Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലമ്പൂരിൽ മാവോയിസ്റ്റ് സംഘം തൊഴിലാളികൾക്കായി യോഗം നടത്തി; തോട്ടം മാനേജ്‌മെന്റ് കാണിക്കുന്ന അനീതിക്കെതിരെ സമരം നടത്തണമെന്ന് ആഹ്വാനം; പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി ഡിവിഷനിലെത്തിയ സംഘത്തിൽ തമിഴ്‌നാട്, ഛത്തീസ്‌ഗഡ് സ്വദേശികളും

നിലമ്പൂരിൽ മാവോയിസ്റ്റ് സംഘം തൊഴിലാളികൾക്കായി യോഗം നടത്തി; തോട്ടം മാനേജ്‌മെന്റ് കാണിക്കുന്ന അനീതിക്കെതിരെ സമരം നടത്തണമെന്ന് ആഹ്വാനം; പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി ഡിവിഷനിലെത്തിയ സംഘത്തിൽ തമിഴ്‌നാട്, ഛത്തീസ്‌ഗഡ് സ്വദേശികളും

റിയാസ് ആമി അബ്ദുള്ള

മലപ്പുറം: പ്ലാന്റേഷൻ കോർപറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലെ പുഞ്ചക്കൊല്ലി ഡിവിഷനിലെത്തിയ മാവോയിസ്റ്റുകൾ ആദിവാസി തൊഴിലാളികളെ സംഘടിപ്പിച്ച് യോഗം നടത്തി. തോട്ടം മാനേജ്‌മെന്റ് കാണിക്കുന്ന അനീതിക്കെതിരെ സമരം നടത്തണമെന്ന് ആഹ്വാനം ചെയ്ത സംഘം 'തോട്ടം തൊഴിലാളികൾ അടിമകളല്ല' എന്നെഴുതിയ പോസ്റ്ററും പതിച്ചു. വയനാട് സ്വദേശിയായ സോമന്റെ നേതൃത്വത്തിൽ ദീപക് (ഛത്തീസ്‌ഗഡ്), യോഗേഷ്, സന്തോഷ് (തമിഴ്‌നാട്) എന്നിവരാണ് തോട്ടത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 7.40ന് തോട്ടം ഓഫിസിനു സമീപത്താണു സംഘം എത്തിയത്. ഇരുപതോളം വരുന്ന ആദിവാസി തൊഴിലാളികളോട് സോമനാണു സംസാരിച്ചത്.

തോക്കുകളുമായി എത്തിയ സംഘത്തിലെ രണ്ടുപേർ ഇതിനിടെ, സമീപത്തെ കന്റീനിൽനിന്ന് പച്ചക്കറിയും പലചരക്കു സാധനങ്ങളും ആവശ്യപ്പെട്ടു. കൊടുക്കാൻ വിമുഖത കാണിച്ചപ്പോൾ കടയ്ക്കുള്ളിൽ കയറി എടുത്തു. കണക്കുകൂട്ടിച്ച് 1,300 രൂപയും നൽകി. അര മണിക്കൂറോളം തോട്ടത്തിൽ തങ്ങിയ സംഘം സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ള പത്രക്കുറിപ്പും തൊഴിലാളികളെ ഏൽപിച്ചു. കരുളായി വനത്തിലെ വരയന്മല ഭാഗത്തേക്കാണു സംഘം നീങ്ങിയത്. വഴിക്കടവ് എസ്‌ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ടും ആന്റി നക്‌സൽ സ്‌ക്വാഡും സ്ഥലത്തെത്തി. തൊഴിലാളികളിൽനിന്നും കന്റീൻ നടത്തിപ്പുകാരനിൽനിന്നും മൊഴിയെടുത്തു. സംഭവത്തിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം മാവോയിസ്റ്റ്, നക്‌സൽ പ്രവർത്തകർക്കുള്ള കീഴടങ്ങൽ, പുനരധിവാസ പാക്കേജ് ആനുകൂല്യങ്ങൾ പരിഷ്‌കരിക്കാൻ നീക്കം. നിലവിലെ പാക്കേജ് ആകർഷകമല്ലെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെത്തുടർന്നാണു നടപടി. കീഴടങ്ങുന്ന കേന്ദ്ര നേതാക്കൾക്കുള്ള സമാശ്വാസത്തുക 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷവും അടുത്ത തലത്തിലുള്ള നേതാക്കളുടേതു 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷവും രൂപയാക്കാനാണു പ്രധാന നിർദ്ദേശം. ദേശീയതലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ മാതൃകയിൽ മെയ്‌ 28നാണു സംസ്ഥാന ആഭ്യന്തര വകുപ്പ് പാക്കേജ് പ്രഖ്യാപിച്ചത്. കീഴടങ്ങുന്ന കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ തലത്തിലുള്ള നേതാക്കൾക്കും കീഴ്ഘടക നേതാക്കൾക്കും അവരുടെ ഗ്രേഡ് അനുസരിച്ചാണ് ആനുകൂല്യം നൽകുക. ഇവർ കൈമാറുന്ന ആയുധങ്ങൾക്കും പ്രതിഫലമുണ്ട്.

ഇന്റലിജൻസ് മേധാവി അധ്യക്ഷനായുള്ള സമിതിക്കാണു സംസ്ഥാനത്തു പാക്കേജിന്റെ ചുമതല. ജില്ലകളിൽ കലക്ടറും പൊലീസ് മേധാവിയും ഉൾപ്പെടുന്ന സ്‌ക്രീനിങ് കമ്മിറ്റിയും നിലവിൽ വന്നു. സ്റ്റേഷൻ ഒാഫിസർ മുതൽ എഡിജിപി വരെയുള്ളവർക്കു മുന്നിൽ കീഴടങ്ങാം. കീഴടങ്ങുന്നവർ തുടർന്ന് 5 വർഷം ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവർക്കു സൗജന്യമായി വീടു നൽകാനും പാക്കേജിൽ വ്യവസ്ഥയുണ്ട്. പണത്തിന് അടിയറവയ്ക്കാനുള്ളതല്ല രാഷ്ട്രീയ നിലപാടെന്ന മാവോയിസ്റ്റ് നാടുകാണി ദല കമ്മിറ്റിയുടെ പ്രതികരണം ഒറ്റപ്പെട്ടതാണെന്നാണു സേനയുടെ വിലയിരുത്തൽ. കചഎഛ ആഛത വിവാഹത്തിനും സഹായധനം കീഴടങ്ങുന്നവരുടെ റൈഫിൾ, റോക്കറ്റ് ലോഞ്ചർ എന്നിവയ്ക്ക് 35,000 രൂപ വരെ നൽകും.

എകെ 47 തോക്കിന് 25,000 രൂപ, പിസ്റ്റൾ, റിവോൾവർ 10,000, ഗ്രനേഡിന് 500, റിമോട്ട് നിയന്ത്രണ ഉപകരണത്തിന് 3,000, മൈനിന് 3000, വയർലെസ് സെറ്റിന് 5000 എന്നിങ്ങനെ നൽകും. ഉപരിപഠനം, തൊഴിൽ പരിശീലനം എന്നിവയ്ക്കു യഥാക്രമം വർഷം 15,000, 10,000 രൂപ വീതവും കുടുംബജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കു വിവാഹച്ചെലവിന് 25,000 രൂപയും അനുവദിക്കും. കീഴടങ്ങുന്നവരുടെ പേരിലുള്ള കേസുകൾ, അവയുടെ ഗൗരവമനുസരിച്ച്, പിൻവലിക്കുന്ന പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP