Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഇടതും വലതും റവന്യൂ മന്ത്രിയുമൊക്കെച്ചേർന്ന് ഒരു ഗ്രാമം കുട്ടിച്ചോറാക്കിയതിന്റെ തെളിവു പുറത്ത്; വി കോട്ടയം എന്ന പാറമട ഇത്രയും നാൾ പ്രവർത്തിച്ചത് പാരിസ്ഥിതികാനുമതിയില്ലാതെ

ഇടതും വലതും റവന്യൂ മന്ത്രിയുമൊക്കെച്ചേർന്ന് ഒരു ഗ്രാമം കുട്ടിച്ചോറാക്കിയതിന്റെ തെളിവു പുറത്ത്; വി കോട്ടയം എന്ന പാറമട ഇത്രയും നാൾ പ്രവർത്തിച്ചത് പാരിസ്ഥിതികാനുമതിയില്ലാതെ

പത്തനംതിട്ട: ഇടതായാലും വലതായാലും മന്ത്രിയായാലും എന്നും മാഫിയകൾക്കൊപ്പമാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഒരു നാടിന്റെ പരിസ്ഥിതി തന്നെ കുട്ടിച്ചോറാക്കി, അവിടുത്തെ ജനങ്ങളെ നിത്യരോഗികളാക്കി മാറ്റിയ പാറമട 10 വർഷം പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായത് ഹരിത ട്രിബ്യൂണലിന് മുന്നിൽ പരാതി എത്തിയപ്പോൾ.

ഒളിഞ്ഞും തെളിഞ്ഞും പാറമടയ്ക്ക് വേണ്ടി പ്രവർത്തിച്ച റവന്യൂ മന്ത്രി അടൂർ പ്രകാശും സംഘവും ഇപ്പോൾ പിടിച്ചു നിൽപ്പിന്റെ പാതയിലാണ്. ഹരിത ട്രിബ്യൂണൽ പാറമടയുടെ പ്രവർത്തനം തടഞ്ഞപ്പോൾ താൻ നാട്ടുകാർക്കൊപ്പമാണെന്ന് വരുത്താനാണ് മന്ത്രിയുടെ ശ്രമം. മന്ത്രിയുടെ സ്വന്തം മണ്ഡലമായ കോന്നിയിലെ വി-കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സിന്റെ പ്രവർത്തനമാണ് നിർത്തിവയ്ക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ചെന്നൈ ബഞ്ച് ഉത്തരവിട്ടത്. ക്വാറിക്കെതിരേ സമരം ചെയ്യുന്ന ഗ്രാമരക്ഷാ സമിതിക്ക് വേണ്ടി ശേഖരൻ നായർ കൊടുത്ത ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ 16 നാണ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടർക്ക് ലഭിച്ചത്. അപ്പോൾ തന്നെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കാൻ കോന്നി തഹസിൽദാരോടും വി.കോട്ടയം വില്ലേജ് ഓഫീസറോടും ഉത്തരവിട്ടു. സ്‌റ്റേ ഉത്തരവ് വന്നിട്ടും ഖനനം തുടരുകയാണ്. ഖനനത്തിന് നൽകിയ പാരിസ്ഥിതിക അനുമതി ട്രിബ്യൂണൽ തടഞ്ഞിട്ടുമുണ്ട്. ആറ് ഹെക്ടറുള്ള ക്വാറി നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമായി വേണം അനുമതി നേടാൻ. ഇവർക്ക് അനുമതി ലഭിച്ചതാകട്ടെ കഴിഞ്ഞ ഒക്‌ടോബറിലും. 2006 ൽ തന്നെ ഈ അനുമതി നേടേണ്ടതായിരുന്നുവെന്ന ഹർജിക്കാരുടെ വാദം ട്രിബ്യൂണൽ അംഗീകരിച്ചു.

അന്ന് മുതൽ 2015 വരെ ക്വാറി പ്രവർത്തനം നിയമവിരുദ്ധമായിരുന്നു. ഉത്തരവിനെത്തുടർന്ന് കോന്നി തഹസിൽദാർ ക്വാറിക്ക് സ്‌റ്റോപ്പ് മെമോ നൽകി. അതേസമയം ഇവിടെനിന്ന് ചരക്ക് നീക്കുന്നതിന് എതിരേ സമരസമിതി രംഗത്തുവന്നു. നിയമം ലംഘിച്ച് പൊട്ടിച്ച പാറ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. നാളെ റോഡ് ഉപരോധിക്കും. സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ സമിതിയുടെ അനുമതിയേയും ഉത്തരവിനേയും ട്രിബ്യൂണൽ ചോദ്യം ചെയ്തിട്ടുണ്ട്. അനുമതി നൽകിയത് ട്രിബ്യൂണൽ പരിശോധിക്കും. തുടിയുരുളിപ്പാറയുടെ പാരിസ്ഥിതിക, പൈതൃക പ്രാധാന്യം വിലയിരുത്തണം. മാത്രമല്ല ഈ പ്രദേശത്ത് വനഭൂമിയും പുറമ്പോക്ക് ഭൂമിയും കൈയേറിയിട്ടുണ്ട് എന്ന വാദവും അംഗീകരിച്ചു. റവന്യൂ ഭൂമി കൈയേറി പാറപൊട്ടിച്ചതിന് അമ്പാടി ഗ്രാനൈറ്റ്‌സിന് 4.57 കോടി റവന്യൂവകുപ്പ് നവംബറിൽ പിഴയിട്ടിരുന്നു.

ഗ്രാമരക്ഷാ സമിതിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ മാസത്തിൽ പാറഖനനം നടക്കുന്ന തുടിയുരുളിപ്പാറയിൽ റവന്യൂ അധികൃതർ സർവേ നടത്തിയതിനെ തുടർന്ന് ഞെട്ടിക്കുന്ന നിയമലംഘനമാണ് നടന്നതെന്നും കണ്ടെത്തിയിരുന്നു. പുറമ്പോക്ക് ഭൂമി കൈയേറി കോടികൾ വിലമതിക്കുന്ന പാറയാണ് പൊട്ടിച്ചു കടത്തിയത്. റവന്യൂ പുറമ്പോക്ക് സ്ഥലത്താണ് അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 30 മീറ്ററോളം ആഴത്തിൽ പാറഖനനം നടത്തുക വഴി 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയിട്ടുള്ളതായാണ് പറയുന്നത്. ഒരു വർഷത്തേക്കാണ് പെർമിറ്റ് നൽകാറുള്ളത്.

ഒരു പരിശോധനകളും നടത്താതെയാണ് സീനിയർ ജിയോളജിസ്റ്റ് ക്വാറികൾക്ക് ഖനനാനുമതി നൽകുന്നതെന്നും റവന്യു വകുപ്പ് നടത്തിയ അനേ്വഷണത്തിൽ കണ്ടെത്തിയിരുന്നു. ജില്ലയിലെ മിക്ക ക്വാറികളുടെയും പ്രവർത്തനവും, ക്വാറി ഉടമ നൽകുന്ന വ്യാജ സത്യവാങ്മൂലവും സ്വീകരിച്ച് നൽകുന്ന അനുമതിയുടെ തുടർച്ചയാണ്. നിലവിൽ പൊട്ടിച്ചിട്ടിരിക്കുന്ന പാറ ഉപയോഗിച്ച് ക്രഷർ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്ന് കാട്ടി നാട്ടുകാർ റവന്യൂമന്ത്രി അടൂർ പ്രകാശിനെ സമീപിച്ചപ്പോഴാണ് ഇരട്ടത്താപ്പ് പുറത്തു വന്നത്. ക്രഷർ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പു കൊടുത്തു. നേരത്തേ ക്വാറിക്കെതിരേ നിരവധി പരാതികൾ നാട്ടുകാർ മന്ത്രിക്ക് നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP