Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർഭയ കേസിലെ പ്രതികൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതോടെ ആരാച്ചാരെ തേടി തിഹാർ ജയിൽ അധികൃതർ; നറുക്ക് വീഴാൻ സാധ്യത മീററ്റ് ജയിലിലെ പവൻ ജലാദിന്:' നിർഭയയോട് അവർ കാട്ടിയതുകൊടുംക്രൂരത..ഈ ശിക്ഷ അവർ അർഹിക്കുന്നു; നാലുപേരെയും തൂക്കിലേറ്റണമെന്ന് കോടതി പറഞ്ഞാൽ അതനുസരിക്കും; ഇന്ദിരാഗാന്ധി കൊലപാതകക്കേസിലെ പ്രതികളെ തൂക്കിലേറ്റിയത് മുത്തച്ഛൻ കല്ലുജലാദ്; ആരാച്ചാർമാരുടെ കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ഇത് കടമയെന്നും പവൻ

നിർഭയ കേസിലെ പ്രതികൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതോടെ ആരാച്ചാരെ തേടി തിഹാർ ജയിൽ അധികൃതർ; നറുക്ക് വീഴാൻ സാധ്യത മീററ്റ് ജയിലിലെ പവൻ ജലാദിന്:' നിർഭയയോട് അവർ കാട്ടിയതുകൊടുംക്രൂരത..ഈ ശിക്ഷ അവർ അർഹിക്കുന്നു; നാലുപേരെയും തൂക്കിലേറ്റണമെന്ന് കോടതി പറഞ്ഞാൽ അതനുസരിക്കും; ഇന്ദിരാഗാന്ധി കൊലപാതകക്കേസിലെ പ്രതികളെ തൂക്കിലേറ്റിയത് മുത്തച്ഛൻ കല്ലുജലാദ്; ആരാച്ചാർമാരുടെ കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ഇത് കടമയെന്നും പവൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കേസിലെ നാലുപ്രതികളെ തൂക്കിലേറ്റാൻ മരണ വാറന്റ് പുറപ്പെടുവിച്ചതോടെ, തിഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടിയുള്ള പരക്കംപാച്ചിലിലാണ്. മീററ്റ് ജയിലിലെ ഒരുആരാച്ചാരെയാണ് തിഹാർ ജയിൽ അധികൃതർ ഇതിനായി നോക്കി വച്ചിരിക്കുന്നത്. മറ്റുതടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ, മീററ്റ് ജയിലിലെ പവൻ ജലാദായിരിക്കും ജനുവരി 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കിലേറ്റുന്നത്. യുപി ജയിൽ അധികൃതർക്ക് ഇക്കാര്യം കാട്ടി തിഹാർ ജയിൽ അധികൃതർ കത്തയയ്ക്കും.

താൻ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറാണെന്ന് പവൻ ആജ്തക്ക് ചാനലിനോട് പറഞ്ഞു. മീററ്റ് ജയിലിലെ മൂന്നാം തലമുറ ആരാച്ചാരാണ് പവൻ. തൂക്കിക്കൊല സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ, അങ്ങനെ സംഭവിക്കുമെന്നാണ് പവന്റെ വിശ്വാസം. ഈ തൂക്കിലേറ്റലോടെ, രാജ്യത്തെ 130 കോടി ജനങ്ങൾ സമാധാനം കണ്ടെത്തും. നിർഭയയോട് അവർ കാട്ടിയതുകൊടുംക്രൂരതയാണ്. അവരെ തൂക്കിലേറ്റണം, പവൻ പറഞ്ഞു.

തൂക്കിലേറ്റൽ പ്രക്രിയയെ കുറിച്ചും പവൻ വാചാലനായി. തീയതിക്ക് രണ്ടുമൂന്നുദിവസം മുമ്പേ തന്നെ ഞാൻ തിഹാർ ജയിലിൽ എത്തും. ആദ്യം തൂക്കുമരവും കയറും പരിശോധിക്കും. പിന്നെ പ്രതികളുടെ ഭാരം നോക്കും. മണൽ നിറച്ച ചാക്കുകൾ ഉപയോഗിച്ച് ട്രയൽ നടത്തും, പവൻ വിശദീകരിച്ചു. തൂക്കിലേറ്റുന്ന ദിവസം പ്രതികളുമായി ഒരുആശയവിനിമയവും ആരാച്ചാർക്ക് ഉണ്ടാവില്ല. പവൻ ജലാദ് ആരാച്ചാർമാരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഇന്ദിരാഗാന്ധി കൊലപാതകക്കേസിലെ രണ്ടുപ്രതികളെ തൂക്കിലേറ്റിയത് പവന്റെ മുത്തച്ഛൻ കല്ലു ജലാദാണ്. ഇതുകൂടാതെ കുപ്രസിദ്ധ ക്രിമിനലുകളായ രങ്കയെയും ബില്ലയെയും തൂക്കിക്കൊന്നതും അദ്ദേഹമാണ്. കഴിഞ്ഞ മാസം ആജ് തക്കിൽ ഒരുപാനൽ ചർച്ചയ്ക്ക് എത്തിയപ്പോൾ താൻ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധനാണെന്ന് അറിയിച്ചിരുന്നു. ഇതോടെ താൻ മുത്തച്ഛന്റെ റെക്കോഡ് താൻ തകർക്കുമെന്നും പവൻ പറഞ്ഞു. നാലുപേരേയും തൂക്കിലേറ്റണമെന്ന് കോടതി പറഞ്ഞാൽ താൻ അത് ചെയ്യും. പട്യാല, ജയ്പുർ, ആഗ്ര, അലഹാബാദ് എന്നിവിടങ്ങളിലായി ഇതിന് മുൻപ് താൻ അഞ്ചുപേരെ തൂക്കിലേറ്റിയിട്ടുണ്ട്. രണ്ടുപേരെ ഒരുമിച്ച് തൂക്കിലേറ്റിയിട്ടുണ്ടെങ്കിലും നാലുപേരെ ഒരുമിച്ച് ഇതാദ്യമാവും. ആരാച്ചാർ എന്ന് വിളിക്കുന്നതിൽ നാണക്കേടൊന്നുമില്ല പവന്. കുടുംബ തൊഴിലാണിത്, പവൻ പറഞ്ഞുനിർത്തി.

ഡൽഹി പട്യാല കോടതി മരണ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. മൂന്നാം നമ്പർ ജയിലിൽ ആയിരിക്കും പ്രതികളെ തൂക്കിലേറ്റുക. പ്രതികളിൽ മൂന്നുപേരെ രണ്ടാം നമ്പർ ജയിലിലും ഒരാളെ നാലാം നമ്പർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. നാഗ്പൂർ സെൻട്രൽ ജയിലിൽ യാക്കൂബ് മേമനെ തൂക്കിലേറ്റിയ ശേഷം ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമാണ്.

സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിധി നടപ്പാവുന്നത്. ദയാ ഹർജിയും തിരുത്തൽ ഹർജിയും നൽകുമെന്ന് പ്രതിയുടെ അഭിഭാഷകർ അറിയിച്ചു. പ്രതികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ശേഷമാണ് ജഡ്ജി മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിൽ പ്രതികളായ നാല് പേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചുള്ള തീരുമാനം എടുത്തത്. അക്ഷയ് താക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്, രാം സിങ്, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളും കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ 2015 ൽ ജയിൽ മോചിതനായി. തന്റെ മകൾക്ക് നീതി കിട്ടിയെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. ഏഴ് വർഷത്തെ തന്റെ പരിശ്രമങ്ങൾക്ക് ഫലം കണ്ടുവെന്നും അവർ മാധ്യമങ്ങളോടുപറഞ്ഞു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജി നേരത്തെ ഡൽഹി കോടതി പരിഗണിച്ചിരുന്നില്ല. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നത്. ഈ ഹർജിക്ക് മുമ്പായി വാദം കേൾക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. കുറ്റവാളികളെ ഡിസംബർ 16 ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് നിർഭയ പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂര മർദനത്തിനും ഇരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജനലുകൾ അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് അവിന്ദ്ര പ്രതാപ് പാണ്ഡെ ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർദ്ധനഗ്‌നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽ നിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിങ്കപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. അവീന്ദ്ര പ്രതാപ് പാണ്ഡെ നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യം കൈവരിച്ചു.

പെൺകുട്ടി ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. അവളുടെ മാതാപിതാക്കൾ പക്ഷെ ഉത്തർപ്രദേശിലെ ബാലിയ ജില്ല സ്വദേശികളാണ്. ഫിസിയോതെറാപ്പി പരിശീലന വിദ്യാർത്ഥിയായിരുന്ന നിർഭയയുടെ പഠനാവശ്യത്തിനായി അച്ഛൻ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അവിന്ദ്ര പ്രതാപ് പാണ്ഡെ, ഗോരഖ്പൂറിൽ നിന്നുള്ള ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. കാട്ടുതീ പോലെയാണ് ഈ വാർത്ത രാജ്യമൊട്ടുക്കും പുറത്തും പടർന്നത്. തുടർന്ന് തലസ്ഥാനത്ത് യാതൊരു പ്രേരണയുമില്ലാതെ തന്നെ ജനങ്ങൾ ഒഴുകിയെത്തി. റൈസിന കുന്നിലും ഇന്ത്യാ ഗേറ്റിലുമായി ഡിസംബർ 21 ന് പ്രതിഷേധ കൂട്ടായ്മ നടന്നു. പൊലീസിന്റെയും ഭരണാധികാരികളുടെയും കണക്കൂകൂട്ടലുകളെ അപ്പാടെ തകിടം മറിച്ച് ആയിരക്കണക്കിന് പേരാണ് ഇരു സ്ഥലത്തുമായി ഒന്നുചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP