Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഇന്നലെ ഒരൊറ്റദിവസം മാത്രം മരിച്ചത് 381 പേർ; രോഗബാധിതരുടെ എണ്ണം 25,000 കടന്നു; മറ്റൊരു രോഗവുമില്ലാത്ത 13 ഉം 19 ഉം വയസ്സുള്ളവർ പോലും മരണത്തിലേക്ക്; അനേകം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടനിൽ കൊറോണയുടെ മരണതാണ്ഡവം തുടരുന്നു; ഭയപ്പെട്ടിരുന്നതിനേക്കാൾ ഭയാനകമായി യു. കെ

ഇന്നലെ ഒരൊറ്റദിവസം മാത്രം മരിച്ചത് 381 പേർ; രോഗബാധിതരുടെ എണ്ണം 25,000 കടന്നു; മറ്റൊരു രോഗവുമില്ലാത്ത 13 ഉം 19 ഉം വയസ്സുള്ളവർ പോലും മരണത്തിലേക്ക്; അനേകം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടനിൽ കൊറോണയുടെ മരണതാണ്ഡവം തുടരുന്നു; ഭയപ്പെട്ടിരുന്നതിനേക്കാൾ ഭയാനകമായി യു. കെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനും നടന്നടുക്കുന്നത് ഇറ്റലിയുടേയും സ്‌പെയിനിന്റേയും വഴിയിലേക്കെന്ന് സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ ഇന്നലത്തെ പ്രതിദിന മരണസംഖ്യ 381 ആയി. 1789 പേരാണ് ബ്രിട്ടനിൽ ഇതുവരെ കോവിഡ് 19 മൂലം മരിച്ചിട്ടുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണം 25,150 ആയി ഉയർന്നു. ഇന്നലത്തെ മരണസംഖ്യ തൊട്ടു തലേദിവസത്തേതിന്റെ ഇരട്ടിയാണ് എന്നുള്ളതാണ് ബ്രിട്ടൻ കാത്തിരിക്കുന്ന മഹാദുരന്തത്തെ വിളിച്ചോതുന്നത്. എന്നാൽ രോഗബാധിതരുടെ എണ്ണത്തിൽ 14% വർദ്ധനവേ ഉണ്ടായിട്ടുള്ളു എന്നത് ചെറിയൊരു ആശ്വാസവും പകരുന്നുണ്ട്.

ഇതിനിടയിൽ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് യുവാക്കളേയും കൗമാരക്കാരേയും കൂടി കൊറോണ കീഴടക്കുകയാണ്. മറ്റൊരു രോഗവും ഇല്ലാതിരുന്ന 13 കാരനായ ബ്രിക്സ്ട്ടൺ സ്വദേശി ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹാബിന്റെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് മുഴുവൻ ബ്രിട്ടനേയുമാണ്. ഇസ്മയിലിന്റെ ശവസംസ്‌കാര ചടങ്ങുകൾക്കായി പണം സ്വരൂപിക്കുവാൻ ബ്രിക്സ്ട്ടണിലെ മദീന കോളേജ് രൂപീകരിച്ച് ഗോ ഫണ്ട് മീ എന്ന പേജിൽ ഈ മരണവാത്ത ഷെയർ ചെയ്തിരുന്നു.

കാൻസർ രോഗബാധമൂലം അടുത്ത കാലത്ത് പിതാവിനെ നഷ്ടപ്പെട്ട ഇസ്മയിലിന്റെ ചിത്രം പങ്കുവയ്ക്കാൻ പക്ഷെ അയാളുടെ കുടുംബക്കാർ തയ്യാറായില്ല.

ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന ബ്രിട്ടന്റെ ദുരിതപർവ്വം

അനുസരണക്കേടിന് വലിയ വില കൊടുക്കുകയാണ് ഇപ്പോൾ ബ്രിട്ടീഷുകാർ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുപോലും അതിന് പുല്ലുവില കല്പിക്കാതെ ബീച്ചുകളിലും പാർക്കുകളിലും കുടുംബസമേതം മാതൃദിനം ആഘോഷിക്കുവാൻ ഒത്തുകൂടിയവർ. ബാറുകളിലും പബ്ബുകളിലും സായാഹ്നങ്ങളിൽ ലഹരി നുകർന്നവർ. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഒരായിരം വട്ടം വിളിച്ചുപറഞ്ഞിട്ടും അടച്ചിട്ട സ്റ്റേഡിയങ്ങൾക്കുള്ളിൽ ഫുട്ബോൾ കളിക്കായി ഒത്തുകൂടിയവർ. അവരൊക്കെ ഒരുപക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം. പക്ഷെ, സമയം ആർക്കും വേണ്ടി കാത്തുനിൽക്കാതെ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.

ഇന്നലെ ബ്രിട്ടനിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയായ 381 രേഖപ്പെടുത്തുമ്പോൾ, ഇനിയൊരു തിരിച്ചുപോക്കിന് വഴിയില്ലാത്തവിധം ബ്രിട്ടൻ വിധിയുടെ ദുരന്തമുഖത്ത് അടുത്തുകഴിഞ്ഞിരുന്നു. ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ കണ്ടിരുന്ന, ഇപ്പോഴും കാണുന്ന വലിയവലിയ സംഖ്യകൾ മരണത്തിനു നേർക്ക് എഴുതിച്ചേർക്കുമ്പോൾ ബ്രിട്ടൻ തീർത്തും നിസ്സഹായാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെ 1789 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 1651 മരണങ്ങളുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഈ കണക്കുകൾ തീർത്തും യാഥാർത്ഥ്യമാകണമെന്നില്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. എൻ എച്ച് എസ്സിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്കാണിതെന്നും യഥാർത്ഥ മരണസംഖ്യ ചുരുങ്ങിയത് 24% എങ്കിലും കൂടുതലാകാം എന്നുമാണ് അവർ പറയുന്നത്. നിരവധിപേർ ആശുപത്രികളിലെത്താതെ മരിക്കുന്നുണ്ട് എന്ന് സാരം. ഇതിന് അടിവരയിടുന്നതാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട ഒരു റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 20 ന് ബ്രിട്ടനിൽ കൊറോണ ബാധമൂലം മരിച്ചത് 210 പേരായിരുന്നു. എന്നാൽ സർക്കാർ രേഖകളിൽ ഇത് വെറും 170 മാത്രമാണ് അതായത് 25% ത്തിന്റെ കുറവ്. ഈ കണക്ക് വെച്ച് നോക്കിയാൽ ബ്രിട്ടനിലെ ഇപ്പോഴത്തെ മരണസംഖ്യ 2230ൽ അധികമായി കാണുമെന്നാണ് അവർ പറയുന്നത്.

രോഗവ്യാപനത്തിന്റെ ശക്തി കൂടിയതോടെ എൻ എച്ച് എസ്സിന്റെ മേൽ സമ്മർദ്ദവും വർദ്ധിച്ചിരിക്കുകയാണ്. അതിന്റെ ആദ്യപടിയാണ്, ഇനി ഒരു രോഗി മരിച്ചതായി പ്രഖ്യാപിക്കാൻ ബന്ധുക്കളുടെ അനുമതിക്കായി കാത്തുനിൽക്കില്ല എന്ന ഇന്നലത്തെ പ്രസ്താവന. എൻ എച്ച് എസ് ഇന്നലെ പ്രഖ്യാപിച്ച ഔദ്യോഗിക കണക്കനുസരിച്ച് 367 പേരാണ് ഇന്നലെ മരിച്ചിട്ടുള്ളത്. ഇതിൽ 28 പേരൊഴികെ മറ്റെല്ലാവർക്കും ഗുരുതരമോ അല്ലാത്തതോ ആയ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതുവരെ 25,150 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എൻ എച്ച് എസ് സമ്മതിക്കുമ്പോൾ യഥാർത്ഥ കണക്കുകൾ എത്രയോ ഉയരത്തിലാണ് എന്നുള്ളതാണ് ബ്രിട്ടന്റെ ഉറക്കംകെടുത്തുന്നത്.ചീഫ് സയന്റിഫിക് അഡ്വൈസറായ സർ പാട്രിക് വാലൻസ് പറയുന്നത് മരണമടഞ്ഞ ഓരോ വ്യക്തിക്ക് ചുറ്റും ചുരുങ്ങിയത് 1000 രോഗബാധിതരെങ്കിലും ഉണ്ടാകാം എന്നാണ്. ആ കണക്കനുസരിച്ചാണെങ്കിൽ ഇതുവരെ ഏകദേശം 1.8 മില്ല്യൺ ബ്രിട്ടീഷുകാർക്ക് കോവിഡ് ബാധയുണ്ടായിരിക്കണം. ജീവശാസ്ത്ര വിദഗ്ദനായ ഡോ. സൈമണ ക്ലാർക്കിന്റെ അഭിപ്രായത്തിൽ ഇന്നലെ മരണനിരക്കിൽ ഉണ്ടായ വർദ്ധനവ് സങ്കടകരമാണെങ്കിലും ഒട്ടും അതിശയിപ്പിക്കുന്ന ഒന്നല്ല. വരുന്ന ആഴ്‌ച്ചകളിൽ ഇത് പലമടങ്ങ് വർദ്ധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കൊറോണയ്ക്ക് കീഴടങ്ങിയ 13 കാരനായ ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹാബ്

മറ്റേതൊരു കൗമാരക്കാരനേയും പോലെ ഒരുപാട് സ്വപ്നങ്ങളും ലാളിച്ചു നടന്നിരുന്ന ഒരു പയ്യനായിരുന്നു ഇസ്മയിലും . കാര്യമായ ഒരു ആരോഗ്യ പ്രശ്‌നങ്ങളും അവനെ അലട്ടിയിരുന്നില്ല. എല്ലാം സാധാരണപോലെതന്നെ നീങ്ങുന്നതിനിടയിൽ, പെട്ടെന്നാണ് ഇസ്മയിലിന് ശ്വാസതടസ്സം നേരിടുന്നത്. ഉടനെ തന്നെ കിങ്സ് കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും, ശ്വാസതടസ്സം കൂടുതലായതിനാൽ മയക്കി കിടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇസ്മയിലിനെ മരണം ഏറ്റുവാങ്ങുന്നത്. കൊറോണബാധയല്ലാതെ മറ്റ് യാതോരു ആരോഗ്യപ്രശ്നങ്ങളും ഇസ്മയിലിനില്ലായിരുന്നു എന്നാണ് അയാളെ പരിശോധിച്ച ഡോക്ടർമാരും പറയുന്നത്.

ഇസ്മയിലിന്റെ മരണാനന്തര ചടങ്ങുകൾക്കായി പണം സമാഹരിക്കുവാൻ ഉണ്ടാക്കിയ ഗോ ഫണ്ട് മീ എന്ന പേജിലൂടെയാണ് മരണവിവരം ആദ്യം പുറത്ത് വന്നത്.തുടർന്ന് കിങ്സ് കോളേജ് ഹോസ്പിറ്റൽ വക്താവ് ഈ മരണം സ്ഥിരീകരിക്കുകയായിരുന്നു. മദീന കോളേജാണ് ഈ പേജ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്മയിലിന്റെ സഹോദരി ഇവിടത്തെ അദ്ധ്യാപിക കൂടിയാണ്. ശവസംസ്‌കാര ചടങ്ങുകൾക്കായി 4000 പൗണ്ട് സ്വരൂപിക്കണമെന്നാണ് പേജിലെ അഭ്യർത്ഥനയിൽ പറയുന്നത്.

കുറച്ചുകാലം മുൻപാണ് ഇസ്മയിലിന്റെ പിതാവ് കാൻസറിണ് കീഴടങ്ങി ഈ ലോകം വിട്ടുപോയത്. തൊട്ടുപുറകേയുള്ള ഇസ്മയിലിന്റെ മരണം ആ കുടുംബത്തിന് സഹിക്കാനാകാത്ത ദുഃഖം തന്നെയാണ് നൽകിയിരിക്കുന്നത്. അയാളുടെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ കുടുംബക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP