Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിക്കണമെങ്കിൽ സുരേഷ് കുറുപ്പും രാജു എബ്രഹാമും വേണം; ആറ്റിങ്ങലിൽ സത്യനെ മാറ്റുന്നത് ആലോചിക്കാനേ വയ്യ; എന്നിട്ടും മന്ത്രിയാക്കില്ലെന്നത് പോട്ടെ സംസ്ഥാന കമ്മറ്റിയിൽ പോലും മൂവർക്കും ഇടമില്ല; ഇന്നലെ കയറി വന്ന സീമ വരെ എത്തിയിട്ടും ജനകീയ നേതാക്കളോട് എന്തേ സിപിഎമ്മിന് ഇത്ര വിരോധം ? സിപിഎമ്മിൽ പിടിമുറുക്കിയ കണ്ണൂർ ലോബിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പാർട്ടി പ്രവർത്തകർ

ജയിക്കണമെങ്കിൽ സുരേഷ് കുറുപ്പും രാജു എബ്രഹാമും വേണം; ആറ്റിങ്ങലിൽ സത്യനെ മാറ്റുന്നത് ആലോചിക്കാനേ വയ്യ; എന്നിട്ടും മന്ത്രിയാക്കില്ലെന്നത് പോട്ടെ സംസ്ഥാന കമ്മറ്റിയിൽ പോലും മൂവർക്കും ഇടമില്ല; ഇന്നലെ കയറി വന്ന സീമ വരെ എത്തിയിട്ടും ജനകീയ നേതാക്കളോട് എന്തേ സിപിഎമ്മിന് ഇത്ര വിരോധം ? സിപിഎമ്മിൽ പിടിമുറുക്കിയ കണ്ണൂർ ലോബിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പാർട്ടി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎമ്മിന് ജനകീയ മുഖങ്ങളോട് എന്തിത്ര വിരോധം? കെ ആർ ഗൗരിയമ്മയേയും എംവി രാഘവനേയും വി എസ് അച്യുതാനന്ദനേയും വരെ ഒതുക്കിയും ഇപ്പോൾ തോമസ് ഐസക്കിനെ മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നതും ജനകീയ മുഖം കൊണ്ട് മാത്രമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. കണ്ണൂർ ലോബിയുടെ കേഡർ സ്വഭാവത്തിൽ പെടാത്ത ജനകീയ നേതാക്കളോട് ഏക്കാലത്തും കാണുന്ന അനീതിക്ക് ഏറ്റവും ഒടുവിൽ ഇരയാക്കുന്നതു കോട്ടയത്ത് നിന്നുള്ള സുരേഷ് കുറുപ്പും പത്തനംതിട്ടയിൽ നിന്നുള്ള രാജു എബ്രഹാമും ആറ്റിങ്ങലുകാരുടെ സ്വന്തം ബി സത്യനുമാണ്. ജനീയതയും കാര്യക്ഷമതയും മൂലം മൂവരും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷം ഒഴിവാക്കിയതിന്റെ പിന്നാലെ പാർട്ടി സംസ്ഥാന കമ്മറ്റിയിലും പരിഗണിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കോട്ടയത്ത് ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. പാർലമെന്റിലും നിയമസഭയിലും ചുറുചുറക്കോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുന്ന നേതാവ്. പത്തനംതിട്ടയിലും രാജു എബ്രഹാം ഇത്തരത്തിലെ നേതാവാണ്. റാന്നിയിൽ സിപിഎം കോട്ട കാക്കാൻ രാജു എബ്രഹാം തന്നെ വേണം. തിരുവനന്തപുരത്തെ ആറ്റിങ്ങൽ എംഎൽഎയായ ബി സത്യനും ഇത്തരത്തിലെ നേതാവാണ്. ഇവർക്കൊന്നും സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിൽ സ്ഥാനമില്ല. കോളേജ് അദ്ധ്യാപിക പദവി രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ ടിഎൻ സീമ സിപിഎം സംസ്ഥാന സമിതിയിൽ എത്തിയിട്ട് നാളുകൾ ഏറെയായി. രാജ്യസഭാ അംഗവുമായി. വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനമാണ് കിട്ടിയത്. അഞ്ച് കൊല്ലം സിപിഎം സ്ഥാനാർത്ഥി ജയിച്ച പാരമ്പര്യമുള്ള തിരുവനന്തപുരം നോർത്തിന്റെ പുതിയ രൂപമാണ് വട്ടിയൂർക്കാവ്. ഇത്തരത്തിലെ നേതാക്കൾ പോലും ജനകീയതയുടെ പിൻബലമില്ലാതെ സിപിഎമ്മിൽ പ്രധാനികളാകുന്നു. പക്ഷേ സുരേഷ് കുറുപ്പും സത്യനും രാജു എബ്രഹാമും ഔട്ടും.

പാർട്ടി നയരേഖകൾ ഗുഗിളിൽ നോക്കിയിട്ട് കാര്യമില്ലെന്നും അത് വായിച്ചു പഠിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത് തൃശൂരിലാണ്. ഷംസീറിനേയും റിയാസിനേയും ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നിട്ടും ഇരുവരും സിപിഎം സംസ്ഥാന സമിതിയിൽ എത്തി. അപ്പോഴും ജനകീയ നേതാക്കളെ സിപിഎം തഴഞ്ഞു. സിപിഎമ്മിൽ കണ്ണൂർ ലോബി പിടിമുറുക്കുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്തുകാരൻ പിരപ്പിൻകോട് മുരളിയെ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി. ഈ ഒഴിവിലേക്ക് പോലും തിരുവനന്തപുരത്തുകാരനായ സത്യനെ പരിഗണിച്ചില്ല. ഇതും അണികളിൽ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. ജനകീയത കൈവിട്ട് മുന്നോട്ട് പോകുന്നതാണ് സിപിഎം നേരിടുന്ന വലിയ പ്രതിസന്ധി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കാൻ ശക്തമായ മുഖം ഇല്ലാത്തതിന് കാരണവും ഈ നയമാണെന്ന് അണികൾ പറയുന്നു. ഷംസീറിനേയും റിയാസിനേയും പരിഗണിക്കുന്നവർ എന്തുകൊണ്ട് സുരേഷ് കുറുപ്പിനും രാജു എബ്രഹാമിനേയും തള്ളുന്നുവെന്നത് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാകുന്നു.

സിപിഎമ്മിലെ വിഭാഗീയത പൂർണ്ണമായും തീർന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ സംസ്ഥാന സമിതിയിൽ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ അടിച്ചൊതുക്കുന്നു. എന്തിനാണ് സികെ സദാശിവനെ സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെന്നതിന് മറുപടികളില്ല. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു സികെ. തിരുവനന്തപുരത്തുകാരൻ പിരപ്പിൻകോട് മുരളിയെ പ്രായത്തിന്റെ പേരിൽ ഒഴിവാക്കിയപ്പോൾ കോലിയക്കാട് കൃഷ്ണൻനായർ എന്ന മുതിർന്ന സഖാവിന് സംസ്ഥാന കമ്മറ്റിയിലും നിയമസഭയിൽ എംഎൽഎയായും തുടരാം. ഇത് എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ്. ഇതിന് ശേഷം പാർട്ടിയിൽ വിഭാഗീയതയില്ലെന്ന് പറയുകയും ചെയ്യുന്നു. കണ്ണൂർ ലോബിയെ ഭയന്ന് മിണ്ടാതിരിക്കുന്നവർ മാത്രമാണ് ഇന്ന് സംസ്ഥാന സമിതിയിൽ ഉള്ളതെന്നും പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. സുരേഷ് കുറുപ്പിനേയും രാജു എബ്രഹാമിനേയും അയിഷാ പോറ്റിയേയും എസ് ശർമ്മയയേയും പോലുള്ള മിടുക്കരെ മന്ത്രിയാക്കാതെ ഒഴിവാക്കിയ രീതി ഇപ്പോഴും സിപിഎമ്മിൽ ഉണ്ടെന്ന് തന്നെയാണ് സിപിഎം സംസ്ഥാന സമ്മേളനവും തെളിയിക്കുന്നത്.

മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം അഞ്ചുവട്ടം ജയിച്ചിട്ടും മന്ത്രിയാക്കാത്തത് അണികളെ പോലും ഞെട്ടിച്ചിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതിലും അസ്വസ്ഥതയുണ്ട്. ആറ്റിങ്ങലിൽ ന്നും റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സത്യനെ മന്ത്രിയാക്കാത്തതും പ്രതിഷേധത്തിന് ഇടനൽകി. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മറ്റിയിലും ഇവരെ ഒഴിവാക്കുന്നത്. സത്യനേയും സുരേഷ് കുറുപ്പിനേയും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയവരുമുണ്ട്. മന്ത്രിസഭയിൽ പ്രാദേശിക സന്തുലനാവസ്ഥ പാലിക്കേണ്ടി വരുന്നതിനാലാണ് ഈ പേരുകാർ ഒഴിവാകുന്നതെന്ന ന്യായമാണ് പാർട്ടി പറയുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് മൂന്ന് പേർക്ക് മന്ത്രിയാകും. മറ്റ് ജില്ലകളിലെ മികച്ച നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് സംസ്ഥാന സമിതി തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകൾലഭിച്ചു.ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ 25201 വോട്ടുകൾ നേടി. എസ്.എൻ.ഡിപി യോഗം പത്തനം തിട്ട യൂണിയൻ പ്രസിഡന്റാണ് കെ പത്മകുമാർ. പരമ്പരാഗതമായി കോൺഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാൽ മാത്യു ടി തോമസ് പത്തനംതിട്ടയിൽ നിന്ന് മന്ത്രിയാകുന്നതിനാൽ രാജു എബ്രഹാം വേണ്ടെന്നാിരുന്നു സിപിഎം തീരുമാനം. ജനകീയനായ ഈ മുഖത്തെ എന്തിന് സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെന്നതും ദുരൂഹമായി തുടരും. അടുത്ത സമ്മേളനത്തിലും ആരും രാജുവിനെ പരിഗണിക്കില്ല.

സിപിഎമ്മിൽ രണ്ട് തവണയിലധികം മത്സരിച്ച് ജയിച്ച എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകുക പതിവില്ലാത്തതാണ്. എന്നാൽ റാന്നിയിലെ സാഹചര്യത്തിൽ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന് അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നിൽക്കുന്ന രാജു എബ്രഹാമിന് മാറ്റിയാൽ തോൽവി ഉറപ്പായിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി രാജു എബ്രഹാം കടന്നുവരുമെന്ന് കരുതിയവരുണ്ട്. എന്നാൽ അതും സംഭവിച്ചില്ല. അഞ്ച് തവണ എംഎൽഎയായ ഈ ജനപ്രതിനിധിയെ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പോലും ആക്കാൻ സിപിഎം തയ്യാറായില്ലെന്നതും അൽഭുതമാണ്. ജനകീയരായ നേതാക്കൾ പത്തനംതിട്ട സിപിഎമ്മിൽ കുറവാണ്. എന്നിട്ടും രാജുവിനെ ആർക്കും വേണ്ട.

ഏറ്റുമാനൂർ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായർ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂർ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്പൻ വിജയം ആവർത്തിച്ചു. കോട്ടയം ലോക്സഭയിൽ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഎം മന്ത്രിസ്ഥാന പട്ടികയിൽ നിന്നും മാറ്റി നിർത്തുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാൻ പോലും സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ കാരണമെന്നാണ് സ്ഥാനാർത്ഥിയായത്. ബിഡിജെഎസ് ഉയർത്തിയ വെല്ലുവിളി പോലും അതിജീവിച്ചാണ് സുരേഷ് കുറുപ്പ് വമ്പൻ വിജയം നേടിയത്.

കണ്ണൂരിന് സമാനമായ പാർട്ടി കോട്ടകളൊന്നും തിരുവനന്തപുരത്തില്ല. എന്നിട്ടും ആറ്റിങ്ങലിൽ സത്യന് 40383 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്നു. സംവരണ മണ്ഡലത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നേതാവാണ് സത്യൻ. എസ്എഫ്ഐയിലെ സജീവ പ്രവർത്തനത്തിനിടെ തന്നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായ യുവ നേതാവാണ് സത്യൻ. ആറ്റിങ്ങലിൽ കഴിഞ്ഞ തവണയാണ് മത്സരത്തിനെത്തിയത്. വമ്പൻ ഭൂരിപക്ഷം സത്യന് മന്ത്രിസ്ഥാനം നൽകുമെന്നും കരുതി. എന്നാൽ മുതിർന്ന നേതാവെന്ന പരിഗണനയിൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP