Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാവക്കാട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് പുന്ന ക്ഷേത്രത്തിന്റെ ഉത്സവകമ്മറ്റിയുടെയും ചെയർമാൻ; വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കാരുണ്യഹൃദ്യയനും യുവാക്കളുടെ ഇഷ്ടതോഴനും; എസ്ഡിപിഐയുടെ കണ്ണിൽ കരടായത് നാട്ടുകാർക്ക് വേണ്ടി എന്തിനും പോന്ന ചങ്കൂറ്റക്കാരനായി നിന്നതു കൊണ്ട്; റോഡിന്റെ ഉദ്ഘാടനം തടഞ്ഞതിന്റെ പേരിൽ സിപിഎം എംഎൽഎയുടെ കണ്ണിലും കരടായി; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എസ്ഡിപിഐ എന്നുറപ്പിക്കുമ്പോഴും സിപിഎം ചരടുവലി സംശയിച്ചു കോൺഗ്രസ്

ചാവക്കാട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് പുന്ന ക്ഷേത്രത്തിന്റെ ഉത്സവകമ്മറ്റിയുടെയും ചെയർമാൻ; വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കാരുണ്യഹൃദ്യയനും യുവാക്കളുടെ ഇഷ്ടതോഴനും; എസ്ഡിപിഐയുടെ കണ്ണിൽ കരടായത് നാട്ടുകാർക്ക് വേണ്ടി എന്തിനും പോന്ന ചങ്കൂറ്റക്കാരനായി നിന്നതു കൊണ്ട്; റോഡിന്റെ ഉദ്ഘാടനം തടഞ്ഞതിന്റെ പേരിൽ സിപിഎം എംഎൽഎയുടെ കണ്ണിലും കരടായി; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എസ്ഡിപിഐ എന്നുറപ്പിക്കുമ്പോഴും സിപിഎം ചരടുവലി സംശയിച്ചു കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചാവക്കാട് എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് പുന്നയിലെ നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. നാട്ടുകാരുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങളിൽ പോലും സജീവമായി ഇടപെട്ടതിന്റെ പേരിൽ പല കേസുകളും ഇയാളുടെ പേരിലുണ്ട്. ആദ്യം സിപിഎം പ്രവർത്തകനായിരുന്ന ഇയാൾ സിപിഎം പ്രാദേശിക നേതാക്കളോടുള്ള മുഷിപ്പ് കാരണം പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.

സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ ചങ്കുറ്റം കാണിച്ച വ്യക്തിയായിരുന്നു പുന്ന നൗഷാദ്. വർഷങ്ങൾക്ക് മുമ്പ് പുന്ന റോഡ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ഗുരുവായൂർ നിയോജക മണ്ഡലം എംഎ‍ൽഎ അബ്ദുൾ ഖാദറിനെ ഉന്തിയിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് പുന്ന നൗഷാദായിരുന്നു. അന്ന് എംഎ‍ൽഎ ചാവക്കാട് പൊലീസ് സ്റ്റേഷനിലും, സിഐ ഓഫീസിലും ഉപരോധം നടത്തിയ സംഭവവുമുണ്ട്. എന്നാൽ, നാട്ടുകാരുടെ ഏതു പ്രശ്‌നത്തിനും മുന്നിൽ നിൽക്കുന്ന വ്യക്തിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെ നൗഷാദ് കൊല്ലപ്പെടുമ്പോൾ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ സിപിഎം പ്രവർത്തകരുമുണ്ട്.

ഈ സാഹചര്യത്തിൽ കൊന്നത് എസ്ഡിപിഐ എന്നുറപ്പിക്കുമ്പോഴും സിപിഎം പിന്നിൽ ചരടുവലിച്ചോ എന്ന് സംശയിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന്റെ പേരിൽ അനിൽ അക്കരക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. സിപിഎം നേതാക്കൾ അടക്കം അനിൽ അക്കരക്കെതിരെ രംഗത്തുവന്നു. എന്നാൽ, ഈ വിഷയത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അനിൽ അക്കര. പുന്ന നൗഷാദ് പുന്ന ക്ഷേത്രത്തിന്റെ ഉത്സവകമ്മറ്റിയുടെ ചെയർമാനായിരുന്നു എന്ന കാര്യം എടുത്തു പറഞ്ഞു കൊണ്ടും എന്തുകൊണ്ട് സിപിഎം വിരുദ്ധനായി എന്നു പറഞ്ഞുമാണ് അനൽ അക്കര ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

മതസൗഹാർദ്ദത്തിന്റെ തിരയിളക്കമാണ് ചാവക്കാട് നഗരസഭയിലെ പുന്നയിലെപ്പോഴും... നീണ്ടും നിവർന്നും വളഞ്ഞും ഒഴുകുന്ന കനോലി കനാലും തൊട്ടുയുരുമ്മി നിൽക്കുന്ന അമ്പലവും പള്ളിയും ജാതിമതഭേദമന്യേ നെഞ്ചോടു നെഞ്ചു ചേർന്നു നിൽക്കുന്ന ചങ്കുകളും പ്രദേശവാസികളും, പുറമെ നിന്നു വരുന്നവർക്ക് അസൂയപടർത്തുന്ന മനുഷ്യസ്‌നേഹത്തിന്റെ അടയാളങ്ങൾ പുന്നയിലെ ഏതു മുക്കിലും മൂലയിലും കാണാം.

പുന്ന ക്ഷേത്രത്തിന് സൗജന്യമായി ഭൂമിവിട്ടു കൊടുക്കുന്ന അന്യമതസ്ഥൻ, നോമ്പുതുറയെ മാനുഷിക സങ്കൽപങ്ങൾക്കപ്പുറം ഹൃദയത്തിൽ ചേർക്കുന്ന തദ്ദേശവാസികൾ, പ്രളയത്തിൽ ഒറ്റപ്പെട്ടവരെ തോളോടു ചേർത്തിയവരും ഒരു പാത്രത്തിൽ നിന്ന് കയ്യിട്ടു വാരി കഴിച്ചവരും അങ്ങിനെയങ്ങിനെ. പുന്ന ക്ഷേത്രത്തിന്റെ ഉത്സവകമ്മറ്റിയുടെ ചെയർമാനായിരുന്നു പുന്ന നൗഷാദ്.. നെഞ്ചിൽ തുടി കൊള്ളുന്ന ഓർമ്മകളിൽ വസിക്കുന്ന നിസ്വാർത്ഥ മോഹികളായ ഒരു ആൾക്കൂട്ടമാണ് എന്റെ പുന്ന.

ആ പുന്നയുടെ ജീവനാണ് നൗഷാദ് ..പുന്നയുടെ സ്പന്ദനമാണ് നൗഷാദ് .. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കാരുണ്യഹൃദ്യവാനാണ് നൗഷാദ്... വർഗ്ഗീയ കോമരങ്ങളെ നിലയുറപ്പിക്കാൻ സമ്മതിക്കാത്ത നൗഷാദ്, ഏതു പ്രബലന്റേയും മുഖം നോക്കി കാര്യം പറയാൻ മടിയില്ലാത്ത നൗഷാദ്, .... എന്നാൽ ചിലർക്ക് കളിക്കാൻ കളമൊരുക്കാത്തതിൽ പകപൂണ്ടവർ പലയിടത്തും പതുങ്ങി നിന്നിരുന്നു വർഗ്ഗീയ കോമരങ്ങൾക്ക് നൗഷാദിനുമേൽ ഉറഞ്ഞു തുള്ളാൻ നിലമൊരുക്കിയതിൽ സിപിഎമ്മിനു പങ്കുണ്ടോ എന്നു സംശയിച്ച ഒരു എംഎൽയെ അധിക്ഷേപിക്കാൻ സൈബർ സഖാക്കൾ അമിതാവേശം കാണിക്കുമ്പോൾ പല സംശയവും ബലപ്പെടുകയാണ് ...സിപിഎം പങ്ക് അന്വേഷിക്കണം എന്ന എംൽഎയുടെ വാക്കിനെ സിപിഎം എന്തിനാണ് ഭയക്കുന്നത് ...

ഏതു വിഷയത്തിലും പൊലീസ് അന്വേഷിക്കട്ടെ എന്നു പറയുന്ന സിപിഎമ്മും മനോരമ ചാനലിരുന്ന് മുഹമ്മദ് റിയാസും എന്തിനാണ് വേവലാതിപ്പെടുന്നത്, നിങ്ങളുടെ പൊലീസല്ലെ അന്വേഷിക്കുന്നത്... അന്വേഷണം നടക്കട്ടെ എന്ന വാക്കാൽ അവസാനിക്കേണ്ട വിഷയത്തിൽ എംഎൽയെ തെറികൊണ്ട് അഭിഷേകം നടത്തുന്നത് തലയിൽ പൂടയിരുപ്പുണ്ടെന്ന സംശയം കൊണ്ടാണോ?..... റോഡിന്റെ ഉദ്ഘാടനം തടഞ്ഞതിന്റെ പേരിൽ സിപിഎം എംഎൽഎ നൗഷാദിനെ ഭീഷണിപ്പെടുത്തിയത് തികട്ടി വരുന്നതുകൊണ്ടാണോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ SDPIക്കാരും എംഎൽഎയും മുതുവട്ടൂർ ഗസ്റ്റ് ഹൗസിൽ വളഞ്ഞിരുന്ന് കോഴിബിരിയാണി കഴിച്ചതിന്റെ എക്കട്ടം തികട്ടി വരുന്നതു കൊണ്ടാണോ സൈബർ സഖാക്കളെ നിങ്ങൾക്കീ മനം പുരട്ടൽ...

കോൺഗ്രസ്സ് എംഎൽഎ പറഞ്ഞില്ലെങ്കിലും ഒരു കാര്യം വ്യക്തമായി പറയാം .... പുന്ന സെന്ററിൽ വന്ന് നൗഷാദിനെ കൊലപ്പെടുത്താൻ SDPIക്കാർ ഒറ്റക്ക് വിചാരിച്ചാൽ ഒരിക്കലും കഴിയില്ല ... കൊന്നത് SDIPക്കാർ തന്നെ.... എന്നാൽ അതിന് കളം വരച്ചത് ആരാണെന്നറിയാൻ NIA അന്വേഷണമാണ് വേണ്ടത് ...പണ്ട് സിപിഎം വിട്ടുപോയ നൗഷാദ് ആർക്കാണ് തലവേദനയായത്,റോഡിന്റെ ഉദ്ഘാടനത്തിന് വന്ന സിപിഎം എംഎൽഎയെ തടഞ്ഞ നൗഷാദിനെ വെല്ലുവിളിച്ച് ഭീഷണിപെടുത്തിയവരാണോ ഈ കളം വരച്ചു നൽകിയത്... SDPI എന്ന വർഗ്ഗീയ പാർട്ടിയെ വെല്ലുവിളിച്ച് നിലം തൊടീക്കാത്ത നൗഷാദിനെതിരെ തിരക്കഥ രചിച്ചത് ആരാണ്..... ഒരു കാര്യം ഉറപ്പാണ്... SDPIക്കാരാണ് കൊലപ്പെടുത്തിയത്... പക്ഷെ പുന്നയിൽ വന്നിത് ചെയ്യണമെങ്കിൽ ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ ചിലർ ഒന്നിച്ചിട്ടുണ്ട്.. എംഎൽഎ ആവശ്യപ്പെട്ടത് ഇത്രയേയുള്ളൂ SDPIക്കൊപ്പം സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം ... പങ്കില്ലെങ്കിൽ അന്വേഷണത്തെ എന്തിനു ഭയപ്പെടണം..... അനിൽ അക്കര എംഎൽഎയെ ഒറ്റപ്പെടുത്തി തെറിവിളിച്ച വാക്കുകൾ സഖാക്കൾ ഓർമ്മയിൽ സുക്ഷിക്കണം.. എന്തിനെന്നാൽ നിങ്ങളുടെ സഖാക്കളെ തെറിവിളിക്കാൻ ചിലപ്പോൾ വീണ്ടുമത് ആവശ്യം വന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP