Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടക്കയിൽ ഒരു നിമിഷം ഇരിക്കുമ്പോൾ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസിൽ വരും; വീട്ടുകാർക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം; ഒടുവിൽ, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളിൽ ഗുഡ്‌ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം; ഭർത്താവിന്റെ ബൈക്കിനു പിന്നിൽ കയറി ഒറ്റപ്പാച്ചിൽ; ഡോക്ടർ റൗണ്ട്‌സിനെത്തും മുൻപേ രോഗികളുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം; സ്വജീവിതം മാറ്റിവെച്ച മാലാഖമാർക്കായി വൈറൽ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് ദൈവത്തിന്റെ മാലാഖമാരെന്ന് അറിയപ്പെടുന്ന നേഴ്‌സുമാർ ജോലിയുമായി മുന്നോട്ട് പോകുന്നത്. കോഴിക്കോട് നിപ്പ ബാധയേറ്റപ്പോൾ സ്വയം ജീവൻപലിയർപ്പിച്ച ലിനി സിസ്റ്റർ ഉൾപ്പടെ മരണം വരിച്ചപ്പോൾ കേരളത്തിലെ നഴ്‌സുമാർക്കായി എഴുതിയ കുറിപ്പാണ് വൈറലായി മാറുന്നത്.

കുറിപ്പ് ചുവടെ :-

സ്വന്തം ജീവൻ വകവയ്ക്കാതെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് ഇന്നത്തെ സല്യൂട്ട്..!നിപ്പ രോഗികളെ ശുശ്രൂഷിച്ച്, ഒടുവിൽ ജീവൻതന്നെ നഷ്ടമായ ലിനി എന്ന നഴ്‌സിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം നഴ്‌സസ് അസോസിയേഷന്റെ ആ ഗാനം ഓർമവരും; അറയ്ക്കൽ നന്ദകുമാർ എഴുതിയ വരികൾ..:

'രാത്രി പകലേതെന്നറിയാതെ...

രോഗങ്ങൾ ആർത്തുവിളിക്കുമിടനാഴിയിൽ...

എണ്ണയിട്ടോടുന്ന യന്ത്രമായ് ഒടുവിലീ...

മണ്ണിൽ ഒടുങ്ങുന്ന ജന്മങ്ങളായ്...

മരണം മണക്കുന്ന ചുവരിലെ

നിഴലിലൂടൊഴുകുന്ന

വെള്ളരിപ്രാവുകളേ...'

രാവിലെ 5 മണിക്ക് അലാം കേൾക്കുമ്പോൾ ഉണരണം... കിടക്കയിൽ ഒരു നിമിഷം ഇരിക്കുമ്പോൾ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസ്സിൽ വരും. അവരുടെ ജീവിതഭാരമോർത്തു തല കനം വയ്ക്കുമ്പോൾ ഉറക്കച്ചടവുകൊണ്ടു മൂക്കു കുത്തും.

ഉറങ്ങണമെന്നു തോന്നും. പക്ഷേ, ഉടൻ ഉണരും. ഒറ്റ ഓട്ടം അടുക്കളയിലേക്ക്. വീട്ടുകാർക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം. ഒടുവിൽ, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളിൽ ഗുഡ്‌ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം. ഭർത്താവിന്റെ ബൈക്കിനു പിന്നിൽ കയറി ഒറ്റപ്പാച്ചിൽ.

ആദ്യ ജംക്ഷനിൽ പൊലീസ് കൈ കാട്ടുമ്പോൾ കാർഡെടുത്തു കാട്ടും: ആശുപത്രിയിലെ നഴ്‌സാണ്... പോകാതിരിക്കാൻ വയ്യ. കാർഡ് പിന്നെ ബാഗിൽ വയ്ക്കില്ല. ഇടയ്ക്കിടെ കാട്ടേണ്ടതാണ്.

മെഡിക്കൽ കോളജുകളിലേക്ക് ചിലപ്പോൾ 20 കിലോമീറ്ററിലേറെ ദൂരമുണ്ടാകും. മുൻപ് ബസിൽ വന്നിരുന്ന നഴ്‌സുമാരാണ്. ഇപ്പോൾ ഈ ദൂരം മുഴുവൻ ബൈക്കിനു പിന്നിൽ. പലയിടത്തു കാർഡ് കാട്ടി അതിരുകൾ ഭേദിച്ച് ആശുപത്രി കവാടത്തിലെത്തിയാൽ ഒറ്റ ഓട്ടമാണ്. ഓടുമ്പോൾ മനസ്സിൽ ഭർത്താവ് തിരിച്ചു ചെല്ലുന്നതുവരെ പൊലീസ് തടയുമോ എന്ന ആശങ്ക.

നേരെ ചെന്നാൽ കൈ കഴുകി മാത്രമേ അകത്തു കയറാനാകൂ. കോവിഡ് രോഗികളുടെ ഐസലേഷൻ വാർഡിലാണ് ജോലിയെങ്കിൽ നേരേ പിപിഇ (പഴ്‌സനേൽ പ്രൊട്ടക്?ഷൻ എക്വിപ്‌മെന്റ്)ക്കുള്ളിൽ കയറി രോഗികളുടെ അടുത്തേക്ക്.

ഡോക്ടർ റൗണ്ട്‌സിനെത്തും മുൻപേ രോഗികളുടെ രക്തസമ്മർദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം ഒരു രോഗിയെ തൊട്ടുകഴിഞ്ഞാൽ ഉടൻ ആ ഗ്ലൗസ് മാറ്റി പുതിയതിടണം. ഇടയ്ക്കു വീണ്ടും കൈകൾ കഴുകണം. അല്ലെങ്കിൽ സാനിറ്റൈസർ സ്‌പ്രേ ചെയ്ത് കൈകൾ കൂട്ടിത്തിരുമ്മണം.

ഡോക്ടർ റൗണ്ട്‌സ് കഴിഞ്ഞു പോയാലും രോഗിയുടെ കിടക്കയ്ക്കരികിൽ ഇരിക്കണം. അപ്പോഴാണ് അവർ മനസ്സു തുറക്കുക. നൊമ്പരങ്ങളാണധികവും. ഐസലേഷൻ തീരുംവരെ മക്കളെ തൊടാനാവാത്തതിന്റെ വേദന. വാട്‌സാപ് കോളിൽ വിളിച്ചു കാണാൻ പറ്റുമെന്നതാണ് അവരുടെ ഏക ആശ്വാസം. നഴ്‌സിനു പലപ്പോഴും അതിനു പോലും സമയം തികയില്ല. ഒരാളുടെ അടുത്തുനിന്ന് മറ്റൊരാളുടെ അടുത്തേക്ക് ഓടണം.

രോഗികളിൽ പലരും മാനസിക സംഘർഷമനുഭവിക്കുന്നവരാണ്. 14 മുതൽ 28 ദിവസം വരെ ഒരു മുറിയിൽ കണ്ടുമുട്ടുമ്പോൾ വല്ലാത്തൊരടുപ്പം വരും.'എല്ലാം തുറന്നുപറയാൻ അവർക്കു ഞങ്ങളേയുള്ളൂ'. ചിലർ ഇടയ്ക്ക് കയ്യിൽ കയറിപ്പിടിക്കും. ആശ്വാസത്തിനുവേണ്ടിയുള്ള പിടിയാണ്. രോഗത്തെക്കുറിച്ചുള്ള ആശങ്കയുടെ മുറുക്കമുള്ള പിടി. ആ കൈ ചിലപ്പോൾ വിടുവിക്കാൻ കഴിയില്ല. 'സോഷ്യൽ ഡിസ്റ്റൻസ്' എന്ന ആരോഗ്യ അകലം ചിലപ്പോൾ തെറ്റിപ്പോകും. രോഗികളെ അത് അറിയിക്കാൻ പാടില്ല. അവർ പാനിക് ആകും.

ഐസലേഷനിൽ കഴിയുന്നവരിൽ ചിലരൊക്കെ ദുർബല ഹൃദയരാണ്. പരിശോധനാഫലം വന്നോ എന്ന് ഇടയ്ക്കിടെ ചോദിക്കും. മറുപടി പറയാൻ കിട്ടണമെന്നില്ല. അമ്മമാരൊക്കെയാണെങ്കിൽ ചിലപ്പോൾ ദേഹത്തേക്കു ചാഞ്ഞ് കരയും. കോവിഡ് കാലത്ത് അത്ര അടുപ്പം പാടില്ലെന്നു പറയാൻ നാവു പൊന്തില്ല. ആശ്വസിപ്പിക്കും. കരച്ചിൽ തീർന്നാൽ വീണ്ടും പോയി കൈകൾ കഴുകി വൃത്തിയാക്കും. തിരിച്ചു ബെഡ്ഡിനരികിൽ വന്നിരിക്കുമ്പോൾ അറിയാതെ കണ്ണ് ഭാരം കൊണ്ടു തൂങ്ങും.

കോവിഡ് നിരീക്ഷണമില്ലാത്ത ആശുപത്രികളിൽ പക്ഷേ, ചിലപ്പോൾ ദീർഘകാലമായി കിടക്കുന്ന രോഗികളുണ്ടാകും. കാൻസറിന്റെയും മറ്റും അവസാനഘട്ടത്തിൽ കിടക്കുന്ന രോഗികൾ. ബന്ധുക്കളെ അകത്തേക്കു കടത്തുന്നുണ്ടാവില്ല. അവർ നൽകുന്ന പാത്രത്തിലെ കഞ്ഞി രോഗിക്ക് ഇറ്റിറ്റു നൽകുന്നവർ. വേദനകൊണ്ട് കഴിക്കാൻ കൂട്ടാക്കാത്തവരുണ്ടാകും. ബന്ധുക്കളെ കാണമെന്ന് വാശികാട്ടുന്നവരുണ്ട്. പറ്റില്ലെന്നു പറയുന്നതിനേക്കാൾ എളുപ്പം അവരുടെ ബന്ധുക്കളായി മാറുകയാണ്.

നഴ്‌സസ് അസോസിയേഷന്റെ ആ പാട്ടിലെ ആദ്യ വരികൾപോലെ:

'അറിയില്ല നിങ്ങൾക്കറിയില്ല നിങ്ങൾ..

ക്കരികിലീ ശയ്യയിൽ നാളേറെയായ്...

അടയാത്ത കണ്ണുമായ്... അമ്മയെപ്പോൽ..

പ്രിയ സോദരേപ്പോൽ നിന്ന...

കാവലാളേ...

അറിയില്ല... നിങ്ങൾക്കറിയില്ല..'

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് പറഞ്ഞതിങ്ങനെ:

'കോവിഡ് സുഖപ്പെട്ടു പോകാൻ നേരം ആ രോഗി പറഞ്ഞു: ഞാൻ ആദ്യമായിട്ടാണു കേട്ടോ ഒരു സർക്കാർ ആശുപത്രിയിൽ കയറുന്നത്. ഇങ്ങനൊരു സ്‌നേഹം പ്രതീക്ഷിച്ചില്ല. മറക്കില്ല ഒന്നും... നിങ്ങളേയും'. അന്ന് പിപിഇ വേഷം അഴിച്ചുവച്ചശേഷം കണ്ണാടിയിൽ നോക്കി തലനിവർത്തിപ്പിടിച്ച് ഒരു നിമിഷം നിന്നു.

മനസ്സിലുറപ്പിച്ചു: 'ഈ വെള്ളവസ്ത്രത്തോളം വരില്ല, മറ്റൊരു വേഷവും...'

കോവിഡ് കാലത്ത് അവർ മാലാഖമാരാണ്. ചിറകടിശബ്ദം കേൾപ്പിക്കാത്ത വെള്ളരിപ്രാവുകൾ...

നഴ്‌സുമാരുടെ കോവിഡ്കാലത്തെ അനുഭവങ്ങൾ കേട്ട് തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP