Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴപ്പേടിയിൽ പ്രവാസി മലയാളികൾ; രണ്ടാം വർഷവും അവധിക്കാലം മഴയിൽ ഒലിച്ചു പോകുമെന്ന ഭീതി ശക്തമായി; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു; മഴ തുടർന്നാൽ അവധി റദ്ദാക്കേണ്ടി വരുമെന്ന് സൂചനകൾ; നാട്ടിലെത്തിയവർ പുറത്തിറങ്ങാൻ കഴിയാതെയും മടങ്ങാനുള്ളവർ എയർപോർട്ട് തുറക്കാതെയും വിഷമത്തിൽ

മഴപ്പേടിയിൽ പ്രവാസി മലയാളികൾ; രണ്ടാം വർഷവും അവധിക്കാലം മഴയിൽ ഒലിച്ചു പോകുമെന്ന ഭീതി ശക്തമായി; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു; മഴ തുടർന്നാൽ അവധി റദ്ദാക്കേണ്ടി വരുമെന്ന് സൂചനകൾ; നാട്ടിലെത്തിയവർ പുറത്തിറങ്ങാൻ കഴിയാതെയും മടങ്ങാനുള്ളവർ എയർപോർട്ട് തുറക്കാതെയും വിഷമത്തിൽ

പ്രത്യേക ലേഖകൻ

ലണ്ടൻ: കേരളം കണ്ട മഹാപ്രളയത്തിന്റെ ഒന്നാം വാർഷികം എത്താൻ കൃത്യം ഒരാഴ്ച മുന്നിൽ നിൽക്കെ മറ്റൊരു പ്രളയ സൂചന നൽകി പല ജില്ലകൾ വെള്ളത്തിൽ. കഴിഞ്ഞ വർഷം താരതമ്യേനേ പ്രഹരം കുറഞ്ഞ സ്ഥലങ്ങളായ വയനാടും കണ്ണൂരുമാണ് ഇത്തവണ ഏറെ വിഷമത്തിൽ ആയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വയനാട്ടിൽ ഒരു മല ഒന്നാകെ ഉരുൾപൊട്ടലിൽ താഴേക്കമർന്നപ്പോൾ എത്ര പേരുടെ ജീവനുകൾ അതിനൊപ്പം ഒലിച്ചു പോയി എന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.

കേരളത്തിൽ നിന്നും ഭയപ്പെടുത്തുന്ന ഇത്തരം വാർത്തകൾ എത്തിത്തുടങ്ങിയതോടെ സ്‌കൂൾ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്കു പുറപ്പെടുന്ന പ്രവാസി മലയാളി കുടുംബങ്ങൾ ഏറെ പ്രയാസത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒരാഴ്ചയോളം എയർപോർട്ട് അടച്ചതിനേ തുടർന്ന് യാത്ര ഈ വർഷത്തേക്ക് മാറ്റി വച്ചവർ പോലും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പങ്കു വയ്ക്കുന്നത്. ഇതിനകം നാട്ടിൽ എത്തിയവരാകട്ടെ യാത്ര വിലക്കുകൾ പരിഗണിച്ചും സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയും താത്കാലികമായി സ്വന്തം വീടുകളിൽ കുടുങ്ങി പ്ലാൻ ചെയ്തിരുന്ന അവധിക്കാല ആഘോഷങ്ങൾ റദ്ദാക്കുകയാണ്.

തുടക്കത്തിൽ ഒരു പേമാരിയായി പെയ്‌തൊഴിയും എന്ന പ്രതീക്ഷിച്ച മഴ പൊടുന്നനെ രൗദ്ര ഭാവം പൂണ്ടു പെയ്തു തിമിർക്കുകയാണ്. ഒറ്റയടിക്ക് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മാത്രം വലിയ തോതിൽ മഴ പെയ്തിറങ്ങിയതോടെയാണ് ഉരുൾ പൊട്ടലുകൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനു മേഘവിസ്‌ഫോടനത്തിന്റെ സ്വഭാവം ഉണ്ടെന്നു പോലും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. കടലിൽ ശക്തമായ ന്യൂനമർദം രൂപംകൊണ്ടിരിക്കുന്നതിനാൽ വടക്കൻ ജില്ലകളിൽ മഴ വരും ദിവസങ്ങളിലും ഇടർച്ചയില്ലാതെ പെയ്തിറങ്ങും എന്നാണ് സൂചന. ഇത് സ്ഥിഗതികൾ കൂടുതൽ സങ്കീർണ്ണം ആക്കുകയും ചെയ്യും.

ഒരു വർഷം എത്തുമ്പോഴേക്കും സംസ്ഥാനം വീണ്ടും മഴപ്പേടിയിൽ ആയതു നാട്ടുകാരോടൊപ്പം പ്രവാസികളെയും വിനോദ സഞ്ചാരികളെയും കൂടി പ്രയാസത്തിൽ ആക്കിയിരിക്കുകയാണ്. സ്‌കൂൾ അവധിക്കാലം ആയതിനാൽ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ പ്രവാസികൾ എത്തുന്ന സമയമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. ഇവർക്കൊപ്പം ഗൾഫ് മലയാളികൾ കൂടി ചേരുമ്പോൾ ഏറ്റവും അധികം പ്രവാസി മലയാളികൾ എത്തുന്ന സമയം കൂടിയായി മാറുകയാണ് ഈ മാസങ്ങൾ.

കഴിഞ്ഞ വർഷം ശക്തമായ പ്രളയം ഉണ്ടായപ്പോൾ നാട് കാണാൻ കാത്തിരുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് യാത്ര മാറ്റിവച്ചത്. ഇക്കുറിയും സ്വാഭാവികമായും മഴ പെയ്യുമോ എന്ന് പ്രവാസികൾ പരക്കെ ആശങ്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷത്തെ തോതിൽ തന്നെ യാത്രകൾ മുടക്കും വിധമുള്ള ദുരിതമായി മഴ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഇക്കാരണത്താൽ പതിവ് വിട്ടു കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്താൻ തയ്യാറായിരിക്കവെയാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നത്. നാട്ടിൽ എത്താൻ ഉള്ളവർ എല്ലാം ടിക്കറ്റ് എടുത്തു കഴിഞ്ഞതിനാൽ മഴക്കാല ദുരിതം ഉടനെയൊന്നും മാറില്ല എന്ന് ഉറപ്പായതിനാൽ ഏവരുടെയും അവധിക്കാല ആഘോഷത്തിന് മങ്ങൽ ഏൽക്കും എന്നുറപ്പാണ്.

കൂടാതെ യാത്രകളും മറ്റും പ്ലാൻ ചെയ്തു എത്തിയവരും അതെല്ലാം റദ്ദാക്കേണ്ടി വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോരുത്തരും അവരവരുടെ നാടുകളിൽ വെള്ളം കയറാൻ സാധ്യത ഉണ്ട് എന്ന വിഹലത കൂടി പങ്കിട്ടു തുടങ്ങിയതോടെ അവധിക്കാലത്തിന്റെ മുഴുവൻ ആവേശവും ചോർന്നു പോകുകയാണ്. വൃദ്ധരായ മാതാപിതാക്കൾക്ക് ധൈര്യം നൽകാൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസം മാത്രമാണ് ഇതിനകം നാട്ടിൽ എത്തിയവർ പങ്കിടുന്നതും. മക്കൾ അടുത്തെത്തിയ ആശ്വാസം മാതാപിതാക്കളും മറച്ചു വയ്ക്കുന്നില്ല. വരും ദിവസങ്ങളിൽ യാത്ര ചെയ്യാനിരിക്കുന്നവർ വാർത്തകളിൽ കണ്ണും നട്ടു എന്ത് സംഭവിക്കും എന്ന ആശങ്ക പങ്കിട്ടുകൊണ്ടിരിക്കുന്നു. പ്രയാസങ്ങൾ ഉണ്ടായാലും നാട്ടിൽ പോകാൻ സാധിക്കണേ എന്ന് ആഗ്രഹം പങ്കുവയ്ക്കുകയാണ് ഭൂരിഭാഗവും.

കനത്ത മഴയിൽ ഇടുക്കി മുങ്ങിയപ്പോൾ അതിന്റെ പരിണിത ഫലം ഉണ്ടായതു നെടുമ്പാശേരി എയർപോർട്ടിലാണ്. സമീപ നദികളിൽ വെള്ളം ഉയർന്നതോടെ നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. റൺവേയിലും വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടച്ചത്. ഇവിടെ ഇറങ്ങേണ്ട പല വിമാനങ്ങളും വഴി തിരിച്ചു വിടുകയോ ക്യാൻസൽ ചെയ്തിരിക്കുകയോ ആണെന്ന് കൊച്ചി റിപ്പോർട്ടുകൾ സൂചന നൽകുന്നു. കഴിഞ്ഞ വർഷത്തെ പ്രളയ കാലത്തു 14 ദിവസമാണ് എയർപോർട്ട് അടച്ചിടേണ്ടി വന്നത്. ഏകദേശം 300 കോടി രൂപയുടെ നഷ്ടവും വിമാനത്താവളത്തിന് ഉണ്ടായി.

നാട്ടിൽ എത്താൻ കഴിയാതെ പോയാൽ പ്രവാസി മലയാളികളുടെ അനേകം വ്യക്തിപരമായ ചടങ്ങുകളും വെള്ളത്തിൽ മുങ്ങും എന്നുറപ്പാണ്. യുകെ മലയാളികളിൽ അനേകം പേരും ഇപ്പോൾ നാട്ടിൽ എത്തുന്നതും ആദി കുർബാന, വിവാഹം, വീടിന്റെ പാലുകാച്ചൽ, വിവാഹ വാർഷിക ആഘോഷങ്ങൾ എന്നിവയിൽ ഒക്കെ പങ്കെടുക്കുന്നതിന് കൂടിയാണ്. പലരുടെയും ആഘോഷ പരിപാടികളും യുകെയിൽ നിന്നും നാട്ടിൽ എത്തി നടത്താൻ ഉള്ളതും യാത്രകൾക്ക് കാരണമാണ്. ഈ മാസം തന്നെ യുകെ മലയാളികളുടേതായി ഒരു ഡസനോളം വിവാഹമാണ് നടക്കാനിരിക്കുന്നത്. ഇന്നലെ വൂസ്റ്റർ സ്വദേശിയുടെ മകളുടെ വിവാഹം മഴക്കെടുതി നേരിടാതെ നടത്താനായി.

ഈ മാസം 20നു നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ മലയാളി കെ ഡി ഷാജിമോന്റെ മകളുടെ വിവാഹവുമായി അദ്ദേഹം നേരത്തെ തന്നെ നാട്ടിൽ എത്തിയിരുന്നു. എന്നാൽ മഴ തുടരുന്നത് വരനും വധുവും അടക്കമുള്ള ബന്ധുക്കളുടെ വരവിനെ പോലും ബാധിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്. ഈ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ 30 ഓളം മലയാളി കുടുംബങ്ങളാണ് യുകെയിൽ നിന്നും നാട്ടിൽ എത്തുന്നത്. ഇത്തരത്തിൽ ഒട്ടേറെ പേരുടെ മനസ്സിൽ തീക്കാറ്റായി മാറുകയാണ് മഴക്കാല ആശങ്കകൾ.

എന്നാൽ ഇതിനേക്കാൾ ഒക്കെ വേവലാതിയാണ് മടങ്ങി പോരാൻ ഉള്ളവർക്ക്. സ്‌കൂൾ അടച്ചപ്പോഴേ രണ്ടു ആഴ്ച അവധിക്കു നാട്ടിൽ ചെന്നവർക്കു മടങ്ങാനുള്ള സമയമായപ്പോഴാണ് അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും. എയർപോർട്ട് അടയ്ക്കാൻ തീരുമാനിച്ചതോടെ മടങ്ങിപ്പോരാൻ ഉള്ളവർ ആധിപിടിച്ചു എയർലൈനുകളെ സമീപിച്ചിരിക്കുകയാണ്. റോഡ് മാർഗം മറ്റു എയർപോർട്ടുകളിൽ എത്തി മടങ്ങാൻ കഴിയുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണ് പ്രധാന എയർ ലൈനുകൾ. ഇന്ന് മടങ്ങിപ്പോരാൻ തീരുമാനിച്ചിരുന്ന സ്‌കോട്‌ലന്റിലെ ഡോ. രാജ് ഉൾപ്പെടെയുള്ളവർ കൊച്ചി എയർപോർട്ടിൽ നിന്നും കൃത്യമായ മറുപടി കിട്ടാത്ത നിരാശയിലാണ്. എപ്പോൾ എയർപോർട്ട് തുറക്കുമെന്നോ സർവീസുകൾ ആരംഭിക്കുമെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലാണ് എയർപോർട്ട് മേധാവികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP