Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്ട് പഠിക്കാൻ പണം കണ്ടെത്താൻ ആമിന സന തെരഞ്ഞെടുത്തത് പത്രവിതരണം; അതിരാവിലെ സൈക്കിളിൽ ഈ ഒമ്പതാം ക്ലാസുകാരി പത്രങ്ങൾ വിതരണം ചെയ്യുന്നത് 80 വീടുകളിൽ; ദിവസം രണ്ട് മണിക്കൂറത്തെ അധ്വാനം കൊണ്ട് ഈ കൊച്ചുമിടുക്കി സമ്പാദിക്കുന്നത് മാസം ആയിരം രൂപയിലധികം

പാട്ട് പഠിക്കാൻ പണം കണ്ടെത്താൻ ആമിന സന തെരഞ്ഞെടുത്തത് പത്രവിതരണം; അതിരാവിലെ സൈക്കിളിൽ ഈ ഒമ്പതാം ക്ലാസുകാരി പത്രങ്ങൾ വിതരണം ചെയ്യുന്നത് 80 വീടുകളിൽ; ദിവസം രണ്ട് മണിക്കൂറത്തെ അധ്വാനം കൊണ്ട് ഈ കൊച്ചുമിടുക്കി സമ്പാദിക്കുന്നത് മാസം ആയിരം രൂപയിലധികം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പഠനത്തിനുള്ള പണം കണ്ടെത്താൻ വിദ്യാർത്ഥികൾ പലയിടങ്ങളിലും ചെയ്യുന്ന പണിയാണ് പത്രവിതണം. രാവിലെ സ്‌കൂൾ സമയത്തിന് മുമ്പ് തീർക്കാം എന്നതാണ് പത്രവിതരണം കുട്ടികൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്നാൽ ഈ രംഗത്ത് താരമാകുകയാണ് ചാലപ്പുറം ഗവ. ഗണപത് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ആമിന സന.

പൊതുവെ സ്ത്രീകൾ കടന്നുവരാത്ത പത്രവിതരണ രംഗത്തെത്തി പഠനത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ കൊച്ചുമിടുക്കി. മഴയും തണുപ്പും ഒന്നും ആമിനയുടെ പ്രഭാതങ്ങളെ അലസമാക്കാറില്ല. അതിരാവിലെ പത്രക്കെട്ടുകളുമായി സൈക്കിളിൽ ഈ മിടുക്കി വീടുകൾക്ക് മുന്നിലെത്തും. മഴയേയും മഞ്ഞിനേയും തോൽപ്പിക്കാൻ റെയിൻ കോട്ടും കൂട്ടിനുണ്ടാകും. പാട്ടുപഠിക്കാനുള്ള ആഗ്രഹമാണ് സ്വന്തമായി വരുമാനം കണ്ടെത്താൻ ആമിന സനയെ പ്രേരിപ്പിച്ചത്.ശാരദാമന്ദിരം സ്വദേശിയായ കരുന്തേയിൽ അബ്ദുസാലുവിന്റെയും നസ്രിയയുടെയും മകളാണ് ആമിന. ആഴ്ചവട്ടത്ത് പലവ്യഞ്ജനകടയുടമയാണ് അബ്ദുസാലു.

ആമിന സനയുടെ സൈക്കിൾ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്. പത്രം വിതരണംചെയ്ത് പഠനാവശ്യത്തിനുള്ള തുക കണ്ടെത്തുകയാണ് ഈ ഒമ്പതാംക്ലാസുകാരി.പുലർച്ചെ അഞ്ചരയ്ക്കാണ് പത്രവിതരണത്തിനായി വീട്ടിൽനിന്ന് ഇറങ്ങുക. ശാരദാമന്ദിരം ബസ് സ്റ്റോപ്പിൽനിന്ന് പത്രങ്ങൾ തരംതിരിക്കും. സംസ്ഥാനത്തെ എല്ലാ പ്രധാന പത്രങ്ങളും ആമിന വിതരണം ചെയ്യുന്നുണ്ട്.

ആമിനയുടെ അതിരാവിലെയുള്ള പത്രവിതരണം 80 വീടുകളിലാണ്. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന ജോലി ഏഴുമണിയോടെ അവസാനിപ്പിക്കും. ഒമ്പതോടെയാണ് സ്‌കൂളിലേക്ക് പുറപ്പെടുക. മാസം ആയിരത്തിലധികം രൂപ പോക്കറ്റ് മണിയായി ലഭിക്കുമെന്ന് ആമിന സന പറയുന്നു. ചാലപ്പുറം ഗവ. ഗണപത് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

പാട്ട് പഠിക്കാൻ പണം കണ്ടെത്താനാണ് ആമിന സന പത്രവിതരണം തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വീട്ടുകാരോട് പറഞ്ഞപ്പോൾ പാട്ടുപഠനത്തിനുള്ള ഫീസ് നൽകാമെന്നും പത്രവിതരണം വേണ്ടെന്നുമായിരുന്നു മറുപടി. കൂടുതൽ സമ്മർദം ചെലുത്തിയതോടെ വീട്ടുകാരും വഴങ്ങി. വെളിച്ചംവീഴുന്നതിനുമുമ്പുള്ള മകളുടെ യാത്ര ആദ്യമൊക്കെ പേടിയായിരുന്നെന്ന് പിതാവ് അബ്ദുസാലു പറഞ്ഞു.

തെരുവുനായശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. ആദ്യമൊക്കെ നായ്ക്കളെ പേടിയായിരുന്നെന്നും എന്നാൽ, ദിവസവും കണ്ട് നായ്ക്കളുമായി കമ്പനിയായെന്നും ആമിന സന. ''അധ്വാനിച്ച് ജീവിക്കാമെന്ന് കരുതിയാണ് പത്രവിതരണം തിരഞ്ഞെടുത്തത്. ഉപ്പാനെ സഹായിക്കുകയുംകൂടി ചെയ്യാല്ലോ''ആമിന സന പറയുന്നു. കുണ്ടായിത്തോടിലെ പ്രധാന ഏജന്റായ ധീരലാലാണ് വിതരണത്തിന് ആവശ്യമായ പത്രങ്ങൾ നൽകുന്നത്.

മാധ്യമപ്രവർത്തകയാവണമെന്നാണ് ആമിന സനയുടെ ലക്ഷ്യം. ഒരു വർഷമായി ചെറുവണ്ണൂർ നടരാജ സംഗീതവിദ്യാലയത്തിൽനിന്ന് വയലിൻ പഠിക്കുന്നുണ്ട്. ചിത്രകാരികൂടിയായ ആമിന സന സ്‌കൂൾ കലോത്സവങ്ങളിലെ താരമാണ്. സ്‌കൂളിലെ പാഠ്യപാഠ്യതേര പ്രവർത്തനങ്ങൾക്കും മുമ്പിലുണ്ടെന്ന് അദ്ധ്യാപകർ വ്യക്തമാക്കി.

കൊളത്തറ ബാലസംഘം ഏരിയാസെക്രട്ടറിയാണ്. നാലാംക്ലാസുവരെ ആഴ്ചവട്ടം ജി.യു.പി.സ്‌കൂളിലായിരുന്നു പഠനം. അവിടെനിന്ന് ആദ്യമായി എൽ.എസ്.എസ്. നേടിയത് ആമിന സനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP