Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് പ്രധാനമന്ത്രി തടസ്സങ്ങൾ ഇല്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ; ഐസിയുവിൽ കഴിയുന്ന ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തു; ഒരു മാസം പ്രധാനമന്ത്രി പദത്തിൽ നിന്നും അവധിയെടുത്ത് വീട്ടിൽ വിശ്രമിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ; രോഗത്തോട് പൊരുതി ജയിച്ച് ബോറിസ് ജോൺസൻ എത്രയും വേഗം തിരിച്ച് വരുമെന്നും വിശദീകരണം

ബ്രിട്ടീഷ് പ്രധാനമന്ത്രി തടസ്സങ്ങൾ ഇല്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ; ഐസിയുവിൽ കഴിയുന്ന ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തു; ഒരു മാസം പ്രധാനമന്ത്രി പദത്തിൽ നിന്നും അവധിയെടുത്ത് വീട്ടിൽ വിശ്രമിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ; രോഗത്തോട് പൊരുതി ജയിച്ച് ബോറിസ് ജോൺസൻ എത്രയും വേഗം തിരിച്ച് വരുമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തടസങ്ങൾ ഇല്ലാതെ ശ്വസിക്കാൻ തുടങ്ങിയെന്ന് ആശുപത്രിവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഐസിയുവിൽ കഴിയുന്ന ബോറിസ് ജോൺസൻ അപകടനില തരണം ചെയ്തുവെന്ന ആശ്വാസകരമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാലും ഒരു മാസം പ്രധാനമന്ത്രി പദത്തിൽ നിന്നും അവധിയെടുത്ത് അദ്ദേഹത്തിന് വീട്ടിൽ വിശ്രമിക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ബോറിസ് ഒരു പോരാളിയാണെന്നും അദ്ദേഹം രോഗത്തോട് ധീരനായി പൊരുതി ജയിച്ച് കൊണ്ടിരിക്കുകയാണെന്നുമാണ് ബോറിസിന് പകരം താൽക്കാലികമായി ഭരണം നിർവഹിക്കുന്ന ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വെളിപ്പെടുത്തിയിരിക്കുന്നത്.

കൊറോണ അധികരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. അദ്ദേഹത്തിന് ബോധമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മുൻകരുതലെന്ന നിലയിലാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും നമ്പർ 10 വെളിപ്പെടുത്തിയിരുന്നു. ശ്വസനസഹായികളുടെ പിന്തുണയില്ലാതെ ബോറിസിന് ഇപ്പോഴും ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും ന്യൂമോണിയ ഇല്ലെന്നുമാണ് നമ്പർ 10 വക്താവ് പറയുന്നത്. രോഗത്തോട് പൊരുതി ജയിച്ച് ബോറിസ് ജോൺസൻ എത്രയും വേഗം തിരിച്ച് വരുമെന്നാണ് ഇന്നലെ വൈകുന്നേരം ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പതിവ് കൊറോണ വൈറസ് ക്രൈസിസ് മീറ്റിംഗിൽ സംസാരിക്കവെ റാബ് വെളിപ്പെടുത്തിയത്.

രാജ്യത്ത് നിന്നും കൊറോണയെ തുരത്തുന്നതിന് ചുക്കാൻ പിടിക്കുന്നതിനിടയിൽ ബോറിസ് തന്നെ രോഗബാധിതനായി ആശുപത്രിയിലായതിൽ ഏവരും ദുഃഖത്തിലാണെന്നും അദ്ദേഹം തങ്ങളുടെ ബോസ് മാത്രമല്ല സഹപ്രവർത്തകനും സുഹൃത്തുമാണെന്നും റാബ് വിശദീകരിക്കുന്നു.രോഗത്തിൽ നിന്നും പൂർണമുക്തിയുണ്ടായാലും ബോറിസ് ഒന്ന് മുതൽ രണ്ട് മാസം വരെ പ്രധാനമന്ത്രി പദത്തിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കേണ്ടി വരുമെന്നാണ് അദ്ദേഹം മൂന്നാമത് രാത്രി കൂടി ഹോസ്പിററലിൽ ചെലവഴിക്കവെ വിദഗ്ദ്ധർ നിർദേശിച്ചിരിക്കുന്നത്.

വൈറസിനോട് പൊരുതുന്നതിൽ സർവശക്തിയും പ്രയോഗിക്കേണ്ടി വരുന്നതിനാൽ ബോറിസിന് ശാരീരികമായി നല്ല തളർച്ചയുണ്ടായിട്ടുണ്ടെന്നും അതിനാൽ കുറച്ച് നാൾ വിശ്രമം അനിവാര്യമായിരിക്കുമെന്നുമാണ് ഡോക്ടർമാർ മുന്നറിയിപ്പേകുന്നത്. ശരീരത്തിലെ ഊർജത്തെ മുഴുവൻ ഊറ്റിയെടുക്കുന്ന കൊറോണയിൽ നിന്നും സുഖപ്പെട്ടാലും ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നാണ് രോഗത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ അനുഭവസാക്ഷ്യം.അതിനാൽ ബോറിസിനും ഇതിൽ നിന്നും ഒഴിഞ്ഞ് മാറി പെട്ടെന്ന് പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്താനാവില്ലെന്നുറപ്പാണ്.

55 കാരനായ ബോറിസിന്റെ നില സ്റ്റേബിളാണെന്നാണ് ഡൗണിങ് സ്ട്രീറ്റ് പറയുന്നത്.നല്ല ആത്മവിശ്വാസത്തിലുള്ള ബോറിസിന് ഇപ്പോൾ ശ്വസിക്കാൻ വെന്റിലേഷന്റെ സഹായം വേണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ബോറിസിന് എത്രയും വേഗം സുഖപ്പെടട്ടേ എന്ന ആശംസയുമായി ഇന്നലെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രംഗത്തെത്തിയിരുന്നു. അതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബോറിസിന് രോഗമുക്തി ആശംസിച്ച് മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കൊറോണ ബാധിച്ച് നമ്പർ 11 ഫ്ലാറ്റിൽ കഴിയുകയായിരുന്ന ബോറിസിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രധാനമന്ത്രിക്ക് പോലും ചികിത്സ വൈകിപ്പിച്ച ബ്രിട്ടന്റെ നടപടി കടുത്ത വിമർശനത്തിന് വിധേയമാവുകയും ചെയ്തിരുന്നു.ഇന്നലെ രാജ്യത്ത് 786 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ മൊത്തം മരണ സംഖ്യ 6159ൽ എത്തിയെന്നും 3634 കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത് മൊത്തം രോഗികളുടെ എണ്ണം 55,242ലെത്തിയെന്നുമാണ് ഇന്നലെ ഡൊമിനിക് റാബ് വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP