Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

85,000 ത്തിൽ അധികം കൊറോണാ ബാധിതരുമായി ചൈനയെ നാലാം സ്ഥാനത്താക്കി ഇറ്റലിയുടെ തൊട്ടു പിന്നിലെത്തി സ്‌പെയിൻ; ഇന്നലെയും 812 പേർ മരിച്ചതോടെ സ്‌പെയിനിൽ വൈറസ് ജീവൻ എടുത്തവരുടെ എണ്ണം 7716 ആയി; മരണ നിരക്ക് കൂടുമ്പോഴും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ ആശ്വാസത്തിൽ ഇറ്റലി; യൂറോപ്പിന്റെ ദുരന്തഭൂമിയായി മാറിയ രണ്ടു രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്

85,000 ത്തിൽ അധികം കൊറോണാ ബാധിതരുമായി ചൈനയെ നാലാം സ്ഥാനത്താക്കി ഇറ്റലിയുടെ തൊട്ടു പിന്നിലെത്തി സ്‌പെയിൻ; ഇന്നലെയും 812 പേർ മരിച്ചതോടെ സ്‌പെയിനിൽ വൈറസ് ജീവൻ എടുത്തവരുടെ എണ്ണം 7716 ആയി; മരണ നിരക്ക് കൂടുമ്പോഴും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ ആശ്വാസത്തിൽ ഇറ്റലി; യൂറോപ്പിന്റെ ദുരന്തഭൂമിയായി മാറിയ രണ്ടു രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

റോം: യൂറോപ്പിനെ ഒഴിഞ്ഞുപോകാതെ പിടികൂടിയിരിക്കുകയാണ് കൊറോണയെന്ന ബാധ. ലോക്ക്ഡൗൺ ഉൾപ്പടെ പലനടപടികളും കൈക്കൊണ്ടിട്ടും അതൊന്നും ഫലം കാണാതെ പകച്ചുനിൽക്കുന്ന യൂറോപ്പിൻ ഏറ്റവുമധികം രോഗബാധയുള്ള ഇറ്റലിയിലും സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു തന്നെ വരുന്നു.

87956 രോഗികളുമായി സ്‌പെയിൻ ഇന്നലെ ചൈനയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തി. 7716 ആണ് സ്‌പെയിനിലെ ഏറ്റവും പുതിയ മരണസംഖ്യ. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന ഇറ്റലിക്ക് പക്ഷെ ആശയ്ക്ക് ഒരു ചെറിയ കാര്യമുള്ളത് ഇന്നലെ പുതിയതായി 4050 പേരിൽ മാത്രമേ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളു എന്നതാണ്. കഴിഞ്ഞ രണ്ടാഴ്‌ച്ചകളിലെ കണക്കെടുത്താൽ ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണം വളരെ കുറവാണ്.

അവസാനിക്കാത്ത ദുരന്തങ്ങളുമായി യൂറോപ്പിലെ കരിദിനങ്ങൾ നീളുമ്പോൾ ആശങ്കയോടെ പകച്ചു നിൽക്കുകയാണ് ലോകം മുഴുവനും. താരതമ്യേന ഭേദപ്പെട്ട ജീവിതസാഹചര്യങ്ങളും, ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമൊക്കെയുള്ള യൂറോപ്പിന്റെ ഗതി ഇതാണെങ്കിൽ ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ എന്തു സംഭവിക്കുമെന്ന കാര്യം ഓർത്ത് നടുക്കത്തിലാണ് ലോകം മുഴുവനും. 

സ്പാനിഷ് ദുരന്തത്തിന്റെ ആക്കം വർദ്ധിക്കുമ്പോൾ...

ഒരൽപം വൈകിയെങ്കിലും, കൊറോണയെ നേരിടാൻ കടുത്ത നടപടികളുമായി എത്തിയ രാജ്യമാണ് സ്‌പെയിൻ. മറ്റുപല രാജ്യങ്ങളും ആദ്യമാദ്യം ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ നിർദ്ദേശത്തിലൊതുക്കിയപ്പോഴും, പുറത്തിറങ്ങുന്നവർക്ക് പിഴ ഉൾപ്പടെയുള്ള ശിക്ഷകൾ വിധിച്ച്, ലോക്ക്ഡൗൺ നിയമപരമായി നടപ്പിലാക്കാനായിരുന്നു സ്‌പെയിൻ ആരംഭം മുതൽക്കേ ശ്രമിച്ചത്. എന്നിട്ടും അവയൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ല എന്നതാണ് ഇപ്പോൾ സ്‌പെയിനിന്റെ ദുഃഖം. അതിവേഗത്തിൽ തുടരുന്ന കൊറോണയുടെ അശ്വമേധം കൂടുതൽ കൂടുതൽ പേരെ കീഴടക്കി മുന്നേറുകയാണ്. ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 87956 ആയിരിക്കുന്നു സ്‌പെയിനിൽ. ഇതോടെ ഒരു ലക്ഷം എന്ന സംഖ്യ മറികടന്ന അമേരിക്കക്കും ഇറ്റലിക്കുംതൊട്ടുപുറകിലായി കോവിഡ്19 ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിൽ സ്‌പെയിനിന്റെ സ്ഥാനം. മരണനിരക്കും കുതിച്ചുയരുകയാണ് ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 812 പേരാണ്. പ്രതിദിന മരണസംഖ്യയിൽ, ഇറ്റലിയിലെ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 969 മരണങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ സ്‌പെയിനിന്റെ മുന്നിലുള്ളത്.

കൂനിന്മേൽ കുരു എന്നതുപോലെ, ആരോഗ്യപ്രവർത്തകർക്കിടയിൽ വർദ്ധിച്ചുവരുന്ന കൊറോണാ ബാധയാണ് സ്‌പെയിനിനെ കുഴയ്ക്കുന്ന ഏറ്റവും പ്രധാനകാര്യം. ഇതുവരെ ഏകദേശം 12,298 ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സ്‌പെയിനിന്റെ ഡെപ്യുട്ടി ഹെൽത്ത് ചീഫ് മരിയ ജോസ് സിയാറ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിനിടയിൽ പകുതിയിലധികം മരണങ്ങൾ രേഖപ്പെടുത്തിയ മാഡ്രിഡിൽ ഇന്നലെ മുതൽ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടാൻ തുടങ്ങി. ദേശീയ ദുഃഖാചരണം ആരംഭിച്ചതായി അധികൃതർ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ഇന്നലെ ഉച്ചക്ക് മരണമടഞ്ഞവർക്കായി നിശബ്ദത പ്രാർത്ഥനയും നടന്നു. അതേസമയം ലോക്ക്ഡൗൺ രണ്ടാഴ്‌ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

സ്‌പെയിനിലെ 17 മേഖലകളിൽ 6 എണ്ണത്തിലും ഐ സി യു പൂർണ്ണമായും പ്രവർത്തനത്തിലായിക്കഴിഞ്ഞു. ഇനി പുതിയ രോഗികളെ സ്വീകരിക്കുക വിഷമമാണ്. മറ്റ് മൂന്നു മേഖലകളിലും കൂടി ഏതാണ്ട് ഈ നില എത്താറായി എന്നാണ് അധികൃതർ പറയുന്നത്. ലോക്ക്ഡൗൺ കൂടുതൽ കർക്കശമാക്കുമെന്നാണ് സൂചനകൾ. ആരോഗ്യ സംരക്ഷണം, ഫാർമസി, ഭക്ഷണപദാർത്ഥങ്ങൾ എന്നിവയുൾപ്പടെയുള്ള അത്യാവശ്യ മേഖലകൾ ഒഴിച്ചുള്ളവയെല്ലാം ഏപ്രിൽ രണ്ടാം വാരം വരെ കർശനമായി അടച്ചിടണമെന്നാണ് പുതിയ നിർദ്ദേശം. ഇതുവരെ ലോക്ക്ഡൗണിൽ ഉൾപ്പെടാതിരുന്ന കെട്ടിട നിർമ്മാണമേഖലയും, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ ഒഴിച്ചുള്ള വ്യവസായ ശാലകളും ഇനിമുതൽ അടച്ചിടേണ്ടിവരും.

അതേസമയം സ്‌പെയിനിന്റെ എമർജൻസി ഹെൽത്ത് ഡയറക്ടർ ഫെർനാണ്ടോ സിമൺ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് രോഗബാധ ഏതാണ്ട് നിയന്ത്രണാധീനമായി വരുന്നു എന്നാണ്. ചില മേഖലകൾ രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥ കടന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ഏതൊക്കെ മേഖലകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഒരു ലക്ഷത്തിലേറെ രോഗബാധിതരുമായി ഇറ്റലി

101,739 രോഗബാധിതരുമായി ഇറ്റലി കടുത്ത ദുരിതമനുഭവിക്കുകയാണ്. യൂറോപ്പിന്റെ ദുഃഖമായി മാറിക്കഴിഞ്ഞ ഇറ്റലിയിൽ ഇതുവരെ രേഖപ്പെടുത്തിയത് 11,591 മരണങ്ങളാണ്. കൊറോണയുടെ കുതിച്ചുചട്ടം തുടരുമ്പോഴും, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വന്ന കുറവ് ഇറ്റലിക്ക് ഇനിയും ആശയ്ക്ക് വഴിയുണ്ടെന്നാണ് കാണിക്കുന്നത്. ഇന്നലെ 4050 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 18 മുതൽക്കുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. എന്നാൽ പ്രതിദിന മരണസംഖ്യ 812 ആയി വർദ്ധിച്ചു എന്നത് ഇറ്റലിയെ ആശങ്കയിലാഴ്‌ത്തുന്നുമുണ്ട്.

രാജ്യവ്യാപകമായി ഇന്നലെ 14,620 പേർ പൂർണ്ണമായും രോഗവിമുക്തിനേടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ട് മുൻപത്തെ ദിവസം ഇത് 13,030 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1590 പേർ പൂർണ്ണമായും രോഗവിമുക്തി നേടിയിട്ടുണ്ടെന്നും രോഗം പൊട്ടിപുറപ്പെട്ട ദിവസം മുതൽക്കുള്ള കണക്കുകളിൽ ഇത് ഏറ്റവും ഉയർന്ന സംഖ്യയാണെന്നും സിവിൽ പ്രൊട്ടക്ഷൻ സർവ്വീസ് ചീഫ് ആഞ്ചെലോ ബൊറേലി പറഞ്ഞു. ഇറ്റലി രോഗത്തെ ഉടൻ തന്നെ നിയന്ത്രണാധീനമാക്കും എന്നതിന്റെ സൂചനകളാണിത് എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ഏതായാലും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ രണ്ടാം വാരം വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ കർശനമായി അത് നടപ്പിലാക്കുവാനുള്ള തീരുമാനത്തിലുമാണ് ഭരണകൂടം.

കൊറോണാ ബാധിച്ച് ഏറ്റവുമധികം പേർ മരിച്ചതും, ലോകത്ത് മൊത്തം മരിച്ചവരിൽ മൂന്നിൽ ഒന്നുപേരുള്ളതും ഇറ്റലിയിൽ ആയതിനാൽ, ഇറ്റലിയുടെ പോരാട്ടം ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ദിനം പ്രതിയുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇറ്റലിയുടെ രോഗബാധയേയും പ്രതിരോധ നടപടികളേയും കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത് മെയ്‌ 5നും 16 നും ഇടയ്ക്കായിരിക്കും പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം ഇറ്റലിയിൽ ഉണ്ടാവുക എന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP