Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറത്തു തൂക്കിയ ബാഗിൽ ബോംബ് നിറച്ച് അവൻ കുർബാനയ്ക്കിടെ പള്ളിക്കകത്തേക്ക് ശാന്തനായി കയറിവരുന്ന വീഡിയോ പുറത്ത്; കൂട്ടക്കല നടത്തിയ ഇസ്ലാമിക സംഘടനയെ ഇതിന് മുമ്പാരും കേട്ടിട്ടില്ല; ലോകത്തെ ഭയപ്പെടുത്തി നേടാനിറങ്ങിയ ഐസിസ് ഭീകരതയുടെ നിഷ്‌കളങ്കരായ ഇരകളെയോർത്ത് തേങ്ങി ലോകം

പുറത്തു തൂക്കിയ ബാഗിൽ ബോംബ് നിറച്ച് അവൻ കുർബാനയ്ക്കിടെ പള്ളിക്കകത്തേക്ക് ശാന്തനായി കയറിവരുന്ന വീഡിയോ പുറത്ത്; കൂട്ടക്കല നടത്തിയ ഇസ്ലാമിക സംഘടനയെ ഇതിന് മുമ്പാരും കേട്ടിട്ടില്ല; ലോകത്തെ ഭയപ്പെടുത്തി നേടാനിറങ്ങിയ ഐസിസ് ഭീകരതയുടെ നിഷ്‌കളങ്കരായ ഇരകളെയോർത്ത് തേങ്ങി ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: സ്‌ഫോടനപരമ്പരയിലൂടെ ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സ്‌ഫോടനം നടത്തിയ ചാവേർ കുർബാന നടക്കുന്നതിനിടെ ശാന്തനായി പള്ളിക്കതത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വലിയൊരു ബാക്ക്പാക്കിൽ സ്‌ഫോടകവസ്തുക്കൾ നിറച്ചാണ് ഇയാൾ അനായാസം പള്ളിക്കകത്തേക്ക് കടന്നുവന്നത്. ഇന്ത്യൻ ചാനൽ ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രാർത്ഥനയ്ക്കായി വലിയൊരു നിര വിശ്വാസികൾ പള്ളിക്ക് പുറത്ത് കാത്തുനിൽക്കുന്നതും കാണാം.

ഏഴ് ചാവേറുകളാണ് ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളും ആഡംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്തിയതെന്ന് ലങ്കൻ അധികൃതർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്നലെ അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽവന്നു. സ്‌ഫോടനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രാദേശിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണെന്നാണ് അധികൃതർ കരുതുന്നത്. ഇത്രവലിയ ആക്രമണം സംഘടിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലാണ് സ്‌ഫോടനമുണ്ടായത്. ഇതിൽ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് ചാവേർ വരുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് അമ്പത് മീറ്റർ അടുത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച വാൻ പൊട്ടിത്തെറിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിൽ എട്ട് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ലോകത്തുതന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും ലങ്കൻ അധികൃതർ പറയുന്നു.

കൂടുതൽ ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ എൻ.ടി.ജെ. പദ്ധതിയിട്ടിരുന്നതായി അധികൃതർ സംശയിക്കുന്നുണ്ട്. കൊളംബോയിലെ പ്രധാന ബസ് സ്റ്റാൻഡിൽനിന്ന് 87 ബോംബ് ഡിറ്റണേറ്ററുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിലും കൊളംബോ ദെഹിവെലയിലെ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലലും ഒരുഗോടെവട്ടയിലുമാണ് സ്‌ഫോടനമുണ്ടായത്.

സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സ്‌ഫോടനമുണ്ടാക്കിയ ചാവേർ വളരെ ശാന്തനായാണ് പള്ളിക്കകത്തേക്ക് വന്നതെന്ന് ആക്രമണത്തെ അതിജീവിച്ച ദിലീപ് ഫെർണാണ്ടോ പറഞ്ഞു. പള്ളിക്ക് മുന്നിൽ വരിനിന്ന ഒരു കുട്ടിയുടെ തലയിൽ ഇയാൾ തലോടുക പോലും ചെയ്തുവെന്നും ദിലീപ് പറയുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ വന്ന ഇയാൾ കൂടുതൽ തിരക്കുള്ള ഭാഗത്തേക്ക് മാറുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മികച്ച തയ്യാറെടുപ്പോടെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണിതെന്ന് ഈ ദൃശ്യങ്ങൾ വിലയിരുത്തിയാൽ വ്യക്തമാകുമെന്ന് കൊളംബോ പൊലീസ് വക്താവ് രജിത സേനാരത്‌നെ പറഞ്ഞു.

അധികമാരും അറിയാത്ത തീവ്രവാദ സംഘടനയാണ് എൻടിജെയെന്ന് ശ്രീലങ്കൻ ആരോഗ്യമന്ത്രി സേനാരത്‌നെ പറഞ്ഞു. പുറത്തുനിന്നുള്ള സഹായമില്ലാതെ അവർക്ക് ഇത്രവലിയ ആക്രമണം സംഘടിപ്പിക്കാനാവില്ല. ഇസ്ലാമിക ഭീകര സംഘടനകളോട് എൻടിജെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സ്‌ഫോടനം നടന്ന ഹോട്ടലുകളിലൊന്നിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഐസിസ് ഭീകരരിൽനിന്നുള്ള സഹായത്തോടെയാകാം എൻടിജെ സ്‌ഫോടനം നടത്തിയതെന്നാണ് അധികൃതർ കരുതന്നത്.

കൊല്ലപ്പെട്ടത് എട്ട് ഇന്ത്യാക്കാർ

കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എച്ച്.ശിവകുമാർ, വെമുരൈ തുൾസിറാം, എസ്.ആർ. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണൻ, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസർഗോഡ് സ്വദേശി റസീന ഖാദർ മരിച്ചെന്ന് കുടുംബാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിൻ ശ്രീലങ്കൻ പൗരത്വമുണ്ട്.

കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ നാലുപേർ ജനതാ ദൾ പ്രവർത്തകരാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കർണാടകത്തിൽ നിന്ന് പോയ ഏഴംഗ സംഘത്തിലുള്ളവരാണ് ഇവരെന്നും എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു. അതിനിടെ, സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയിട്ടുണ്ട്. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സ്‌ഫോടനമുണ്ടായ പള്ളിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ വീണ്ടും ഇന്നലെ ബോംബ് സ്‌ഫോടനം ഉണ്ടായി. പള്ളികളും ആഡംബര ഹോട്ടലുകളുമടക്കം എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. പള്ളിക്ക് സമീപം നിർത്തിയിട്ട വാനിൽ ബോംബ് കണ്ടെത്തിയിരുന്നു. ഈ ബോംബ് നിർവീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഇന്ത്യൻ മുന്നറിയിപ്പ് ഗൗനിച്ചില്ല

ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വ്യക്തമാക്കി. എന്നാൽ ആക്രമണം ചെറുക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടത്തിയ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ശ്രീലങ്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്നവർ തന്നെയാണെന്നും ഇവർക്ക് രാജ്യത്തിന് പുറമേ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വിക്രമസിംഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏപ്രിൽ 22 ന് മുമ്പ് ശ്രീലങ്കയിൽ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രിൽ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോർട്ട്. ത്വവീദ് ജമാഅത്ത് എന്ന സംഘടനയിലെ സെഹ്റാൻ ഹാസിമും കൂട്ടാളികളും ശ്രീലങ്കയിൽ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്ത്യൻ ഇന്റലിജന്റ്സ് കണ്ടെത്തിയത്. ഇതിന് മുന്നോടിയായി പാൽമുനയിൽ അക്രമണത്തിന്റെ റിഹേഴ്സൽ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിനുള്ളിൽ പള്ളികളും ഇന്ത്യൻ ഹൈക്കമ്മീഷനും ലക്ഷ്യമാക്കിയുള്ള അക്രമണത്തിന് ത്വവീദ് ജമാഅത്ത് പദ്ധതിയിടുന്നതായി ശ്രീലങ്കൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായ പുജുത് ജയസുന്ദരയും 10 ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 24 പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കുറിച്ചുള്ള വിവരം ഉടനെ പുറത്തു വിടുമെന്നും വിക്രമസിംഗെ അറിയിച്ചു. സ്ഫോടനപരമ്പരയെക്കുറിച്ചന്വേഷിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു. സുപ്രീംകോടതി ജഡ്ജി ഉൾപ്പെടെയുള്ള ജഡ്ജിമാരടങ്ങുന്ന സമിതിയോട് രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിരിസേന ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP