Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതി കിട്ടിയപ്പോൾ തന്നെ മാതൃഭൂമി അവതാരകനെ ഓടിച്ചിട്ട്‌ പിടിച്ചു; ഹണി ട്രാപ്പിന്റെ പേരിൽ മംഗളം സിഇഒ അടക്കം അഞ്ച് മാധ്യമപ്രവർത്തകരെ അകത്ത് കിടത്തിയത് 28 ദിവസം; എന്നിട്ടും അംബാനിയുടെ ചാനലിലെ ദളിത് പീഡനം വെറും തൊഴിൽ പ്രശ്നം; സമരം ചെയ്യാൻ വനിതാ പത്രക്കാരുമില്ല; ഇടത് സൈബർ തൊഴിലാളികളുടെ പണി എടുക്കുന്ന ലല്ലു അടക്കമുള്ളവരെ രക്ഷിക്കാൻ അനേകം പേർ രംഗത്ത്

പരാതി കിട്ടിയപ്പോൾ തന്നെ മാതൃഭൂമി അവതാരകനെ ഓടിച്ചിട്ട്‌ പിടിച്ചു; ഹണി ട്രാപ്പിന്റെ പേരിൽ മംഗളം സിഇഒ അടക്കം അഞ്ച് മാധ്യമപ്രവർത്തകരെ  അകത്ത് കിടത്തിയത് 28 ദിവസം; എന്നിട്ടും അംബാനിയുടെ ചാനലിലെ ദളിത് പീഡനം വെറും തൊഴിൽ പ്രശ്നം; സമരം ചെയ്യാൻ വനിതാ പത്രക്കാരുമില്ല; ഇടത് സൈബർ തൊഴിലാളികളുടെ പണി എടുക്കുന്ന ലല്ലു അടക്കമുള്ളവരെ രക്ഷിക്കാൻ അനേകം പേർ രംഗത്ത്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: തൊഴിൽ സ്ഥലത്ത് സ്ത്രീ പരാതി കൊടുത്താൽ അതിന് അതിന്റേതായ പ്രാധാന്യം കൊടുക്കണം. അതേ കുറിച്ച് അന്വേഷിക്കാൻ നിമയത്തിൽ വ്യക്തമായ നിർദ്ദേശമുണ്ട്. ഇതൊന്നും ന്യൂസ് 18 കേരളയിൽ നടന്നില്ല. അതിന്റെ ഫലമായിരുന്നു മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിലേക്ക കാര്യങ്ങളെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ ഭക്ഷ്യവിഷബാധയാക്കാനും ശ്രമിച്ചു. യഥാർത്ഥത്തിൽ യുവതിയുടെ ജീവൻ അപകടത്തിലാക്കുന്ന ഇടപെടലായിരുന്നു ഇത്. എന്നാൽ ഇതൊന്നും കേരളാ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം അതിശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അതിശക്തമായി ഇടപെട്ടിട്ടും കേസിലെ കുടുങ്ങിയവർക്കായി ഉന്നത തല സമ്മർദ്ദം ശക്തമാണ്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നൽകുന്നു. ഇവർ പറഞ്ഞ ഉപദേശവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജനെ കണ്ടവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പൊലീസ് നിഷ്‌ക്രിയരാവുന്നതിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കാത്തിരിക്കാനുള്ള നിർദ്ദേശമാണെന്ന വിവരം മറുനാടന് ലഭിച്ചു.

ന്യൂസ് 18 കേരളയിൽ ജീവനക്കാരുടെ പെർഫോർമൻസ് ഓഡിറ്റ് നടക്കുന്നു. ഇതിൽ ചിലരെല്ലാം പരാജിതരായി. അത് റിപ്പോർട്ട് ചെയ്യേണ്ട ബാധ്യത ചാനൽ എഡിറ്ററായ രാജീവ് ദേവരാജിനുണ്ട്. അദ്ദേഹം അതു ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി. ഈ നോട്ടീസിൽ പെർഫോമൻസ് മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് പറയുന്നത്. രണ്ട് മാസത്തെ സമയവും ഉണ്ട്. ആരേയും പിരിച്ചു വിട്ടിട്ടില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയും ഈ പട്ടികയിലുണ്ട്. അവർക്കും നോട്ടീസ് കിട്ടി. ഇത് എഡിറ്റർ രാജീവ് ദേവരാജുമായി സംസാരിച്ചു. കമ്പനിയുടെ നിലപാട് അറിയിച്ചു. ആ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അതിൽ എങ്ങനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്നാണ് ന്യൂസ് 18 കേരളയിലെ ആരോപണ വിധേയരെ സംരക്ഷിക്കുന്നവരുടെ ചോദ്യം. രാജീവ് ദേവരാജിനേയും ലല്ലു ശശിധരൻ പിള്ളയേും സിഎൻ പ്രകാശിനേയും ദിലീപ് കുമാറിനേയും വെറുതെ വിടണമെന്നാണ് ആവശ്യം. കേസെടുത്താൽ പോലും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കണമെന്നാണ് ആവശ്യം.

ഇതുമായി എത്തിയ ദൂതനോട് മുഖ്യമന്ത്രിയുടെ ഓഫീസ് അതിരൂക്ഷമായി പ്രതികരിച്ചുവെന്നാണ് സൂചന. പെൺകുട്ടി നൽകിയ പീഡന പരാതി എന്തിന് മുക്കിയെന്നതാണ് ഉയർത്തിയ ചോദ്യം. ദളിത് പീഡനമാണ് നടത്തിയിരിക്കുന്നത്. നിർബന്ധിച്ച രാജിവയ്്പ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇത് ഗുരുതരമായ തെറ്റു തന്നെയാണ്. ആത്മഹത്യാ ശ്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഇതു മാത്രമാണ്. അതുകൊണ്ട് തന്നെ പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നാൽ പ്രശ്‌നമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞത്. എന്നാൽ ശാരീരിക പീഡനമില്ലാത്തതു കൊണ്ട് തന്നെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. യുവതിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. അതിനിടെ കൂടുതൽ പരാതികൾ ന്യൂസ് കേരള 18നിൽ നിന്നും പൊലീസിന് കിട്ടിതുടങ്ങിയിട്ടുണ്ട്.

ന്യൂസ് 18 എന്ന മലയാളം വാർത്താ ചാനലിൽ ഒരു പറ്റം ജേർണലിസ്റ്റുകളെ തിരഞ്ഞു പിടിച്ചുള്ള തൊഴിൽപീഡനം അസഹ്യമായിരിക്കുകയാണ്. ചാനലിന്റെ തുടക്കം തൊട്ട് അഹോരാത്രം ജോലി ചെയ്ത കുറേ ജേർണലിസ്റ്റുകളാണ് മാനസികമായുള്ള അവഹേളനവും പിരിച്ചുവിടൽ ഭീഷണിയും നേരിടുന്നത്. ഇവരിൽ വനിതാ ജേർണലിസ്റ്റുകളും ഉൾപ്പെടുന്നു.ജോലി മികവില്ല എന്ന കാരണം വെറുതെ പറഞ്ഞ് നിങ്ങൾ ഇപ്പോൾ രാജിവെച്ചു പോയ്ക്കൊള്ളണം എന്നാണ് പലരോടും ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇവരെല്ലാം എത്രയോ വർഷങ്ങൾ വിവിധ ചാനലുകളിൽ ജോലി ചെയ്ത് പരിചയമുള്ള മികച്ച ജേർണലിസ്റ്റുകളാണ്. മികച്ച അവസരവും ശമ്പളവും തേടിയാണിവർ ന്യൂസ് 18-ൽ എത്തിയത്. ചാനലിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസ്‌ക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലർ-ന്യൂസ് കേരള 18ലെ ഒരു ജീവനക്കാരൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലുള്ള യുവതിയെ കാണാൻ ചാനലിലെ ആരും പോയില്ല. പത്രക്കാരുടെ സംഘടനാ പ്രതിനിധികളും പോയില്ല. സ്ത്രീ പക്ഷത്ത് നിലയറുപ്പിക്കുമെന്ന് അവകാശപ്പെടുന്ന സംഘടനകളേയും കാണുന്നില്ല. മംഗളം ഹണിട്രാപ്പിൽപ്പെട്ടപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തി സമരം ചെയ്ത സംഘടനയും നിശബ്ദമാണ്. തൊഴിലിടങ്ങളിലെ പീഡനങ്ങളെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി.

പിരിച്ചുവിടുമെന്നും അല്ലെങ്കിൽ സ്വയം കിട്ടുന്നതും വാങ്ങി പിരിഞ്ഞു പോയ്ക്കൊള്ളണമെന്നുമാണ് നിരന്തരം ഭീഷണി. രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് എച്ച്.ആർ.മാനേജരുടെയും അടുത്ത കാലത്ത് മാത്രം ചുമതല ഏറ്റെടുത്ത എഡിറ്റോറിയൽ മേധാവിയുടെയും ധിക്കാരപരമായ നടപടികൾ എന്ന് പറയാതെ വയ്യെന്നും ന്യൂസ് കേരള 18ലെ ജീവനക്കാർ പറയുന്നു. ഇതിന് നേതൃത്വം നൽകിയത് എഡിറ്റർ രാജീവ് ദേവരാജാണെന്നും പറയുന്നു. അതിനിടെ സംഭവത്തിൽ ചാനൽ എഡിറ്റർ രാജീവ് ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷൻ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേർന്ന് ആക്രമിക്കലുമാണ് നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.

യുവതിയുടെ മൊഴിയിൽ സ്ത്രീകളെ അപമാനിക്കൽ എന്ന കുറ്റവും ഉണ്ട്. ഈ വകുപ്പ് കൂടി ചേർത്ത് കേസെടുക്കുകയാണെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും. അവതാരകൻ ഇ. സനീഷിനെതിരായ പരാതി രാജീവ് മുക്കിയെന്നതും ഗൗരവമായ വിഷയമാണ്. ഇത് പൊലീസ് മറ്റൊരു കേസായി രജിസ്റ്റർ ചെയ്യും. കേസിൽ രാജീവ് ഒന്നാം പ്രതിയും ദിലീപ് കുമാർ, ലല്ലു ശശിധരൻ, സി.എൻ. പ്രകാശ്, ഇ. സനീഷ് എന്നിവർ കൂട്ടുപ്രതികളുമാകുമെന്ന സൂചനയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ നൽകുന്നത്. യുവതിയെ മാനസികമായി തകർക്കാൻ മറ്റുള്ളവർ ശ്രമിച്ചെന്നാണ് ആരോപണം. യുവതിയുടെ മൊഴി പൊലീസ് സൂക്ഷ്മമായി വിശകലനം ചെയ്യും. ദളിത് പീഡന വകുപ്പുകളും കേസിൽ ഉൾപ്പെടുത്തേണ്ടിവരുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. അങ്ങനെ വന്നാൽ കേസ് കൂടുതൽ ശക്തമാകും. ഈ സാഹചര്യത്തിൽ പൊലീസിന് അറസ്റ്റ് ഒഴിവാക്കാനാകില്ല.

ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. എസ്.ഐമാരുമായി കേസിന്റെ വിശദാംശങ്ങൾ കമ്മിഷണർ ചർച്ച ചെയ്തു. നിയമോപദേശം തേടി ചുമത്തേണ്ട വകുപ്പുകളിൽ തീരുമാനവും എടുക്കുമെന്നാണു സൂചന. അതിനിടെയാണ് പൊലീസിലെ ഉന്നതൻ രക്ഷകനായി അവതരിച്ചത്. ഇവർക്ക് ജാമ്യം എടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണിതെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാകുന്നത്. അതിനിടെ, മറ്റൊരു മാധ്യമപ്രവർത്തകയും പരാതിയുമായി രംഗത്തെത്തി. തൊഴിൽ പീഡനവും മാനസിക പീഡനവും ആരോപിച്ച് കോപ്പി എഡിറ്ററാണ് തുമ്പ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച മാധ്യമ പ്രവർത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചാനലിലെ പ്രമുഖ അവതാരകൻ അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു മൂന്ന് മാസം മുമ്പ് എഡിറ്റർ രാജീവ് ദേവരാജിന് പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ നടപടിയെടുക്കാതെ ഇത് പൂഴ്‌ത്തിയെന്നും തന്നെ പലവിധത്തിൽ സമ്മർദത്തിലാക്കുന്നുവെന്നും മാധ്യമപ്രവർത്തക സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഒടുവിൽ അപമാനിച്ച് പുറത്താക്കിയതിനെ തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് മാധ്യമ പ്രവർത്തക പൊലീസിനോടു പറഞ്ഞത്. ചാനലിന്റെ പ്രഡക്ഷൻ ഡെസ്‌കിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകയെ പ്രവർത്തനമികവ് ഇല്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. രണ്ട് ദിവസം അവധിയിലായിരുന്ന യുവതി തിരികെയെത്തിയപ്പോഴാണ് പുറത്താക്കപ്പെട്ടത്. ഇഷ്ടക്കാരല്ലാത്തവരെ ഒഴിവാക്കുന്ന നടപടി കഴിഞ്ഞ കുറേ നാളായി ചാനലിൽ നടന്നു വരുകയാണെന്ന് ജീവനക്കാർ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ മാധ്യമപ്രവർത്തകയെ എഡിറ്റർ വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ഓഫീസിൽ കാലുകുത്താൻ പറ്റാത്ത സാഹചര്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.

ഒരു മണിക്കൂറിനു ശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിയ യുവതി വീട്ടിലെത്തി അമിത ഡോസിൽ ഗുളിക കഴിക്കുകയായിരുന്നു. ഇക്കാര്യം വാട്ട്സ്ആപ്പിലൂടെ മാധ്യമപ്രവർത്തക സഹപ്രവർത്തകരെ അറിയിച്ചു. വിവരമറിഞ്ഞ് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരെത്തി ഇവരെ വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞതോടെ കേസ് ഒതുക്കി തീർക്കാൻ ചാനൽ മേധാവി ഉൾപ്പെടെയുള്ളവർ ശ്രമം നടത്തിയെങ്കിലും മറ്റുള്ള ജീവനക്കാർ പരാജയപ്പെടുത്തി. ആത്മഹത്യാ ശ്രമത്തെ ഭക്ഷ്യവിഷബാധയാക്കി തീർക്കാനുള്ള ശ്രമമുണ്ടായതായി ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ ന്യൂസ് 18ലെ ചില മാധ്യമ പ്രവർത്തകർ ഡോക്ടറോട് കാര്യങ്ങൾ ധരിപ്പിച്ചു. ആത്മഹത്യാ ശ്രമത്തെക്കുറിച്ച് യുവതി ഇട്ട വാട്സ്ആപ്പ് സന്ദേശവും ഇവർ ആശുപത്രി അധികൃതരെ കാണിച്ചതോടെയാണ് കേസ് ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസെത്തി കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP