Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കുന്നത് പുതുമയുള്ള കാര്യമല്ല; ഇതാ വർഷങ്ങൾക്ക് മുമ്പ് ഒരു സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നൽകിയ ഒരു കോടിയുടെ കഥ; മുല്ലപ്പള്ളിക്കായി കൊണ്ടുവന്നത് പണപ്പെട്ടികളിൽ 25 ലക്ഷം ട്രെയിനിൽ വെച്ച് കാണാതെ പോയി; തിരുവള്ളൂർ മുരളിയിൽ നിന്നും കാണാതായ ആ പണപ്പട്ടി എവിടെപ്പോയെന്ന് ഇപ്പോഴും ദുരൂഹം; എം കെ രാഘവന്റെ ഫണ്ട് വിവാദം മുറുകവേ ആ പഴയകഥ ഓർത്തെടുത്ത് കോഴിക്കോട്ടെ കോൺഗ്രസുകാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കുന്നത് പുതുമയുള്ള കാര്യമല്ല; ഇതാ വർഷങ്ങൾക്ക് മുമ്പ് ഒരു സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നൽകിയ ഒരു കോടിയുടെ കഥ; മുല്ലപ്പള്ളിക്കായി കൊണ്ടുവന്നത് പണപ്പെട്ടികളിൽ 25 ലക്ഷം ട്രെയിനിൽ വെച്ച് കാണാതെ പോയി; തിരുവള്ളൂർ മുരളിയിൽ നിന്നും കാണാതായ ആ പണപ്പട്ടി എവിടെപ്പോയെന്ന് ഇപ്പോഴും ദുരൂഹം; എം കെ രാഘവന്റെ ഫണ്ട് വിവാദം മുറുകവേ ആ പഴയകഥ ഓർത്തെടുത്ത് കോഴിക്കോട്ടെ കോൺഗ്രസുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ടി വി 9 ഭാരതവർഷ എന്ന ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളെത്തുടർന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം പിയുമായ എം കെ രാഘവൻ പ്രതിക്കൂട്ടിലാവുമ്പോൾ ചില പഴയ ചരിത്രങ്ങൾ കൂടി തെളിഞ്ഞുവരികയാണ്. വ്യാവസായിക കൾസൾട്ടൻസി ഏജൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാർത്താസംഘം അഞ്ചുകോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനം എം കെ രാഘവൻ സ്വീകരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം മറ്റൊരു പ്രസ്താവനയും രാഘവന്റേതായുണ്ടായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത് കോടിയോളം രൂപ ചെലവായെന്നും ഇത്തവണയും അത്ര തന്നെ ചെലവ് പ്രതീക്ഷിക്കുന്നതായുമായിരുന്നു രാഘവൻ പറഞ്ഞത്. ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ പാർട്ടി തരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തുകയ്ക്കും അത്രയോ അധികമാണ് പാർട്ടി നൽകുമെന്ന് പറഞ്ഞ ഈ തുക. ഇത് കൂടാതെയാണ് യഥാർത്ഥ ചെലവാണ് കോടികളുടെ കണക്കും അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊരു സംഭവം ഇല്ലെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുമ്പോഴാണ് മറ്റൊരു നേതാവിന്റെ കഥ കോഴിക്കോട്ടുകാർക്ക് ഓർമ്മ വരുന്നത്. മറ്റാരുമല്ല ഇത്, യുത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന നേതാവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമെല്ലാമായിരുന്ന തിരുവള്ളൂർ മുരളിയാണ് ഇത്.

2009 ലെ തെരഞ്ഞെടുപ്പ് കാലം. മുല്ലപ്പള്ളി രാമചന്ദ്രൻ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി സതീദേവിയെ പരാജയപ്പെടുത്തിയ അതേ തെരഞ്ഞെടുപ്പ്. മുല്ലപ്പള്ളി രാമചന്ദ്രനായി ഡൽഹിയിൽ നിന്നുകൊണ്ടുവന്ന തുകയിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടു. പണം കൊണ്ടുവരാൻ പോയ തിരുവള്ളൂർ മുരളി ട്രെയിനിൽ വെച്ച് പണം നഷ്ടപ്പെട്ടുവെന്ന വാദവുമായി രംഗത്തെത്തി. അന്ന് കുറേ വിവാദങ്ങൾ ഉണ്ടായെങ്കിലും പിന്നീട് ഈ സംഭവം കെട്ടടങ്ങി. രാഘവന്റെ വിവാദം ഉയരുമ്പോൾ ഡൽഹിയും എ ഐ സി സിയും അന്ന് മുല്ലപ്പള്ളിക്ക് വേണ്ടി താൻ ഒരു കോടി രൂപയുടെ കള്ളപ്പണം കൊണ്ടുവന്നതായുള്ള തിരുവള്ളൂർ മുരളിയുടെ വാക്കുകളുമെല്ലാം കേൾക്കുമ്പോൾ ഇപ്പോഴത്തെ രാഘവന്റെ പ്രസ്താവനയും സത്യം തന്നെയെന്ന് വ്യക്തം.

മൂന്നു തവണയായാണ് തിരുവള്ളൂർ മുരളി പണം കൊണ്ടുവന്നത്. ഇതിൽ മൂന്നാം തവണയാണ് 25 ലക്ഷം രൂപ കാണാതായത്. എവിടെപ്പോയി ആ പണം. പണം ട്രെയിനിൽ വെച്ച് മോഷണം പോയത് തന്നെയാണോ.. എന്തിനാണ് മുരളി പൊലീസിൽ നൽകിയ പരാതി പിൻവലിച്ചത്. പ്രസക്തമായ ഈ ചോദ്യങ്ങളെല്ലാം പിന്നീട് മാഞ്ഞില്ലാതായി. ആരോപണം ശക്തമാക്കിയ സി പി എമ്മിന്റെ സഹായത്തോടെ മുരളി പിന്നീട് തോടന്നൂരിൽ ഭരണം കയ്യാളി. എല്ലാവരും കൈവിട്ടപ്പോൾ ഇപ്പോൾ എൻ ഡി എയ്ക്കൊപ്പം വേദി പങ്കിടുകയാണ് ഈ നേതാവിപ്പോൾ. തെട്ടാൽ എല്ലാവരും കുടുങ്ങുമെന്നുള്ളതുകൊണ്ട് തന്നെ മുരളിയെ ചോദ്യം ചെയ്യാൻ ഒരു കോൺഗ്രസ് നേതാവും ധൈര്യപ്പെടുകയുമില്ല എന്നതാണ് യാഥാർത്ഥ്യം. 2009 മാർച്ച് 24 നാണ് താൻ ആദ്യമായി ഡൽഹിയിൽ പോയതെന്ന് തിരുവള്ളൂർ മുരളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കെ പി സി സി ഓഫീസിൽ നിന്ന് പ്രസിഡന്റിന്റെ കത്ത് വാങ്ങി ഡൽഹിയിലേക്ക് പുറപ്പെട്ടു. പിന്നീട് രാജു എന്നൊരാൾ പറഞ്ഞപ്പോഴാണ് പണം കൊണ്ടുവരാനാണ് പോകുന്നതെന്നും മെറ്റീരിയൽസ് എടുക്കാൻ പെട്ടി വേണമെന്ന കാര്യം അറിയുന്നത്. തിരിച്ച് പെട്ടിയുമായി വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം അത് വീട്ടിലായിരുന്നു. പിന്നീട് ഭാരവാഹികൾക്ക് കൈമാറി. അതിന് മുല്ലപ്പള്ളി നൽകിയ രസീത് തന്റെ കൈവശമുണ്ടെന്ന് മുരളി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് രണ്ടാം യാത്ര.കൂടുതൽ മെറ്റീരിയൽസ് ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് എറണാകുളം സ്ഥാനാർത്ഥിയുടെ ആളും താനും ഡൽഹിയ വി ഐ പി ഷോറൂമിൽ പോയി വലിയ പെട്ടി വാങ്ങി. അന്ന് ഡൽഹിയിലുണ്ടായിരുന്ന മുഴുവൻ ആളുകളും ഒരേ വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയതെന്ന മുരളിയുടെ വാക്കുകൾ പിന്നീട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്.

ഇടുക്കി സ്ഥാനാർത്ഥിയുടെ ആളാണ് അന്ന് തന്നെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതെന്ന് മുരളി സംഭവം വിവാദമായതിനെത്തുടർന്ന് കെ പി സി സി പ്രസിഡന്റിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. കുറേ ദിവസം മെറ്റീരിയൽസ് തന്റെ വീട്ടിൽ കിടന്നു. മുല്ലപ്പള്ളിയുടെ സന്ദേശത്തെ തുടർന്ന് പിന്നീടത് ഭാരവാഹികൾക്ക് കൈമാറി. സോണിയാ ഗാന്ധിയുടെ പരിപാടി വടകരയിൽ നടന്നിരുന്നു. അന്നാണ് മൂന്നാമതും ഡൽഹിക്ക് പുറപ്പെട്ടത്. തിരിച്ച് കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇറങ്ങാതെ മംഗലാപുരം വഴി വരണമെന്നായിരുന്നു നിർദ്ദേശം. പാലക്കാട്, ആലപ്പുഴ, ചാലക്കുടി, വയനാട് സ്ഥാനാർത്ഥികൾക്കായി വന്നവരുടെ കൂടെ മെറ്റീരിയൽസ് കലക്ട് ചെയ്തു. മംഗലൂരുവിലേക്ക് നേരിട്ട് വിമാനമില്ലായിരുന്നു. തുടർന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റെടുത്തു. അവിടെ നിന്ന് കാറിൽ മംഗലാപുരത്തെത്തി. തിരിച്ച് ട്രെയിനിൽ കേരളത്തിലേക്ക് വരുമ്പോഴാണ് 25 ലക്ഷം അടങ്ങിയ പെട്ടി കാണാതായത്. പണം മോഷണം പോയി എന്ന് തന്നെയായിരുന്നു മുരളി അന്ന് വ്യക്തമാക്കിയത്. അദ്ദേഹം അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.

സംഭവം വിവാദമായപ്പോൾ കെ പി സി സി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരമാണ് താൻ പരാതി പിൻവലിച്ചതെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ 25 ലക്ഷം ഒഴികെയുള്ള പണം മുല്ലപ്പള്ളിക്ക് കൈമാറി രസീത് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്റിന് നൽകിയ കത്തിൽ തിരുവള്ളൂർ മുരളി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് ഒരു കോടിയോളം രൂപയാണ് മുല്ലപ്പള്ളിക്കായി എ ഐ സി സിയിൽ നിന്ന് കിട്ടിയതെന്ന് വ്യക്തമാണ്. അപ്പോൾ സ്വാഭാവികമായും രാഘവൻ പറഞ്ഞതുപോലെ രണ്ടു കോടി സ്ഥാനാർത്ഥിക്ക് കിട്ടുമെന്നുള്ളത് യാഥാർത്ഥ്യമാകാൻ സാധ്യത ഏറെയാണ്. കള്ളപ്പണം പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിമാനത്തിലും ട്രെയിനിലും കാറിലും മാറിമാറി സഞ്ചരിച്ച കഥയെല്ലാം കെ പി സി സി പ്രസിഡന്റിന് മുരളി എഴുതിയ കത്തിൽ അന്ന് തന്നെ വ്യക്തമാക്കപ്പെട്ടതാണ്.

കാണാതായ പണത്തെപ്പറ്റിയുടെ സംശയങ്ങൾ പിന്നീട് അടുത്തകാലത്താണ് വ്യക്തത കൈവരുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തിരുവള്ളൂർ മുരളി നടത്തിയ ഒരു പ്രസംഗം യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ എങ്ങോട്ടാണ് പോയതെന്ന് താൻ തുറന്നു പറഞ്ഞാൽ പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നായിരുന്നു മുരളിയുടെ പ്രസ്താവന.തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പങ്കുപറ്റിയവർ ഇന്നും നേതാക്കളായി രാഷ്ട്രീയത്തിലുണ്ട്. ചിലർ സ്ഥാനാർത്ഥികളുമാണ്. പാർട്ടിയിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചു മാറ്റിയെന്ന ആരോപണം ഉണ്ടായത്. എ ഐ സി സി കേരളത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിനാണ് കൊണ്ടുവന്ന തുകയാണത്. ഇതിന്റെ കണക്ക് കാണിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പണം എവിടെപോയെന്ന് വ്യക്തമാക്കാൻ മുല്ലപ്പള്ളിയും കോൺഗ്രസ് നേതാക്കളും തയ്യാറാവണമെന്നും മുരളി ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്ന് തന്നെ പണം കാണാതെ പോയതല്ലെന്നും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നടന്ന നാടകമായിരുന്നു ആ സംഭവമെന്ന് വ്യക്തമാണ്.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന തിരുവള്ളൂർ മുരളി കുറേക്കാലം ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ഭരണം നടത്തിയിരുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയിന് പാർട്ടി ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തുടർന്നാണ് ഇടത് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. അദ്ദേഹം സി പി എമ്മിലേക്ക് പോകുമെന്നും ശ്രുതിയുണ്ടായിരുന്നു. എന്നാൽ മുരളി ഇക്കാര്യത്തിൽ യാതൊരു നിലപാടും സ്വീകരിച്ചില്ല. ഇതേ തുടർന്ന് എൽ ജെ ഡി ഇടതു മുന്നണിയിലെത്തിയതോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും മുരളിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മുരളി പിന്നീട് വിഷ്ണുപുരം ചന്ദ്രശേഖരൻ നേതൃത്വം നൽകുന്ന കേരള കാമരാജ് കോൺഗ്രസിലെത്തി. എൻ ഡി എ പിന്തുണയ്ക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവാണ് ഇദ്ദേഹമിപ്പോൾ. കഴിഞ്ഞ ദിവസം എൻ ഡി എയുടെ തെരഞ്ഞടുപ്പ് കൺവെൻഷനിൽ ഇദ്ദേഹം പങ്കെടുത്തു.  അയൽവാസിയായ സ്ത്രീയെ അക്രമിച്ചെന്ന പരാതിയിൽ മുരളി നേരത്തെ അറസ്റ്റിലായിരുന്നു. ഒരു സ്ത്രീയ്ക്കൊപ്പം അനാശാസ്യം ആരോപിച്ച് നാട്ടുകാർ ഇദ്ദേഹത്തെ പിടികൂടിയതും വാർത്തയായിരുന്നു. ഇപ്പോൾ ഗതികെട്ട് കാമരാജ് കോൺഗ്രസിൽ മുരളി അഭയം തേടിയപ്പോഴും മുരളിയെക്കൊണ്ട് പലതും ചെയ്യിപ്പിച്ച നേതാക്കളെല്ലാം കോൺഗ്രസിൽ സജീവമാണ്. എം കെ രാഘവനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള കോടികളുടെ കണക്കും സജീവമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP