Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ നഗരങ്ങളിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും നന്നായി മദ്യപിക്കുന്നു; ഉപയോഗത്തിന്റെ അളവും കൂടുതലാണെന്ന് കണ്ടെത്തൽ; മദ്യപിക്കുന്നവരിൽ മുൻപിലുള്ളത് 18 മുതൽ 30 വയസ് വരെയുള്ളവർ; ഉയർന്ന സമ്പത്തും ആഗ്രഹങ്ങളും വ്യത്യസ്ത ജീവിതരീതികളും സ്ത്രീകൾക്ക് മദ്യപിക്കാനുള്ള കാരണങ്ങൾ; സിനിമയും ടിവിയും മദ്യപാനത്തെ സ്വാധീനിക്കുന്നതായും പഠന റിപ്പോർട്ട്

ഇന്ത്യൻ നഗരങ്ങളിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും നന്നായി മദ്യപിക്കുന്നു; ഉപയോഗത്തിന്റെ അളവും കൂടുതലാണെന്ന് കണ്ടെത്തൽ; മദ്യപിക്കുന്നവരിൽ മുൻപിലുള്ളത് 18 മുതൽ 30 വയസ് വരെയുള്ളവർ; ഉയർന്ന സമ്പത്തും ആഗ്രഹങ്ങളും വ്യത്യസ്ത ജീവിതരീതികളും സ്ത്രീകൾക്ക് മദ്യപിക്കാനുള്ള കാരണങ്ങൾ; സിനിമയും ടിവിയും മദ്യപാനത്തെ സ്വാധീനിക്കുന്നതായും പഠന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളിൽ മദ്യപാനം വർദ്ധിക്കുന്നതായി പഠനം. കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രൻകൺ ഡ്രൈവിങ് നടത്തിയ പഠനത്തിലാണ് സ്ത്രീകളിൽ മദ്യത്തിന്റെ ഉപഭോഗം കൂടുന്നതായി കണ്ടെത്തിയത്. പതിനെട്ട് മുതൽ അറുപത് വയസ് വരെയുള്ള 5000 സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. ഉയർന്ന സമ്പത്ത്, ആഗ്രഹങ്ങൾ, സമൂഹത്തിലെ സമ്മർദം, വ്യത്യസ്ത ജീവിതരീതി എന്നിവയാണ് സ്ത്രീകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള കാരണമായി കണ്ടെത്തിയത്. കൂടുതൽ സ്ത്രീകൾ മദ്യപിക്കുന്നുവെന്നും സ്ത്രീകൾ കൂടുതൽ മദ്യപിക്കുന്നുവെന്നും പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചു.

18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളിൽ 43.7 ശതമാനം മദ്യപിക്കുന്നത് ആഗ്രഹം കാരണമാണ്. ഒരു മാസത്തിൽ തന്നെ നിരവധി തവണ ഇവർ കുടിക്കുന്നതായി പഠനം കണ്ടെത്തി. 31മുതൽ 45 വരെ പ്രായമുള്ളവർ ജോലി സ്ഥലത്തെ സമ്മർദം കുറയ്ക്കാനോ സാമൂഹികമായുള്ള പ്രശ്‌നങ്ങൾ കാരണമോ ആണ് മദ്യപിക്കുന്നത്. 46 വയസിനും 60 വയസിനും ഇടയിൽ ഉള്ളവരോ അതിൽ കൂടുതൽ വയസുള്ളവരോ മാനസികമായി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കാരണമോ വൈകാരികമായ വിഷയങ്ങൾ കാരണമോ ആണ് മദ്യപിക്കുന്നത്.

സിനിമയും ടിവിയും മദ്യപാനത്തെ സ്വാധീനിക്കുന്നുണ്ട്. 18 മുതൽ 45 വയസ് വരെയുള്ളവരിലാണ് മദ്യപാനം കൂടുതലെന്നാണ് കണ്ടെത്തൽ. 2010- 2017 ൽ രാജ്യത്തെ മദ്യപാനം 38 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടുന്നതായി സർവ്വേയിൽ പറയുന്നുണ്ട്. 2005 ൽ ആളോഹരി മദ്യ ഉപയോഗം 2.4 ലിറ്റർ ആയിരുന്നത് 2016 ൽ 5.7 ലിറ്ററായി. 5 വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ സ്ത്രീകളുടെ മദ്യപാനത്തിൽ 25 ശതമാനം വർധന വരുമെന്നാണ് കേന്ദ്രസർക്കാരിന് കീഴിലെ സെന്റർ ഫോർ ആൽക്കഹോൾ സ്റ്റഡീസിന്റെ പഠനം.

സ്ത്രീകളിൽ ചെറിയ അളവിലുള്ള മദ്യപാനം അതും ചെറിയ കാലയളവിലുള്ളതാണെങ്കിൽ പോലും ആരോഗ്യത്തെ പല രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കുറച്ച് അളവ് മദ്യംകൊണ്ട് വളരെ പെട്ടെന്ന് ആൽക്കഹോൾ ഇൻടോക്സിക്കേഷൻ എന്ന അപകടകരമായ ഘട്ടത്തിലെത്തും. ദീർഘകാലം നീളുന്ന മദ്യപാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെ മാരകമാണ്. ശരീരകലകൾക്കും തലച്ചോറിനും കരളിനും നാശം വരുത്തുന്നു. കൂടാതെ മദ്യപാനം സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തോളം അമേരിക്കൻ നഴ്സുമാരിൽ 30 വർഷത്തോളം നടത്തിയ പഠനത്തിൽ തെളിഞ്ഞത് ചെറിയ തോതിലുള്ള മദ്യപാനവും സ്തനാർബുദ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നാണ്. ഗ്യാസ്ട്രൈറ്റീസ്, പാൻക്രിയാറ്റൈറ്റിസ്, ഓർമനഷ്ടം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും മദ്യപാനവുമായി ബന്ധപ്പെട്ട് കണ്ടുവരുന്നു.

ലോകത്ത് മദ്യപാനം മൂലം മരിക്കുന്ന അഞ്ചിൽ ഒരാളുടെ മരണകാരണം അർബുദമാണ്. അതിൽ കൂടുതൽ സ്ത്രീകളും മരിക്കുന്നത് സ്തനാർബുദം കാരണമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2005നു ശേഷം ഇത്തരത്തിൽ സ്തനാർബുദം വന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യയിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ദിക്കുന്നതായി കണ്ടത്തെിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP