Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിപ്പയും പ്രളയവും പേരാമ്പ്രയിൽ സംഭവിച്ചത് സൂപ്പിക്കടയിലെ 400 വർഷം പഴക്കമുള്ള ശവകുടീരം സംരക്ഷിക്കാത്തതിനാൽ; പ്രചരണത്തിന് പിന്നാലെ ആരുടേതാണെന്നറിയാത്ത ശവകൂടീരത്തിന് ചുറ്റും കെട്ടിടമൊരുക്കി ആത്മീയ കച്ചവടത്തിന് വഴിയൊരുക്കി അന്ധവിശ്വാസികൾ; ശവകുടീരം തന്നെയാണോ ഈ നാലുവരി കല്ലിൽ പടുത്തുയർത്തിയ തറ എന്ന് സംശയിച്ച് നാട്ടുകാരും

നിപ്പയും പ്രളയവും പേരാമ്പ്രയിൽ സംഭവിച്ചത് സൂപ്പിക്കടയിലെ 400 വർഷം പഴക്കമുള്ള ശവകുടീരം സംരക്ഷിക്കാത്തതിനാൽ; പ്രചരണത്തിന് പിന്നാലെ ആരുടേതാണെന്നറിയാത്ത ശവകൂടീരത്തിന് ചുറ്റും കെട്ടിടമൊരുക്കി ആത്മീയ കച്ചവടത്തിന് വഴിയൊരുക്കി അന്ധവിശ്വാസികൾ; ശവകുടീരം തന്നെയാണോ ഈ നാലുവരി കല്ലിൽ പടുത്തുയർത്തിയ തറ എന്ന് സംശയിച്ച് നാട്ടുകാരും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച നിപ്പ വൈറസ് ബാധയെ ശാസ്ത്രം വളരെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ പിടിച്ചുകെട്ടിയിട്ട് മാസങ്ങളാകുന്നതെയുള്ളൂ. ആധുനിക വൈദ്യശാസ്ത്രവും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചാണ് ഇത് സാധ്യമാക്കിയത്. എന്നാൽ ഈ ശാസ്ത്ര മുന്നേറ്റങ്ങളെയെല്ലാം പിറകോട്ട് വലിക്കുന്ന പുതിയ ചില പ്രചരണങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇപ്പോൾ നിപ്പ ഏറ്റവും കൂടുതൽ ഭീതി വിതച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിൽ നിന്നും വരുന്നത്.

നിപ്പയും പ്രളയവും നിരവധി റോഡപകടങ്ങളും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയെയും പ്രത്യേകിച്ച് പന്തിരിക്കര സൂപ്പിക്കടയെയും ബാധിച്ചതിന് പിന്നിൽ പുതിയ കണ്ടുപിടുത്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുപറ്റം കപടവിശ്വാസികൾ. നിലവിൽ പേരാമ്പ്ര സൂപ്പിക്കടയിലെ കപ്പള്ളി അബ്ദുള്ളയുടെ പറമ്പിലുള്ള 400 വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ശവകുടീരം വേണ്ട രീതിയിൽ പരിചരിക്കാത്തതാണ് ഇത്രയധികം ദുരന്തങ്ങൾ സൂപ്പിക്കടയെ ബാധിച്ചതെന്നാണ് പുതിയ കണ്ടെത്തൽ. എന്നാൽ ഇത് ശവകൂടീരം തന്നെയാണോ എന്നും അങ്ങനെയെങ്കിൽ ആരുടേതാണെന്നുമുള്ളതിന് യാതൊരു തെളിവുകളും ആർക്കുമില്ല. സ്ഥലമുടക്കും ഈ പ്രചരണം നടത്തുന്നവർക്കും ഇതിന്റെ മറവിൽ കച്ചവടത്തിന് കോപ്പുകൂട്ടുന്നവർക്കുപോലും ഇതാരുടേതാണെന്നത് അറിയില്ല.

നാല് വരി കല്ലുകൊണ്ട് പടുത്തുയർത്തിയ കണ്ടാൽ കാലപ്പഴക്കം തോന്നിക്കുന്ന ഈ തറ ശവക്കല്ലറ തന്നെയാണോ എന്നും സംശയമാണ്. ഈ സംശയങ്ങളും പ്രചരങ്ങളും നിലനിൽക്കെ തന്നെ സ്ഥലമുടമയുടെയും ഏതാനും ചില കപടവിശ്വാസികളുടെയും നേതൃത്വത്തിൽ ഈ കൽതറക്ക് ചുറ്റും വലിയ കെട്ടിടവും പ്രാർത്ഥനക്കുള്ള സൗകര്യങ്ങളും പ്രാർത്ഥിക്കാനെത്തുന്നവർക്കുള്ള ടോയ്ലറ്റ് സൗകര്യങ്ങളും തകൃതിയായി ഒരുങ്ങുന്നുണ്ട്. ഈ മഖ്ബറ(ശവകുടീരം) ആരുടേതാണെന്നറിയില്ലെങ്കിലും ഇനി ഇത് മഖ്ബറ തന്നെയാണെന്ന് ഉറപ്പില്ലെങ്കിൽ പോലും ഇതൊരു വരുമാനമാർഗ്ഗമാണെന്ന് നിശ്ചയമുള്ളവർ ഇതിന്റെ പിറികിൽ നിക്ഷേപവും നടത്തിക്കഴഞ്ഞിരിക്കുന്നു.

മഖ്ബറയുടെ കഥ (കേട്ടുകേൾവി മാത്രം, തെളിവുകളില്ല)
സൂപ്പിക്കടയിലെ കപ്പള്ളി അബ്ദുള്ളക്ക് പാരമ്പര്യമായി വീതിച്ചുകിട്ടിയ സ്ഥലത്ത്് കാലങ്ങളായി ആരുടേതാണെന്ന് അറിയാത്ത ഒരു ശവകുടീരമെന്ന് നാട്ടുകാർ പറയപ്പെടുന്ന ഈ കൽതറയുണ്ട്. 400 വർഷങ്ങൾക്ക് മുമ്പ് ഇവിടൊരു സൂഫി വര്യനുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ശവക്കല്ലറയാണിതെന്നുമാണ് നാട്ടുകാരിൽ ചിലർ വിശ്വസിച്ചുപോരുന്നത്. ഇത്തരത്തിൽ പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ ഇത് കേട്ടുകേൾവി മാത്രമാണ്.

ഇതാരുടേതാണെന്നോ, അതല്ല ഒരു ശവം അടക്കം ചെയ്ത സ്ഥലമാണോ എന്നുള്ളതിന് ശാസ്ത്രീമായ യാതൊരു തെളിവുകളും രേഖകളുമില്ല. സ്ഥലമുടമയും അയാൾ ഏർപ്പാടാക്കിയതോ അതല്ല കച്ചവടസാധ്യത മുന്നിൽ കണ്ട് കൂടെക്കൂടിയവരോ ആയ ഏതാനും ചിലർ ഇപ്പോഴും ഇതിന്റെ ചരിത്രമെന്ന പേരിൽ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. പ്രദേശത്തെ ഏറ്റവും മുതിർന്നയാളും ഈ പറമ്പിൽ ഈ കൽത്തറ അയാളുടെ ഓർമ്മവെച്ചനാൾ മുതൽ കണ്ടുവരുന്നുണ്ട്. എന്നാൽ ഇത് പറയപ്പെടുന്ന തരത്തിലുള്ളൊരു സൂഫിവര്യന്റെ ഖബറിടമാണെന്നതിന് ഉറപ്പ് പറയാൻ അയാൾക്കുമാവുന്നില്ല.

വർഷങ്ങൾക്കിപ്പുറം മഖ്ബറ വീണ്ടും ചിത്രത്തിൽ തെളിയുന്നു
രാജ്യത്തെ തന്നെ ഞട്ടിച്ച നിപ്പവൈറസ്, തൊട്ടുപിന്നാലെയെത്തിയ ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, ഇവ രണ്ടിന്റെയും പരിണിത ഫലമായുണ്ടായ പകർച്ചവ്യാധികൾ, ഇതൊന്നുമല്ലാത്ത അനേകായിരം റോഡപകടങ്ങൾ ഇതെല്ലാം സൂപ്പിക്കടയെന്ന കൊച്ചുഗ്രാമത്തെ അപകടകരമായി ബാധിച്ചെന്നുള്ളത് സത്യമാണ്. പഴംതീനി വവ്വാലുകളിൽ നിന്നാണ് സൂപ്പിക്കടയിൽ നിപ്പ വൈറസ് ബാധയുണ്ടായതെന്നും, പരിസ്ഥിതിയെ ചൂഷണം ചെയ്തതും അശാസ്ത്രീയമായ വികസനങ്ങളുമാണ് ഉരുൾപൊട്ടലുകൾക്കും പ്രളയത്തിനും കാരണമെന്നും, ട്രാഫിക് നിയമലംഘനങ്ങളും റോഡിലെ കുഴികളുമാണ് റോഡപകടങ്ങൾക്ക് കാരണമെന്നും തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേൽപ്രസ്ഥാവിച്ച അപകടങ്ങൾക്കെല്ലാം ഈ കപട വിശ്വാസികളുടെ, ആത്മീയകച്ചവടക്കാരുടെ പ്രചരണത്തിൽ ഒറ്റ കാരണമാണുള്ളത്. അത് നേരത്തെ സൂചിപ്പിച്ച നാലുവരി കല്ല്കൊണ്ട് പടുത്തുയർത്തിയ ഈ തറ സംരക്ഷിക്കാത്തതിനാലാണത്രെ.

ഇവിടെയാണ് പുതിയ കാലത്തെ സാഹചര്യങ്ങളിലേക്ക് നാലുവരി കല്ലുകൊണ്ട് പടുത്തുയർത്തിയ ഈ തറയെ പുനഃപ്രതിഷ്ഠിക്കുന്നത്. ഇത് നേരത്തെ പറയുകയാണെങ്കിൽ സർക്കാറിന് ഇത്രയധികം പണം ചെലവാക്കി ഈ വിപത്തുകളെയെല്ലാം ചെറുത്ത് തോൽപിക്കുന്നതിന് പകരം ചെറിയൊരു ഫണ്ട് നൽകി ഈ തറ സംരക്ഷിച്ചാൽ മതിയായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ ഇപ്പോഴാണത്രെ ഒരാൾക്കുണ്ടായ ദിവ്യദൃഷ്ടിയിലൂടെ ഇതാണ് കാരണമെന്ന് കണ്ടെത്തിയത്. സ്വപ്നത്തിലാണ് ഈ കാരണം കണ്ടെത്തിയതെന്നാണ് പ്രചരണം. എന്നാൽ ആരാണ് സ്വപ്നം കണ്ടതെന്ന് പ്രചരണം നടത്തുന്നവർ പുറത്ത് പറഞ്ഞിട്ടില്ല.

സ്വപ്നമാണെങ്കിലും അല്ലെങ്കിലും ഈ തറയെ ചുറ്റിപ്പറ്റി നിക്ഷേപങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രാരംഭ ഘട്ടമെന്ന രീതിയിൽ തറക്ക് ചുറ്റും പുതിയ കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുന്നു. ചുമരുകളും, കട്ടിളകളും പൂർത്തിയായിട്ടുണ്ട്. മേൽക്കൂരയുടെയും തറ മിനുസപ്പെടുത്തുന്നതിന്റെയും പണികൾ നടന്നുകൊണ്ടിരിക്കുന്നു. ആരെങ്കിലും പ്രാർത്ഥിക്കാൻ വരികയാണെങ്കിൽ അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കക്കൂസുകൾക്ക് സ്ഥാനം നിർണയിച്ച് കുറ്റിയടിച്ചിരിക്കുന്നു. വടകരയിൽ നിന്നുള്ള സാലി എന്നയാളാണ് പ്രാഥമിക നിക്ഷേപം നടത്തിയിട്ടുള്ളത്. ഒന്നു മുടക്കിയാൽ നാലായി തിരികെ പിടിക്കുന്ന ബിസിനസുകാരനാണ്. ലാഭം കണ്ട് മാത്രമാണ് പണമിറക്കിയിരിക്കുന്നത്.

എന്നാൽ വസ്തുതാപരമായി യാതൊരു തെളിവുകളുമില്ലാത്തൊരു കൽത്തറയുടെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെതിരെയും കപടവിശ്വാസം പ്രചരിപ്പിക്കുന്നതിനെതിരെയും നാട്ടുകാരുടെ ഇടയിൽ നിന്ന് പ്രതിഷേധങ്ങളുയരുന്നുണ്ട്. സ്ഥലത്തെ ഏറ്റവും മുതിർന്ന ആൾക്ക് പോലും ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകളോ രേഖകളോ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടെ നടക്കുന്നത് കോടികളുടെ ആത്മീയ കച്ചവടത്തിനുള്ള ശ്രമങ്ങളാണെന്നാണ് പ്രധാന ആരോപണം. സമീപത്തുള്ള കുയ്യണ്ടം മഹല്ല് പള്ളിയിലെ പുരോഹിതൻ സൈദലവി മദനി പരസ്യമായി ഈ ആത്മീയ ചൂഷണത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ നിർമ്മാണത്തെ എതിർക്കണമെന്നും ഇത്രയധികം അപകടങ്ങളുണ്ടാക്കി ആളുകളുടെ ജീവനെടുത്തത് കപടവിശ്വാസികൾ പ്രചരിപ്പിക്കുന്നത് പോലെ ഇത് സംരക്ഷിക്കാത്തതിനാലാണെങ്കിൽ ആളെകൊല്ലുന്ന ഈ നാലുവരിക്കല്ലിൽ പണിത തറ പൊളിച്ചുനീക്കുകയാണ് വേണ്ടത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേ സമയം സ്ഥലമുടമയും ഇതിനെ ചുറ്റിപ്പറ്റി കൂടെക്കൂടിയവരും പറയുന്നത് തുടങ്ങിയ പണികൾ പൂർത്തിയാക്കി ഇതൊരു ആത്മീയ കച്ചവട കേന്ദ്രമാക്കുമെന്ന് തന്നെയാണ്. തന്റെ സ്ഥലത്ത് തനിക്കിഷ്ടമുള്ളത് താൻ നിർമ്മിക്കുമെന്നും അതിന് ആരുടെയും സഹായം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥലമുട കപ്പള്ളി അബ്ദുള്ള പറയുന്നു. ഇപ്പോൾ പണം മുടക്കിയിരിക്കുന്ന വടകരക്കാരൻ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം സഹായിച്ചതാണ്. അത്തരത്തിൽ ആരെങ്കിലും വന്നാൽ തടയുകയുമില്ല. ആരെയും നിർബന്ധിച്ച് ഇങ്ങോട്ട് പ്രാർത്ഥിക്കാൻ വിളിച്ചിട്ടില്ല. നേർച്ചയും നടത്തുന്നില്ല. എല്ലാ വിധ കെട്ടിട നിർമ്മാണ നിയമങ്ങളും പാലിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇത് പൊളിക്കുകയാണെങ്കിൽ ആദ്യം മടവൂരിലും മമ്പുറത്തുമൊക്കെയുള്ള ജാറങ്ങളും മഖ്ബറകളും പൊളിക്കട്ടെയെന്നും കപ്പള്ളി അബ്ദുള്ളയും കൂടെയുള്ളവരും പറയുന്നു.

മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞ് വിളിക്കുന്നവരോട് തനിക്കൊന്നും സംസാരിക്കാനില്ലെന്നും ഇതും പറഞ്ഞ് ആരും തന്റെ പറമ്പിലേക്ക് കയറേണ്ട എന്നുമാണ് സ്ഥലമുടമയും കൂട്ടരും പറയുന്നത്. അതൊരു ചെറിയ ഭീഷണിയുടെ സ്വരത്തിലുമാണ്. ഇതിനിടെ നിർമ്മാണം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്ന കരാറുകാരൻ പിന്മാറിയിട്ടുണ്ട്. കരാറുകാരൻ ജാഫർ കൂനിയോടാണ് നിർമ്മാണ പ്രവർത്തികളിൽ നിന്ന് പിന്മാറിയത്. ഇയാൾ പിന്മാറിയെങ്കിലും പുതിയ ആളുകളെ കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP