Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാലേട്ടൻ ഒടിവച്ചത് സംവിധായകനോ? എന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്തു തൊന്നുന്നു; അണയാൻ പോകുന്ന തീ ആളിക്കത്തും; ചുമ്മാ വെറുതെ പോയി തോറ്റാൽ പോരേ! യോദ്ധയിലെ കോമഡികളുമായി ശ്രികുമാർ മേനോനെ കണക്കിന് ട്രോളി മനോരമാ ടിവി; മേനോൻ പറഞ്ഞത് ശരിയായി; ഈ പടം ലാലിന് മറക്കാനാവില്ലെന്ന് തിരുവാ എതിർവാ; മനോരമയുടെ ലീഡർ റൈറ്ററുടെ തിരക്കഥയായിട്ടും 'ഒടിയനെ' വെറുതെ വിടാത്തത് എന്ത്?

ലാലേട്ടൻ ഒടിവച്ചത് സംവിധായകനോ? എന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്തു തൊന്നുന്നു; അണയാൻ പോകുന്ന തീ ആളിക്കത്തും; ചുമ്മാ വെറുതെ പോയി തോറ്റാൽ പോരേ! യോദ്ധയിലെ കോമഡികളുമായി ശ്രികുമാർ മേനോനെ കണക്കിന് ട്രോളി മനോരമാ ടിവി; മേനോൻ പറഞ്ഞത് ശരിയായി; ഈ പടം ലാലിന് മറക്കാനാവില്ലെന്ന് തിരുവാ എതിർവാ; മനോരമയുടെ ലീഡർ റൈറ്ററുടെ തിരക്കഥയായിട്ടും 'ഒടിയനെ' വെറുതെ വിടാത്തത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമകളെ മനോരമ സാധാരണ കൊല്ലാക്കൊല ചെയ്യാറില്ല. സൂപ്പർതാരങ്ങളുടെ ചിത്രമാണെങ്കിൽ പ്രത്യേകിച്ചും. ഇത് പത്രത്തിലേയും ചാനലിലേയും പൊതു രീതിയായിരുന്നു. എ്ന്നാൽ ഹർത്താൽ ദിനത്തിൽ വെല്ലുവിളികൾ മറികടന്ന് മലയാളത്തിലെ എക്കാലത്തേയും ബിഗ് ബജറ്റ് ചിത്രമെത്തിയപ്പോൾ പതിവുകളെല്ലാം മനോരമ ലംഘിച്ചു. മോഹൻലാലിന്റെ ഒടിയനെ കൊന്നു. ഇന്നലെ തിരുവാ എതിർവാ കണ്ടവരൊന്നും ഒടിയന് വേണ്ടി കാശുകളയാനിടയില്ല. അത്രയും രൂക്ഷമായ കളിയാക്കലാണ് തിരുവാ എതിർവാ നടത്തിയത്. ശ്രികുമാർ മേനോനെ ലക്ഷ്യം വച്ചുള്ള ആക്രമണം. പക്ഷേ അടി കൊണ്ടത് തിരക്കഥാകൃത്ത് ഹരികൃഷ്ണനും.

മനോരമ പത്രം ഒടിയന് മികച്ച പിന്തുണയാണ് നൽകിയത്. എന്നാൽ ചാനൽ അതെല്ലാം അപ്രസക്തമാക്കി. ഒടിയനെന്ന മായാജാലക്കാരൻ തിയറ്ററുകളിൽ തീർക്കുന്ന മാജിക് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. പുലിമുരുകൻ പോലെ മാസ് മാത്രം കൂട്ടിച്ചേർത്തു നിർമ്മിച്ചതല്ല ഒടിയൻ. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയൻ തെളിയിച്ചു തരും. ഒരു പാലക്കാടൻ ഗ്രാമത്തിൽ, നിലാവുള്ള രാത്രിയിൽ, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേൾക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയിൽ ഒടിയനെ വിശേഷിപ്പിക്കാമെന്നാണ് മനോരമ ഓൺലൈനിലെ റിവ്യൂ. മനോരമ ചാനലിൽ അത് തള്ള് സിനിമയും.

ശ്രികുമാർ മേനോന്റെ അഭിമുഖവും ഒടിയനിലെ രംഗങ്ങളും പിന്നെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക കഥാപാത്രങ്ങളും അടക്കമുള്ളവരെ അണിനിരത്തിയാണ് ഒടിയനെ തിരുവാ എതിർവാ പൊളിച്ചത്. ബിജെപിയുടെ ഹർത്താൽ ഒടിയന് ജീവൻ നൽകാനുള്ള തന്ത്രമായിരുന്നുവെന്നും പറഞ്ഞു വച്ചു. ഒടി വയ്ക്കാൻ പോകുന്നത്.. എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ അതിശക്തമായ സംഭാഷണത്തിന് ശേഷം കാണിക്കുന്നത് ശ്രീകുമാർ മേനോനെയാണ്. മോഹൻലാലിന് ശ്രീകുമാർ പണികൊടുത്തുവെന്ന തരത്തിലാണ് തിരുവായുടെ ആക്രമണം. സിനിമ ഇറങ്ങിയ ശേഷമുള്ള ട്രോളുകളെ ഉയർത്തിയുള്ള പരിഹാസത്തിൽ അതിന് ശ്രീകുമാർ അർഹനാണെന്നും പറഞ്ഞു. തള്ള് എന്ന വാക്ക് മാറ്റി ട്രോളർമാർ ശ്രീകുമാർ എന്ന് ഉപയോഗിക്കാൻ തുടങ്ങിയെന്നും തിരുവാ എതിർവാ കൂട്ടിച്ചേർത്തു.

ഒടിയനെ കുറിച്ച് ശ്രീകുമാർ വീരവാദം പറയുന്നുവെന്ന തരത്തിൽ കളിയാക്കാൻ എന്റെ ബുദ്ധിപരമായ നീക്കങ്ങൾ എങ്ങനെയുണ്ടെന്ന ജഗതിയുടെ യോദ്ധയിലെ സംഭഷണവും അതിന് അണയാൻ പോകുന്ന തീ ആളിക്കത്തുമെന്ന മോഹൻലാലിന്റെ മറുപടിയും തിരുവാ കാണിക്കുന്നു. തോൽക്കാൻ പോവുമ്പോൾ വെറുതെയങ്ങ് തോൽക്കാൻ പോയാൽ പോരെയെന്ന ഉർവ്വശിയുടെ കളിയാക്കലും ഉണ്ട്. അങ്ങനെ 50 കോടി മുടക്കി എടുത്ത 37 രാജ്യങ്ങളിൽ റിലീസ് ചെയ്ത ഒടിയനെ നശിപ്പിക്കുകയാണ് മനോരമ ചെയ്തത്. മനോരമയിലെ ലീഡർ റൈറ്ററായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അതുകൊണ്ട് തന്നെ ശ്രികുമാർ മോനോൻ വലിയ പിന്തുണയാണ് മനോരമയിൽ നിന്ന് പ്രതീക്ഷിച്ചത്. അത് തകർത്തു കളഞ്ഞായിരുന്നു തിരവാ എതിർവായുടെ ഇടപെടൽ.

ഇതിന് പിന്നിൽ മനോരമയുടെ ഗ്രൂപ്പിസം ഉണ്ടെന്നാണ് പിന്നാമ്പുറക്കഥ. മനോരമ കുടുംബത്തിന്റെ ഏറ്റവും അടുപ്പമുള്ള ജേണലിസ്റ്റാണ് ഹരികൃഷ്ണൻ. മനോരമയിൽ ഏറ്റവും അംഗീകരാമുള്ള ജേണലിസ്റ്റ്. മനോരമ ടിവിയുടെ മുഖ്യ നടത്തിപ്പുകാരനായ ജോണി ലൂക്കോസിന്റേയും അടുത്ത സുഹൃത്ത്. എല്ലാവർക്കും ഇതെല്ലാം അറിയാം. എന്നിട്ടും മനോരമ ന്യൂസ് ഒടിയനെ കടന്നാക്രമിച്ചതാണ് പുതിയ ചർച്ചാ വിഷയം. മനോരമ ടിവിയിൽ ജോണി ലൂക്കോസിന് നിർണ്ണായക സ്വാധീനമുണ്ട്. എന്നിട്ടും ഇത് ഇങ്ങനെ സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും പുതിയ വിവാദങ്ങൾക്ക് തുടക്കമിടുകയാണ് തിരുവാ എതിർവാ. ഹർത്താലിനേയും ഒടിയനേയും ഒരു പോലെ വിമർശിച്ച പരിപാടിയിൽ ഒടിയന്റെ തിരക്കഥാ രചന നിർവ്വഹിച്ച ഹരികൃഷ്ണൻ തീർത്തും നിരാശനാണ്.

ഒടിയന്റെ വലിയ പരസ്യം മനോരമയിലും വന്നിരുന്നു. മാതൃഭൂമിക്ക് കൊടുത്തതുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും നിർമ്മാതാക്കളുടെ സംഘടനയുടേയും വിലക്കുള്ളതു കൊണ്ടായിരുന്നു അത്. അപ്പോഴും മനോരമ കൈയയച്ച് സഹായിക്കുമെന്ന് ശ്രികുമാർ മേനോൻ കരുതി. പത്രവും ഓൺലൈനുമെല്ലാം നല്ലതെന്ന് എഴുതിയ സിനിമയെ തിരുവാ എതിർവാ തകർത്തു കലഞ്ഞു. തിയേറ്ററുവരെ സംവിധായകൻ തള്ളിക്കൊണ്ടുവന്നു. ഹർത്താലായിട്ടും ആദ്യഷോ കാണാൻ ഇടിച്ചുകുത്തിവന്ന ജനം തിയേറ്ററികത്തേക്കും തള്ളി, എന്നാൽ ഒടിയൻ വിദ്യ പോയിട്ട് വിവേകം പോലുമില്ലാത്ത ഒരു കെട്ടുകാഴ്ചയാണ്. പെട്ടിഓട്ടോയിൽ ഡോണിയര് വിമാനത്തിന്റെ ചിറകുകെട്ടിവെച്ചിട്ട് പതിനായിരം ടണ്ണുമായി പറക്കണമെന്ന് പറയുന്നതുപോലെ ശുദ്ധഭോഷ്‌ക്. ഒരു മിത്തിനെ വെറും കോമളിക്കാഴ്ചയാക്കിയ അത്രയും വലിയ ഭോഷ്‌ക്.-ഇങ്ങനെയാണ് മാതൃഭൂമി ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർമേനോന്റെ മോഹൻലാൽ സിനിമ ഒടിയൻ ഒരു വിദ്യയുമില്ലാത്ത ഒരു മടിയനും മടയനുമാണ്. അവകാശവാദങ്ങൾക്കപ്പുറം പൊള്ളയായ സൃഷ്ടി. സിനിമയെക്കുറിച്ച് വ്യാജഅവകാശവാദങ്ങളും പൊള്ളയായ പെരുപ്പിക്കലുകളും കാണികളുടെ ആസ്വാദനബോധത്തെ എത്രമാത്രം വിപരീതമായി സ്വാധീനിക്കാം എന്നതിന്റെ ക്ലാസിക് ഉദാഹരണമായി മലയാളസിനിമയിലെ മാർക്കറ്റിങ്ങിലുള്ളവർക്ക് ഒരു വരുംകാല റഫറൻസ് പോയിന്റായും ഒടിയനെ വിലയിരുത്താമെന്നും മാതൃഭൂമി കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP