Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോർട്ട് ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നതായി കൊച്ചി എ സിയുടെ വ്യാജശബ്ദ സന്ദേശം; കോട്ടയത്തും പത്തനംതിട്ടയിലും അതീവ ജാഗ്രത; രണ്ട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പത്തനംതിട്ടയിൽ വിവാഹം ഉൾപ്പെടെ പൊതുപരിപാടികൾ പാടില്ല; ചികിൽസയിലുള്ളവരുടെ നില തൃപ്തികരം; കോവിഡ് 19 കേരളം അതീവ ജാഗ്രതയിലേക്ക്

ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോർട്ട് ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നതായി കൊച്ചി എ സിയുടെ വ്യാജശബ്ദ സന്ദേശം; കോട്ടയത്തും പത്തനംതിട്ടയിലും അതീവ ജാഗ്രത; രണ്ട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പത്തനംതിട്ടയിൽ വിവാഹം ഉൾപ്പെടെ പൊതുപരിപാടികൾ പാടില്ല; ചികിൽസയിലുള്ളവരുടെ നില തൃപ്തികരം; കോവിഡ് 19 കേരളം അതീവ ജാഗ്രതയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഞാൻ കോഴിക്കോടാണുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും. ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോർട്ട് ചെയ്യുമെന്നാണ് കോഴിക്കോട്ടെ ഡോക്ടർ ഉറപ്പ് പറയുന്നത്. വൃത്തിയായി ഇരിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ശ്രീബിജുവാണ് ഇത് പറഞ്ഞത്. വെറുതെ മൂക്കിലും കണ്ണിലും കൈയിട്ട് കളിക്കാതിരിക്കുക. വളരെ സൂക്ഷിക്കുക-എറണാകുളം അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടേതായി ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ
സന്ദേശമാണ് ഇത്. കൊറോണ പത്തനംതിട്ടയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ വ്യാജ
സന്ദേശം ഗ്രൂപ്പുകളിലെത്തിയത്. ഈ വ്യാജ സന്ദേശത്തിനെതിരെ എസി സൈബർ സെല്ലിൽ പരാതി നൽകി. ഇത്തരം സന്ദേശങ്ങളെ കരുതലോടെ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഏതായാലും അതീവ ജാഗ്രതയാണ് കേരളത്തിലുള്ളത്.

സംസ്ഥാനത്ത് 5 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോൾ സെന്റർ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങൾക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾക്കും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോൾ സെന്ററിലെ നമ്പരുകളിൽ വിളിക്കാവുന്നതാണ്. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ്ഡഡ് - അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് ഒൻപത് മുതൽ 11 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ചികിൽസയിലുള്ളവരുടെ നില തൃപ്തികരമാണ്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ, രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പ്രത്യേകം പരീക്ഷ എഴുതാം. പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. കോട്ടയത്തും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജ്, എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂൾ, പോളി ടെക്നിക്ക്, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോർഡ് പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കോവിഡ് 19 രോഗം 94 രാജ്യങ്ങളിൽ പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 732 പേർ. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 648 പേർ വീടുകളിലും 84 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 729 സാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന 14 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഞായറാഴ്ച ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും അധികൃതർ അറിയിച്ചു.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല നടത്താനും അധികൃതർ അഭ്യർത്ഥിച്ചു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർത്ഥനയാണ്. ഹാൻഡ് റെയിലിംഗുകൾ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിങ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകുക. ആരാധനാലയങ്ങളിൽ ദർശനത്തിനായി തിരക്കുകൂട്ടരുത്. പിന്നിൽ നിന്നും മുന്നിൽ നിന്നും വ്യക്തിയിൽ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവിൽ പോകുക.

ആലിംഗനം അല്ലെങ്കിൽ ഹാൻഡ്‌ഷേക്ക് പോലുള്ള സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കിൽ വൃക്കകരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും മൂടുക.

കേരളത്തിൽ വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കളക്ടർ ഇക്കാര്യം വ്യക്മാക്കിയത്. പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ രണ്ട് പേരിലുമാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് വന്ന ദമ്പതികൾക്കും ഇവരുടെ മകനും ബന്ധുക്കളായ രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ രോഗബാധയുള്ള രാജ്യത്ത് നിന്ന് നാട്ടിൽ എത്തിയിട്ടും ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാർക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേർ ഉൾപ്പെടെ അഞ്ചു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണ്.

ശനിയാഴ്ച രാത്രിയാണ് അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രാത്രി തന്നെ വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോൺഫറൻസിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അടിയന്തിരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷൻ പ്ലാനും ഈ യോഗത്തിൽ തീരുമാനിച്ചു.

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ ഫെബ്രുവരി 29ന് കേരളത്തിൽ എത്തിയതു മുതൽ മാർച്ച് ആറിന് ആശുപത്രിയിൽ അഡ്‌മിറ്റ് ആയതു വരെയുള്ള സമയത്ത് ഇവരുമായി ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇടപഴകിയവരുടെ ആരോഗ്യനില പരിശോധിക്കും. ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഏഴു പേർ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു (ഞായർ) വൈകുന്നേരത്തോടെ ഇവർ ഇടപഴകിയിട്ടുള്ള മുഴുവൻ പേരുടെയും പട്ടിക തയാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയിൽ വരുന്ന ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാവരേയും ആശുപത്രികളിലെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ വീട്ടിൽ തന്നെ നിരീക്ഷണ വിധേയമാക്കും. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിന് പൊതുജനങ്ങളുടെ വലിയ സഹകരണം ആവശ്യമുണ്ട്. വിദേശരാഷ്ട്രങ്ങളിൽ നിന്നു വന്നിട്ടുള്ളവർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇവരിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ വീടുകളിൽ ഐസൊലേഷനിൽ കഴിയണം. സഹകരിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കേണ്ടതായി വരും.

ഇറ്റലി, ഇറാൻ, ചൈന, ദക്ഷിണകൊറിയ എന്നീ നാലു രാഷ്ട്രങ്ങളിൽ നിന്നു വരുന്ന ആളുകൾ നിർബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും രണ്ട് കൺട്രോൾ റൂം അടക്കം അഞ്ച് കൺട്രോൾ റൂം നമ്പരുകൾ(ജില്ലാ മെഡിക്കൽ ഓഫീസ്- 0468 2228220, ദുരന്തനിവാരണ വിഭാഗം- 0468-2322515, ടോൾഫ്രീ നമ്പർ-1077, 9188293118, 9188803119) സജ്ജമാക്കിയിട്ടുണ്ട്. ഈ കൺട്രോൾ റൂമുകളുമായി ബന്ധപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന നിർദ്ദേശം ലഭിക്കും. പ്രാഥമികമായി ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ ആശുപത്രിയിൽ പോകേണ്ടതായി വരും. ഇങ്ങനെയുള്ളവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP