Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രാ നിരോധനത്തിൽ മുഷ്ടി ചുരുട്ടി വിളിച്ചത് വയനാടിന് വേണ്ടി; നുണ പറയുന്ന അദ്ധ്യാപകരെ വേണ്ടെന്ന ഉറച്ച പ്രഖ്യാപനത്തിൽ നിറയ്ക്കുന്നത് നീതി ആഗ്രഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സ്; രാത്രി യാത്രാ സമരത്തിലെ ചുണക്കുട്ടി ഇന്ന് കേരളത്തിന്റെ മുഴുവൻ പ്രതീക്ഷ; കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികളാരും ക്ലാസിൽ കയറില്ലെന്ന നിലപാട് വെട്ടിലാക്കുന്നത് സർക്കാരിനെ; ഷഹലാ ഷെറീന് നീതിയൊരുക്കിയ നിദാ ഫാത്തിമയ്ക്ക് കൈയടിച്ച് സാക്ഷര കേരളം

യാത്രാ നിരോധനത്തിൽ മുഷ്ടി ചുരുട്ടി വിളിച്ചത് വയനാടിന് വേണ്ടി; നുണ പറയുന്ന അദ്ധ്യാപകരെ വേണ്ടെന്ന ഉറച്ച പ്രഖ്യാപനത്തിൽ നിറയ്ക്കുന്നത് നീതി ആഗ്രഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സ്; രാത്രി യാത്രാ സമരത്തിലെ ചുണക്കുട്ടി ഇന്ന് കേരളത്തിന്റെ മുഴുവൻ പ്രതീക്ഷ; കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികളാരും ക്ലാസിൽ കയറില്ലെന്ന നിലപാട് വെട്ടിലാക്കുന്നത് സർക്കാരിനെ; ഷഹലാ ഷെറീന് നീതിയൊരുക്കിയ നിദാ ഫാത്തിമയ്ക്ക് കൈയടിച്ച് സാക്ഷര കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: ''ആണി കുത്തിയതാ, ബെഞ്ച് തട്ടിയതാ, കല്ലൊരഞ്ഞതാ എന്നൊക്കെയാണ് സാറ് പറഞ്ഞത്. ആണി കുത്തിയാ രണ്ടു ഭാഗത്ത് കുത്തോ. ഷഹലക്ക് കസേരയിൽ ഇരിക്കാൻപോലും വയ്യായിരുന്നു. ആ കുട്ടി മൂന്നുനാലു വട്ടം പറഞ്ഞു, എന്നെ പാമ്പ് കൊത്തിയതാ, ആശുപത്രിയിൽ കൊണ്ടുപോകാൻ'' -കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതിൽ അദ്ധ്യാപകരുടെ ഗുരുതരമായ അനാസ്ഥ പുറംലോകം അറിയുന്നത് ഈ വാക്കുകളിലൂടെയാണ്. സാധാരണ ഒരു കുട്ടി ഇത്ര ഉച്ഛത്തിൽ സത്യം വിളിച്ചു പറയില്ല. ഒന്നും പുറംലോകത്ത് എത്തില്ലെന്ന് പറഞ്ഞ് ക്രൂരത കാട്ടിയവരെ കുടുക്കിയത് ഈ വെളിപ്പെടുത്തലുകളായിരുന്നു. ബത്തേരി സർവജന സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിദ ഫാത്തിമയുടെ ശബ്ദം നടുക്കത്തോടെ കേട്ടത് ഭരണകൂടമാണ്. സർക്കാരിന്റെ വിദ്യാഭ്യാസ ആരോഗ്യ മുന്നേറ്റത്തിലെ അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു വീണു.

സ്‌കൂളിലെ കൊച്ചനുജത്തിക്ക് നീതി നേടിക്കൊടുക്കാൻ തനിക്കറിയാവുന്നതെല്ലാം വീറോടെ വിളിച്ചുപറയുന്ന നിദ അങ്ങനെ കരുത്തിന്റെ പുതിയ പ്രതീകമായി. സ്‌കൂളിന്റെ ശോച്യാവസ്ഥയും ക്ലാസിനകത്തേക്ക് അദ്ധ്യാപകർമാത്രം ചെരിപ്പിട്ടു കയറുന്ന 'ആചാര'വുമെല്ലാം പുറംലോകം അറിഞ്ഞു. നിദയുടെ ചിത്രം ഇതിനു മുമ്പും സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം. ബന്ദിപ്പൂർഫമൈസൂരു ദേശീയപാതയിലെ യാത്രനിരോധനത്തിനെതിരെ നടന്ന സമരത്തിൽ മുദ്രവാക്യം വിളിക്കുന്ന ചിത്രമാണിത്.

അന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾ സമരത്തിൽ പങ്കെടുത്തിരുന്നു. ഈ ചിത്രം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബത്തേരി സർവജന സ്‌കൂളിലെ ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്‌കൂളിലുണ്ടായ വീഴ്ച സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ നിദ ഫാത്തിമ അങ്ങനെ ഹീറോയാകുകയാണ്. 'ഒന്നും മിണ്ടരുത് എന്നു മനസ്സിലുറപ്പിച്ചാണു സ്‌കൂളിലേക്കു പോയത്. മിണ്ടിയാൽ അതു പ്രശ്‌നമാകുമെന്ന് എനിക്കുതന്നെ അറിയാം. എന്നാൽ നീതി കേടു കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല' നിദ പറയുന്നു. ഫൈസൽ അലി റഹ്മാന്റെയും ഉമ്മുക്കുൽസുവിന്റെയും മൂന്നാമത്തെ കുട്ടിയാണ് നിദ.

എന്നാൽ അദ്ധ്യാപകർക്കെതിരെ സംസാരിച്ചതിന്റെ പേരിൽ തനിക്കെതിരെ നടപടികളുണ്ടാകുമോയെന്ന ഭയത്തിലാണ് നിദ ഫാത്തിമ. കുട്ടിയോട് സംസാരിച്ചതിനു ശേഷം ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് നിദയുടെ ആശങ്ക പങ്കുവെച്ചത്. പ്രിൻസിപ്പാളിനെയാണ് പേടിയെന്ന് കുട്ടി പറഞ്ഞതായും ഷിംന പോസ്റ്റിലൂടെ പറയുന്നു. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' നിദ ചോദിച്ചതായി ഷിംന പറയുന്നു. ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കുമെന്ന് കുട്ടിക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിദ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനകൊണ്ടാണെന്നും ഷിംന പറയുന്നു. 'ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാൽ ഷെഹ്‌ലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല' ഷിംന അസീസ് പറയുന്നു. നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കളാണ് ഇവരെന്നും. ഇവരോടൊപ്പമുണ്ടാകണം നമ്മളെന്നും പറഞ്ഞാണ് ഷിംന തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അങ്ങനെ കൊച്ചു മനസ്സിലെ ആശങ്കകൾ കേരളവും ഏറ്റെടുക്കുകയാണ്. നിദ ഭയക്കുന്ന ആ പ്രിൻസിപ്പലിന് ഇനി ആ സ്‌കൂളിൽ പണിയെടുക്കാനാകില്ല. കാരണം അച്ചടക്ക നടപടിയുടെ പിന്നാലെയാകും ഈ അദ്ധ്യാപകൻ. കാരണം അത്രയും ക്രൂരതയാണ് ഷഹലയോട് ചെയ്തത്. നിദയുടെ തുറന്നു പറച്ചിലുകൾക്ക് മറ്റ് കുട്ടികൾക്കും കരുത്തായി. സുൽത്താൻ ബെത്തേരിയിൽ ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്റെ മരണത്തിൽ കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികൾ ആരും ക്ലാസിൽ കയറില്ലെന്ന് നിദ ഫാത്തിമ നിലപാട് എടുത്തു. പാമ്പ് കടിച്ചതാണെന്നു പറഞ്ഞിട്ടും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അദ്ധ്യാപകൻ ഇനി ക്ലാസിൽ വരരുതെന്നും നിദ വ്യക്തമാക്കുന്നു.

കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവണമെന്ന ലീന എന്ന അദ്ധ്യാപികയുടെ ആവശ്യം അദ്ധ്യാപകൻ കേട്ടില്ല. മാതാപിതാക്കൾ വന്നിട്ട് കൊണ്ടുപോയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകൻ പറഞ്ഞത്. നുണ പറയുന്ന അദ്ധ്യാപകരെ തങ്ങൾക്ക് വേണ്ടെന്നും നിദ വിശദീകരിച്ചു. ഇതോടെ സർക്കാരും വെട്ടിലായത്. അസുഖബാധിതരായ വിദ്യാർത്ഥികളെ വീട്ടുകാർ എത്തുന്നത് കാത്തുനിൽക്കാതെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികളുണ്ടാവണമെന്നും നിദ കൂട്ടിച്ചേർത്തു. പ്രശ്‌നത്തിന് പൂർണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാൽ പോലും ആശുപത്രിയിൽ കൊണ്ടുപോവണം. ആശുപത്രിയിൽ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു. അങ്ങനെ കേരളത്തിലെ എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള ശബ്ദമായി മാറുകയാണ് നിദയുടേത്. ഏതായാലും ബത്തേരിയിലെ അദ്ധ്യാപകർ കുടുങ്ങുകയാണ്.

ഇതിനിടെ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അദ്ധ്യാപകരെയും ഡോക്ടറെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഹെഡ്‌മാസ്റ്ററും പ്രിൻസിപ്പലും പ്രതികളാണ്. അദ്ധ്യാപകൻ ഷാജിലിനെ പ്രതി ചേർത്തിട്ടുണ്ട്. ഡോ ലിസമെറിൻ ജോയിയും പ്രതിയാണ്. ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറാണ് ലിസ. പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷൻ എന്ന പ്രയോഗത്തിന് തനിനാടൻ തിരുത്ത് കൂടിയായി നിദയെന്ന കൊച്ചുപെൺകുട്ടി. അങ്ങനെ സോഷ്യൽ മീഡിയകൾ നാളെയുടെ പ്രതീക്ഷയായി ഏറ്റെടുത്ത പെൺകുട്ടിയാവുകയാണ് നിദ ഫാത്തിമ. കഴിഞ്ഞ മാസം ബത്തേരി- മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു അവൾ.

അന്ന് സമരത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പാട്ടവയൽ പകർത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്‌കൂളിലെ കുട്ടികൾ പങ്കെടുത്ത സമരത്തിൽ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരിൽ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫർ ജോൺസൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP