Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയൽ വീട്ടിലെ ടിവിയിൽ ക്ലാസ്സുകൾ കണ്ട് വീട്ടിലെത്തി വീണ്ടും പഠിക്കുന്നത് മെഴുകുതിരി വെട്ടത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ പുറത്തിറങ്ങാനും ഭയം; വീട് പണി പൂർത്തിയായി എട്ടുമാസം പിന്നിട്ടിട്ടും വൈദ്യുതി നൽകാത്തതിന് കാരണം 11 കെ.വി ലൈൻ; കരുനാഗപ്പള്ളിയിലെ അച്ഛനില്ലാത്ത കുട്ടികളുടെ ദുരിതം മാറ്റാൻ ഇനി കെ.എസ്.ഇ.ബി കനിയണം

ആർ പീയൂഷ്

കൊല്ലം: അടച്ചുറപ്പുള്ള വീട് സർക്കാർ തന്നെങ്കിലും മെഴുകുതിരി വെട്ടത്തിലാണ് ഒരു മൂന്നാം ക്ലാസ്സുകാരിയും ഏഴാംക്ലാസ്സുകാരിയും പഠിക്കുന്നത്. കോവിഡ് മൂലം ഓൺ ലൈൻ ക്ലാസ്സു തുടങ്ങിയതോടെ ഇപ്പോൾ പഠനം മുടങ്ങിയ അവസ്ഥയിലാണ്. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരായ എസ്‌പി ഭവനത്തിൽ അനിലയുടെ മക്കളായ സനില(എ.വി.ജി.എൽ.പി.എസ് തഴവ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി)യും സനിത(എസ്‌പി.എസ്.എസ്.യു.പി.എസ് തൊടിയൂർ ഏഴാംക്ലാസ്സ് വിദ്യാർത്ഥി)യുമാണ് പഠനം തുടരാനാകാതെ വിമിക്കുന്നത്.

2019 ൽ പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയകാവ് കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകിയെങ്കിലും വീടിന് സമീപത്തു കൂടി 11 കെ.വി ലൈൻ പോകുന്നതിനാൽ ഒരു പ്ലാൻ വരച്ചു കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് വീട്ടു വേല ചെയ്ത് കുടുംബം പുലർത്തുന്ന അനിലയിക്ക് വീടു പണിയുടെ ബാക്കി തുകയായ 70,000 രൂപ കടമായിരുന്നു. ഈ കടം നില നിൽക്കുമ്പോൾ അടുത്ത ഒരു പ്ലാൻ വരച്ച് നൽകാൻ പണമില്ലാത്തതിനാൽ പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് പോയില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തിലാണ് പിന്നീട് കുട്ടികൾ രാത്രിയിൽ പഠനം തുടർന്നത്.

രണ്ടു മാസം കഴിഞ്ഞ് വീണ്ടും പുതിയകാവ് കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ അവിടെ നിന്നും അപേക്ഷകൾ മണപ്പള്ളി സെക്ഷനിലേക്ക് കൈമാറി എന്ന് വിവരം ലഭിച്ചു. മണപ്പള്ളിയിൽ അന്വേഷിച്ചെത്തിയപ്പോൾ അപേക്ഷയുടെ സമയം കഴിഞ്ഞതിനാൽ പുതിയ അപേക്ഷ നൽകണമെന്നായി അധികൃതർ. പുതിയ അപേക്ഷ നൽകണമെങ്കിൽ വയറിങ് പൂർത്തീകിച്ചതായുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവിശ്യമാണ്. അതിനായി വീട് വച്ചു കൊടുത്ത എഞ്ചിനീയറെ സമീപിച്ചപ്പോൾ വീട് നിർമ്മിച്ചു നൽകിയ വകയിലെ 70,000 രൂപ തിരികെ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ഇലക്ട്രീഷ്യനെ സമീപിച്ചെങ്കിലും രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് ചോദിച്ചത്. വീട്ടു ജോലിക്ക് പോയി കിട്ടുന്ന 3000 രൂപ തുച്ഛവരുമാനമുള്ള വീട്ടമ്മയ്ക്ക് ഇത് താങ്ങാൻ കഴിയുന്ന തുകയല്ലായിരുന്നു. ഇതോടെ വൈദ്യുതി എന്ന സ്വപ്നം അവർ ഉപേക്ഷിച്ചു.

കോവിഡ് മൂലം വിദ്യാഭ്യാസം ഓൺലൈനാക്കിയപ്പോഴാണ് ഇവർക്ക് വീണ്ടും വൈദ്യുതിയുടെ ആവിശ്യകത മനസ്സിലായത്. ആദ്യ ദിനം കുട്ടികൾക്ക് പഠനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ടിവി കണ്ടാണ് പഠനം. എല്ലാ ദിവസവും ഇവിടെ പഠനത്തിന് പോകുന്നതിനും ചില ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ പിതാവ് സജീവൻ രണ്ട് വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു. ഇതിന് ശേഷം വാടക വീട്ടിൽ കഴിയുകയായിരുന്ന ഇവർക്ക് പഞ്ചായത്തിൽ നിന്നും വീടും സ്ഥലവും അനുവദിച്ചതിനെ തുടർന്നാണ് തൊടിയൂരിൽ താമസമാക്കിയത്. വയലിനും തോടിനുമിടയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇഴ ജന്തുക്കൾ മിക്കപ്പോഴും ഇവിടേക്ക് കയറിവരാറുണ്ട്. അതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയില്ല.

ഇവരുടെ ദുരിതം അറിഞ്ഞ എ.വി.ജി.എൽ.പി.എസിലെ അദ്ധ്യാപിക ശ്യാമ ശങ്കർ ഇവരുടെ വീട് സന്ദർശ്ശിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾക്കായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തു. എത്രയും വേഗം വൈദ്യുതി നൽകാമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പു പറഞ്ഞതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP