Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ മരിച്ചത് 563 പേർ; പുതിയ രോഗികൾ 4324; 30,000 രോഗികളും 2,352 മരണവും ആയി കൊറോണ ചരിത്രത്തിലെ കറുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും; പരിശോധിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ സാധാരണക്കാർ മരണത്തിലേക്ക്; അനേകായിരം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടൻ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ

ഇന്നലെ മരിച്ചത് 563 പേർ; പുതിയ രോഗികൾ 4324; 30,000 രോഗികളും 2,352 മരണവും ആയി കൊറോണ ചരിത്രത്തിലെ കറുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും; പരിശോധിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ സാധാരണക്കാർ മരണത്തിലേക്ക്; അനേകായിരം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടൻ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കിൽ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 48 ശതമാനം വർദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വർദ്ധിപ്പിച്ച് 2352 ൽ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടൻ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയിൽസിൽ ഇന്നലെ 29 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്‌കോട്ട്ലാൻഡിൽ 16 മരണങ്ങളും നോർത്തേൺ അയർലൻഡിൽ 2 മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേർ ഏത് മേഖലയിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാൻ ബ്രിട്ടൻ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ പോലും യഥാർത്ഥ കണക്കുകളല്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളിൽ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയർത്തുന്ന നയം കാരണമാണ് യഥാർത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങൾ കാണിച്ച്, വീടുകളിൽ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളിൽ രേഖപ്പെടുത്തുന്ന മരണങ്ങൾ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുന്നുള്ളു.

വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കനത്ത സമ്മർദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവർക്കും ചികിത്സ ലഭ്യമാക്കുവാൻ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടൻ. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തിൽ ബിസിനസ് സെക്രട്ടറി അലോക് ശർമ്മക്ക് എൻ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകൾ മാത്രം നടത്തുന്ന ബ്രിട്ടനിൽ ഇതുവരെ കേവലം 2000 ആരോഗ്യപ്രവർത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു. പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തിൽ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.

രാജ്യത്തെ മൊത്തം പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ രോഗവ്യാപനത്തെ കാര്യക്ഷമമായി തടയാനാകു എന്ന അവസ്ഥയിൽ പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഇനിയും സർക്കാർ തയ്യാറാകാത്തത് ആശങ്കയുണർത്തുന്നുണ്ട്. ബ്രിട്ടനിൽ ഒരു ദിവസം പരിശോധിക്കുന്നത് കേവലം 10,000 പേരെ മാത്രമാണ്. ജർമ്മനിയിൽ ഒരു ദിവസം 1,00,000 പരിശോധനകൾ നടക്കുന്നിടത്താണ് ബ്രിട്ടൻ കേവലം പതിനായിരം പേരെ പരിശോധിക്കുന്നത് എന്നോർക്കണം. യൂറോപ്പിൽ കോവിഡ് 19 എന്ന രോഗത്തെ കുറേയെങ്കിലും കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞിട്ടുള്ളത് ജർമ്മനിക്ക് മാത്രമാണ്. ഇപ്പോഴും മൂന്നക്കത്തിൽ ഒതുങ്ങുന്ന മരണസംഖ്യതന്നെ അതിന് തെളിവാണ്. വ്യാപകമായ പരിശോധനകൾ ഏർപ്പെടുത്തിയതാണ് ജർമ്മനിയെ ഈ മഹാവിപത്തിനെ നേരിടാൻ പ്രാപ്തമാക്കിയത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. എന്നിട്ടും ബ്രിട്ടനിൽ ഇക്കാര്യത്തിൽ ഒരു മുൻനടപടികളും ഉണ്ടാകാത്തത് ഏറെ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ട്.

ഇതിനിടയിൽ പുറത്തുവന്ന ഇമ്പീരിയൽ കോളേജിന്റെ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത് ഓരോ 37 ബ്രിട്ടീഷുകാരിലും ഒരാൾക്ക് കൊറോണബാധിച്ചിട്ടുണ്ടാകാം എന്നാണ്. അതായത് ഉദ്ദേശം 1.8 ദശലക്ഷം കൊറോണാ രോഗികൾ ബ്രിട്ടനിൽ ഉണ്ടാകാനിടയുണ്ട് എന്ന് സാരം. ഇത് സത്യമാണെങ്കിൽ ബ്രിട്ടനെ കാത്തിരിക്കുന്നത്, ലോക ചരിത്രത്തിൽ ഇതുവരെ കാണാത്ത വലിയൊരു ദുരന്തമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. തിരിച്ചറിയപ്പെടാത്ത രോഗബാധിതരുണ്ടാകുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കും എന്നതിനാൽ ഏത് നിമിഷവും പൊട്ടാവുന്ന ഒരു ബോംബായി മാറിയിരിക്കുകയാണ് ഇന്ന് ബ്രിട്ടൻ. മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്, യഥാർത്ഥ മരണനിരക്ക്, സർക്കാർ പറയുന്നതിനേക്കാൾ 24% അധികമായിരിക്കും എന്നാണ്. ആശുപത്രികൾക്ക് പുറത്തുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തിലും, മരണസംഖ്യയിലും വന്ന അഭൂതപൂർവ്വമായ വർദ്ധനയിൽ നിരാശപ്പെടേണ്ടതില്ല എന്നാണ് ഒരു പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ കീത്ത് നീൽ പറയുന്നത്. ഇത്, പകർച്ചവ്യാധി ചാപത്തിൽ വരുന്ന സ്വാഭാവികമായ വളർച്ചയാണ് ഒരാഴ്‌ച്ച മുൻപ് പ്രഖ്യാപിച്ച ലോക്ക്ഡൗണും, അതിനും ഒരാഴ്‌ച്ച മുൻപ് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം പോലുള്ള നടപടികളും ഫലവത്താകുവാൻ ഒന്നുരണ്ട് ആഴ്‌ച്ചകൾ എടുക്കും. അത് പ്രവർത്തനമാരംഭിച്ചു എന്നു തന്നെ കരുതാം. ഉടനെ തന്നെ രോഗ വ്യാപനത്തിന്റെ തോത് ഒരു രോഗിയിൽ നിന്നും 2.62 പേർക്ക് എന്നത് 0.62 എന്നാകാൻ സാധ്യതയുണ്ട്.

വളരെ ദുഃഖകരമായ ഒരു ദിവസമാണ് ഇന്നലെ കടന്നു പോയത് എന്നു പാരഞ്ഞ ബോറിസ് ജോൺസൺ, പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും രോഗത്തെ പിടിച്ചുകെട്ടാൻ കൂടുതൽ നടപടികൾ എടുക്കുമെന്നും ഉറപ്പ് പറഞ്ഞു. കൊറോണയ്ക്ക് ചികിത്സയിൽ കഴിയുന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽ വീഡിയോ കോൺഫറൻസിൽ കൂടിയാണ് രാജ്യത്തോട് സംസാരിച്ചത്.

ഇതിനിടയിൽ, ഏകദേശം 5,50,000 ത്തോളം വരുന്ന എൻ എച്ച് എസ് ജീവനക്കാരിൽ 2,000 പേരെ മാത്രമാണ് ഇതുവരെ കോവിഡ് 19 പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. അതായത് ധാരാളം പേർ ഇനിയും ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. പരിശോധന പൂർത്തിയായാൽ ഇവരിൽ 85% പേർക്കും തിരിച്ചുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പരിശോധനാ സംവിധാനങ്ങളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും അപര്യാപ്തത ബ്രിട്ടനെ അലട്ടുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും ദൗർലഭ്യമുണ്ടെന്നുള്ള വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇതെല്ലാം പരിഹരിക്കുവാൻ സർക്കാർ ധൃതഗതിയിൽ നടപടികൾ കൈക്കൊള്ളുന്നുവെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP