്പലിൽ സന്ദർശനം നടത്തിയതിനാൽ, 14 ദിവസത്തെ ഐസലേഷനിൽ കഴിയുകയാണ് കെന്റാരോയും ഇപ്പോൾ.

വാക്‌സിൻ ഏതാനും മാസത്തിനുള്ളിൽ

കൊറോണ വൈറസ് ബാധയ്‌ക്കെതിരായ വാക്‌സിൻ ഏതാനും മാസത്തിനുള്ളിൽ വികസിപ്പിക്കാനാകുമെന്ന് ഓക്‌സ്ഫഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. സർവകലാശാലയ്ക്ക് കീഴിലുള്ള ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസ്സർ സാറ ഗിൽബർട്ടും സംഘവുമാണ് ഇതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ നിർമ്മാണം പ്രതീക്ഷാ നിർഭരമായി മുന്നേറുകയാണെന്ന് അവർ പറഞ്ഞു.

വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ വൈകാതെ നടക്കുമെന്നാണ് ഇവർ പറയുന്നത്. ഇതിനായി 1000 ഡോസ് മരുന്ന് നിർമ്മിക്കുകയാണിപ്പോൾ. വാക്‌സിൻ നിർമ്മാണത്തിന് ഒന്നരവർഷം വേണ്ടിവരുമെന്നാണ് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാൽ, അത്രയൊന്നും വൈകില്ലെന്ന സൂചനയാണ് സാറ ഗിൽബർട്ട് നൽകുന്നത്. രോഗബാധ ഏറെക്കുറെ നിയന്ത്രണത്തിലായിട്ടുണ്ടെന്ന പ്രതീക്ഷയും ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP