Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയ ദുരിതാശ്വസം എല്ലാവർക്കും നൽകി എന്നത് സർക്കാരിന്റെ വെറും വീമ്പു പറച്ചിൽ മാത്രം; എറണാകുളം ജില്ലയിൽ ഇനിയും സഹായം ലഭിക്കാതെ കളക്റ്റ്രേറ്റിൽ കാത്തുനിൽക്കുന്നത് നൂറുകണക്കിന് ആളുകൾ; നിയമസഭയിൽ ഉന്നയിച്ചിട്ടുപോലും പരിഹാരമില്ലെന്ന് വി ഡി സതീശൻ എംഎൽഎ; കളക്ടറെ കണ്ട് പരാതി പറയാൻ പോലും അവസരം ലഭിക്കാതെ പ്രളയബാധിതർ

പ്രളയ ദുരിതാശ്വസം എല്ലാവർക്കും നൽകി എന്നത് സർക്കാരിന്റെ വെറും വീമ്പു പറച്ചിൽ മാത്രം; എറണാകുളം ജില്ലയിൽ ഇനിയും സഹായം ലഭിക്കാതെ കളക്റ്റ്രേറ്റിൽ കാത്തുനിൽക്കുന്നത് നൂറുകണക്കിന് ആളുകൾ; നിയമസഭയിൽ ഉന്നയിച്ചിട്ടുപോലും പരിഹാരമില്ലെന്ന് വി ഡി സതീശൻ എംഎൽഎ; കളക്ടറെ കണ്ട് പരാതി പറയാൻ പോലും അവസരം ലഭിക്കാതെ പ്രളയബാധിതർ

ആർ പീയൂഷ്

കൊച്ചി: പ്രളയ ദുരിതാശ്വാസം എല്ലാവർക്കും നൽകി എന്ന് വീമ്പു പറയുന്ന സർക്കാർ എറണാകുളം ജില്ലയിലേക്ക് ഒന്ന് എത്തി നോക്കണം. ഇവിടെ മുപ്പതിനായിരത്തിലധികം പേർക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് നിരവധി പേരാണ് പരാതിയുമായി മാസങ്ങളോളമായി ജില്ലാ കളക്ടർ ഓഫീസിൽ കയറി ഇറങ്ങുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച വടക്കൻ പറവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ളവരാണ് പരാതികൾ അറിയിക്കാനായി കളക്ടറേറ്റിൽ കാത്തു നിൽക്കുന്നത്. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം നിരവധി പേർ ഭക്ഷണം പോലും കഴിക്കാതെ കളക്ടറേറ്റിൽ കാത്തു നിൽക്കുന്ന അവസ്ഥയാണ്. പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി. സർക്കാർ അടിയന്തര സഹായമായി നൽകിയ പതിനായിരം രൂപ മാത്രം ലഭിച്ചവരാണ് മിക്കവരും. അപേക്ഷയിൽ തെറ്റുകൾ കടന്നു കൂടിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലമാണ് പലരും ഏറെ നേരം കാത്തു നിൽക്കുന്നത്. ദിവസവും പരാതി പരിഹാര സെല്ലിൽ നിന്ന് ടോക്കൺ നൽകുന്നത് 120 പേർക്കാണെങ്കിലും ടോക്കൺ ലഭിക്കാത്തവരും പരാതി പറയാനായി കാത്തു നിൽക്കാറുണ്ട്.

വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ പലരും ബന്ധു വീടുകളിലാണ് ഇപ്പോഴും തങ്ങുന്നത്. ഉപജീവന മാർഗ്ഗമായ കൃഷിയും നാൽക്കാലി വളർത്തലുമെല്ലാം നശിച്ചു പോയവർ വേറെയും. പ്രളയത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ വീട്ടിനുള്ളിൽ കിടന്നുറങ്ങാൻ പോലും പേടിയാണ് പലർക്കും. ഇപ്പോൾ പലരുടെയും മക്കളുടെ വിവാഹവും മറ്റ് ആവശ്യങ്ങളും വരുമ്പോൾ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണിവർ. പലതവണ കളക്ടറെ കാണാനെത്തിയെങ്കിലും കാണാൻ കഴിയില്ല എന്നാണ് അധികാരികൾ പറയുന്നത്. പ്രളയത്തിന്റെ പരാതിയാണെങ്കിൽ പരാതി പരിഹാര സെല്ലിൽ കൊടുത്താൽ മതി എന്നാണ് നിർദ്ദേശം. ജില്ലാ ഭരണാധികാരിയെ കണ്ട് തങ്ങളുടെ സങ്കടം പറയാൻ പോലും കഴിയാത്തതിന്റെ വേദനയിലാണ് ഇവർ. ഇന്നാണ് പ്രളയ ദുരിതാശ്വാസ തുക എത്തുമെന്ന് അറിയിച്ച അവസാന തീയതി. എന്നാൽ ഇന്നും അക്കൗണ്ടുകളിൽ പണം എത്തിയില്ല. ഇതിനെ തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കൂട്ടമായി കളക്റ്റ്രേറ്റിലെത്തിയത്. എന്നാൽ ഇന്നും കളക്ടറെ കാണാൻ കഴിയില്ല എന്ന സ്ഥിരം പല്ലവി തന്നെയാണ് അധികാരികൾ പറയുന്നത്.

അതേസമയം, ഈ വിഷയം നിയമസഭയിലടക്കം താൻ പലതവണ ഉന്നയിച്ചെന്നും എന്നാൽ പ്രശ്നത്തിന് പരിഹാരമായില്ലെന്നും വി ഡി സതീശൻ എം എൽ എ ആരോപിച്ചു. സർക്കാരിനു പണമില്ലാത്തതല്ലെന്നും നടത്തിപ്പിലുണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അനുവദിച്ച നിസ്സാര തുക പോലും ജനങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സർക്കാർ ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നില്ല. ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്നും പലരും താമസിക്കുന്നത് ബന്ധുക്കളുടെ വീടുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ ശതകോടികൾ പിരിച്ചിട്ടും എറണാകുളം ജില്ലയിൽ മാത്രം ഇനി സഹായം ലഭിക്കാനുള്ളത് 27,000 പേർക്ക്. ദുരിതാശ്വാസ ഫണ്ട് തീർന്നെന്നാണ് പരാതിയുമായി എത്തിയ പ്രളയ ബാധിതർക്ക് കളക്ടർ നൽകുന്ന മറുപടി. ഒരാഴ്ചക്കകം പണം അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളം ജില്ലയിൽ വീടുകൾക്ക് നഷ്ടം സംഭവിച്ച 27000 പ്രളയബാധിതർക്കാണ് ഇനി ധനസഹായം ലഭിക്കാനുള്ളത്. കളക്റ്റ്രേറ്റിലെ പ്രശ്ന പരിഹാര സെല്ലിന് മുന്നിൽ ദിവസങ്ങളായി ഇത്തരത്തിൽ പരാതിക്കാരുടെ നീണ്ട നിരയാണ്.

ഭാഗീകമായി വീട് നഷ്ടപ്പെട്ടവരാണ് തുക ലഭിക്കാനുള്ളവരിൽ അധികവും. എന്നാൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും പണം ലഭിച്ചിട്ടില്ലെന്ന് ചിലർ പറയുന്നു. കാലവർഷം എത്തും മുൻപ് അറ്റകുറ്റ പണിക്കുള്ള സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം ജില്ലയിൽ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് തീർന്നതിനാലാണ് ധനസഹായം വൈകുന്നത് എന്ന് കളക്ടർ പ്രതികരിച്ചു. 163 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടൻ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും പരാതിക്കാരെ നേരിൽ കണ്ട് കളക്ടർ അറിയിച്ചു. എന്നാൽ, പുതിയ പരാതികളൊന്നും ഇനി സ്വീകരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. ഒരാഴ്ചക്കകം ഈ തുക ലഭിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇതിനോടകം 70000 കുടുംബങ്ങൾക്ക് ജില്ലയിൽ സഹായധനം ലഭ്യമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP