Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് നിർമ്മാണ ഫാക്ടറിയായി മാറിയ ആഡംബരക്കപ്പലിലെ മൂന്നാമത്തെയാൾ മരിച്ചു; 36 പേരുടെ നില അതീവ ഗുരുതരം; ചൈനയിൽ മരണം 2500-ലേക്ക്; രോഗം ബാധിച്ചവർ എൺപതിനായിരത്തോളം; രോഗം തടയാനുള്ള സാധ്യത ഇല്ലെന്ന് തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് നിർമ്മാണ ഫാക്ടറിയായി മാറിയ ആഡംബരക്കപ്പലിലെ മൂന്നാമത്തെയാൾ മരിച്ചു; 36 പേരുടെ നില അതീവ ഗുരുതരം; ചൈനയിൽ മരണം 2500-ലേക്ക്; രോഗം ബാധിച്ചവർ എൺപതിനായിരത്തോളം; രോഗം തടയാനുള്ള സാധ്യത ഇല്ലെന്ന് തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടന

എം മനോജ് കുമാർ

സോൾ: ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തി കൊറോണ വൈറസ് ബാധ പടരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്കു രോഗം ബാധിച്ച് കൊറോണ വൈറസ് ഫാക്ടറിയെന്ന വിളിപ്പേരുനേടിയ ആഡംബരക്കപ്പലിൽനിന്ന് രോഗബാധിതനായ മൂന്നാമത്തെയാളും മരിച്ചു. കപ്പലിൽനിന്ന് രോഗം ബാധിച്ച 36 പേരുടെ നില ഗുരുതരമായി തുടരുന്നു.

യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പലാണ് കൊറോണ വൈറസ് ഫാക്ടറിയെന്ന് വിളിപ്പേരുനേടിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് യോക്കോഹാമയിലെ ആശുപത്രിയിലേക്കുമാറ്റിയ 80-കാരനാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാൾ ജപ്പാൻ പൗരനാണ്. വ്യാഴാഴ്ചയും കപ്പലിൽനിന്നുള്ള രണ്ട് ജപ്പാൻകാർ മരിച്ചിരുന്നു. ഇവരും എൺപതു വയസ്സിനുമേൽ പ്രായമുള്ളവരാണ്.

കപ്പലിലുള്ള നാല് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പൽ ജീവനക്കാരാണ് നാലുപേരും. ഇതോടെ കപ്പലിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. 132 കപ്പൽ ജീവനക്കാരും ആറു യാത്രക്കാരുമായി 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത യാത്രക്കാരെ ക്വാറണ്ടെയിൻ കാലയളവ് പൂർത്തിയായതിനെ തുടർന്ന് കപ്പലിൽനിന്ന് പുറത്തുവിട്ടു. യാത്രക്കാരും ജീവനക്കാരുമായ ആയിരത്തോളം പേർ കപ്പലിൽ ഇപ്പോഴുമുണ്ട്. 3711 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഡയമണ്ട് പ്രിൻസസ്സിലായിരിന്നു. ഞായറാഴ്ച 97 മരണങ്ങളാണ് ചൈനയിലുണ്ടായത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയർന്നു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 600-ലേറെ പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 36 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച 87-കാരനും 84-കാരിയുമാണ് യോക്കോഹാമ ആശുപത്രിയിൽ മരിച്ചത്.

കപ്പലിൽനിന്ന് രോഗം ബാധിച്ചവരല്ലാത്ത നാലുപേർകൂടി ജപ്പാനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതിനുപുറമെ, 130 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധ സംശയികക്കുന്നവരോട് പൊതു ഗതാഗത സംവിധാനങ്ങൾ ഒഴിവാക്കണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കരുതെന്ന് പൊതുജനങ്ങൾക്കും ജാപ്പനീസ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ്-19 വൈറസിനെ നിയന്ത്രിക്കാനുള്ള അവസരങ്ങൾ ചുരുങ്ങിവരുന്നു -ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ പടർന്നുപിടിക്കുന്ന കോവിഡ്-19 വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങൾ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന. അവസരങ്ങളുടെ വാതിൽ പൂർണമായി അടയുന്നതിനുമുമ്പ് ലോകരാജ്യങ്ങൾ നടപടിയെടുക്കണമെന്നും ഡബ്ല്യു.ടി.ഒ. മുന്നറിയിപ്പുനൽകി.

''ചൈനയ്ക്കുപുറത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാൻ സാധ്യതയുണ്ട്.'' -ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് പറഞ്ഞു.

അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 2363 ആയി. 77,932 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് കപ്പലിനുപുറമേ ദക്ഷിണ കൊറിയയിലും വൈറസ് അതിവേഗം പടരുകയാണ്. ദക്ഷിണ കൊറിയയിൽ ഇതുവരെ 433 പേരിൽ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോർട്ടുചെയ്തത്.

ദക്ഷിണ കൊറിയയിൽ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒൻപതിനായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോർട്ടുചെയ്തു. ഇറാനിൽ 28 പേരിൽ വൈറസ് ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു.

ഇറ്റലി പത്തുനഗരങ്ങളിലെ പൊതുസ്ഥാപനങ്ങൾ അടച്ചു. ഇറാനിൽ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP