Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോരത്തുള്ളികൾ തെറിച്ച യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ രൂപം പോറൽപോലും ഏൽക്കാതെ അവിടെത്തന്നെ ഇരുന്നു; പ്രാർത്ഥനയിൽ ഇരിക്കവെ കത്തിച്ചാമ്പലായവയിൽ തങ്ങളുടെ പ്രിയപ്പെട്ടവരും ഉണ്ടോയെന്നറിയാൻ പരക്കം പാഞ്ഞ് വിശ്വാസികൾ; ഹോട്ടൽ സ്‌ഫോടനം നടന്നത് ബ്രേക്ക്ഫാസ്റ്റ് ബുഫെയ്ക്ക് ക്യൂവിൽനിന്നയാൾ സ്വയം പൊട്ടിത്തെറിച്ച്; അരമണിക്കൂർ നീണ്ട ആ സ്‌ഫോടന പരമ്പര ലോകത്തെ പൊട്ടിക്കരയിച്ചത് ഇങ്ങനെ

ചോരത്തുള്ളികൾ തെറിച്ച യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ രൂപം പോറൽപോലും ഏൽക്കാതെ അവിടെത്തന്നെ ഇരുന്നു; പ്രാർത്ഥനയിൽ ഇരിക്കവെ കത്തിച്ചാമ്പലായവയിൽ തങ്ങളുടെ പ്രിയപ്പെട്ടവരും ഉണ്ടോയെന്നറിയാൻ പരക്കം പാഞ്ഞ് വിശ്വാസികൾ; ഹോട്ടൽ സ്‌ഫോടനം നടന്നത് ബ്രേക്ക്ഫാസ്റ്റ് ബുഫെയ്ക്ക് ക്യൂവിൽനിന്നയാൾ സ്വയം പൊട്ടിത്തെറിച്ച്; അരമണിക്കൂർ നീണ്ട ആ സ്‌ഫോടന പരമ്പര ലോകത്തെ പൊട്ടിക്കരയിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയെ വീണ്ടും ചോരക്കളമാക്കി മാറ്റിയ സ്‌ഫോടനപരമ്പരയുടെ നടുക്കത്തിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. യേശുക്രിസ്ത്രുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ കുറിക്കുന്ന ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ തുടർ സ്‌ഫോടനങ്ങളിൽ 215 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വളരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയാണ് ലങ്കയിൽ നടപ്പാക്കിയതെന്ന് വ്യക്തമാവുന്ന തരത്തിലാണ് ഓരോ സ്‌ഫോടനങ്ങളും നടന്നത്. അരമണിക്കൂറിനിടെയുണ്ടായ സ്‌ഫോടന പരമ്പരയിൽ തകർന്നടിഞ്ഞത് ലങ്കയുടെ വിനോഗസഞ്ചാരമുൾപ്പെടെയുള്ള വലിയ സ്വപ്‌നങ്ങൾ കൂടിയാണ്.

ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കവെയാണ് കൊളംബോയിലെ സെയ്ന്റ് ആന്റണീസ് പള്ളിയിൽ അതിശക്തമായ സ്‌ഫോടനമുണ്ടായത്. കൊച്ചിക്കടെ ജില്ലയിലെ പ്രശസ്തമായ ദേവായലമാണിത്. അതുകൊണ്ടുതന്നെ വിശേഷദിവസമായ ഞായറാഴ്ച പതിവിലേറെ വിശ്വാസികൾ ഇവിടെയെത്തിയിരുന്നു. പള്ളിയുടെ പ്രാർത്ഥനാ ഹാളിലുണ്ടായ സ്‌ഫോടനത്തിൽ 104 പേരാണ് കൊല്ലപ്പെട്ടത്. ചിതറിത്തെറിച്ച ചോരത്തുള്ളികൾ ഉത്ഥാനത്തിന്റെ ചിഹ്നമായ യേശുക്രിസ്തുവിന്റെ പ്രതിമയെയും പങ്കിലമാക്കി. എങ്കിലും ഇതിനെയും അതിജീവിക്കുമെന്ന മട്ടിൽ ഒരു പോറൽ പോലുമേൽക്കാതെ ആ പ്രതിമ ബാക്കിയായി.

സ്‌ഫോടനത്തെത്തുടർന്ന് ബന്ധുക്കളാരെങ്കിലും അതിൽപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തിരച്ചിലിലായിരുന്നു അതിജീവിച്ചവർ. ചിന്നഭിന്നമായ മൃതദേഹങ്ങൾക്കിടയിൽ ഉറ്റവരെ തിരക്കിയുള്ള അലച്ചിൽ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചോരപ്പുഴയായി മാറിയ പള്ളിയിലേക്ക് പെട്ടെന്നുതന്നെയെത്തിയ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കൈയിൽകിട്ടിയ തുണികൾ ഉപയോഗിച്ച് മറച്ചു. ചോരയും മാംസവും ചവിട്ടാതെ പള്ളിക്കകത്തേക്ക് കടക്കാനാവുമായിരുന്നില്ലെന്ന് ദേവാലയത്തിന് പുറത്ത് കട നടത്തുന്ന എൻ.എ. സുമൻപാല പറഞ്ഞു. സ്‌ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ആദ്യമോടിയെ്ത്തിയവരിൽ ഒരാൾ സുമൻപാലയായിരുന്നു.

തലേന്ന് രാത്രി മുഹമ്മദ് അസം മുഹമ്മദ് എന്ന പേരിൽ മുറിയെടുക്കുകയും വ്യാജ മേൽവിലാസം നൽകുകയും ചെയ്തയാളാണ് സിനമൺ ഗ്രാൻഡ് പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനമുണ്ടാക്കിയത്. റെസ്‌റ്റോറന്റിൽ പ്രഭാതഭക്ഷണത്തിനുള്ള ക്യൂവിൽനിന്ന ഇയാൾ നിമിഷങ്ങൾക്കകം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ക്യൂവിൽ പ്ലേറ്റുമായി കാത്തുനിന്ന ഇയാൾ മുൻനിരയിലെത്തിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. കുടുംബങ്ങളടക്കം ഒട്ടേറെ അതിഥികൾ ആ സമയം റെസ്റ്റോറന്റിലുണ്ടായിരുന്നു. റെസ്‌റ്റോറന്റ് മാനേജരുമായി കുശലം ചോദിച്ച് നിമിഷങ്ങൾക്കകമാണ് ഇയാൾ പൊട്ടിത്തെറിച്ചതെന്ന് ഹോട്ടലിന്റെ മാനേജർ പറഞ്ഞു.

സ്‌ഫോടനത്തിന് ഇരയാകുന്നതിൽനിന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസ്സർ കീറൻ അരശരത്‌നത്തെ രക്ഷിച്ചത് തന്റെ മുറിയിൽ മറന്നുവെച്ച ഡെബിറ്റ് കാർഡാണ്. സ്‌ഫോടനം നടന്ന സാൻഗ്രി-ലാ ഹോട്ടലിലെ താമസക്കാരനായിരുന്നു അദ്ദേഹം. മൂന്നാംനിലയിലെ ടേബിൾ വൺ റെസ്‌റ്റോറന്റിലെത്തിയ അദ്ദേഹം കാർഡ് എടുക്കുന്നതിനായി 18-ാം നിലയിലെ മുറിയിലേക്ക് മടങ്ങിയതാണ്. പെട്ടെന്നാണ് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടതും ഹോട്ടൽ കുലുങ്ങിവിറച്ചതും.

ഒമ്പത് മണിയോടെയായിരുന്നു അത്. മുറിയുടെ കർട്ടൻ നീക്കി നോക്കുമ്പോൾ എല്ലാവരും ചിതറിയോടുന്നത് കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. കിങ്‌സ്ബറി ഹോട്ടലിലും റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. ഓഷ്യൻ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി ഹോട്ടൽ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP