Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പത് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നേടി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ എത്തി; സിലിക്കോണിനു പകരക്കാരനായി ഗാലിയം ഉപയോഗിക്കാവുന്ന ഗവേഷണത്തിലൂടെ ശാസ്ത്രലോകത്തും പുതുതാരമായി നികിത ഹരി; മലയാളി പെൺകുട്ടിയുടെ ഗവേഷണത്തിന് ലഭിച്ചത് കേംബ്രിഡ്ജിന്റെ ഡോക്ടറേറ്റ്; ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സിന്റെ യുവപ്രതിഭ ലിസ്റ്റിലും ഇടംനേടിയ മിടുക്കി മലയാളികൾക്ക് വീണ്ടും അഭിമാനമാകുന്നു

അമ്പത് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നേടി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ എത്തി; സിലിക്കോണിനു പകരക്കാരനായി ഗാലിയം ഉപയോഗിക്കാവുന്ന ഗവേഷണത്തിലൂടെ ശാസ്ത്രലോകത്തും പുതുതാരമായി നികിത ഹരി; മലയാളി പെൺകുട്ടിയുടെ ഗവേഷണത്തിന് ലഭിച്ചത് കേംബ്രിഡ്ജിന്റെ ഡോക്ടറേറ്റ്; ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സിന്റെ യുവപ്രതിഭ ലിസ്റ്റിലും ഇടംനേടിയ മിടുക്കി മലയാളികൾക്ക് വീണ്ടും അഭിമാനമാകുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നാലു വർഷം മുൻപ് അമ്പതു ലക്ഷം രൂപ മൂല്യമുള്ള സ്‌കോളർഷിപ്പ്് നേടിയാണ് നികിത ഹരിയെന്ന മലയാളി പെൺകുട്ടി ബ്രിട്ടനിലേക്ക് എത്തുന്നത്. കോഴിക്കോട് വടകരക്കാരിയായ ഈ വിദ്യാർത്ഥിനിയുടെ ലക്ഷ്യം കേംബ്രിഡ്ജിൽ പഠനവും ഗവേഷണവുമായിരുന്നു. ബുദ്ധിയുള്ള വിദ്യാർത്ഥികളെ തങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ചു പറയുന്നത് നികിതയെ പോലുള്ളവരുടെ കാര്യത്തിലാണ്. നാലു വർഷം മുൻപ് വടകരയിലെ പഴങ്കാവിൽനിന്നും വന്ന നാട്ടിൻ പുറത്തുകാരി നികിതയെന്ന പെൺകുട്ടിയല്ല ഇപ്പോൾ ഈ മിടുക്കി. കേംബ്രിഡ്ജ് സർവകലാശാല നൽകിയ കിടിലൻ ഡോക്ടറേറ്റ് ആണ് കൈവശം ഇരിക്കുന്നത്. അതും അധികമാരും കൈവയ്ക്കാത്ത വിഷയത്തിൽ.

ലോകം ഇലക്ട്രോണിക്‌സിൽ കൂടുതൽ ആശ്രയം തേടുന്ന കാലത്തിൽ കുറ്റമറ്റ ഉപകരണങ്ങൾ നിർമ്മിക്കുക എന്ന വെല്ലുവിളിയിൽ ഒരു രാസപദാർത്ഥം കൂടി വൈദ്യുതി കടത്തി വിടാൻ പ്രാപ്തമാണ് എന്ന ഗവേഷണമാണ് നികിത പൂർത്തിയാക്കിയത്. റിന്യൂവബിൾ എനർജിയിൽ നിന്നും കറങ്ങി തിരിഞ്ഞാണ് നികിത സംയുക്ത പദാർത്ഥങ്ങളോട് ചേർന്നാൽ കൂടുതൽ ദൃഢതയും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ്  വൈദ്യുതി വാഹക ശേഷിയിൽ മുന്നിലാണ് എന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. ഇതിലൂടെ ഭാവിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ ചെറുതാകുകയും ചൂടു കൂടി താപവികിരണം പുറത്തു വിടുന്നതിൽ കൂടുതൽ സ്മാർട്ട് ആകുകയും ചെയ്യും. ഇതിനർത്ഥം ലോകം വല്ലാതെ ഭയപ്പെടുന്ന ആഗോള താപനത്തിനു പോലും പരിഹാരമായി മാറും നികിതയുടെ കണ്ടെത്തൽ.

എന്നാൽ ലോകം 60 വർഷമായി ആശ്രയിക്കുന്ന സിലിക്കോണിനു പകരക്കാരനായി ശാസ്ത്ര ലോകം കീഴടക്കാൻ ഗാലിയത്തിനു മുന്നിൽ തടസങ്ങൾ ഏറെയുണ്ട് എന്നും നികിത പറയുന്നു. മാനവരാശിയുടെ പ്രയാണത്തിൽ വൈദ്യ ശാസ്ത്രം മുതൽ ബഹിരാകാശം വരെ കീഴടക്കിയ അനേക ബില്യൺ ഡോളർ ബിസിനസ് നിയന്ത്രിക്കുന്ന സിലിക്കോണിനു പകരക്കാരനെ ആലോചിക്കുമ്പോഴും സമാനമായ തരത്തിൽ ബില്യൺ ഡോളർ നിക്ഷേപം ആവശ്യമുള്ള ബിസിനസ് തന്നെ വേണ്ടി വരും. ലളിതമായി പറഞ്ഞാൽ സ്മൂത്തായി പോകുന്ന റോഡിനു തുല്യമാണ് സിലിക്കോൺ ബിസിനസ്. എന്നാൽ ഗാലിയത്തിനു മുന്നിൽ ഇപ്പോൾ റോഡേ ഇല്ലെന്നു പറയേണ്ടി വരും. പക്ഷെ തീർച്ചയായും ലോകം ഒരിക്കൽ ഗാലിയത്തെ കൂട്ടു തേടുക തന്നെ ചെയ്യും, അതും അധികം വൈകാതെ. അപ്പോൾ ലോകം ചേർത്തു വയ്ക്കുന്ന പേരിൽ ഒന്നായിരിക്കും നികിതയുടേതും.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഊഴമിട്ട് ഓരോ നേട്ടവും തന്റെ ജീവിതത്തിൽ എത്തുമ്പോൾ അത് ആദ്യം ബ്രിട്ടീഷ് മലയാളിയെ അറിയിക്കുക എന്ന പതിവ് ഇത്തവണയും നികിത തെറ്റിച്ചില്ല. ഡോക്ടറേറ്റ് ലഭിച്ച സന്തോഷം പങ്കിടാൻ നാട്ടിൽ എത്തിയ നികിത വീണ്ടും ഓക്‌സ്‌ഫോർഡിന്റെ ഫെല്ലോഷിപ്പ് സ്വീകരിച്ച് ഉടനെ ബ്രിട്ടനിൽ എത്തും. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ബ്രിട്ടനിലെ യുവ വനിതാ എൻജിനിയർമാരുടെ കൂട്ടത്തിലും രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ലോക വമ്പനായ സാമ്പത്തിക മാസിക ഫോബ്സിന്റെ യുവപ്രതിഭ ലിസ്റ്റിലേക്കുള്ള പരിഗണനാർഹരുടെ കൂട്ടത്തിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് യൂണിയൻ നേതാവായും ഒക്കെ തിളങ്ങിയ നികിതയ്ക്കു എല്ലാവരെയും പോലെ കേംബ്രിഡ്ജിൽ നിന്നും ആവശ്യത്തിന് തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പോലും നിയന്ത്രണം ഉണ്ടായി. പക്ഷെ അതൊക്കെ വെല്ലുവിളി ആയി ഏറ്റെടുത്താണ് ഈ പെൺകുട്ടി ഇപ്പോൾ കേംബ്രിഡ്ജിനു അഭിമാനത്തോടെ പറയാവുന്ന പേരിനു ഉടമയായിരിക്കുന്നത്.

തന്റെ ഗവേഷണ പദ്ധതികൾക്ക് വേണ്ടി വിവിധ ഗ്രാന്റുകളായി ഏകദേശം ഒന്നേകാൽ ലക്ഷം പൗണ്ടാണ് നികിതയ്ക്കു ലഭിച്ചത്. എന്നാൽ അതെല്ലാം ഫലവത്തായി എന്ന സന്തോഷമാണ് ഇപ്പോൾ യുകെ മലയാളിയെ തേടി എത്തുന്നത്. ലോകം ഒരുനാൾ ഊർജ്ജ പ്രതിസന്ധിയെ നേരിട്ടാൽ എന്താണ് പരിഹാരം എന്ന് ലോകം തലപുകഞ്ഞു ചിന്തിക്കുമ്പോഴാണ് പല പരിഹാരവും ഉണ്ട് എന്ന് നികിതയെ പോലുള്ള ഗവേഷകർ തെളിയിക്കുന്നത്.

ക്യാൻസർ ചികിത്സയ്ക്കും മറ്റും ഉപയോഗിക്കുന്ന ഗാലിയം നൈട്രേറ്റിനെ ലോകത്തിന്റെ ഭാവി നിയന്ത്രിക്കാൻ കരുത്തുള്ള രാസപദാർത്ഥമായാണ് ശാസ്ത്ര ലോകം ഇപ്പോൾ കരുതുന്നത്. ആധുനിക ചികിത്സ രംഗത്തെ ഈ പദാർത്ഥത്തെ ഏതൊക്കെ വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് ലോകം തലപുകയ്ക്കുമ്പോഴാണ് ഇതിന്റെ മറ്റൊരു വൻ സാധ്യതയുമായി നികിത ഹരി ഇപ്പോൾ രംഗത്തു വരുന്നത്. ഇതോടെ ഭാവിയിൽ ലോകം ഗാലിയത്തിനു പിന്നാലെ പായും എന്നുറപ്പാണ്.

വൈദ്യുതി വാഹക പദാർത്ഥമായ സിലിക്കോണിനെ മറികടക്കാൻ ഉള്ള കരുത്താണ് ഗാലിയം ശ്രദ്ധ നേടാൻ കാരണമാകുക. ഈ വിഷയത്തിൽ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ ഗൗരവമായ പഠനങ്ങൾ മുന്നേറുകയാണ്. ഈ രംഗത്തു പ്രവർത്തിക്കുന്ന മുഴുവൻ ഗവേഷകർക്കും പ്രതീക്ഷ നൽകുന്നതാണ് നികിതയുടെ ഡേക്ടറേറ്റ്. നികിതയെ കൈവിടാൻ തയാറല്ല എന്ന് വ്യക്തമാക്കി ഇതിനകം ഗവേഷണത്തിനായി നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന് പുറമെ അടുത്ത രണ്ടു വർഷത്തെ ഫെലോഷിപ്പിനായി ഓക്്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാഗ്ദാനം മറ്റൊരു ലക്ഷം പൗണ്ടാണ്. ഈ പഠനത്തിനായി ഇപ്പോൾ നാട്ടിൽ ഉള്ള നികിത മാർച്ച് ഒന്നിന് വീണ്ടും യുകെയിൽ എത്തും. നിലവിൽ മൃഗങ്ങളിലും മറ്റും പരീക്ഷിക്കുന്ന രീതിക്കു പകരം കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് അതിൽ ഗാലിയം ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷണം അടക്കമുള്ള മേഖലയാണ് നികിതയുടെ അടുത്ത ലക്ഷ്യം.

നികിതയുടെ പ്രത്യേക വ്യക്തിത്വത്തിനു ഉള്ള അംഗീകാരമായി കഴിഞ്ഞ വർഷത്തെ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ തിരഞ്ഞെടുപ്പിന് പരിഗണിക്കുന്ന വാർത്ത താരം പട്ടികയിൽ ഇടം പിടിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബിബിസി മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയുടെ മുൻപിൽ നിസാര വോട്ടുകൾക്കാണ് ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ അംഗീകാരം കൈവിട്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP