Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ്പാ വൈറസ്: രണ്ടാം ഘട്ടം ഭീതിയൊഴിഞ്ഞു; ജൂൺ 30 വരെ നിരീക്ഷണം തുടരും; യാത്രയ്‌ക്കോ ജോലിക്കു പോകുന്നതിനോ കോഴിക്കോട്ടുകാരും മലപ്പുറംകാരും പേടിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ്; മുൻകരുതലായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12-ലേക്ക് നീട്ടി; സേ-ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂൺ 12ലേക്കു മാറ്റിവച്ചതായി ഹയർസെക്കൻഡറി വകുപ്പ്

നിപ്പാ വൈറസ്: രണ്ടാം ഘട്ടം ഭീതിയൊഴിഞ്ഞു; ജൂൺ 30 വരെ നിരീക്ഷണം തുടരും; യാത്രയ്‌ക്കോ ജോലിക്കു പോകുന്നതിനോ കോഴിക്കോട്ടുകാരും മലപ്പുറംകാരും പേടിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ്;  മുൻകരുതലായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12-ലേക്ക് നീട്ടി;  സേ-ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂൺ 12ലേക്കു മാറ്റിവച്ചതായി ഹയർസെക്കൻഡറി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ വൈറസിന്റെ രണ്ടാം ഘട്ടം പൂർണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നതതലയോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകൾ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.

രണ്ടായിരത്തോളം പേരാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകാൻ കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉന്നതതലയോഗത്തിനിടയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ കോഴിക്കോട്, മലപ്പുറാ കളക്ടർമാരുമായി സംസാരിച്ചു.

നിപ്പ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജൂൺ പകുതിയോടെ ആശങ്കകൾക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

ജൂൺ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂൺ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധപ്രവർത്തനത്തിന്റെ വിവരങ്ങളും ഐടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കലക്ടർക്ക് ഐടി വകുപ്പ് ലഭ്യമാക്കും.

രോഗം ബാധിച്ചവരുമായി അടുത്ത് സമ്പർക്കം പുലർത്തിയതിനാൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവർക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇല്ലെന്ന് യോഗം വിലയിരുത്തി. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ രോഗം പിടിപെടാൻ സാധ്യതയുള്ളൂ.

അതിനിടെ, നിപ്പാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോടുള്ള കമ്പിനിയിലെ ജീവനക്കാരനായ ഇയാൾ പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് അവിടെ ആരോടും വിവരം പറയാതെ സ്വന്തം കാറിൽ കായംകുളത്തുള്ള വീട്ടിലേക്കു തിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അവശനിലയിലായ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പ്രഥമ പരിശോധനയിൽ തന്നെ ഇയാൾക്ക് നിപ്പാ ലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.

അതേസമയം തൃശൂർ സ്വദേശിയായ യുവതിക്ക് പന്നിപ്പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച് വണ് എവണ് സ്ഥിരീകരണത്തിനുവേണ്ടി യുവതിയുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.മറ്റൊരാളെ ഡിഫ്തീരിയ ബാധിച്ചും ഇവിടെ എത്തിച്ചിട്ടുണ്ട്. ഇയാളുടെ രോഗം ജില്ലാ മെഡിക്കൽ ഓഫിസർ സ്ഥിരീകരിച്ചു.

നിപ്പ മുൻകരുതൽ എന്ന നിലയ്ക്ക് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12-ാം തീയതിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒഴികെയുള്ള തലശ്ശേരി, ഇരിട്ടി താലൂക്കിലെ കോളേജുകളും ജൂൺ 12 ന് മാത്രമേ തുറക്കുകയുള്ളൂ. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കിലെ കോളേജുകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 5 ന് തന്നെ തുറക്കും.
കണ്ണൂർ ജില്ലയിൽ ഇതുവരെ ഒരു നിപ്പ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരാവേണ്ട കാര്യമില്ല. മുൻ കരുതൽ എന്ന നിലയ്ക്കാണ് സ്‌കൂളുകളും, കോളേജുകളും തുറക്കുന്നത് നീട്ടിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12ലേക്കു മാറ്റിവച്ചതായി ഹയർസെക്കൻഡറി വകുപ്പ് അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ വൈറസ് ഭീഷണിയെ തുടർന്നാണ് മാറ്റം. പുതുക്കിയ എക്സാം ടൈംടേബിൾ ഹയർ സെക്കൻഡറിയുടെ വെബ്സൈറ്റിൽ പിന്നീട് ലഭ്യമാകും.നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള നിരവധി പരീക്ഷകൾ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP