Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ ഒരു ചരടിൽ ബന്ധിപ്പിക്കാൻ ഏകീകൃത തീരിച്ചറിയൽ കാർഡ്; നഴ്‌സിങ് കൗൺസിൽ വിതരണം ചെയ്യുന്ന കാർഡിനായി വിവരങ്ങൾ നൽകണം; കാർഡ് രജിസ്റ്റർ ചെയ്യാൻ നഴ്‌സിങ് സ്‌കൂളുകളിലും അവസരം ഒരുക്കി കേരളാ സർക്കാർ; വിദേശത്തുള്ള നഴ്‌സുമാർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അവസരം; വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകിയാലും നേരിൽ ഹാജരാകേണ്ടി വരും

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ ഒരു ചരടിൽ ബന്ധിപ്പിക്കാൻ ഏകീകൃത തീരിച്ചറിയൽ കാർഡ്; നഴ്‌സിങ് കൗൺസിൽ വിതരണം ചെയ്യുന്ന കാർഡിനായി വിവരങ്ങൾ നൽകണം; കാർഡ് രജിസ്റ്റർ ചെയ്യാൻ നഴ്‌സിങ് സ്‌കൂളുകളിലും അവസരം ഒരുക്കി കേരളാ സർക്കാർ; വിദേശത്തുള്ള നഴ്‌സുമാർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ അവസരം; വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകിയാലും നേരിൽ ഹാജരാകേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോകത്തെമ്പാടുമായി വ്യാപിച്ചു കിടക്കുന്നവരാണ് ഇന്ത്യൻ നഴ്‌സിങ് സമൂഹം. രാജ്യത്തിന്റെ അഭിമാനും ഉയർത്തുന്നതിലും വിദേശനാണ്യം നേടിത്തരുന്ന കാര്യത്തിലും ഇന്ത്യൻ നഴ്‌സുമാർക്കുള്ള പങ്ക് വളരെ വലുതാണ്. ലോകമെമ്പാടമുള്ള നഴ്‌സിങ് സമൂഹത്തിൽ മലയാളികളാണ് എണ്ണത്തിൽ കൂടുതൽ. വികസിത, വികസ്വര രാജ്യങ്ങളിലുമെല്ലാം ഇന്ത്യൻ നഴ്‌സുമാർ ജോലി ചെയ്യുന്നു. ഇങ്ങനെ ലോകമെമ്പാടുമുള്ള ഇന്ത്യൻ നഴ്‌സുമരെ ഒരു ചരടിൽ കോർക്കാനും വിദേശത്ത് ജോലി തേടുമ്പോൾ അടക്കം മികച്ച പരിഗണന ലഭിക്കുന്നതിനുമായി നഴ്‌സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് അടുത്തിടെയാണ്. നിലവിൽ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാർ അടക്കമുള്ളവർ തിരിച്ചറിയൽ കാർഡ് എടുക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

ഇന്ത്യൻ നഴ്‌സിങ് കൗൺസിലാണ് ഏകീകൃത തിരിച്ചറിയിൽ കാർഡ് (എൻ.യു.ഐ.ഡി) നൽകുന്നത്. വിദേശജോലികൾക്കടക്കം നഴ്‌സുമാർക്ക് യോഗ്യത നൽകുന്നതാണ് നാഷണൽ യൂണിക് ഐഡന്റിറ്റി നമ്പർ രാജ്യത്തെ മുഴുവൻ നഴ്‌സുമാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവർ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിലുമായി ബന്ധപ്പെടണം. കേരളത്തിലും ഇതിന്റെ വിവര ശേഖരണം നടത്തി വരുന്നുണ്ട്. മലയാളി നഴ്‌സുമാർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നേരത്തെ ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയിരുന്നു. എന്നാൽ, ഈ അവസരത്തിൽ വിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.

ഒറ്റ രജിസ്ട്രേഷൻ

ഇന്ത്യൻ നഴ്സിങ് കൗൺസിൽ രാജ്യത്തെ മുഴുവൻ നഴ്‌സുമാർക്കും എൻ.യു.ഐ.ഡി രജിസ്ട്രേഷൻ നിർബന്ധം ആക്കിയിട്ടുണ്ട്. ഇപ്പോൾ അതാത് സംസ്ഥാനങ്ങളിൽ മാത്രം ആണ് നഴ്സുമാരുടെ വിവരങ്ങൾ ഉള്ളു. രാജ്യത്തെ മുഴുവൻ നഴ്‌സുമാരുടെയും വിവരങ്ങൾ ഏകോപിക്കുക എന്നതാണ് പ്രധാനമായ ഉദ്ദേശം. മാത്രമല്ല ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഇനി മുതൽ നഴ്സുമാർക്ക് ഏകീകൃത ഐ ഡി കാർഡും നിർബന്ധം ആക്കിയിട്ടുണ്ട്. എൻയുഐഡി രജിസ്ട്രേഷൻ ഉള്ളവർക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആണ് ഐ ഡി കാർഡുകൾ നൽകുക. മാത്രമല്ല ഇനി മുതൽ നഴ്സിങ് കൗൺസിൽ രെജിസ്ട്രേഷൻ പുതുക്കണം എങ്കിൽ എൻയുഐഡി നിർബന്ധമാണ്. എൻയുഐഡി ഇല്ല എങ്കിൽ രജിസ്ട്രേഷൻ റിന്യൂ ചെയ്യാൻ കഴിയില്ല.

ഏകീകൃത തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നതോടെ രാജ്യത്തെ നഴ്സുമാർക്ക് നിലവിലുള്ള ഒട്ടേറെ പ്രതിസന്ധികൾക്ക് പരിഹാരമാകും എന്നാണ് കരുതുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകം നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനാണ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വരുന്ന നഴ്‌സുമാർ അതത് സംസ്ഥാനങ്ങളിലെ നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. കൂടാതെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാന കൗൺസിലിന്റെ എൻഒസിയും വാങ്ങേണ്ടിയിരുന്നു. എന്നാൽ, ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നടപ്പിലാക്കുന്നതോടെ ഈ നൂലാമാല ഇല്ലാതാകും.

നിലവിലെ സാഹചര്യത്തിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി മാറി പോകുമ്പോൾ രജിസ്‌ട്രേഷൻ കടമ്പകൾ പുതിയ സംസ്ഥാനത്ത് പൂർത്തിയാക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കുമായിരുന്നു. ഇതിന് പരിഹാരം കാണാനാകുന്നതിനോടൊപ്പം രാജ്യത്തെ നഴ്സുമാരുടെ സ്ഥിതിവിവര കണക്കുകളും അവരുടെ യോഗ്യതയും എല്ലാം ഇന്ത്യൻ നഴ്സിങ് കൗൺസിലിന് ലഭ്യമാകുകയും ചെയ്യും.

രജിസ്ട്രേഷനായി രണ്ട് സംവിധാനങ്ങൾ

സംസ്ഥാന നഴ്‌സിങ് കൗൺസിലുകളാണ് എൻയുഐഡി രജിസ്‌ട്രേഷൻ നടത്തുന്നത്. ആധാർ അധിഷ്ടിത ബയോമെട്രിക് രജിസ്‌ട്രേഷനാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി മുതലുള്ള സർട്ടിഫിക്കറ്റുകളും ആധാറും മെയിൽ ഐഡിയും ഫോൺ നമ്പരും രജിസ്‌ട്രേഷൻ സമയത്ത് നൽകണം. ഇതിനായി വിവരശേഖരണത്തിനുള്ള കേന്ദ്രങ്ങൾ നഴ്‌സിങ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

രണ്ടു രീതിയിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഏർപ്പെടുത്തിയിട്ടുള്ള ഏജൻസിയായ ഫിനോ പേ ടെക്ക് എല്ലാ സ്വകാര്യ-സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയും നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ, കമ്പനി ആധാർ വിവരങ്ങൾ ശേഖരിക്കുകയില്ല. കൂടാതെ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് അതത് സംസ്ഥാന കൗൺസിലുകളിൽ എത്തി ആധാർ വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കാം.

നിലവിൽ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ജോലി നോക്കുന്ന നഴ്സുമാരും പുതുതായി പാസാകുന്ന നഴ്സുമാരും ഏകീകൃത തിരിച്ചറിയൽ കാർഡ് സ്വന്തമാക്കണം. ഇതിനായി വിവര ശേഖരണത്തിനായി എല്ലാ ജില്ലകളിലും അവസരം ഒരുക്കിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയാൽ പിന്നീട് നേരിട്ട് ഹാജരാകേണ്ട സമയം കൗൺസിൽ അറിയിക്കും.

നഴ്‌സിങ് സ്‌കൂളുകളിലും രജിസ്റ്റർ ചെയ്യാം

നഴ്‌സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് രജിസ്‌ട്രേഷൻ കേന്ദ്രങ്ങളായി നഴ്‌സിങ് സ്‌കൂളുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരക്കു പരിഗണിച്ച് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിലിന്റേതാണ് തീരുമാനം. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ കേന്ദ്രം തുടർന്നും പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് രജിസ്‌ട്രേഷൻ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂൺ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്.

നഴ്‌സുമാർ കൂടുതലുള്ള കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ തീയതിയും സ്ഥലവും ജൂൺ 26-ന് കേരള നഴ്‌സിങ് കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളിൽ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതിൽ വിട്ടുപോയവർക്കാണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്.

ദിവസം ശരാശരി 15 മുതൽ 20 പേരുടെവരെ വിവരങ്ങൾ മാത്രമേ ഒരു സെന്ററിൽനിന്ന് അപ്ലോഡ് ചെയ്യാനാവൂ. ഓരോ ദിവസത്തെയും ആദ്യ 15-ൽ ഉൾപ്പെടാൻ പുലർച്ചെ മൂന്നു മുതൽ ജില്ലാ ആശുപത്രികളിലെ കേന്ദ്രത്തിലെത്തുന്നതിന് നഴ്‌സുമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് രജിസ്ട്രാർ,കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ്‌സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വത്സ കെ. പണിക്കർ അറിയിച്ചു. സംസ്ഥാനത്ത് കേരള നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർമാത്രം 3,43,000 പേരുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർ അടക്കം അനവധി പേർ ഇനിയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള വിവരശേഖരണത്തിനായി എത്തുന്നവർ കരുതേണ്ട രേഖകൾ:

* എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്(ഒറിജിനൽ)

* പ്ളസ് ടു/പ്രീഡിഗ്രി സർട്ടിഫിക്കറ്റ്

* കേരള നഴ്സിങ് കൗൺസിൽ രജിസ്േട്രഷൻ സർട്ടിഫിക്കറ്റ് (ഒറിജിനൽ)

* കേരള നഴ്സിങ് കൗൺസിൽ അഡീഷണൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ്(ഒറിജിനൽ)

* ആധാർ(ഒറിജിനൽ)

* ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP