Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിം സംഘടനകളുടെ കൂട്ടായ സമ്മർദതന്ത്രം ഫലം കണ്ടു; സ്‌കൂൾ സമയമാറ്റം സർക്കാർ ഒഴിവാക്കി; മദ്രസാ വിദ്യാഭ്യാസം തകരുമെന്ന തൊടു ന്യായത്തിനുമുന്നിൽ വഴിമാറിയത് കേരളീയ പൊതുസമൂഹം ആഗ്രഹിച്ചിരുന്ന പരിഷ്‌ക്കരണം

മുസ്ലിം സംഘടനകളുടെ കൂട്ടായ സമ്മർദതന്ത്രം ഫലം കണ്ടു; സ്‌കൂൾ സമയമാറ്റം സർക്കാർ ഒഴിവാക്കി; മദ്രസാ വിദ്യാഭ്യാസം തകരുമെന്ന തൊടു ന്യായത്തിനുമുന്നിൽ വഴിമാറിയത് കേരളീയ പൊതുസമൂഹം ആഗ്രഹിച്ചിരുന്ന പരിഷ്‌ക്കരണം

കെ വി നിരഞ്ജൻ

കോഴിക്കോട്:സംഘടിതമായ മതശക്തിതന്നെയാണ് നമ്മുടെ രാഷ്ട്രീയക്കാരെപോലും നിയന്ത്രിക്കുന്നതെന്നതിന് ഇതാ ഒരു തെളിവുകൂടി. സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തി സമയം രാവിലെ പത്തുമണിയെന്നത് ഒമ്പതരക്ക് ആക്കാനുള്ള സർക്കാറിന്റെ നീക്കം, മദ്രസാ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് പറഞ്ഞ് മുസ്ലിം സമുദായ സംഘടനകളുടെ കൂട്ടമായ പ്രതിഷേധത്തിനുമുന്നിൽ ഇല്ലാതായി.ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സ്‌കൂൾ സമയമാറ്റം ഒഴിവാക്കിയതായി വ്യക്തമായി അറിയിച്ചു.

പക്ഷേ കേരളീയ പൊതുസമൂഹം പൊതുവെ സ്വാഗതം ചെയ്ത പുരോഗമനപരമായ ഒരു തീരുമാനമാണ് മുസ്ലിം സംഘടനകളുടെ തൊടുന്യായത്തിൽപെട്ട് ഇല്ലാതായത്.വിദ്യാഭ്യാസ വിചക്ഷണരും നിഷ്പക്ഷമതികളും സ്‌കൂൾ സമയം രാവിലെ അരമണിക്കൂർ നേരെത്തെയാക്കുന്നതിനെഅനുകൂലിച്ചിട്ടും, മുസ്ലീലീഗ് മുതൽ ജമാഅത്തെ ഇസ്ലാമിവരെയുള്ള വിവിധ ധ്രുവങ്ങളിൽനിൽക്കുന്ന സകല മുസ്ലിം സംഘടനകളും ഒന്നിച്ച് എതിർക്കയിരുന്നു. ഇതേതുടർന്നാണ് സമയമാറ്റം വേണ്ടെന്ന് വെച്ചത്.

സ്‌കൂളുകളും സർക്കാർ ഓഫീസുകളും ഒരേസമയത്ത് തുറക്കുന്നതിനാൽ, രാവിലെയുണ്ടാകുന്ന തിരക്ക് ഒരു പരിധിവരെ കുറക്കാമെന്നും കരുതി പൊതുസമൂഹത്തിൽനിന്നും ഈ നീക്കത്തിന് വലിയ പിന്തുണയുണ്ടായി. മാത്രമല്ല വൈകുന്നേരം മൂന്നരക്ക് ക്‌ളാസുകൾ അവസാനിക്കുന്നതിനാൽ എക്‌സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികൾക്കും മറ്റും കുട്ടികൾക്ക് സമയം കിട്ടുകയും ചെയ്യും.ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടും, രാവിലെ അധ്യയനം തുടങ്ങുന്നതാണ് വിദ്യാർത്ഥികളുടെ പഠനത്തിന് ഗുണംചെയ്യുകയെന്നുള്ള വിദഗ്ധരുടെ അഭിപ്രായവും കണക്കിലെടുത്താണ് സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു മാറ്റത്തിന് നീക്കം നടത്തിയത്.

മാത്രമല്ല സ്‌കൂൾ അധ്യയന സമയം വെറും അരമണിക്കൂർമാത്രം നേരത്തെയാക്കുന്നത് എങ്ങനെയാണ് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുന്നതെന്ന് കൃത്യമായി പറയാനും മുസ്ലിം സംഘടനകൾക്ക് കഴിയുന്നില്ല. ഇപ്പോൾ തന്നെ മുസ്ലിം സമുദായത്തിൽപെട്ട പല കുട്ടികളും അതിരാവിലെ മുതൽ ട്യൂഷന് പോവുന്നവരാണ്. മുസ്ലിം മാനേജ്‌മെന്റുകൾ നടത്തുന്ന സി.ബി.എസ്.ഇ സ്‌ക്കൂളുകൾ ഭൂരിഭാഗവും രാവിലെ എട്ടേകാലിന് പ്രവർത്തനം തുടങ്ങുന്നവയാണ്. അപ്പോഴൊന്നുമില്ലാത്ത മദ്രസാ വിദ്യാഭ്യാസം തടസ്സപ്പെടൽ, പൊതുവിദ്യാലയങ്ങളിലെ സമയക്രമം അൽപ്പം മാറ്റുമ്പോൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന ചോദ്യത്തിനും മുസ്ലിം സംഘടനകൾക്ക് കൃത്യമായ മറുപടിയില്ല.

മാത്രമല്ല രജീന്ദ്രസച്ചാർ കമ്മറ്റിയൊക്കെ, കേരളത്തിലെ മുസ്ലീങ്ങളുടെ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക അവസ്ഥക്ക് ഒരു പ്രധാനകാരണമായി എടുത്തുപറഞ്ഞിരുക്കുന്നത് പൊതുവിദ്യാഭ്യാസമാണ്.ഉത്തരേന്ത്യയിലെയും മറ്റും മുസ്ലീങ്ങളെപ്പോലെ മാതൃഭാഷ ഉറുദുവായിക്കരുതി വെറും മതപഠനത്തിൽ ഒതുങ്ങിക്കൂടാതെ, മലയാളത്തെ സ്വന്തം ഭാഷയാക്കി സ്വീകരിച്ചതാണ് കേരളത്തിലെ ഇസ്ലാംമത വിശ്വാസികളുടെ മെച്ചപ്പെട്ട അവസ്ഥക്ക് കാരണമെന്ന് സച്ചാർ കമ്മറ്റിപോലും അടിവരയിട്ട് പറയുന്നുണ്ട്.അങ്ങനെ നോക്കുമ്പോൾ പൊതുവദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടവർ തന്നെ അതിനെതിരായി തിരിയുന്നത് മറ്റെതേ അജണ്ട വച്ചാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിശിതമായ വിമർശനം ഉയരുന്നുണ്ട്.

നിലവിലുള്ള രീതി പ്രകാരം എവിടെയും മദ്രസാ പഠനത്തിന് വിലക്കൊന്നുമില്ല. ഇനി അങ്ങനെയാണെങ്കിൽതന്നെ പൊതുവിദ്യഭ്യാസമാണോ മദ്രസാ വിദ്യാഭ്യാസമാണോ വലുത് എന്ന ചോദ്യത്തിനും അവർ മറുപടി പറയേണ്ടിവരും. പക്ഷേ പതിനഞ്ചുലക്ഷം വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തിന് പ്രയാസമുണ്ടാക്കുന്ന തീരുമാനം ആയതിനാൽ സ്‌കൂൾ സമയമാറ്റത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് രണ്ടാഴമുമ്പ് കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്്. 2007ൽ സ്‌കൂൾ സമയമാറ്റ പ്രക്ഷോഭത്തെ തുടർന്നുള്ള അന്ന് സർക്കാർ മുസ്ലിം സംഘടനകൾക്ക് സ്‌കൂൾ സമയം മാറ്റില്‌ളെനന് രേഖാമൂലം ഉറപ്പുനൽകിയിരുന്നതായും യോഗം ചൂണ്ടിക്കാട്ടി.

കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ജനറർ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജമാഅത്തെ ഇസ്ലാമി,കെ.എൻ.എം, സമസ്ത തുടങ്ങിയ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. നേരത്തെ കോഴിക്കോട്ടുചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതിയും സ്‌കൂൾ സമയമാറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു.

ഇതോടെ മതസംഘടനകളുടെ എതിർപ്പിൽ തട്ടി ഇടതുസർക്കാറിന്റെ വിദ്യഭ്യാസ പരിഷ്‌ക്കരണ ശ്രമങ്ങളിൽ പലതും പാഴാവുമെന്ന് ഉറപ്പായി.സ്‌കൂളുകളിലെ പ്രാർത്ഥനാ ഗീതം മതേതരമാക്കുകയെന്ന മികച്ച ആശയത്തിന് മന്ത്രി സി.രവീന്ദ്രനാഥ് തുടക്കമിട്ടിരുന്നു. പല രീതിയിലുള്ള ദേവീ ദേവന്മ്മാരുടെ സ്തുതിതൊട്ട് തിരുവിതാംകൂർ മഹാരാജാവിനെ സ്തുതിക്കുന്ന ഗാനങ്ങൾവരെ ഇപ്പോഴും കേരളത്തിലെ സ്‌കൂളുകളിൽ നിലനിൽക്കുന്നുണ്ട്.ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് 'മനസ്സുനന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ, മാനവഹൃത്തിൻ ചില്ലയിലെല്ലാം മാൺപുകൾ വിടരട്ടെ' എന്ന തീർത്തും മതേതരമായ ഗാനമാണ് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകൾക്കായി കണ്ടുവെച്ചിരിക്കുന്നത്.ഈ മാറ്റം ഹൈന്ദവ സംഘടനകളിൽനിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.

മതത്തെ ഈ രീതിയൽ പേടിക്കുന്ന ഒരു സർക്കാറിന് എങ്ങനെയാണ് ഇത്തരം പരിഷ്‌ക്കരണങ്ങൾകൊണ്ടുവരാൻ കഴിയുകയെന്നതാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP