Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടിവെള്ളമില്ലാതെ വലയുന്ന കുട്ടനാട്ടുകാരെ കണ്ടപ്പോൾ ഫോട്ടോഗ്രാഫർ രവിശങ്കറിന്റെ മനസലിഞ്ഞു; ഒറ്റ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പിന്തുണയുമായെത്തിയത് ആയിരങ്ങൾ; ട്രാവൽമാർട്ട് സൊസൈറ്റി 30,000 ലിറ്റർ കുപ്പിവെള്ളം എത്തിച്ചപ്പോൾ നോക്കുകൂലി തർക്കത്തെ തുടർന്ന് ഇറക്കാൻ വിസമിതിച്ച് ചുമട്ടു തൊഴിലാളികൾ; 12 കുപ്പി ഇറക്കാൻ നാല് രൂപ ചോദിച്ച് ഭീഷണി; ഡെപ്യൂട്ടി കളക്ടറെത്തിയിട്ടും നോക്ക് കൂലി കൊടുത്തത് രണ്ടര രൂപ!

കുടിവെള്ളമില്ലാതെ വലയുന്ന കുട്ടനാട്ടുകാരെ കണ്ടപ്പോൾ ഫോട്ടോഗ്രാഫർ രവിശങ്കറിന്റെ മനസലിഞ്ഞു; ഒറ്റ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പിന്തുണയുമായെത്തിയത് ആയിരങ്ങൾ; ട്രാവൽമാർട്ട് സൊസൈറ്റി 30,000 ലിറ്റർ കുപ്പിവെള്ളം എത്തിച്ചപ്പോൾ നോക്കുകൂലി തർക്കത്തെ തുടർന്ന് ഇറക്കാൻ വിസമിതിച്ച് ചുമട്ടു തൊഴിലാളികൾ; 12 കുപ്പി ഇറക്കാൻ നാല് രൂപ ചോദിച്ച് ഭീഷണി; ഡെപ്യൂട്ടി കളക്ടറെത്തിയിട്ടും നോക്ക് കൂലി കൊടുത്തത് രണ്ടര രൂപ!

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ട് പോകുന്ന കുപ്പിവെള്ളം ഇറക്കാനും യൂണിയനുകൾക്ക് കൂലി വേണം. ഇതാണ് പിണറായി ഭരിക്കുന്ന കേരളത്തിന്റെ അവസ്ഥ. കുട്ടനാട്ടിലെ തീരാദുരിതവും തൊഴിലാളി സംഘടനകളുടെ കണ്ണ് തുറക്കുന്നില്ല. നോക്ക് കൂലി ഇല്ലെങ്കിൽ കുടിവെള്ളവും ലോറിയിൽ തന്നെ ഇരിക്കും. കുട്ടനാട്ടുകാരെ സഹായിക്കാനിറങ്ങിയ പ്രശസ്ത ഫോട്ടോ ഗ്രാഫർ രവിശങ്കറിനും കേരളാ മാർട്ടിനുമാണ് ഈ ദുർഗതിയുണ്ടായത്. കേരളത്തിൽ ഏറെക്കാലമായി വിവാദവിഷയമായിരുന്ന നോക്കുകൂലി സമ്പ്രദായം മെയ്‌ ഒന്നുമതൽ ഇല്ലാതായി എന്നാണ് പൊതുവെയുള്ള വിശ്വാസം വീണ്ടും തെറ്റുകായണ്.

പ്രശസ്ത ഫോട്ടോഗ്രാഫറാണ് രവിശങ്കർ. കുട്ടനാട്ടിലെ പ്രധാന ദുരിതം കുടിവെള്ളമില്ലാത്തതാണ്. കനത്ത മഴയിൽ വീട്ടിലെല്ലാം വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവിടെയാണ് കുടിവെള്ള ക്ഷാമമുള്ളത്. ഇത് പരിഹരിക്കാൻ ട്രാവൽ മാർട്ട് സൊസൈറ്റിയുടെ അരക്കാരൻ കൂടിയായ രവിശങ്കർ ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം സഹായം ഒഴുകിയെത്തി. ഇതോടെയാണ് കുപ്പിവെള്ളം കുട്ടനാട്ടിൽ എത്തിയത്. ഈ കുപ്പിവെള്ളം ഇറക്കാനും തൊഴിലാളി വർഗ്ഗം നോക്കുകൂലി വാങ്ങി. അതും ഡെപ്യൂട്ടി കളക്ടറുടെ മുന്നിൽ പോലും. കുട്ടനാട്ടിലെ ദുരിതബാധിതർക്കു വിതരണം ചെയ്യാൻ എത്തിച്ച ശുദ്ധജലക്കുപ്പികൾ ലോറിയിൽ നിന്നിറക്കാൻ തൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെട്ടതിനാൽ ജീവനക്കാരുടെ സഹകരണത്തോടെ ഒടുവിൽ ഇറക്കി.

ആർഡിഒയുടെ ഓഫിസിൽ ഇന്നലെ വൈകിട്ടാണു സംഭവം. കൂലി കൂടുതൽ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ ലോഡ് ഇറക്കിവയ്ക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. നോക്കി നിന്നതിന് കൂലിയും വാങ്ങി. കേരള ട്രാവൽ മാർട്ട് എറണാകുളത്തു നിന്ന് എത്തിച്ച ശുദ്ധജലക്കുപ്പികൾ ഇറക്കുന്നതു സംബന്ധിച്ചാണു തർക്കമുണ്ടായത്. എന്നാൽ, ജീവനക്കാർ ഇറക്കാൻ മുന്നോട്ടുവന്നതോടെ പ്രശ്‌നത്തിന് താൽകാലിക പരിഹാരം ഉണ്ടായി. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ പി.എസ്.സ്വർണമ്മയുടെ നേതൃത്വത്തിൽ ഹുസൂർ ശിരസ്തദാർ ഒ.ജെ.ബേബി, സൂപ്രണ്ട്മാരായ പി.എസ്.സജീവ്, മനോജ്കുമാർ, ആർഡിഒ ഓഫിസിലെ ക്ലാർക്ക് അജീഷ് തുടങ്ങിയവരും സേവനനിരതരായതോടെ രണ്ടു ലോഡ് ശുദ്ധജലക്കുപ്പികൾ രാത്രി ഏഴോടെ ഗോഡൗണിൽ ഇറക്കിവച്ചു. ഇത് ഏറെ വേദനാജനകമാണെന്ന് രവിശങ്കറും വിശദീകരിക്കുന്നു. പുര കത്തുമ്പോൾ വാഴവെട്ടുന്നവരാണ് തൊഴിലാളികൾ എന്ന വിമർശനമാണ് രവിശങ്കർ ഉയർത്തുന്നത്.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി കുടി വെള്ളം കിട്ടാനില്ലാതെ വലയുന്ന കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് ഇന്നലെ മുഴുവൻ ഞങ്ങൾ മുന്നിട്ടിറങ്ങി ഏകദേശം 25000 ബോട്ടിൽ കുപ്പി വെള്ളം, ഇന്ന് ഉച്ചക്ക് ശേഷം ആലപ്പുഴയിൽ എത്തിച്ചത്. വെറും 24 മണിക്കൂറിനുള്ളിൽ ഇത്രയും സാധിച്ചതിൽ സന്തോഷത്തോടെ മൂന്ന് ലോറി ആലപ്പുഴ കളക്ടറേറ്റിൽ എത്തിച്ചത്. ആദ്യത്തെ രണ്ട് ലോഡുകൾക്കും പ്രശ്നമുണ്ടായില്ല. എൻ സി സി കേഡറ്റുകൾ, അത്യുത്സാഹത്തോടെ ഇറക്കി പക്ഷെ മൂന്നാമത്തെ ലോഡ് എത്തിയപ്പോഴേക്കും തൊഴിലാളികളുടെ സംഘമെത്തി. 12 കുപ്പികളുടെ ഒരു കേയ്സ് ഇറക്കാൻ അവർ ആവശ്യപ്പെട്ടത് 4 രൂപ വെച്ച്. മറ്റൊരു ലോറി വള്ളങ്ങളിൽ ഉൾപ്രദേശത്തേക്ക് കൊണ്ടുപോകാനായി ആലപ്പുഴ നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റിൽ എത്തിച്ചപ്പോഴും ഇതേ അവസ്ഥ. ഒടുവിൽ നിവൃത്തിയില്ലാതെ 2 . 50 പൈസക്ക് സമ്മതിക്കേണ്ടി വന്നു. ഇത്തരം ദുരിതനങ്ങളുടെ സമയത്തു പോലും നമ്മുടെ തൊഴിലാളി സമൂഹം എന്താണിങ്ങനെ പെരുമാറുന്നത്? സൗജന്യമായി ഞങ്ങൾ ചെയ്യാമെന്ന് പറയേണ്ടവർ പുര കത്തുമ്പോൾ വാഴ മാത്രമല്ല, അടിത്തറ ഇളക്കി മാറ്റുന്ന അവസ്ഥ-ഇങ്ങനെയാണ് വിഷയത്തിൽ രവിശങ്കർ പ്രതികരിക്കുന്നത്.

കുട്ടനാട്ടിലെ ദുരിതം കണ്ടാണ് രവിശങ്കർ പോസ്റ്റ് ഇട്ടത്. ആ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോട്ടയം , ആലപ്പുഴ ജില്ലകളിലായി ഇപ്പോഴും ഒരു ലക്ഷത്തിൽ അധികം ആളുകൾ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. .കുടി വെള്ളമാണ് ഏറ്റവും അത്യാവശ്യമായി പലയിടങ്ങളിലും വേണ്ടത്. മാർക്കറ്റിൽ 12 രൂപ വിലയുള്ള ഒരു ലിറ്റർ കുപ്പി വെള്ളം 7 രൂപയ്ക്കു തരാൻ രണ്ടു കമ്പനികൾ തയ്യാറായി. അത്തരത്തിൽ ഏകദേശം 30000 ഒരു ലിറ്റർ കുപ്പി വെള്ളം മൂന്ന് മണിയോടെ ആലപ്പുഴയിൽ എത്തിക്കാൻ കേരളത്തിലെ ടൂറിസം സംരംഭകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരളം ട്രാവൽ മാർട്ട് സൊസൈറ്റി ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾക്കുള്ള സഹായം എത്തിക്കേണ്ട അത്യാവശ്യ ഘട്ടമാണിപ്പോൾ. ഒരു ലോഡ് കുപ്പി വെള്ളം ( ഏകദേശം 6000 ബോട്ടിൽ ) എത്തിക്കാൻ 42500 രൂപ ചെലവ് വരും. ഇതാണ് ട്രാവൽ മാർട്ടിന്റെ നേതൃത്വത്തിൽ ചെയ്തു കൊടുത്തത്. ഭക്ഷണം, വസ്ത്രങ്ങൾ എല്ലാം വേണം. ആദ്യം കുടിവെള്ളമല്ലേ എത്തിക്കേണ്ടത് എന്നതിനാലാണ് ഇത്തരത്തിലെ ഇടപെടലെന്നും രവിശങ്കർ നേരത്തെ വിശദീകരിച്ചിരുന്നു.

പ്രിയമുള്ളവരേ... ഒരു കൈ സഹായിക്കുക വെള്ളം വെള്ളം സർവത്ര... കുടിക്കാനൊരിറ്റില്ലതാനും! മഴ കെടുതിയെ പറ്റിയുള്ള വാർത്തകൾ നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുകയാണെന്നറിയാം. മഴ ശക്തി കുറഞ്ഞു. പല സ്ഥലത്തും വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ നിർഭാഗ്യവശാൽ കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സർക്കാർ സംവിധാനങ്ങൾ പരമാവധി ചെയ്യുന്നുണ്ടെങ്കിലും, കുടി വെള്ളവും, വസ്ത്രവും അടക്കം മിക്ക അവശ്യതകൾക്കും കുഞ്ഞുകുട്ടികളും, സ്ത്രീകളും, പ്രായമായവരും എല്ലാം ബുദ്ധിമുട്ടുന്ന ദയനീയമായ അവസ്ഥയാണ് കുട്ടനാട്ടിലെ മിക്ക ഗ്രാമങ്ങളിലും നിലവിലുള്ളത്. രണ്ട് ദിവസം മുൻപ് പ്രിയ സുഹൃത്തും, ടൂറിസം സംരംഭകനുമായ വിനോദ് ആണ് കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിത പർവ്വം ആദ്യം വിവരിക്കുന്നത്. ഞങ്ങളൊന്നിച്ചു എന്ത് ചെയ്യാനാവുമെന്ന ആലോചനയിൽ ഇരിക്കവേ, കുമരകം ഭാഗത്തെ റിസോർട് ഉടമകളുടെ സഹായത്തോടെ സംസ്ഥാന റെസ്‌പോണ്‌സിബിൽ ടൂറിസം മിഷൻ കോഓർഡിനേറ്റർ രൂപേഷ് മികച്ച ഒരു തുടക്കം കുറിച്ച് കൊണ്ട് ആയിരത്തിലധികം കിലോ അരി, പലവ്യഞ്ജനങ്ങളും, വസ്ത്രങ്ങളും എല്ലാം കോട്ടയത്തെ ചില ദുരിതാശ്വാസ കേന്ദ്രങ്ങളിലും, കുട്ടനാട്ടിലെ ഒറ്റപ്പെട്ട വീടുകളിലും എത്തിക്കുന്ന വിവരം അറിഞ്ഞത്.

അതിനെ തുടർന്ന്ഇ ന്ന് രാവിലെ ആലപ്പുഴ കളക്ടർ എസ് സുഹാസ് ഐ എ എസ് മായി ബന്ധപ്പെടുകയും, കുടിവെള്ളമാണ് ഏറ്റവും അത്യാവശ്യമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ളത് എന്ന് പറഞ്ഞപ്പോഴാണ് സംഭവങ്ങളുടെ ഏകദേശ രുപം കൂടുതൽ മനസ്സിലാക്കാൻ ആയത് പ്രിയ സുഹൃത്തുക്കൾ ബേബി മാത്യു സോമതീരം, വിനോദ്, അനീഷ്, സഞ്ജീവ്, ജെനീഷ് എന്നിവരുടെ ഉറച്ച പിന്തുണയോടെ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് 5 മാണി വരെയുള്ള പ്രയത്ന ഫലമായി ഏകദേശം 6000 ഒരു ലിറ്റർ ബോട്ടിൽ കുടി വെള്ളം ആലപ്പുഴ കളക്ടറേറ്റിൽ എത്തിക്കാൻ ട്രാവൽ മാർട്ട് ശ്രമിക്കുകയായിരുന്നു.വരും ദിവസങ്ങളിൽ ഏകദേശം 10 ലോഡ് - അതായത് ഏകദേശം 70000 ലിറ്റർ കുടി വെള്ളം ആലപ്പുഴയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രവിശങ്കർ കുറിച്ചിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം സർക്കാർ സംവിധാനങ്ങൾ കൃത്യമായി എത്തിക്കുന്നുണ്ട്. അത് ആവശ്യമുള്ള കാലത്തോളം ചെയ്യാൻ സർക്കാർ കാലതാമസം വരുത്താതെ ചെയ്യുകയും ചെയ്യും. പക്ഷെ പ്രശ്‌നങ്ങൾ അവിടം കൊണ്ട് തീരില്ല എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നൽകണം. കുട്ടികൾക്ക് സ്‌കൂൾ ബാഗും, നോട്ട് ബുക്കും നൽകണം. പ്രായമായവർക്ക് കമ്പിളി പുതപ്പും, സാരിയും, ഷർട്ടും, മുണ്ടും, ലുങ്കിയും, നെറ്റിയും ലഭ്യമാക്കണം. കിടക്കാൻ കിടക്കയും, ബെഡ് ഷീറ്റുകളും നൽകണം. ഉടനെ കേടു വരാത്ത ഭക്ഷ്യ വിഭവങ്ങൾ നൽകണമെന്നും രവിശങ്കർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചിരുന്നു. വലിയ പ്രാധാന്യത്തോടെയാണ് സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തത്. അതിവഗം കുപ്പിവെള്ള ശേഖരിക്കാനുമായി. ഇതിനോടാണ് തൊഴിലാളി സംഘടനകൾ നോക്കുകൂലി തർക്കം ഉന്നയിച്ചത്.

മെയ്‌ ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ്‌ ഒന്നു മുതൽ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ ഇതൊന്നും പ്രാവർത്തികമാക്കാൻ തൊഴിലാളികൾ തയ്യാറല്ല. അവർക്ക് ഇപ്പോഴും നോക്ക് കൂലി കൂടിയേ തീരൂ. തീരാ ദുരിത സ്ഥലത്ത് പോലും ഇതിനായി അവർ വാദിക്കും. സമൂഹത്തിന്റെ കഷ്ടതയും വേദനയും സഹായമനസ്‌കതയുമൊന്നും അവർക്ക് പ്രശ്‌നമല്ല. ഈ സാഹചര്യത്തിലാണ് രവിശങ്കർ ആലപ്പുഴയിലെ നോക്ക് കൂലി കഥ തുറന്നെഴുതുന്നത്.

നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചിരുന്നു. കയറ്റിറക്കിന് അംഗീകാരമുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിക്കണം. ഇവർക്കു സർക്കാർ നിശ്ചയിക്കുന്ന നിരക്കുമാത്രം നൽകിയാൽ മതി. അതേസമയം, പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികൾക്കു വിദഗ്ധരായ തൊഴിലാളികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനും ഇനി സ്വാതന്ത്ര്യമുണ്ടാകും. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്. മെയ്‌ ഒന്നുമുതൽ നോക്കുകൂലി സമ്പ്രദായം പൂർണമായി ഇല്ലാതാക്കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്നു നിയമസഭയിൽ മന്ത്രി ടി.പി.രാമകൃഷ്ണനും വ്യക്തമാക്കി. പക്ഷേ ഇതെല്ലാം പ്രസ്താവനയിലും രേഖകളിലും മാത്രമേ ഉള്ളൂ. നോക്കു കൂലി കൊടുത്തില്ലെങ്കിൽ പ്രളയ ബാധിത സ്ഥലത്തും കേരളത്തിൽ ഒരു ചുക്കും നടക്കില്ല. ഇതിന് തെളിവാണ് കുട്ടനാട്ടിലെ സംഭവം.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണു കേരളത്തിന്റെ തൊഴിൽ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീർത്തും അവസാനിപ്പിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡെപ്യൂട്ടി കളക്ടറുടെ സനാനിധ്യത്തിൽ പോലും നോക്കുകൂലി ചോദിച്ച് വാങ്ങുകായണ് തൊഴിലാളി സംഘടനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP