Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരർ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടു; കൊളംബോയിലെ എയർപോർട്ടിൽ നിന്ന് സുരക്ഷാ സേന കണ്ടെത്തിയത് എട്ടടി നീളമുള്ള പിവിസി പൈപ്പിൽ നിറച്ച് സ്‌ഫോടക വസ്തു; ബോംബ് നിർവ്വീര്യമാക്കി അപകടം ഒഴിവാക്കിയതായി പൊലീസ്; ലക്ഷ്യമിട്ടത് വിദേശികളെ അപായപ്പെടുത്തലെന്ന് വിലയിരുത്തൽ; നീചകൃത്യത്തിന് പിന്നിലുള്ളത് മതതീവ്രവാദികളാണെന്ന് ലങ്കൻ പ്രതിരോധമന്ത്രി; അന്വേഷണത്തിൽ ഇന്ത്യയും സഹകരിക്കും

ഭീകരർ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടു; കൊളംബോയിലെ എയർപോർട്ടിൽ നിന്ന് സുരക്ഷാ സേന കണ്ടെത്തിയത് എട്ടടി നീളമുള്ള പിവിസി പൈപ്പിൽ നിറച്ച് സ്‌ഫോടക വസ്തു; ബോംബ് നിർവ്വീര്യമാക്കി അപകടം ഒഴിവാക്കിയതായി പൊലീസ്; ലക്ഷ്യമിട്ടത് വിദേശികളെ അപായപ്പെടുത്തലെന്ന് വിലയിരുത്തൽ; നീചകൃത്യത്തിന് പിന്നിലുള്ളത് മതതീവ്രവാദികളാണെന്ന് ലങ്കൻ പ്രതിരോധമന്ത്രി; അന്വേഷണത്തിൽ ഇന്ത്യയും സഹകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പര നടത്തിയവർ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തേയും ലക്ഷ്യമിട്ടിരുന്നു. ഞായറാഴ്‌ച്ച വൈകി കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനടുത്ത് സ്ഫോടക വസ്തു കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. എട്ടടി നീളമുള്ള പിവിസി പൈപ്പിനകത്ത് നിറച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് വക്താവ് ജിഹാൻ സെനവിരാത്നെ പറഞ്ഞു. ഈ ബോംബുകൾ പൊലീസ് നിർവ്വീര്യമാക്കി. ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം എന്തുകൊണ്ടും ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഇവിടെ സ്ഥാപിച്ച ബോംബുകൾ പൊട്ടിയിരുന്നുവെങ്കിൽ ശ്രീലങ്കയെ നടുക്കിയ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഇരട്ടിയായേനെ.

ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളം കലാപ പൊലീസും പ്രത്യേക ദൗത്യ സേനയും ഇതര സേനകളും വളഞ്ഞിരിക്കുകയാണ്. ശ്രീലങ്കയിലെ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷ ഏർപ്പെടുത്തി. വിദേശികളെ ലക്ഷ്യമിട്ടാണ് കൊളംബോ വിമാനത്താവളത്തിലും ബോംബ് വച്ചതെന്നാണ് സൂചന. വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്തുന്നുണ്ട്. എട്ടിടത്ത് നടന്ന സ്‌ഫോടനത്തിൽ ഇതുവരെ 207 മരണമാണ് ശ്രീലങ്ക സ്ഥിരീകരിച്ചത്. 450 പേർക്ക് പരിക്കുണ്ട്. മരണനില ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ട്. ഈസ്റ്റർ ദിനമായ ഞായറാഴ്ച പള്ളികളിൽ നടന്ന സ്‌ഫോടനത്തിൽ ലോകം നടുങ്ങി. ഈ സ്‌ഫോടനങ്ങളിൽ മുസ്ലിം ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്. ഇന്ത്യ നേരത്തെ ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർ അന്വേഷണത്തിലും ഇന്ത്യ സഹകരിക്കും.

സ്ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആഡംബര ഹോട്ടലുകളും ഈസ്റ്റർ ആഘോഷം നടക്കുന്ന ചർച്ചുകളും ലക്ഷ്യമിട്ട് എട്ട് സ്ഫോടനങ്ങളാണ് നടന്നത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സർക്കാർ പ്രഖ്യാപിക്കുകയോ ആരെങ്കിലും അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. രാവിലെ പ്രാദേശിക സമയം 8.45ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ആറ് സ്ഫോടനങ്ങൾ നടക്കുകയായിരുന്നു. നെഗോംബോ, ബത്തിക്കലോവ, കൊളംബോ കൊച്ചിക്കാഡെ ജില്ലകളിലുള്ള ചർച്ചുകൾക്കു നേരെയാണ് ഈസ്റ്റർ ആഘോഷത്തിനിടെ ആക്രമണമുണ്ടായത്. ഷാൻഗ്രി ലാ, കിങ്സ്ബറി, സിന്നമോൺ ഗ്രാൻഡ് എന്നീ ആഡംബര ഹോട്ടലുകളിലാണ് സ്ഫോടനം നടന്നത്. പൊലീസ് അക്രമികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിടെയായിരുന്നു അടുത്ത രണ്ട് സ്ഫോടനങ്ങൾ.

ദക്ഷിണ കൊളംബോയിലെ ദെഹിവാല മൃഗശാലയ്ക്കു സമീപമായിരുന്നു ഒരു സ്ഫോടനം. കൊളംബോയ്ക്ക് സമീപം ദെമതാഗോഡ ജില്ലയിൽ പൊലീസ് റെയ്ഡ് നടക്കുന്നിടെയാണ് എട്ടാമത്തെ പൊട്ടിത്തെറി നടന്നത്. ഇവിടെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിന് ശേഷം നടന്ന തെരച്ചിലിലാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് കണ്ടെത്തിയത്. നീചകൃത്യത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞെന്നും അത് മതതീവ്രവാദികളാണെന്നും പ്രതിരോധമന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു. ഒരൊറ്റ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. മിക്ക ആക്രമണങ്ങളുടെ പിന്നിലും ചാവേറുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി പി.സി. റസീന(61)യും ഉൾപ്പെടും. ഇവർ ബന്ധുക്കളെ സന്ദർശിക്കാനാണ് ശ്രീലങ്കയിലെത്തിയത്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിയ ഉടനെയായിരുന്നു സ്‌ഫോടനമുണ്ടായത്. റസീനയടക്കം നാല് ഇന്ത്യക്കാരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. സ്‌ഫോടനത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.

കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും പരിസര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്നത് രണ്ടു പള്ളികൾ കൊളംബോക്ക് പുറത്തുള്ളവയാണ്. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പ്രാർത്ഥനക്ക് എത്തിയ വിശ്വസികളാണ് സ്‌ഫോടനത്തിനിരയായവരിൽ ഭൂരിഭാഗവും. കൊച്ചിക്കാടെ സന്റെ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സന്റെ് സെബാസ്റ്റ്യൻ ചർച്ച് എന്നിവിടങ്ങളിലാണ് ആദ്യ സ്‌ഫോടനം നടന്നത്.

എട്ടാമത്തെ സ്‌ഫോടനത്തോടെ സർക്കാർ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. ജനം ശാന്തരായിരിക്കണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അഭ്യർത്ഥിച്ചു. സ്‌ഫോടനത്തിൽ അദ്ദേഹം നടുക്കം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP