Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതൽ ശവശരീരങ്ങൾ കാണാനും ആഗ്രഹമുണ്ടെങ്കിൽ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കിൽ അൽപം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടനാ തലവൻ; എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവൻ രക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും ആവശ്യം; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കൻ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോൾ ലോകത്തിനു ആശങ്ക ബാക്കി

കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതൽ ശവശരീരങ്ങൾ കാണാനും ആഗ്രഹമുണ്ടെങ്കിൽ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കിൽ അൽപം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടനാ തലവൻ; എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവൻ രക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും ആവശ്യം; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കൻ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോൾ ലോകത്തിനു ആശങ്ക ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊറോണയെ ആദ്യം മുതൽ തന്നെ നിസാരവത്ക്കരിക്കാനും, ഈ മഹാമാരിയുടെ പേരിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാനും ആദ്യം മുതൽക്കെ ശ്രമിച്ച വ്യക്തിയായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അതിന്റെ ഫലം അനുഭവിക്കുന്നത് പാവം അമേരിക്കൻ ജനതയും. ഓരോ ദിവസവും ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും ട്രംപ് ധൃതികൂട്ടുന്നത് ഇരുട്ട്കൊണ്ട് ഓട്ടയടച്ച് അടച്ചിട്ട അമേരിക്കയെ തുറക്കാനാണ്. അതിന്റെ ഭാഗമായിരുന്നു, ഇന്നും കൊറോണയ്ക്കുള്ള ഫലപ്രദമായ മരുന്നാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ലാത്ത ഹൈഡ്രോക്സി ക്ലോറോക്വിൻ ഇറക്കുമതി ചെയ്യുന്നതിനു കാട്ടിയ തിടുക്കം.

ഈ മരുന്ന് നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ട്രംപിനും മറ്റ് ചില റിപ്പബ്ലിക്കൻ നേതാക്കൾക്കും സാമ്പത്തിക താത്പര്യങ്ങൾ ഉള്ളതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ കേവലം സാമ്പത്തിക താത്പര്യത്തേക്കാൾ അധികമായി ട്രംപ് ഉന്നം വയ്ക്കുന്നത് രാഷ്ട്രീയ ലാഭം തന്നെയാണ്. കൊറോണയെ പിടിച്ചുകെട്ടിയ പ്രസിഡണ്ട് എന്ന രീതിയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയാലുള്ള നേട്ടം അറിയാത്ത ആളൊന്നുമല്ല ട്രംപ്. എന്നാൽ യാഥാർത്ഥ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരം നടപടികൾ അമേരിക്കൻ ജനതയെ കൂടുതൽ ദുരിതത്തിലഴ്‌ത്തുകയേയുള്ളു എന്നതാണ് സത്യം. അത് ഇപ്പോൾ തുറന്നു പറയുകയാണ് ലോകാരോഗ്യ സംഘടനയുടെ തലവനായ ഡോ. ടെഡ്രോസ് അദ്നോം ഘെബ്രെയേശു.

ഇനിയും കൂടുതൽ ശവങ്ങൾ അമേരിക്കൻ മണ്ണിൽ അടക്കപ്പെടാതിരിക്കണമെങ്കിൽ കൊറോണയെ രാഷ്ട്രീയ വത്ക്കരിക്കുന്നത് നിർത്തണം എന്നാണ് ഇന്നലെ വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ ഒരു പത്ര സമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടത്. മാത്രമല്ല, രാഷ്ട്രീയ ഭേദങ്ങൾ മറന്ന് എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവരക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഭീകര വൈറസിനെ തുരത്താനുള്ള ശ്രമത്തിൽ അമേരിക്കയും ചൈനയും കൈകോർക്കണമെന്നും മറ്റ് ജി-20 രാഷ്ട്രങ്ങൾ പൂർണ്ണപിന്തുണയുമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയിൽ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 15,000 ത്തോട് അടുക്കുമ്പോൾ, തന്റെ സർക്കാരിനെ ഒഴിച്ച് ലോകത്തുള്ള എല്ലാവരേയും കുറ്റപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ട്രംപ് രംഗത്ത് വന്നത്. അതിൽ പ്രധാനമായും ചൈനയായിരുന്നു ട്രംപിന്റെ രോഷത്തിന് കാരണമായത്. ഈ രോഷം ലോകാരോഗ്യ സംഘടനയ്ക്ക് നേരെയും തിരിഞ്ഞു. ചൈനയുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പുനപരിശോധിക്കേണ്ടി വരുമെന്ന് വരെ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എത്യോപ്യയുടെ ഭാഗമായിരുന്ന ഇന്നത്തെ എറിട്രിയയിലായിരുന്നു ടെഡ്രോസിന്റെ ജനനം. എത്യോപ്യയുടെ ആരോഗ്യ മന്ത്രിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ഇദ്ദേഹം 2017-ൽ ലോകാരോഗ്യ സംഘടനയുടെ തലപ്പെത്തെത്തുന്നത്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് എത്തിക്കുവാനായി ചൈനീസ് എമ്പസി മുണ്ടുമുറുക്കി ഇറങ്ങി എന്ന് അക്കാലത്ത് ആരോപണവും ഉണ്ടായിരുന്നു മാത്രമല്ല എത്യോപ്യക്കുള്ള ചൈനീസ് സഹായം പതിന്മടങ്ങ് വർദ്ധിച്ചതായും, ഡോ. ടെഡ്രോസ് തലവനായതിൽ പിന്നെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ചൈനീസ് സഹായം വർദ്ധിച്ചതായും ഐക്യരാഷ്ട്ര സഭയുടെ കണക്കുകളും കാണിക്കുന്നുണ്ട്.

മെംഗിസ്റ്റു ഹൈൽ മരിയമിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടിയ ടി പി എൽ എഫ് എന്ന കമ്മ്യുണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടിയിൽ വളരെ ചെറിയ പ്രായത്തിലെ അംഗമായ ഇദ്ദേഹം, പക്ഷെ വിപ്ലവാനന്ത്രരം പാർട്ടി അധികാരത്തിലെത്തിയപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തുകയായിരുന്നു. പകർച്ചവ്യാധികളുടെ പ്രതിരോധ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദമെടുത്ത ഇദ്ദേഹം പിന്നീട് സാമൂഹ്യ ആരോഗ്യത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പഠനാനന്തരം എത്യോപ്യയിൽ തിരിച്ചെത്തിയ അദ്ദേഹം ആരോഗ്യ മന്ത്രിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു. എയ്ഡ്സ് തടയുവാൻ അദ്ദേഹം കൈക്കൊണ്ട നടപടികൾ ലോക പ്രശംസ തന്നെ നേടിയിരുന്നു.

അതുപോലെത്തന്നെ അഞ്ചാം പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾക്കെതിരേയും ഫലവത്തായ പ്രതിരോധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എത്യോപ്യയുടെ രാഷ്ട്രീയ ചായ് വും, ടെഡ്രോസിന്റെ രാഷ്ട്രീയ വീക്ഷണവുമാണ് ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇദ്ദേഹത്തെ കൊണ്ടുവരാൻ ചൈന കാണിച്ച ഉത്സാഹത്തിന് കാരണമെന്നാണ് ആരോപണം.ഇത് തന്നെയാണ് ലോകാരോഗ്യ സംഘടന ചൈനയുടെ താത്പര്യങ്ങൾക്കായി നിലകൊള്ളുകയാണെന്ന് പ്രസിഡണ്ട് ട്രംപ് ആരോപിക്കുവാനുള്ള കാരണവും.

ലോകാരോഗ്യ സംഘടന ചൈനയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് ട്രംപ് ആരോപിച്ചതിനു പുറമേ, അമേരിക്കയിൽ കൊറോണ പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡോ. ഡെബോറ ബ്രിക്സും ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ എത്തി. കൊറോണയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തി എന്നായിരുന്നു ആരോപണം. ഇത് പൂർണ്ണമായും ചൈനയുടെ റിപ്പോർട്ടിനെ മാത്രം ആശ്രയിച്ചായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഈരോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് ജനുവരി പകുതിവരെ ചൈന സമ്മതിച്ചിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, കൊറോണയുടെ ആദ്യകാലങ്ങളിൽ, ചൈനയിൽ നിന്നുള്ള യാത്രകൾ നിരോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു ലോകാരോഗ്യ സംഘടനക്ക്.

രണ്ടു കൂട്ടരും പരസ്പരം പഴിചാരുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയിൽ മാത്രം ഓരോ ദിവസവും മരിച്ചു വീഴുന്നത്. ഈ മഹാമാരിയെ പിടിച്ചുകെട്ടാതെ, രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിക്കുന്ന നേതാക്കളുടെ നടപടിയിൽ പലർക്കും അമർഷവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP