Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുപക്ഷെ ഈ ഡിജിറ്റൽ യുഗത്തിൽ ലോകവ്യാപകമായി എത്തിയ ആദ്യ ദുരന്തമായിരിക്കും കോവിഡ് 19; അനേകരുടെ ജീവൻ കവർന്ന് വിളയാട്ടം തുടരുന്ന കൊറോണയെന്ന കൊലയാളി ഭാവിയിലേക്കായി കരുതി വച്ചിരിക്കുന്നതെന്ത്? ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക മാന്ദ്യവും മാത്രമല്ല പല മാനസിക പ്രശ്നങ്ങളും മനുഷ്യരാശിയെ തുറിച്ചു നോക്കുന്നു; കൊറോണാനന്തരകാലത്തെ മനുഷ്യ ജീവിതത്തിലൂടെ ഒരു യാത്ര

ഒരുപക്ഷെ ഈ ഡിജിറ്റൽ യുഗത്തിൽ ലോകവ്യാപകമായി എത്തിയ ആദ്യ ദുരന്തമായിരിക്കും കോവിഡ് 19; അനേകരുടെ ജീവൻ കവർന്ന് വിളയാട്ടം തുടരുന്ന കൊറോണയെന്ന കൊലയാളി ഭാവിയിലേക്കായി കരുതി വച്ചിരിക്കുന്നതെന്ത്? ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക മാന്ദ്യവും മാത്രമല്ല പല മാനസിക പ്രശ്നങ്ങളും മനുഷ്യരാശിയെ തുറിച്ചു നോക്കുന്നു; കൊറോണാനന്തരകാലത്തെ മനുഷ്യ ജീവിതത്തിലൂടെ ഒരു യാത്ര

മറുനാടൻ ഡെസ്‌ക്‌

ഹാമാരികൾ ഇതിനു മുൻപും മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാൻ എത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പൊരുതിനിന്ന മനുഷ്യനായി ചിലതൊക്കെ അവശേഷിപ്പിച്ചിട്ടു തന്നെയാണ് അവയൊക്കെ തിരികെ പോയിട്ടുള്ളതും. അവയിൽ ഏറ്റവും പ്രധാനമാണ് മഹാമാരികൾ മനുഷ്യന്റെ മനോനിലയിൽ വരുത്തുന്ന മാറ്റങ്ങൾ. വ്യാപനത്തിന്റെ കാര്യത്തിൽ കൊറോണയോളം ഭീകരത സൃഷ്ടിച്ചില്ലെങ്കിലും 2003 ലെ സാർസും ഏറ്റവും ഒടുവിൽ 2009 ലെ ഇൻഫ്ളുവൻസയുമെല്ലാം ഇത്തരത്തിലുള്ള ആഘാതങ്ങൾ ഏല്പിച്ചിട്ടു തന്നെയാണ് ശാസ്ത്രത്തിന് മുന്നിൽ കീഴടങ്ങിയിട്ടുള്ളത്.

മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കൊറോണക്കാലത്തെ മനോനിലയെപറ്റി പലയിടത്തും ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഭയവും ഉത്കണ്ഠയുമാണ് ഈ കാലയളവിൽ മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ രണ്ട് മാനസിക പ്രശ്നങ്ങൾ. താൻ രോഗ ബാധിതനാകും എന്ന ഭയം, കോവിഡ് 19 സമ്പദ്ഘടനയിലും സാമൂഹ്യ ജീവിതത്തിലും വരുത്തിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവ വളർന്ന് ഒരു തരം സിനോഫോബിയ അഥവാ അപരിചിതരോടും അന്യ നാട്ടുകാരോടും തോന്നുന്ന ഭയം എന്നൊരു അവസ്ഥയിൽ വരെ എത്താമെന്നാണ് ഈ പഠനങ്ങൾ കാണിക്കുന്നത്.

മഹാമാരികൾ, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ എന്നിവ മനുഷ്യനിൽ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വഴി തെളിക്കുമെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. വിവിധ സംഭവങ്ങളെ ആസ്പദമാക്കി നടന്ന വിവിധ പഠനങ്ങൾ തെളിയിക്കുന്നത്, ഇത്തരം ദുരന്തങ്ങൾ അനുഭവിച്ച ഏകദേശം 10% പേർക്കെങ്കിലും മൂഡ് ഡിസോർഡർ, ആങ്ക്സൈറ്റി ഡിസോർഡർ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ (പി ടി എസ് ഡി) തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. അതായതുകൊറോണ ബാധിച്ച 10% പേരിലെങ്കിലും - ഒരുപക്ഷെ അതിലുമധികം പേരിൽ- ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇത് അർത്ഥമാക്കുന്നത്.

കൊറോണ ബാധിക്കാത്തവർക്കും മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. ആഴ്‌ച്ചകൾ നീളുന്ന ഏകാന്തവാസം, ഒറ്റപ്പെടൽ, അടച്ചുപൂട്ടിയുള്ള ഇരിപ്പ് എന്നിവ ഇവരിലും ഉത്കണ്ഠ വളർത്തിയേക്കാം. അത്ര സുഖകരമല്ലാത്ത അന്തരീക്ഷത്തിൽ, തികച്ചും അപരിചിതർക്കൊപ്പം ക്വാറന്റൈൻ വാർഡുകളിൽ കൂടുതൽ കാലം ചെലവഴിക്കേണ്ടി വന്നവർക്ക് പി ടി എസ് ഡി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

ഇതിനുപുറമെ കൊറോണമൂലമുണ്ടായ സാമൂഹ്യ സാഹചര്യ മാറ്റങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അടുത്ത പ്രശ്നം. അതുവരെ തികച്ചും അപരിചിതമായ ഒരു ജീവിതശൈലിയാണ് കൊറോണ മനുഷ്യന് നിർബന്ധിതമാക്കിയത്. സ്‌കൂൾ പാഠങ്ങൾ ഓൺലൈനിൽ ആകുന്നു. ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാകുന്നു. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓൺലൈൻ വഴി എത്തുന്നു. ഡിജിറ്റൽ യുഗത്തിലെ ആദ്യത്തെ ലോകവ്യാപകമായ മഹാമാരികാലത്ത് നമ്മൾ ഒരുപാട് ആശ്രയിച്ചത് ഇന്റർനെറ്റിനെ ആയിരുന്നു.

തീർച്ചയായും, ഈ മഹാമാരിക്കു മുൻപും പലരും വീടുകളിൽ ഇരുന്ന് ജോലിചെയ്യുകയും ഓൺലൈൻ ഷോപ്പിങ് നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്.എന്നാൽ കൊറോണക്കാലം മനസ്സിനു നൽകിയ സുരക്ഷാ ഭീഷണി ഒരുപക്ഷെ കൊറോണാക്കാലത്തിനു ശേഷവും ഇത്തരത്തിലുള്ള നടപടികൾ പിന്തുടരാൻ ഒരു വലിയ വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ചേക്കാം. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരു വലിയ വിഭാഗം ജനങ്ങളേയായിരിക്കും കൊറോണാനന്തര കാലം കാണാൻ പോകുന്നത്.

മറ്റൊരു പ്രധാനപ്രശ്നം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടാൻ സാധ്യതയുള്ള അണുബാധയെ കുറിച്ചുള്ള ഭീതിയാണ്. ഒരുപക്ഷെ ഭാവിയിൽ മനുഷ്യന്റെ സാമൂഹ്യ ജീവിതം വരെ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ വീർപ്പുമുട്ടുന്ന ഒരു അവസ്ഥയായിരിക്കും ഇത്തരമൊരു ഭീതി ഉണ്ടാക്കുക. ഹസ്തദാനങ്ങളും ആലിംഗനങ്ങളുമൊക്കെ പഴങ്കഥകളായി മാറാനും സാധ്യതയുണ്ട് ഈ ഭയം കാരണം. ഇത്തരത്തിലുള്ള ഭയം ഒരുപാട് കാലം നീണ്ടു നിൽക്കാൻ സാധ്യതയുള്ളവയാണെന്ന് മനഃശാസ്ത്രജ്ഞർ പറയുമ്പോഴാണ് കൊറോണ ഭാവിയിലെ സമൂഹ ജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത കൈവരിക.

മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി പോലെ തന്നെ ഓരോ മനുഷ്യരിലും വ്യത്യസ്തമാണ് മാനസിക ആഘാതങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷിയും. അതുകൊണ്ട് തന്നെ ഇത്തരം ഫോബിയകൾ എല്ലാവരിലും ഒരുപോലെ സ്വാധീനിക്കണമെന്നില്ല. ഉദാഹരണത്തിന് സിനോഫോബിയ അഥവ അപരിചിതരോടുള്ള ഭയം ചിലരെ സാമൂഹ്യ കൂടിച്ചേരലുകളിൽ നിന്നും വിലക്കുമ്പോൾ, മറ്റു ചിലരെ വംശീയവാദികൾ വരെയാക്കാം. താനും തന്റേതല്ലാത്തവരും സംശയത്തിന്റെ നിഴലിലാണെന്ന ബോധം അല്ലെങ്കിൽ, തന്റെ കൂട്ടരെ അല്ലാതെ മറ്റാരേയും വിശ്വസിക്കാൻ കഴിയില്ലെന്ന ബോധം ഇതൊക്കെ ഇത്തരം ഫോബിയയുടെ ഏറ്റക്കുറച്ചിലുകൾ കാരണം ഉണ്ടാകാവുന്നതാണ്.

ചെറിയതോതിലുള്ള ഫോബിയകൾ മനുഷ്യരെ കൂടുതൽ സ്വാർത്ഥരാക്കി സ്വന്തം കുടുംബത്തിലേക്ക് ഒതുക്കുമ്പോൾ, ഇതിന്റെ വർദ്ധിച്ച തോതിലുള്ള സാന്നിദ്ധ്യം ഒരുപക്ഷെ വർഗീയ-വംശീയ കലാപങ്ങൾക്ക് വരെ കാരണമായേക്കാം എന്നാണ് പല മനഃശാസ്ത്രജ്ഞരും പറയുന്നത്. കൂടെക്കൂടെയുള്ള കൈകഴുകൽ, അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ നീണ്ടകാലത്തേക്ക് പ്രാവർത്തികമാക്കിയാൽ അത് സ്വന്തം രക്ഷയെക്കുറിച്ചുള്ള ആശങ്ക വളർത്തിയേക്കാം എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ഇത് അവരെ കൂടുതൽ യാഥാസ്ഥികരാക്കി മാറ്റിയേക്കാം.

സാമൂഹിക ജീവിതത്തിന് അധികം പ്രാധാന്യമില്ലാതിരുന്ന പഴയ കാല ജീവിതശൈലിയിലേക്ക് അവർ തിരിച്ചുപോയേക്കാം എന്നു മാത്രമല്ല, പാരമ്പര്യത്തിന് എതിരായുള്ള എന്തും എതിർക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടായേക്കാം എന്നാണ് സാർസ് പോലുള്ള മഹാമാരികൾക്ക് ശേഷം അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ലൈംഗിക ജീവിതത്തിൽ വരെ ഇത്തരത്തിലുള്ള യാഥാസ്ഥിതികത്വം നിലവിൽ വന്നേക്കാം.

മറ്റുള്ളവരെയെല്ലാം സംശയത്തോടെ വീക്ഷിക്കുന്ന ഒരു മനോനില ഒരിക്കലും ആരോഗ്യകരമായ ഒന്നല്ല. ഇത് ആത്യന്തികമായി നയിക്കുക അരാജകത്വത്തിലേക്കായിരിക്കും. കൊറോണാനന്തര കാലഘട്ടത്തിലെ സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് ഇത്തരത്തിൽ ഒരു അരാജകത്വം തന്നെയായിരിക്കും എന്നാണ് ഈ പഠനങ്ങളിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP