Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാഖിൽനിന്നും സിറിയയിൽനിന്നും പുറത്താക്കപ്പെട്ട ഐസിസ് ലോകമെമ്പാടും രക്തക്കറ വീഴ്‌ത്തി ഞെട്ടിച്ചുകൊണ്ടിരിക്കുമെന്ന് തെളിയിച്ച സ്‌ഫോടനപരമ്പര; ഈസ്റ്റർദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബോംബിടാൻ തീരുമാനിച്ച ബുദ്ധി കണ്ണിൽച്ചോരയില്ലാത്ത ക്രൂരന്മാരുടെ തന്നെയെന്ന നിഗമനത്തിലേക്ക് നീങ്ങി അമേരിക്കയും ഇസ്രയേലും

ഇറാഖിൽനിന്നും സിറിയയിൽനിന്നും പുറത്താക്കപ്പെട്ട ഐസിസ് ലോകമെമ്പാടും രക്തക്കറ വീഴ്‌ത്തി ഞെട്ടിച്ചുകൊണ്ടിരിക്കുമെന്ന് തെളിയിച്ച സ്‌ഫോടനപരമ്പര; ഈസ്റ്റർദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബോംബിടാൻ തീരുമാനിച്ച ബുദ്ധി കണ്ണിൽച്ചോരയില്ലാത്ത ക്രൂരന്മാരുടെ തന്നെയെന്ന നിഗമനത്തിലേക്ക് നീങ്ങി അമേരിക്കയും ഇസ്രയേലും

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ ഇരുനൂറിലേറെപ്പേരുടെ ജീവനെടുത്ത സ്‌ഫോടനപരമ്പര നടന്ന് ഒരുദിവസം പിന്നിടുമ്പോഴും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിർജീവമായ എൽ.ടി.ടി.ഇ. തീവ്രവാദികളുടെ പിന്മുറക്കാർ മുതൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർവരെ സംശയത്തിന്റെ നിഴലിലുണ്ട്. മൂന്നുപതിറ്റാണ്ടോളം രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തിലൂടെ കടന്നുവന്ന ലങ്കയ്ക്ക് സ്വന്തം നാട്ടിൽത്തന്നെ ശത്രുക്കൾക്ക് പഞ്ഞവുമില്ല. ആക്രമണത്തിന്റെ സ്വഭാവവും രീതിയും പരിഗണിച്ച് അത് ഐസിസ് ഭീകരർ തന്നെയാകാമെന്ന നിഗമനത്തിലാണ് അമേരിക്കയും ഇസ്രയേലുമടക്കമുള്ള രാജ്യങ്ങൾ.

നിരപരാധികളെ നിർദാക്ഷിണ്യം കൊന്നൊടുക്കുകയെന്ന ഐസിസ് രീതിയാണ് ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിലേതെന്ന് വിലയിരുത്തപ്പെടുന്നു. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേർ സ്‌ഫോടനങ്ങൾ നടത്തുകയായിരുന്നു ചെയ്തത്. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന സംശയത്തിൽ 13 പേരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ ഏതെങ്കിലും പ്രത്യേക സംഘത്തിലുൾപ്പെട്ടവരാണെന്ന് തെളിയിക്കാനായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലാത്തതിനാലും അന്വേഷകർക്ക് പ്രത്യേകിച്ച് തുമ്പൊന്നും കിട്ടിയിട്ടുമില്ല.

തമിഴ്പുലികൾ ശക്തരായിരുന്ന കാലത്ത് ശ്രീലങ്കയിൽ ചാവേർ ആക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ, പുലികളെ അടിച്ചമർത്തിയതോടെ അതവസാനിക്കുകയും ചെയ്തു. പൊതുവ ശാന്തമായിരുന്ന ദ്വീപിൽ കഴിഞ്ഞവർഷം ബുദ്ധമതക്കാർക്കുനേരെയുണ്ടായ അക്രമവും തിരിച്ചടിയും മാത്രമാണ് എടുത്തുപറയാനുള്ള സംഭവങ്ങൾ. 2014-ൽ കിഴക്കൻ ശ്രീലങ്കയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ കട്ടൻകുടിയിൽ രൂപീകരിച്ച നാഷണൽ തൗഹീദ് ജമായത്ത് (എൻടിജെ) എന്ന സംഘടനയെയാണ് തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ, ഇത്രവലിയ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ഐസിസ് ഭീകരരെ ഈ സംഘടന പിന്തുണച്ചിരുന്നതായി സൂചനയുണ്ട്. സംഘടനയുടെ സ്ഥാപകരിലൊരാളായ സഹ്‌റാൻ ഹാഷിമുൾപ്പെടെയുള്ളവരാണ് ചാവേറാക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത്രശക്തമല്ലാത്ത ഈ സംഘടനയ്ക്ക് ഇതുപോലൊരു ആക്രമണം നടത്താനുള്ള ശേഷിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥരിപ്പോൾ. എന്നാൽ, സംഘടന സംശയത്തിന്റെ നിഴലിലാണെന്നും അവർ വ്യക്തമാക്കി. ഏപ്രിൽ പതിനൊന്നിന് ലങ്കൻ പൊലീസ് ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. അതിൽ എൻടിജെയുടെ പേര് പരാമർശിക്കുകയും ചെയ്തിരുന്നു.

ചാവേറാക്രമണമോ ആയുധമുപയോഗിച്ചുള്ള ആക്രമണമോ ട്രക്ക് ഉപയോഗിച്ചുള്ള ആക്രമണമോ നടന്നേക്കാമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇറാഖിലും സിറിയയിലും പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലോകമെമ്പാടും സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുമെന്ന മുന്നറിയിപ്പ് നേരത്തെയുണ്ട്. അതുകൊണ്ടാണ് എൻടിജെയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് സഹായവും പിന്തുണയും ലഭിച്ചിരുന്നോ എന്ന സംശയം ശക്തമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP