Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടിപ്പോകാതിരിക്കാൻ മുറുക്കി പിടിച്ചു; സനലിനെ പിടിച്ച് തള്ളി; കാറിടിച്ച് വീഴ്‌ത്തിയപ്പോൾ തന്ത്രപരമായി രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷിയുടെ മൊഴി; ഹരികുമാറിനെ കുടുക്കാൻ സിസിടിവി ദൃശ്യങ്ങളും; ഡിവൈഎസ് പിയെ രക്ഷപ്പെടുത്താൻ നിന്നാൽ പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് ഉന്നതർ; കൊലക്കുറ്റം ചുമത്തിയും സസ്‌പെന്റ് ചെയ്തതും ഡിജിപിയുടെ അതിവേഗ ഇടപെടൽ; സനലിന്റെ കൊലയിൽ നെയ്യാറ്റിൻകര ഹർത്താൽ പൂർണ്ണം

ഓടിപ്പോകാതിരിക്കാൻ മുറുക്കി പിടിച്ചു; സനലിനെ പിടിച്ച് തള്ളി; കാറിടിച്ച് വീഴ്‌ത്തിയപ്പോൾ തന്ത്രപരമായി രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷിയുടെ മൊഴി; ഹരികുമാറിനെ കുടുക്കാൻ സിസിടിവി ദൃശ്യങ്ങളും; ഡിവൈഎസ് പിയെ രക്ഷപ്പെടുത്താൻ നിന്നാൽ പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് ഉന്നതർ; കൊലക്കുറ്റം ചുമത്തിയും സസ്‌പെന്റ് ചെയ്തതും ഡിജിപിയുടെ അതിവേഗ ഇടപെടൽ; സനലിന്റെ കൊലയിൽ നെയ്യാറ്റിൻകര ഹർത്താൽ പൂർണ്ണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്‌പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവശേഷം ഹരികുമാർ ഒളിവിൽ പോയിരിക്കുകയാണ്. ഹരികുമാറിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്‌പി തന്റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്‌പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്‌പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. തെളിവുള്ള സാഹചര്യത്തിലാണ് നടപടി. ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.

സ്വകാര്യവാഹനത്തിൽ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്‌പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്‌പി. സനലിനെ പിടിച്ചുതള്ളുകയായിരുന്നു. അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ ഡിവൈ.എസ്‌പി.യെ കൈയേറ്റം ചെയ്തു. എന്നാൽ, ഡിവൈ.എസ്‌പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈ.എസ്‌പി.യുടെ കാറും അവിടെനിന്നു മാറ്റി. കൊടങ്ങാവിളയിലെ ഒരു വീട്ടിൽ സ്ഥിരമായി വരാറുള്ള ഡിവൈ.എസ്‌പി., സനലിനെ റോഡിലേക്കു പിടിച്ചുതള്ളിയതാണ് മറ്റൊരു വാഹനം ഇടിക്കാനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. പെൺസുഹൃത്തിനെ കാണാനാണ് ഡിവൈഎസ്‌പി എത്തുന്നതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ചു വിശദീകരിക്കാൻ നെയ്യാറ്റിൻകര പൊലീസ് തയ്യാറായിട്ടില്ല.

ഡിവൈഎസ്‌പി ഹരികുമാറിന്റെ അതിക്രമം വെളിവാക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്ത് ആ സമയം പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കാറിടിച്ച് വീണ സനലിനെ ആംബുലൻസിൽ കയറ്റി കൊണ്ട് പോകുന്നതും തുടർന്ന് ദൃക്‌സാക്ഷികൾ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഡിവൈഎസ്‌പി ഹരികുമാർ മർദിച്ചെന്നും പിടിച്ച് തള്ളിയപ്പോൾ അതു വഴി വന്ന കാർ സനിലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാൾ വ്യക്തമാക്കുന്നു. 'ഓടിപ്പോകാതിരിക്കാൻ മുറുക്കി പിടിച്ചു, സനലിനെ പിടിച്ച് തള്ളിയെന്നാണ് ഡിവൈഎസ്‌പിയുടെ അതിക്രമത്തിന്റെ ദൃക്‌സാക്ഷി വിവരണം. അതുകൊണ്ടാണ് ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വന്നത്.

വണ്ടി ഇടിച്ചതോടെ സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്‌പി സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. സംഭവത്തിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. ബി.ഹരികുമാർ ചെയ്തില്ല. ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പെൺ സുഹൃത്തിന്റെ വീട്ടിലെ വരവാണ് ബി ഹരികുമാറിന് വിനയാകുന്നത്. കൊടങ്ങാവളിയിലെ നാട്ടുകാർ ഹരികുമാറിന്റെ ഈ വീട്ടിലെ വരവിനെ ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും പിന്മാറിയില്ല. അത്രയേറെ അടുപ്പും ഈ വീടുമായി ഹരികുമാറിനുണ്ടായിരുന്നു. മുമ്പും ഈ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹരികുമാർ പെട്ടിരുന്നു. പാറശ്ശാല എസ് ഐയായി നേരത്തെ ഹരികുമാർ ജോലി നോക്കിയിരുന്നു. അന്നുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് ഈ വീടുമായി ഹരികുമാറിന് അടുപ്പം വരുന്നത്.

അന്ന് മുതൽ നിത്യ സന്ദർശകനായി. ഇതിനിടെ ഹരികുമാറിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ഇതിനെ മണൽ മാഫിയയുടെ ആക്രമണമെന്ന് വരുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ അന്വേഷണത്തിൽ ഹരികുമാറിന്റെ സ്റ്റേഷൻ അതിർത്തിക്ക് പുറത്താണ് സംഭവമെന്നും ഇതിന് പിന്നിൽ മറ്റിടപാടുകളുണ്ടെന്നും കണ്ടെത്തി. ഇതോടെ പാറശാലയിൽ നിന്നും സ്ഥലം മാറുകയും ചെയ്തു. ഇതിന് ശേഷം പല സ്റ്റേഷനുകളിൽ കറങ്ങിയാണ് വീണ്ടും നെയ്യാറ്റിൻകരയിലെത്തിയത്. അതും ഡിവൈഎസ്‌പിയായി. ഈ വരവാണ് ഇപ്പോൾ ഹരികുമാറിനെ കൊലക്കേസിൽ പ്രതിയാക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ഹരികുമാറിന് വിനയാണ്. ഈ സാഹചര്യത്തിലാണ് സസ്‌പെന്റ് ചെയ്യാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്.

ഒളിവിൽ പോയ ഹരികുമാറിന് സഹായം ചെയ്യരുതെന്നും പൊലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരികുമാർ കോടതിക്ക് മുമ്പിൽ കീഴടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ നെയ്യാറ്റിൻകരയിൽ നടക്കുന്ന ഹർത്താൽ പൂർണ്ണമാണ്.

എ എസ് പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായ സംഭവമാണ്. അതുകൊണ്ട് കേസ് എഎസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡിവൈഎസ്‌പിയി സസ്പെന്റ് ചെയ്തു. ഗൗരവമായ സംഭവമായാണ് സർക്കാർ കാണുന്നതെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP