Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണ കൊട്ടിയൂർ വൈശാഖ മഹോത്സവം നടക്കുന്നത് നിപ വൈറസ് ഭീതിയിൽ; പേരാമ്പ്ര ഭാഗത്തു നിന്ന് നിരവധി ഭക്തർ കൂട്ടത്തോടെ എത്തുന്നത് മറ്റു ഭക്തർക്കിടിയൽ ആശങ്കയുണ്ടാക്കുന്നു; മുൻകരുതൽ നടപടിയായി വൻ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്

ഇത്തവണ കൊട്ടിയൂർ വൈശാഖ മഹോത്സവം നടക്കുന്നത് നിപ വൈറസ് ഭീതിയിൽ; പേരാമ്പ്ര ഭാഗത്തു നിന്ന് നിരവധി ഭക്തർ കൂട്ടത്തോടെ എത്തുന്നത് മറ്റു ഭക്തർക്കിടിയൽ ആശങ്കയുണ്ടാക്കുന്നു; മുൻകരുതൽ നടപടിയായി വൻ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കൊട്ടിയൂരിലെ വൈശാഖ മഹോത്സവം ആരംഭിച്ചതോടെ നിപ വൈറസ് ഭീതി ഭക്ത ജനങ്ങളിൽ ആശങ്ക പടർത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്നത്. നിപ്പ വൈറസ് ബാധ ഉണ്ടായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗത്തു നിന്ന് നിരവധി ഭക്തജനങ്ങൾ കൊട്ടിയൂർ ഉത്സവത്തിന് എത്താറുണ്ട്. ഇക്കാര്യം കണ്ണൂർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലെ ഭക്തജനങ്ങൾക്ക് അറിയാവുന്നതാണ്. പതിവായി കൊട്ടിയൂർ ഉത്സവത്തിന് കുടുംബസമേതം പോകുന്നവരെ ഈ ഭയം അലട്ടുന്നുണ്ട്. രോഗങ്ങൾ പടരാതിരിക്കാനും അടിയന്തിര ശുശ്രൂഷ ഉറപ്പ് വരുത്തുന്നതിനുമായി കൊട്ടിയൂർ ഉത്സവ നഗരിയിൽ ആരോഗ്യ വകുപ്പിന്റെ വൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 30 ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരേയുമാണ് ഇവിടെ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

24 മണിക്കൂറും ആരോഗ്യ കാര്യങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭിക്കും. ഫാമിലി ഹെൽത്ത് സെന്റർ, ആബുലൻസ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനത്തിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈശാഖ മഹോത്സവത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് കഴിഞ്ഞ രാത്രി നെയ്യട്ടം നടന്നതോടെ കൊട്ടിയൂരിൽ ഇന്നു മുതൽ ഭക്ത ജനതിരക്കേറും. പതിവനുസരിച്ചാണെങ്കിൽ വരും നാളുകളിൽ ഭക്ത ജനങ്ങളുടെ ഒഴുക്കു തന്നെ ഉണ്ടാകും. ഇന്ന് രാത്രി ഭണ്ഡാരം എഴുന്നള്ളത്തും മുതിരേരിയിൽ നിന്നും കൊണ്ടു വരുന്ന വാളെഴുന്നള്ളത്തും ബലിബിംബവും ചേർത്ത് അർദ്ധ രാത്രിയോടെ അക്കരെ ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ പ്രവേശിക്കും. അതോടൊപ്പം സ്ത്രീകൾക്കും അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കാം. നാളെ മുതൽ നാടിന്റെ നാനാ ഭാഗത്തു നിന്നും സ്ത്രീകൾ കുടുംബസമേതം അക്കരെ ക്ഷേത്രത്തിലെത്തും.

കോഴിക്കോട് ജില്ലയിലെ വടകര , പേരാമ്പ്ര , ബാലുശ്ശേരി, കുറ്റ്യാടി, എന്നിവിടങ്ങളിൽ നിന്നാണ് പശ്ചിമഘട്ട താഴ്‌വരയിലുള്ള കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങൾ കൂടുതലായി എത്തുന്നത്. രാവിലെ എത്തിയാൽ ദർശനം കഴിഞ്ഞ് തിരുവഞ്ചിറയിൽ പ്രദക്ഷിണം നടത്തി വൈകീട്ടോടെയേ തിരിച്ച് പോവുകയുള്ളൂ. അതു പോലെ വൈകീട്ടെത്തുന്നവർ ചടങ്ങുകളെല്ലാം നിർവ്വഹിച്ച് പിറ്റേ ദിവസം കാലത്ത് ബാവലി പുഴയിൽ കുളിച്ച് തൊഴുതാണ് തിരിച്ച് പോവുക, നിപ വൈറസിന്റെ പശ്ചാത്തലത്തിൽ ഭക്തജനങ്ങളിൽ ഇതെല്ലാം ആശങ്ക വിതക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർ തലശ്ശേരിയിലോ കണ്ണൂരിലോ എത്തി ബസ്സുകളിലാണ് കൊട്ടിയൂരിലെത്തുക. പേരാമ്പ്ര , കുറ്റ്യാടി ഭാഗത്തു നിന്നുള്ളവർ മലയോര മേഖലവഴിയും ഇവിടെയെത്താറുണ്ട്. ഉത്സവമായതിനാൽ ബസ്സുകളെല്ലാം തിങ്ങി നിറഞ്ഞിരിക്കും. ഇതെല്ലാം കണ്ണൂർ ജില്ലയിലെ ഭക്ത ജനങ്ങളിൽ ഭീതി വിതക്കുന്നുണ്ട്.

ജൂൺമാസം 5 ഓടെ നിപ വൈറസ് ബാധ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. അതിനു ശേഷം മാത്രം കൊട്ടിയൂരിൽ പോയി തൊഴുതു മടങ്ങാം എന്നാണ് ഭൂരിഭാഗം ഭക്ത ജനങ്ങളും ഉദ്ദേശിക്കുന്നത്. ദീർഘ നേരം ബസ്സുകളിൽ യാത്ര ചെയ്ത് ഇവിടെയെത്തുന്നതും ജനത്തിരക്കും പകർച്ച വ്യാധികളുടെ വ്യാപനത്തിന് കാരണമാവുന്നു. കൊട്ടിയൂരിലെത്തിയാലും ദർശനത്തിന് തിക്കും തിരക്കുമാണ് പതിവ്. രോഗ ബാധ ഏറ്റവരാരെങ്കിലുമുണ്ടെങ്കിൽ ഇത്തരം സംമ്പർക്കം രോഗം പരത്താനുള്ള സാധ്യത ഏറെയാണ്. ഇതെല്ലാം ഇത്തവണത്തെ കൊട്ടിയൂർ ദർശനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഭക്തജനങ്ങൾ. പലരും ജൂൺ 5 ന് ശേഷം മാത്രം ദർശനം നടത്താമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP