Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിസി 44ൽ വാൽ നക്ഷത്രം സൂചിപ്പിച്ചത് ജൂലിയസ് സീസറിന്റെ മരണത്തെ; ക്ലിയോപാട്രയുടെ വിയോഗത്തിലും ചർച്ചയായി; സെയിന്റ് ലോറൻസിന്റെ രക്തസാക്ഷിത്വവുമായും ബന്ധം; വാൽനക്ഷത്രത്തിന്റെ ശാപ മോചനത്തിന് അനന്തരാവകാശികളെ ബലി കൊടുത്ത നീറോ ചക്രവർത്തിയും; കൊറോണ വിളയാടുമ്പോൾ ആകാശത്ത് ഇന്നു മുതൽ ദൃശ്യമാകുകയാണ് സ്വാൻ എന്ന വാൽനക്ഷത്രം; മഹാവിപത്തിന്റെ സൂചനയായി പുരാതന സംസ്‌കാരങ്ങൾ കണക്കാക്കിയിരുന്ന വാൽനക്ഷത്രം വീണ്ടുമെത്തുമ്പോൾ

ബിസി 44ൽ വാൽ നക്ഷത്രം സൂചിപ്പിച്ചത് ജൂലിയസ് സീസറിന്റെ മരണത്തെ; ക്ലിയോപാട്രയുടെ വിയോഗത്തിലും ചർച്ചയായി; സെയിന്റ് ലോറൻസിന്റെ രക്തസാക്ഷിത്വവുമായും ബന്ധം; വാൽനക്ഷത്രത്തിന്റെ ശാപ മോചനത്തിന് അനന്തരാവകാശികളെ ബലി കൊടുത്ത നീറോ ചക്രവർത്തിയും; കൊറോണ വിളയാടുമ്പോൾ ആകാശത്ത് ഇന്നു മുതൽ ദൃശ്യമാകുകയാണ് സ്വാൻ എന്ന വാൽനക്ഷത്രം; മഹാവിപത്തിന്റെ സൂചനയായി പുരാതന സംസ്‌കാരങ്ങൾ കണക്കാക്കിയിരുന്ന വാൽനക്ഷത്രം വീണ്ടുമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാൽനക്ഷത്രങ്ങളും ഉൽക്കകളും എന്നും മനുഷ്യരിൽ അദ്ഭുതം ജനിപ്പിച്ചിട്ടുള്ള വസ്തുക്കളാണ്. ശിലാവശിഷ്ടങ്ങളും പൊടിയും മറ്റും മഞ്ഞിനാൽ ചുറ്റപ്പെട്ട ഗോളങ്ങളാണ് വാൽനക്ഷത്രം എന്നറിയപ്പെടുന്നത്. മറ്റ് ഗ്രഹങ്ങളെ പോലെ ഇവയും സൂര്യനു ചുറ്റും ഭ്രമണം നടത്തി സ്വയം എരിഞ്ഞടങ്ങുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണ് പിന്നീട് ഉൽക്കാപാതമായി എത്തുന്നത്. അത്തരത്തിൽ ഒരു മഞ്ഞുഗോളമാണ് ഇപ്പോൾ 11 മില്ല്യൺ മൈൽ നീളമുള്ള വാലുമായി ഇപ്പോൾ ദൃശ്യമാകുന്നത്.

സ്വാൻ എന്ന് പേരിട്ട ഈ വാൽനക്ഷത്രത്തിന്റെ വരവ് ആദ്യം കണ്ടുപിടിച്ചത് ആസ്ട്രേലിയൻ വാനനിരീക്ഷകനായ മൈക്കൽ മാറ്റിയാസോ ആണ്. ഇത് ഭൂമിയെ മറികടന്ന് പോയിക്കഴിഞ്ഞിരിക്കുന്നു എങ്കിലും കൂടുതൽ തിളക്കമാർന്നതാകുന്നത് സൂര്യനെ സമീപിക്കുംതോറുമാണ്.ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിൽ ഉള്ളവർക്കാണ് ഈ വാൽനക്ഷത്രത്തെ കൂടുതൽ വ്യക്തമായി കാണുവാനാകുക. എന്നാൽ ഉത്തരാർദ്ധഗോളത്തിലുള്ളവർക്കും, നേരം പുലരുന്നതിന് തൊട്ടു മുൻപായി ഇത് ദൃശ്യമാകൂം. ഭൂമിയിൽ നിന്നും ഏകദേശം 53 ദശലക്ഷം മൈലുകൾക്കപ്പുറമുള്ള സ്വാൻ, പക്ഷെ ഭൂമിയെ സംബന്ധിച്ച് ഒരു സുപ്രധാന വാൽനക്ഷത്രമായായാണ് യൂറോപ്യൻ സ്പേസ് ഏജൻസി കണക്കാക്കുന്നത്.

ദുരന്തങ്ങളുടേയും ദുരിതങ്ങളുടേയും മുന്നോടിയായിട്ടായിരുന്നു പുരാതന ഗ്രീക്കുകാരും റോമാക്കാരും വാൽനക്ഷത്രങ്ങളുടെ വരവിനെ കണ്ടിരുന്നത്. ബി. സി. 44 ലെ ഒരു വസന്തകാലത്ത് പ്രത്യക്ഷപ്പെട്ട വാൽ നക്ഷത്രം ജൂലിയസ് സീസറിന്റെ മരണത്തെയായിരുന്നത്രെ സൂചിപ്പിച്ചിരുന്നത്. സീസറിന്റെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു ഈ വാൽനക്ഷത്രം ആകാശത്ത് എരിഞ്ഞടങ്ങിയത്. ഈ സംഭവത്തെ ദൈവീകവത്ക്കരിച്ചാണ് സീസറിന്റെ പുത്രനായ അഗസ്റ്റസ് ചക്രവർത്തി സീസറിന്റെ മുഖവും, എരിഞ്ഞടങ്ങുന്ന വാൽനക്ഷത്രത്തിന്റെ ചിത്രവുമായി നാണയങ്ങൾ ഇറക്കിയത്. ഇതോടെ സീസർ ദൈവവത്ക്കരിക്കപ്പെടുകയും അഗസ്റ്റസ് ദൈവപുത്രനായി വാഴ്‌ത്തപ്പെടുകയും ചെയ്തു.

ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്രയുടെ മരണത്തിനും തൊട്ടുമുൻപായി ഒരു വാൽനക്ഷത്രം എത്തിയിരുന്നതായി പറയപ്പെടുന്നു. അവരുടെ മരണശേഷം അത് ആകാശത്തിൽ എരിഞ്ഞടങ്ങുകയും ചെയ്തുവത്രെ. കൃസ്ത്യൻ വിശ്വാസമനുസരിച്ച് സെയിന്റ് ലോറൻസിന്റെ രക്തസാക്ഷിത്വവുമായും വാൽനക്ഷത്രങ്ങൾക്കും ഉൽക്കാപാതത്തിനും ബന്ധമുണ്ട്. പുണ്യാളന്റെ ജ്വലിക്കുന്ന കണ്ണുനീർ തുള്ളികളായിട്ടായിരുന്നു താഴേക്ക് പതിക്കുന്ന ഉൽക്കകളെ കണക്കാക്കിയിരുന്നത്.

ബാബിലോണിയൻ സംസ്‌കാരത്തിലും വാൽനക്ഷത്രങ്ങൾക്ക് അമിത പ്രാധാന്യമുണ്ടായിരുന്നു. ഒരു വാൽ നക്ഷത്രത്തിന്റെ വരവോടെ അഗ്‌നിബാധയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നു. വാൽനക്ഷത്രത്തിന്റെ ശാപത്തിൽ നിന്നും മോചനം നേടാൻ നീറോ ചക്രവർത്തിക്ക്, തന്റെ അനന്തരാവകാശികളാകാൻ സാദ്ധ്യതയുള്ളവരെയെല്ലാം ബലി നൽകേണ്ടിവന്നതായും പറയുന്നുണ്ട്.

പൗരാണിക കാലത്ത് കിഴക്കൻ അർദ്ധഗോളത്തിൽ വാനനിരീക്ഷണം വളരെ വ്യാപകമായിരുന്നു. 36 എ ഡി മുതൽക്കുള്ള വാൽനക്ഷത്രങ്ങളുടെ വിവരങ്ങൾ ചൈനാക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. 4.6 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് സൗരയൂഥത്തിന്റെ ആവിർഭാവ സമയത്ത് ബാക്കിയായ അവശിഷ്ടങ്ങളാണ് വാൽ നക്ഷത്രങ്ങൾ എന്നാണ് ആധുനിക ശാസ്ത്രകാരന്മാർ വിശ്വസിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, അമോണിയ, മീഥെയ്ൻ തുടങ്ങി പല വാതകങ്ങളും പൊടിയും ശിലാവശിഷ്ടങ്ങളുമൊക്കെ മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഇവയെ ''വൃത്തികെട്ട മഞ്ഞ്ഗോളങ്ങൾ'' എന്നും വിളിക്കുന്നു.

ഇത്തരത്തിലുള്ള ചില വാൽനക്ഷത്രങ്ങളിൽ നിന്നാണ് ഭൂമിയിൽ ഓർഗാനിക് തന്മാത്രകളും ജലവും എത്തിയതെന്നും ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. ഇവ സൂര്യനെ വലംവയ്ക്കുന്നു എങ്കിലും, ഇവയിൽ മിക്കവയും പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും പുറത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇടക്കിടക്ക് വഴിതെറ്റി ഇവ സൗരയൂഥത്തിന്റെ അകത്ത് എത്തിച്ചേരും. ചില വാൽനക്ഷത്രങ്ങൾ കൂടെക്കൂടെ അങ്ങിനെയെത്തുമ്പോൾ മറ്റു ചിലവ നൂറ്റാണ്ടുകളിലൊരിക്കൽ മാത്രം സൗരയൂഥത്തിനകത്ത് കടക്കുന്നു.

76 വർഷങ്ങളിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന വാൽ നക്ഷത്രമാണ് ഹാലിയുടെ വാൽനക്ഷത്രം. 1986 ലാണ് ഇത് അവസാനമായി ദൃശ്യമായത്. അത് സൂര്യനെ ലക്ഷ്യമാക്കി പായുമ്പോൾ അഞ്ചോളം ബഹിരാകാശപേടകങ്ങൾ അതിന് സമീപം ചെന്ന് പല അമൂല്യ വിവരങ്ങളും ശേഖരിക്കുകയുണ്ടായി. 80% ഐസും വെള്ളവും ചേർന്ന വാൽനക്ഷത്രങ്ങളുടെ ന്യുക്ലിയസ്സിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുകയുണ്ടായി. വാൽനക്ഷത്രത്തിലെ ഐസിൽ 80% ജലം ഘനീഭവിച്ചുണ്ടായതാണെങ്കിൽ 15% വരെ ഘനീഭവിച്ച കാർബൺ മോണൊക്സൈഡ് എന്ന വിഷവാതകമാണ്.

ഇപ്പോൾ ദൃശ്യമാകുവാൻ പോകുന്ന സ്വാൻ എന്ന വാൽനക്ഷത്രം 11,597 വർഷങ്ങളിൽ ഒരിക്കൽ മാത്രമാണ് സൗരയൂഥത്തിൽ പ്രവേശിക്കുക. ഏകദേശം 10 ദശലക്ഷം മൈൽ നീളംവരുന്ന ഇളം നീല നിറത്തോടുകൂടിയ വാലാണ് ഇതിന്റെ പ്രത്യേകത. ഇപ്പോൾ അത്ര വ്യക്തമല്ലാത്ത ഈ വാൽനക്ഷത്രം, മെയ്‌ അവസാനത്തോടെ കൂടുതൽ വ്യക്തമായി കാണാനാകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ അത്രനാൾ ഇത് ഉണ്ടാവുമോ എന്ന കാര്യവും സംശയമാണ്. സാധാരണയായി സൂര്യനെ സമീപിക്കും തോറും കൂടുതൽ ഭാഗങ്ങൾ ഇതിൽ നിന്നും പുറത്തേക്ക് വമിക്കുകയും കൂടുതൽ തിളക്കമാർന്നതാവുകയും ചെയ്യും.

ചിലപ്പോൾ സൂര്യനെ സമീപിക്കുന്നതിനിടയിൽ ഇവ പൊട്ടിത്തകർന്ന് പോവുകയും ചെയ്തേക്കാം. കഴിഞ്ഞ മാസം അറ്റ്ലസ് എന്ന വാൽനക്ഷത്രം ഇപ്രകാരം തകർന്നിരുന്നു.ഈ അപകടമേഖലയിലേക്കാണ് ഇപ്പോൾ സ്വാൻ വാൽനക്ഷത്രവും പ്രവേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP