Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാന്യമായ ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി കാണേണ്ടിവരുക മാലാഖമാരുടെ സമരച്ചൂടുള്ള മുഖങ്ങൾ; തലസ്ഥാനത്ത് വൻ ശക്തിപ്രകടനത്തോടെ നഴ്‌സുമാർ അതിജീവന സമരം തുടങ്ങി; നാളത്തെ ചർച്ചയിൽ തീരുമാനം അനുകൂലമല്ലെങ്കിൽ ആശുപത്രികളെല്ലാം സ്തംഭിക്കുമെന്ന മുന്നറിയിപ്പോടെ സമരപ്രഖ്യാപനം

മാന്യമായ ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി കാണേണ്ടിവരുക മാലാഖമാരുടെ സമരച്ചൂടുള്ള മുഖങ്ങൾ; തലസ്ഥാനത്ത് വൻ ശക്തിപ്രകടനത്തോടെ നഴ്‌സുമാർ അതിജീവന സമരം തുടങ്ങി; നാളത്തെ ചർച്ചയിൽ തീരുമാനം അനുകൂലമല്ലെങ്കിൽ ആശുപത്രികളെല്ലാം സ്തംഭിക്കുമെന്ന മുന്നറിയിപ്പോടെ സമരപ്രഖ്യാപനം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഈ സമരം ജീവിതം സമരം.... ജീവിക്കാനാണീ സമരം... മുദ്രാവാക്യം വിളിച്ച് അവർ നടന്ന് നീങ്ങി. വെള്ള കോട്ടണിത്ത് ചിരിക്കുന്ന മുഖവുമായി രോഗികളെ പരിചരിക്കുന്നത് മാത്രം കണ്ട് ശീലിച്ചവർക്ക് മാലാഖമാരുടെ അതിജീവന സമരം വേദനിക്കുന്ന കാഴ്ചയായി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കൺവെൻഷനും അതിന് മുന്നോടിയായി നടത്തിയ പ്രതിഷേധ ജാഥയും മാലഖമാരുടെ ശക്തി പ്രകടനമായി മാറുകയായിരുന്നു.

മാന്യമായ ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം തുടങ്ങിയിട്ട് കാലം കുറച്ചായി.എന്നാൽ അധികാരികളുടെ കണ്ണ് തുറക്കുന്ന മട്ടില്ല. 'നാളെ മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ തങ്ങൾക്ക് ലഭിക്കേണ്ട മാന്യമായ ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനം കൈ കൊണ്ടില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ പ്രവർത്തന രഹിതമാക്കും എന്ന സന്ദേശം തന്നെയാണ് യുണെറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയിൽ ആവർത്തിച്ച് പറഞ്ഞത്. സമര പ്രഖ്യാപന കൺവെൻഷന് മുമ്പായി നഴ്സുമാർ നടത്തിയ പ്രതിഷേധ ജാഥ അനന്തപുരിയുടെ രാജ വീഥിയെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതിയുടെ മിനിമം വേജസ് അഡൈ്വസറി ബോർഡ് യോഗത്തിൽ മാനേജ്മെന്റുകൾ നഴ്സുമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ 28 മുതൽ കേരളത്തിലെ ആശുപത്രികൾ പ്രവർത്തിക്കണമോ വേണ്ടയോ എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ വ്യക്തമാക്കി. നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ ഇന്ത്യൻ നഴിസിങ് കൗൺസിലിനും കേരള നഴ്സിങ് കൗൺസിലിനും എതിരെയും പ്രക്ഷോഭം തിരിയും. നഴ്സിങ് മേഖലയിൽ മാനേജ്മെന്റുകൾ നിയമവിരുദ്ധമായി തുടരുന്ന ട്രെയിനിങ് സമ്പ്രദായം നിർത്തലാക്കിയില്ലെങ്കിൽ ആരും തിരികെ ജോലിക്ക് കയറില്ലെന്നും യുഎൻഎ തിരുവനന്തപുരം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജാസ്മിൻഷ പറഞ്ഞു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സ്വാധീനം കുറഞ്ഞ മേഖലയായിരുന്നു തലസ്ഥാനം ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ആശുപത്രി മുതലാളിമാർ ശമ്പളം നൽകാതിരിക്കാനുള്ള സൂത്രമാക്കി മാറ്റിയ സ്ഥലം. എന്നാൽ രോഗികളെ പിഴിഞ്ഞ പണം കൊണ്ട് തിന്നു കൊഴുത്ത മുതലാളിക്ക് വിട് പണി ചെയ്യാൻ ഇനി തങ്ങൾക്കിവില്ലെന്ന് അവർ ഇന്ന് നടത്തിയ ശക്തി പ്രകടനത്തിലൂടെ തെളിയിക്കുകയും ചെയ്തു. ചാരിറ്റി എന്ന പേരിൽ ആശുപത്രികൾ നടത്തുന്ന അച്ഛന്മാരും അമ്മമാരും തങ്ങളുമാരുമൊക്കെ ചാരിറ്റി നടത്തുന്നത് ഒരു ലക്ഷം രൂപയുടെ ബില്ലിൽ 1000 രൂപ കുറച്ച് കൊടുത്തിട്ടാണ്. എന്നാൽ പാവപ്പെട്ട നഴ്സുമാർക്ക് നൽകാൻ ഇവരുടെ പക്കൽ പണമില്ല. ഈ അവസ്ഥയോട് ഒട്ടും യോജിച്ച് പോകാനാകില്ലെന്ന് നഴ്സുമാരുടെ സംഘടന ഒരുമിച്ച് പറയുന്നു.

പണ്ട് സംഘടന പ്രവർത്തനം നടത്താൻ മടിച്ച് നിുൽക്കുകുകയും പേടിപ്പിക്കുമ്പോൾ കരഞ്ഞ് മാറി നിൽക്കുന്നതും ഇനി പഴങ്കഥയാണെന്നും സ്വകാര്യ മതലാളിമാർ ഒരു ഹോസ്പിറ്റലിൽ അടിചത്ചാൽ പകരം എല്ലായിടത്തും തിരിച്ചടിക്കുന്നതായിരിക്കും തങ്ങളുടെ നയമെന്നും അവർ വ്യക്തമാക്കി.വൈകുന്നേരം മൂന്നര മണിയോടെയാണ് പാളയം രക്തച സാക്ഷി മണ്ഡപത്തിൽ നിന്നും ആയിരത്തിൽ പരം നഴ്സുമാർ പങ്കെടുത്ത് പ്രതിഷേധ ജാഥ യുണിവേഷ്സിറ്റി സ്റ്റുഡനൽസ് സെന്റർ ലക്ഷ്യമാക്കി മുന്നേറിയത്. കൺവെൻഷൻ സെന്ററിൽ ഉൾ്കൊള്ളാവുന്നതിലുമധികം നഴ്സുമാർ പുറത്തും നിലകൊണ്ടു. 

നഴ്സുമാരെ ആവേശത്തിലാഴ്‌ത്തിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ പ്രസംഗം വലിയ ആവേശത്തോടെയും കൈയടിയോടെയുമാണ് അവർ സ്വീകരിച്ചത്. മാനേജ്മെന്റുകൾക്കെതിരെയുള്ള സംസ്ഥാനതല സമരം ആരംഭിക്കാനുള്ള സംഘടന ശക്തിയുണ്ടോ എന്ന് ആശങ്കപ്പെട്ട തനിക്ക് ഇന്നത്തെ ഈ ജാഥയോടെ ആത്മവിശ്വാസം ഇരട്ടിയായെന്ന് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സിബി മുകേഷ് പറഞ്ഞപ്പോഴും വേദി കൈയടിയും ആർപ്പുവിളികളും കൊണ്ട് നിറഞ്ഞു. തങ്ങൾ ചോദിക്കുന്നത് മാന്യമായ ശമ്പളം മാത്രമാണെന്ന ഉറച്ച നിലപാടിലാണ് അവർ.

സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിലനിൽക്കുന്നത്. പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല. വൻകിട കമ്പനി മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരുൾപ്പടെ നിരവധിപേർ ചികിത്സ തേടുന്നതിലൂടെ തങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അറിയുന്ന നഴ്സുമാർ സമരവുമായി മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലാണ് പല സ്വകാര്യ ആശുപത്രികളും മുന്നോട്ട് പോകുന്നതും.

പല ആശുപത്രികളും നഴ്സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്സിങ് ഫീസ് ഇനത്തിൽ ഒരു നഴ്സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്സുകളോട് ഈ നെറികേട് തുടരുന്നത്.

പല ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്സുമാർക്കുമുള്ളത്. എന്നാൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്.ലോൺ എടുത്ത് ഉൾപ്പടെ നഴ്സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് നിയോഗിച്ച കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. ഇതിലെ സുപ്രധനമായ റിപ്പോർടുകളാണ് ഇപ്പോഴും നടപ്പാക്കാതെ തുടരുന്നത്. ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. മറ്റു ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ സമരം സംബന്ധിച്ച് നാളത്തെ സർക്കാർതല യോഗത്തിനു ശേഷം തീരുമാനമെടുക്കും.

ജില്ലാ പ്രസിഡന്റ് രാജേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിബി മുകേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം വി സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബിബിൻ എൻ പോൾ, സംസ്ഥാന രക്ഷാധികാരി വത്സൻ രാമംകുളത്ത്, വൈസ് പ്രസിഡന്റ് ഷോബി ജോസഫ്, ജോ.സെക്രട്ടറി ജിഷ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ബെൽജോ ഏലിയാസ് പുളിയൻ, കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി മാത്യു, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് മാത്യു വേരനാനി, തിരുവനന്തപുരം ജില്ലാ ട്രഷറർ വി ആർ സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് നഴ്സുമാർ പങ്കെടുത്തു. ജില്ലാ നേതാക്കളായ രതീഷ്, സുജിത്ത്, സജി, പ്രമോദ്, സുജാദ്, അരുൺ, ഗീത, ജയലക്ഷ്മി, എമി തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP