Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടിയന്മാർക്ക് മുഴുവൻ കള്ള് ഫ്രീയായതോടെ ഈച്ച പൊതിയും പോലെ തിരക്ക്; ഷാപ്പ് തുറന്നിരിക്കുന്നത് ആദിവാസി കോളനിക്ക് നടുവിൽ; കോളനിയെ മുഴുവൻ കുടിപ്പിച്ച് കിടത്തി മുഴുപ്പട്ടിണിയിലാക്കുന്നതിനെതിരെ പൊരിഞ്ഞ സമരം; എല്ലാറ്റിനും ഒത്താശ ചെയ്ത പഞ്ചായത്ത് ഷാപ്പ് പൂട്ടിക്കും വരെ സമരമെന്ന് കോളനി സംരക്ഷണ സമിതി; നിലമ്പൂർ ചോക്കാട് പഞ്ചായത്തിലെ സമരം പൊളിക്കാൻ ഷാപ്പുടമയുടെയും വാർഡ് അംഗത്തിന്റെയും ഭീഷണിയും

കുടിയന്മാർക്ക് മുഴുവൻ കള്ള് ഫ്രീയായതോടെ ഈച്ച പൊതിയും പോലെ തിരക്ക്; ഷാപ്പ് തുറന്നിരിക്കുന്നത് ആദിവാസി കോളനിക്ക് നടുവിൽ; കോളനിയെ മുഴുവൻ കുടിപ്പിച്ച് കിടത്തി മുഴുപ്പട്ടിണിയിലാക്കുന്നതിനെതിരെ പൊരിഞ്ഞ സമരം; എല്ലാറ്റിനും ഒത്താശ ചെയ്ത പഞ്ചായത്ത് ഷാപ്പ് പൂട്ടിക്കും വരെ സമരമെന്ന് കോളനി സംരക്ഷണ സമിതി; നിലമ്പൂർ ചോക്കാട് പഞ്ചായത്തിലെ സമരം പൊളിക്കാൻ ഷാപ്പുടമയുടെയും വാർഡ് അംഗത്തിന്റെയും ഭീഷണിയും

ജാസിം മൊയ്‌ദീൻ

നിലമ്പൂർ: ആദിവാസി കോളനികളെ ലഹരിമുക്തമാക്കുന്നതിന് പ്രയത്നിക്കുന്നവർ തന്നെ ആദിവാസികോളനിക്ക് നടുവിൽ കള്ളുഷാപ്പിനും അനുമതി നൽകിയ വിചിത്രമായ കാഴ്ചയാണ് നിലമ്പൂർ ചോക്കാട് പഞ്ചായത്തിൽ നിന്നുള്ളത്. നിലമ്പൂർ താലൂക്കിൽ പെട്ട ചോക്കാട് പഞ്ചായത്താണ് ആദിവാസികോളനിക്ക് നടുവിലായി കള്ളുഷാപ്പിന് അനുമതി നൽകിയത്. ചോക്കാട് പഞ്ചായത്തിൽ പെട്ട നാൽപത് സെന്റ് ആദിവാസി കോളനിക്ക് നടുവിലാണിപ്പോൾ പുതിയ കള്ളുഷാപ്പ് പ്രവർത്തിക്കുന്നത്.

കള്ളുഷാപ്പിന് പഞ്ചായത്ത് അനുമതി നൽകിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കള്ളുഷാപ്പിന് സമീപത്ത് ആദിവാസികൾ നടത്തി വരുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. നൂറിലധികം കുടുംബങ്ങളാണ് നാൽപത് സെന്റ് കോളനിയിൽ താമസിക്കുന്നത്. ഈ കുടംബങ്ങൾക്കെല്ലാം ഭീഷണിയാകുന്ന തരത്തിലാണ് ഷാപ്പിന്റെ പ്രവർത്തനം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കേവലം മീറ്ററുകൾ മാത്രമാണ് ഷാപ്പിലേക്കുള്ള ദൂരം.

ട്രൈബൽ സ്‌കൂളും പ്രവർത്തിക്കുന്നതിന് സമീപത്തുമാണ് പുതിയ ഷാപ്പ് തുറന്നിരിക്കുന്നത്. ആദിവാസികളെ ലക്ഷ്യം വെച്ച് തുടങ്ങിയ ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് സമരത്തിനെത്തുന്നത്. കോളനിയിലെ ആളുകളെ കുടിപ്പിച്ച് കിടത്തി കോളനിയെ മുഴുപ്പട്ടിണിയിലാക്കുന്നതിനാണ് ഷാപ്പിന്റെ പ്രവർത്തനം ഉപകരിക്കുകയെന്നും, ഇതിന് നൽകിയ അനുമതി പഞ്ചായത്ത് പിൻവലിക്കണമെന്നും സമരം നടത്തുന്ന കോളനി സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

അതേ സമയം സമരം പൊളിക്കാനായി വിവിധ മേഖലകളിൽ നിന്നുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഇന്നലെ സമരത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ സ്ഥലത്തെ വാർഡ് അംഗം ആലിക്കോട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റ ഓഡിയോ മറുനാടന് ലഭിച്ചു. ഇയാളുടെ അടുത്തയാളുകളാണ് കള്ളുഷാപ്പ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയിൽ ഈ കള്ളുഷാപ്പിന് അനുമതി നൽകാൻ വേണ്ടി സമ്മർദ്ദം ചെലുത്തിയതും ഇയാളായിരുന്നു. കോൺഗ്രസ് ചോക്കാട് മണ്ഡലം പ്രസിഡണ്ടും മുൻപഞ്ചായത്തു പ്രസിഡണ്ടുമാണ് ആലിക്കോട്ടിൽ ഉണ്ണിക്കൃഷ്ണൻ.

വാർത്ത നൽകിയും സമരം ചെയ്തും കള്ളുഷാപ്പ് അടപ്പിക്കാൻ പറ്റുമോയൊന്ന് നമുക്ക് കാണാമെന്നും, നിന്നെ ശരിയാക്കിത്തരാമെന്നും ഇയാൾ മാധ്യമപ്രവർത്തകനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. സമരം പൊളിക്കാനായി ഏതാനും ദിവസങ്ങളായി ഷാപ്പിലെത്തുന്ന കുടിയന്മാർക്ക് ഫ്രീയായിട്ടാണ് ഇപ്പോൾ മദ്യം നൽകുന്നത്. അതുകൊണ്ട് തന്നെ ഷാപ്പിലിപ്പോൾ കുടിയന്മാരുടെ തിരക്കാണ്. സമീപപ്രദേശങ്ങളിൽ നിന്ന് പോലും ഫ്രീയായി മദ്യം കിട്ടുന്നെന്നറിഞ്ഞ് ആളുകളെത്തുന്നുണ്ട്. കോളനിയിലെ ആളുകളെ വിളിച്ചുവരുത്തി സൗജന്യമായി മദ്യംനൽകി സമരത്തിനെതിരെയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതുകൂടാതെ സമരത്തിൽ പങ്കെടുക്കുന്നവരെ കള്ളക്കേസിൽ കുടുക്കുമെന്നും വീട്ടിൽക്കയറി ഉപദ്രവിക്കുമെന്നും ഷാപ്പുടമകൾ ഭീഷണിമുഴക്കിയിട്ടുണ്ട്.

ഇതിനൊക്കെയിടയിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ ഓരോ ദിവസവും സമരപ്പന്തലിലെത്തുന്നുണ്ട്. ഷാപ്പിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. വിവിധ രാഷ്ട്രീയപ്പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം ചോക്കാട് ലോക്കൽ കമ്മറ്റി അംഗങ്ങൾ ഇന്ന് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോളനി നിവാസിയും എംഎസ്ഡബ്ല്യൂ ബിരുദധാരിയുമായ സുജിത്താണ് സമരത്തെ ഏകോപിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP