Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടശ്ശനാട് കരയോഗം ഓഫീസിലും സ്‌കൂളിലും സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചതിന് പിന്നാലെ ചാരുമൂട്ടിലെ കരയോഗം ഓഫീസിന് നേരെയും ആക്രമണം; വെൺമണിയിൽ ആക്രമക്കപ്പെട്ട ക്ഷേത്രവും എൻഎസ്എസ് നിയന്ത്രണത്തിൽ ഉള്ളത്; ശബരിമല വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട എൻഎസ്എസിനെതിരെ കണ്ണൂർ മോഡൽ ആക്രമണം അഴിച്ചുവിട്ടതോടെ സടകുടഞ്ഞെണീറ്റ് നായർ വികാരം; സാമ്പത്തിക സംവരണത്തിന്റെ പേരിൽ ഇടതു സർക്കാറിനോട് മൃദുസമീപനം പുലർത്തിയിരുന്ന എൻഎസ്എസ് കടുത്ത നിലപാടെടുത്ത് രംഗത്ത്

കുടശ്ശനാട് കരയോഗം ഓഫീസിലും സ്‌കൂളിലും സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചതിന് പിന്നാലെ ചാരുമൂട്ടിലെ കരയോഗം ഓഫീസിന് നേരെയും ആക്രമണം; വെൺമണിയിൽ ആക്രമക്കപ്പെട്ട ക്ഷേത്രവും എൻഎസ്എസ് നിയന്ത്രണത്തിൽ ഉള്ളത്; ശബരിമല വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട എൻഎസ്എസിനെതിരെ കണ്ണൂർ മോഡൽ ആക്രമണം അഴിച്ചുവിട്ടതോടെ സടകുടഞ്ഞെണീറ്റ് നായർ വികാരം; സാമ്പത്തിക സംവരണത്തിന്റെ പേരിൽ ഇടതു സർക്കാറിനോട് മൃദുസമീപനം പുലർത്തിയിരുന്ന എൻഎസ്എസ് കടുത്ത നിലപാടെടുത്ത് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ശബരിമല വിഷയത്തിൽ സർക്കാറിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയത് നായർ സർവീസ് സൊസൈറ്റിയുടെ നിലപാടായിരുന്നു. എൻഎസ്എസിന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച നാമജപയാത്രകളാണ് സർക്കാറിനെ ശരിക്കും വെട്ടിലാക്കിയത്. അടുത്തകാലം വരെ സർക്കാറുമായി അടുപ്പം പുലർത്തിയ സുകുമാരൻ നായരും ഇതോടെ ശത്രുപക്ഷത്തായി. അതിനിടെ സർക്കാറിനെ വെട്ടിലാക്കുന്ന നിലപാട് കൈക്കൊണ്ട നായർ സർവീസ് സൊസൈറ്റിക്കെതിരെ പലയിടത്തും ആക്രമണങ്ങളും ശക്തമായി. ഇതോടെ ഇനി സർക്കാറിനോട് വിട്ടുവീഴ്‌ച്ച വേണ്ടെന്ന കർശന നിലപാടിലാണ് എൻഎസ്എസ്.

സുകുമാരൻ നായരെ അധിക്ഷേപിച്ചു കൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും റീത്ത് വെക്കൽ അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ പലയിടത്തും നടക്കുന്നത്. കൊല്ലത്ത് പരവൂരും ആലപ്പുഴയിൽ ചാരുംമൂടും എൻ.എസ്.എസ്. കരയോഗങ്ങൾക്കുനേരെ ആക്രമണം ഉണ്ടായതോടെ എൻഎസ്എശ് കടുത്ത നിലപാടിലേക്ക് കടന്നു. പരവൂർ ഇടവട്ടം 3638-ാം നമ്പർ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകൾ തകർത്തു. കുടശ്ശനാട് 1473-ാം നമ്പർ കരയോഗമന്ദിരത്തിലെയും കുടശ്ശനാട് എൻ.എസ്.എസ്. ഹൈസ്‌കൂളിലെയും കൊടിമരങ്ങളിൽ കരിങ്കൊടി കെട്ടി. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലിയെന്നെഴുതിയ റീത്തും വെച്ചു.

ഇടവട്ടം പൂതക്കുളത്തെ കരയോഗമന്ദിര ഓഫീസിനുനേർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ലൈറ്റിട്ടതോടെ ആരോ ഓടി വാഹനത്തിൽ കയറിപ്പോകുന്നത് കണ്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് കരയോഗ ഭാരവാഹികൾ എത്തിയപ്പോഴാണ് ചില്ലുകൾ തകർത്തത് കണ്ടത്. കൊടിമരവും തകർത്തിരുന്നു. പ്രസിഡന്റ് എസ്. ശ്രീകണ്ഠൻ പിള്ള, സെക്രട്ടറി സോമചൂഡൻപിള്ള എന്നിവർ പരവൂർ പൊലീസിൽ പരാതി നൽകി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സമീപത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരനാണ് കുടശ്ശനാട് കരയോഗമന്ദിരത്തിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടിയത് കണ്ടത്. വിവരമറിഞ്ഞ് ഭാരവാഹികൾ വന്നുനോക്കിയപ്പോൾ റീത്തും കണ്ടു. പിന്നീട് സ്‌കൂളിലും ഇതാവർത്തിച്ചതായി കണ്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് എൻ.എസ്.എസ്. പന്തളം യൂണിയനിലെ കരയോഗങ്ങളുടെ നേതൃത്വത്തിൽ കുടശ്ശനാട്ട് പ്രതിഷേധപ്രകടനവും സമ്മേളനവും നടന്നു. എൻ.എസ്.എസ്. ഹൈസ്‌കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുകളിൽക്കൂടി ഗ്രൗണ്ടിൽ കടന്നാണ് കൊടിമരത്തിൽ കരിങ്കൊടികെട്ടി റീത്ത് വെച്ചതെന്ന് കരുതുന്നു. കൊടിമരത്തിന് ചുറ്റിലും ഗേറ്റിലും മുളകുപൊടി വിതറിയിട്ടുണ്ട്.

പൊലീസിലെ പ്രത്യേക സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനുപിന്നിൽ സമൂഹവിരുദ്ധരാണെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും എൻ.എസ്.എസ്. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ആവശ്യപ്പെട്ടു. അതിനിടെ ഡിവൈഎഫ്ഐ-ആർഎസ്എസ് സംഘർഷം സമുദായ സംഘടനങ്ങൾ ഏറ്റെടുത്തതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ ഇന്ന് ഹർത്താൽ. കല്ലേറിലും സംഘർഷത്തെയും തുടർന്ന് ആളുകൾക്ക് പരിക്കേൽക്കുകയും എൻഎസ്എസിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിന്റെ കാണിക്കാ മണ്ഡപത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ വിഷയവും എൻഎസ്എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ വേണ്ടി മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തിയാണ് ഇതെന്നാണ് സിപിഎം വാദം. റീത്ത് വെക്കുന്നത് പൊതുവേ കണ്ണൂർ ശൈലിയാണ്. ആ ശൈലി അനുകരിക്കുമ്പോൾ സർക്കാറിനെ പ്രതിരോധത്തിലാക്കാമെന്ന് പലരും കണക്കു കൂട്ടുകയും ചെയ്യുന്നു. നേരത്തെ ശബരിമല വിഷയത്തിലെ പൊലീസ് നടപടികൾക്കെതിരെയും എൻഎസ്എസ് രംഗത്തെത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പൊലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എൻഎസ്എസ്. വിശ്വാസികൾക്കെതിരായ പൊലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എൻഎസ്എസ് പത്രക്കുറിപ്പിൽ ആരോപിച്ചത്. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ മുഖ്യന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് എൻ എസ് എസ് നിലപാട് കടുപ്പിച്ചത്.

വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ജി.സുകുമാരൻ നായർ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു. ഒട്ടേറെ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ ധൃതി കാണിച്ചു. എൻഎസ്എസ് ഇതുവരെ സർക്കാരിനെ വിമർശിച്ചിട്ടില്ല. അഭിപ്രായങ്ങൾ തുറന്നുപറയുമായിരുന്നു. എൻഎസ്എസിനു ലാഭേച്ഛയില്ല. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്. വിശ്വാസമെന്നതു സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം. അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി ഒളിയമ്പുമായി സുകുമാരൻ നായർക്കെതിരെ എത്തിയത്. മന്നത്ത് പത്മനാഭന്റെ സാമൂഹിക ഇടപെടൽ ഉയർത്തിയായിരുന്നു ഇത്. എന്നാൽ വിശ്വാസികൾക്കൊപ്പമേ താൻ നിൽക്കൂവെന്നാണ് സുകുമാരൻ നായർ വീണ്ടും ആവർത്തിക്കുന്നത്.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സർക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോ. ഹൈന്ദവഭക്തർ ഇത് മനസ്സിലാക്കുന്നുണ്ട്. എതിർക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എൻഎസ് ഉണ്ടാവുമെന്നും സുകുമാരൻ നായർ പറഞ്ഞു. ഇതോടെ ശബരിമല സമരം എൻ എസ് എസ് ഏറ്റെടുക്കുകയാണ്. ഏതെറ്റം വരേയും പോകുമെന്ന സന്ദേശമാണ് സുകുമാരൻ നായർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP