Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ കൊറോണക്ക് മുൻപിൽ മുട്ടുമടക്കി ഡോണാൾഡ് ട്രംപും; ഈസ്റ്ററിന് മുൻപ് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് പറഞ്ഞ ട്രംപ് ഏപ്രിൽ 30 വരെ അമേരിക്കയെ അടച്ചിടാൻ ഉത്തരവിട്ടു; ഇനി വരുന്ന രണ്ടാഴ്‌ച്ചയിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട്; ദിവസേന 20,000 പുതിയ രോഗികളെ വരെ കണ്ടെത്തി അമേരിക്കൻ ദുരന്തം മുൻപോട്ട്

ഒടുവിൽ കൊറോണക്ക് മുൻപിൽ മുട്ടുമടക്കി ഡോണാൾഡ് ട്രംപും; ഈസ്റ്ററിന് മുൻപ് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് പറഞ്ഞ ട്രംപ് ഏപ്രിൽ 30 വരെ അമേരിക്കയെ അടച്ചിടാൻ ഉത്തരവിട്ടു; ഇനി വരുന്ന രണ്ടാഴ്‌ച്ചയിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട്; ദിവസേന 20,000 പുതിയ രോഗികളെ വരെ കണ്ടെത്തി അമേരിക്കൻ ദുരന്തം മുൻപോട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: ഈസ്റ്ററിനൊരു ഉയർത്തെഴുന്നേല്പ് പ്രതീക്ഷിച്ച ട്രംപിനെ നിരാശനാക്കി കൊറോണ അമേരിക്കയിലാകെ താണ്ഡവമാടുകയാണ്. കോവിഡ് 19 മരണസംഖ്യ 1000 ത്തിൽ നിന്ന് ഒരൊറ്റദിവസം കൊണ്ട് ഇരട്ടിച്ച് 2000 ത്തിൽ എത്തിയെങ്കിലും കൊറോണയുടെ മൂർദ്ധന്യാവസ്ഥ കാണാൻ പോകുന്നത് ഇനിയുള്ള രണ്ടാഴ്‌ച്ചകളിലായിരിക്കുമെന്നാണ് പ്രസിഡണ്ട് തന്റെ വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചത്. അതിനാൽ തന്നെ കൊറോണയുടെ സമൂഹ വ്യാപനം തടയുവാനുള്ള 15 ദിവസത്തെ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ഏപ്രിൽ 30 വരെ ആക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതുവരെയുള്ള കണക്കനുസരിച്ച് അമേരിക്കയിലാകമാനം 141,732 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 2471 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ട്രംപിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ വാരം, ഈ പ്രതിസന്ധി ഉടനെ തന്നെ മറികടക്കുമെന്നും ഈസ്റ്ററിന് നിരോധനങ്ങളെല്ലാം നീക്കി ഒരു പുതിയ ഉയർത്തെഴുന്നേല്പിനായി ജനങ്ങൾ പള്ളികളിൽ തടിച്ചുകൂടുമെന്നും ആവേശത്തോടെ പറഞ്ഞപ്പോൾ ട്രംപിന് അമിതമായ ആത്മവിശ്വാസമായിരുന്നു. എന്നാൽ ഇന്നലത്തെ പത്രസമ്മേളനത്തിൽ കണ്ടത് ഒരു പരാജിതന്റെ മുഖമായിരുന്നു. ഈസ്റ്ററിന് മുൻപ് ലോക്ക്ഡൗൺ നീക്കം ചെയ്യാനാവുമെന്നത് ഒരു പ്രത്യാശമാത്രമായിരുന്നു എന്നാണ് ഇന്നലെ പ്രസിഡണ്ട് പറഞ്ഞത്. മരണവാർത്തകൾ നിറഞ്ഞതാകാം ഇക്കൊല്ലത്തെ ഈസ്റ്റർ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈസ്റ്ററിന് മുൻപായി നിയന്ത്രണങ്ങൾ നീക്കുമ്മെന്ന് പറഞ്ഞത് ഒരു തെറ്റായി എന്നു തോന്നുന്നുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിനു നേരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത രണ്ടാഴ്‌ച്ചക്കാലം എല്ലാവരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടാഴ്‌ച്ചക്കാലമാണ് രോഗവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്താൻ സാധ്യതയുള്ള സമയം. നിങ്ങൾ എത്രത്തോളം നന്നായി നിർദ്ദേശങ്ങൾ പാലിക്കുന്നുവോ അത്രയും വേഗം നമുക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. 10 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിക്കുന്നത് ഉൾപ്പടെ പല കടുത്ത നടപടികളും പ്രതീക്ഷിക്കാം എന്നാണ് അധികാരത്തോട് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ചൊവ്വാഴ്‌ച്ചയോടെ പുതിയ നിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇതിനിടയിൽ രാജ്യത്തെ കൊറോണബാധയുടെ എപ്പിസെന്ററായ ന്യൂയോർക്ക് നഗരം പൂർണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മാത്രം 209 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധയുടെ വേഗത ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ന്യൂയോർക്ക് നഗരമുൾപ്പടെ മൂന്നു സ്ഥലങ്ങളിൽ സമ്പൂർണ്ണ ക്വാറന്റൈൻ നടപ്പിലാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നാണ് അറിയുന്നത്. എന്നാൽ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും ചില വിദഗ്ദരുടെ ഉപദേശം ലഭിച്ചതിനാൽ ന്യൂയോർക്ക്, ന്യൂ ജഴ്സി, കണക്ടികിറ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സമ്പൂർണ്ണ ക്വാറന്റൈൻ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതേയുള്ളു എന്നും പ്രസിഡണ്ട് പറഞ്ഞു. ഇത് നടപ്പാക്കുകയാണെങ്കിൽ കൂടി ചെറിയൊരു കാലയളവിലേക്ക് മാത്രമായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ അമേരിക്കയിൽ രോഗബാധിതരായവരിൽ 80% പേർക്കും നേരിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമേയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണ്ണ ആരോഗ്യമുള്ളവരാണെങ്കിൽ, ഇത്തരം ലക്ഷണങ്ങൾ ഉള്ളപ്പോൾ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാനകുമെങ്കിലും പ്രായം കൂടിയവർ, നേരത്തെ ശ്വാസതടസ്സമുൾപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുള്ളവർക്ക് ഈ നേരിയ തോതിലുള്ള രോഗബാധതന്നെ അതിയായ അപകടം ക്ഷണിച്ചുവരുത്തിയേക്കാം എന്നാണ് വിദഗ്ദർ പറയുന്നത്.

കോറോണയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന രണ്ട് സംഭവവികാസങ്ങൾ, കൊറോണാ പരിശോധനക്കുള്ള ഒരു അതിവേഗ പരിശോധനാ രീതി എഫ് ഡി എ അംഗീകരിച്ചു എന്നതും നേവിയുടെ ഒരു ഹോസ്പിറ്റൽ ഷിപ്പ് വെർജീനിയയിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ചിട്ടുണ്ട് എന്നതുമാണ്. അതുകൂടാതെ ന്യൂയോർക്ക്, ന്യൂ ജഴ്സി കണക്ടിക്യൂട്ട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പുതിയ യാത്രാ നിർദ്ദേശങ്ങളും ഇന്നലെ എഫ് ഡി എ പുറപ്പെടുവിച്ചു.

ഇതിനിടയിൽ ലോകത്തിലെ മൊത്തം കൊറോണാ രോഗികളുടെ എണ്ണം 721,224 ആയി ഉയർന്നപ്പോൾ മരണസംഖ്യ 34000 ത്തോട് അടുക്കുകയാണ്. അമേരിക്ക തന്നെയായിരിക്കും കോറോണയുടെ ഏറ്റവും വലിയ ഇര എന്ന പല വിദഗ്ദരുടെയും പ്രവചനം ശരിവയ്ക്കുന്നതുപോലെ തന്നെ രോഗബാധിതരുടെ എണ്ണം 1 ലക്ഷം കവിയുന്ന ആദ്യ രാജ്യമായി മാറി അമേരിക്ക. രോഗവ്യാപനത്തിന്റെ വേഗതയും വ്യാപ്തിയും മറ്റ് രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണ് അമേരിക്കയിൽ. മാത്രമല്ല, സമൂഹ വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. അതായത് അമേരിക്കയെ കാത്തിരിക്കുന്നത് അത്ര നല്ല നാളുകളല്ലെന്ന് ചുരുക്കം.

എന്തൊക്കെയായാലും ശുഭപ്രതീക്ഷയോടെ തന്നെയാണ് ഡൊണാൾഡ് ട്രംപ്. ഈസ്റ്റർ ദിനത്തിലെ ഉയർത്തെഴുന്നേല്പ് എന്ന സ്വപ്നം നടക്കില്ല എന്നത് ട്രംപിനെ തളർത്തിയിട്ടില്ല. എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ ജൂൺ 1 നു മുൻപായി അമേരിക്ക പൂർവ്വസ്ഥിതിയിലെത്തുമെന്നാണ് ഇന്നലെ ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP