Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോമാതാവൊക്കെ ട്രംപിന് മുമ്പിൽ എന്ത്? ട്രംപ് കാണാതിരിക്കാൻ തെരുവിൽ അലയുന്ന പശുക്കളെ ഓടിച്ച് പിടിക്കുന്നത് തെരുവ് പട്ടികൾക്കൊപ്പം; കുരങ്ങന്മാരെ എന്തു ചെയ്യണമെന്ന് അറിയാതെ ആഗ്ര ഭരണകൂടവും; ട്രംപിന്റെ സുരക്ഷയ്ക്കു വേണ്ടി പശുവിനേയും മറക്കുന്ന ഉത്തരേന്ത്യ! അഹമ്മദാബാദിൽ ഇന്ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കില്ല; അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കുന്നത് ഗോമാതാവിനേയും മറന്നുള്ള പഴുതടച്ച സുരക്ഷ

ഗോമാതാവൊക്കെ ട്രംപിന് മുമ്പിൽ എന്ത്? ട്രംപ് കാണാതിരിക്കാൻ തെരുവിൽ അലയുന്ന പശുക്കളെ ഓടിച്ച് പിടിക്കുന്നത് തെരുവ് പട്ടികൾക്കൊപ്പം; കുരങ്ങന്മാരെ എന്തു ചെയ്യണമെന്ന് അറിയാതെ ആഗ്ര ഭരണകൂടവും; ട്രംപിന്റെ സുരക്ഷയ്ക്കു വേണ്ടി പശുവിനേയും മറക്കുന്ന ഉത്തരേന്ത്യ! അഹമ്മദാബാദിൽ ഇന്ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കില്ല; അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കുന്നത് ഗോമാതാവിനേയും മറന്നുള്ള പഴുതടച്ച സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഉത്തരേന്ത്യയിൽ എല്ലാം ഗോ മാതാവിനെ ആശ്രയിച്ചാണ് നീങ്ങുക. പശുവെന്ന ഗോ മാതാവിനെ വേദനിപ്പിക്കുന്നത് ആരും ചിന്തിക്കുക പോലുമില്ല. എവിടേയും ഗോ മാതാവിനെ കാണുന്നത് ഐശ്വര്യമാണെന്നാണ് വയ്‌പ്പ്. എന്നാൽ ഈ വികാരം അലയടിക്കുന്ന അഹമ്മദാബാദിൽ ഇപ്പോൾ പശുക്കൾക്ക് അത്ര നല്ല കാലമല്ല. തെരുവ് പട്ടികൾക്കൊപ്പമാണ് പശുവിനെ ഇപ്പോൾ പരിഗണിക്കുന്നത്. റോഡിൽ ഇവിടെ പശുവിനെ കണ്ടാലും തെരുവ് പട്ടികൾക്കൊപ്പം ഓട്ടിച്ച് പിടിക്കും. സകുടുംബം തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരത്തിലെത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റിന് അഹമ്മദാബാദ് സ്വീകരണമൊരുക്കുന്നത് പശുവിനേയും ഓടിച്ച് പിടിച്ചാണ്.

ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ എത്തുന്ന യു എസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ഒരുക്കുന്നത്. യു എസ് അനുചരസംഘത്തെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായി താജ് മഹലിന് ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്ന പശുക്കളെ പുറത്ത് കടത്തിയിരുന്നു. തെരുവു നായ്ക്കളെയും നഗരത്തിന് പുറത്ത് കടത്തിയിരുന്നു. ഈ മാസമാദ്യം താജ് മഹൽ സന്ദർശിക്കാൻ എത്തിയ ഒരു ഡാനിഷ് സഞ്ചാരിയെ പശു ആക്രമിച്ചിരുന്നു. പശുവിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ ഇയാൾക്ക് ചെറിയ ഒടിവുകളും തലയ്ക്ക് ചെറിയ പരിക്കുകളും പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പശുവിനേയും വില്ലനായി കാണുന്നത്. താജ്മഹലിലെ ഈ മാതൃക അഹമ്മദാബാദിലും നടപ്പാക്കുകയാണ്. റോഡിൽ പശുവും നായും വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, താജ് മഹൽ സന്ദർശനത്തിന് ട്രംപ് എത്തുമ്പോൾ ആഗ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നത് പ്രദേശത്ത് കാണപ്പെടുന്ന കുരങ്ങന്മാരാണ്. 500 മുതൽ 5000 വരെ കുരങ്ങന്മാർ ഇവിടെയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. നിയന്ത്രണവിധേയമല്ലാത്ത കുരങ്ങന്മാരെ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. കുരങ്ങന്മാരെ നിയന്ത്രിക്കാൻ വേണ്ടി മാത്രം 125 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കുരങ്ങന്മാരെ ഓടിച്ച് പിടിക്കാനും കഴിയില്ല. വിമാനത്താവളത്തിൽ നിന്ന് അമർ വിലാസ് കൊട്ടാരത്തിലേക്കുള്ള 10 കിലോമീറ്റർ ദൂരം ഹരിതമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഒറ്റരാത്രി കൊണ്ട് 16,000 ചെടി സസ്യങ്ങളാണ് റോഡരികിൽ നിരന്നത്. ട്രംപ് പാതയിലൂടെ കടന്നു പോകുമ്പോൾ 60, 000 ഇന്ത്യൻ - അമേരിക്കൻ പതാകകൾ കൈയിലേന്തിയ കുട്ടികൾ റോഡിനിരുവശവും അണിനിരക്കും.

21 കേന്ദ്രങ്ങളിലായി അണിനിരക്കുന്ന 3000 നർത്തകർ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം പ്രകടിപ്പിക്കും. വിമാനത്താവളത്തിൽ നിന്ന് താജ് മഹലിലേക്കുള്ള എട്ട് മിനിറ്റ് യാത്രയിൽ ഇതെല്ലാം ട്രംപ് കാണുമെന്നും ആസ്വദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ സന്ദർശനം ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ട്രംപ് യാത്ര ചെയ്യുന്ന വഴികളിലും താജ് മഹലിന് ഉള്ളിലുമായി ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ യു എസ് പ്രസിഡന്റ് കാണില്ല. ട്രംപിന്റെ സുരക്ഷയ്ക്കു തന്നെയാണ് ഇനി പ്രാധാന്യം. 24-ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാൻ പാടില്ല. ജാമർ വാഹനങ്ങൾ യു.എസിൽ നിന്നും എത്തിച്ചു.

അഹമ്മദാബാദിൽ റോഡ് ഷോ നടക്കുന്ന വീഥിയിൽ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികൾ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവർക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാർ. പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികൾ പൊലീസ് കാവലിലാണ്. അകത്ത് കയറാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു.

വിമാനത്താവളം മുതൽ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നിൽക്കുന്നു. പല ഭാവങ്ങളിൽ മോദിയും ട്രംപും ആ ചുവരുകളിൽ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളിൽ വളർച്ചയെത്തിയ എണ്ണപ്പനകൾ അതേപടി നട്ടുപിടിപ്പിച്ചു. അഹമ്മദാബാദ് സ്റ്റേഡിയത്തിനകത്തെ സീറ്റുകളുടെ വർണവിന്യാസം ഗംഭീരമാണ്. താഴത്തെ നിരകൾ മുഴുവൻ ഓറഞ്ച് നിറം. മുകളിലേക്ക് നീലയും മഞ്ഞയും ചേർന്ന ഡിസൈനുകൾ. പവലിയനുതാഴെയാണ് മോദിയും ട്രംപും അഭിവാദ്യം സ്വീകരിക്കുന്ന വൃത്താകൃതിയിലുള്ള വേദി. അത് കറങ്ങുന്നതാണെന്നും സൂചനയുണ്ട്.

റോഡ് ഷോ നടക്കുന്ന വീഥികളുടെ അരികിൽ അമ്പത് വേദികൾ തയ്യാറാണ്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകൾ ട്രംപിനും കുടുംബത്തിനുമായി അവതരിപ്പിക്കുക. യു.എസ്. വ്യോമസേനയുടെ ആറു ചരക്കുവിമാനങ്ങളാണ് പ്രസിഡന്റിനും പരിവാരങ്ങൾക്കും മൂന്നരമണിക്കൂർ ചെലവഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായി എത്തുന്നത്. അവയിൽ മൂന്നെണ്ണം ഇതുവരെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP