Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂലിപ്പണിയെടുത്തും പശുവിനെ വളർത്തിയും കൃഷി ചെയ്തുമുണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച വീട് മൂത്ത മകൻ കയ്യേറി; വീട് ഒഴിയാൻ സബ് കലക്ടർ ഉത്തരവിട്ടിട്ടും കൂട്ടാക്കിയില്ല; കൂടുതൽ സമയം ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നതിനാൽ കൊല്ലപ്പെടുമോ എന്ന് ആശങ്കപ്പെട്ട് 85കാരി വയോധിക; മരിച്ചാൽ മകനും ഭാര്യയും സിപിഐ നേതാവുമായിരിക്കും ഉത്തരവാദികളെന്ന് പരാതിപ്പെട്ട് സതിയമ്മ; ജീവിക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്കും ഗവർണർക്കും പൊലീസ് മേധാവിക്കും അടക്കം കത്തയച്ചു

കൂലിപ്പണിയെടുത്തും പശുവിനെ വളർത്തിയും കൃഷി ചെയ്തുമുണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച വീട് മൂത്ത മകൻ കയ്യേറി; വീട് ഒഴിയാൻ സബ് കലക്ടർ ഉത്തരവിട്ടിട്ടും കൂട്ടാക്കിയില്ല; കൂടുതൽ സമയം ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നതിനാൽ കൊല്ലപ്പെടുമോ എന്ന് ആശങ്കപ്പെട്ട് 85കാരി വയോധിക; മരിച്ചാൽ മകനും ഭാര്യയും സിപിഐ നേതാവുമായിരിക്കും ഉത്തരവാദികളെന്ന് പരാതിപ്പെട്ട് സതിയമ്മ; ജീവിക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്കും ഗവർണർക്കും പൊലീസ് മേധാവിക്കും അടക്കം കത്തയച്ചു

പ്രകാശ് ചന്ദ്രശേഖർ

 അടിമാലി: കൂലിപ്പണിയെടുത്തും പശുവുനെ വളർത്തിയും സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തും ഉണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച വീട് മൂത്തമകൻ അനധികൃതമായി കയ്യേറി. സബ്ബ്് കളക്ടർ ഉത്തരവിട്ടും വീടൊഴിയുന്നില്ല. കൂടുതൽ സമയവും ഒറ്റയ്ക്കായതിനാൽ കൊല്ലപ്പെടുമോ എന്നും ആശങ്ക. മരണപ്പെട്ടാൽ മകനും ഭാര്യയും സിപിഐ നേതാവ് ശ്രീനിവാസനും ഉത്തരവാദികൾ. നീതി കിട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയോധിക ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കേരള മുഖ്യമന്ത്രി, ഗവർണ്ണർ, എന്നിവർക്ക് പരാതി അയച്ചു. ഇതേ ആവശ്യമുന്നയിച്ച് ഇവർ സംസ്ഥാന മനുഷ്യവകാശ കമ്മീഷനെയും വനിത കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

85 കാരിയായ അടിമാലി കല്ലാർ താഴത്തെവീട്ടിൽ സതിയമ്മ കുട്ടപ്പൻ സമർപ്പിച്ചിട്ടുള്ള പരാതിയിൽ മൂത്തമകൻ സോമനെതിരെ ഗുരുതര ആരോപണങ്ങങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ദേവികുളം സബ്ബ് കളക്ടർ രേണു രാജ് തന്റെ ദുരവസ്ഥ മനസ്സിലാക്കി താമസം മാറണമെന്ന് ഉത്തരവിട്ടിട്ടും മകനും കുടുംബവും ഇപ്പോഴും വീട്ടിൽ താമസിക്കുകയാണെന്നും തന്നെ വീട്ടിൽ പ്രവേശിപ്പിക്കുകയോ പുരയിടത്തിൽ നിന്നും ആദായം എടുക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലന്നും മകന്റെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രദേശത്തെ സിപിഐ നേതാവിന്റെ ഒത്താശയുണ്ടെന്നും സതിയമ്മ പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

തന്റെ പേരിലുള്ളതും കൈവശത്തിലിരുന്നതുമായ 64 സെന്റ് പട്ടയവസ്തുവിൽ(പള്ളിവാസൽ വില്ലേജ് സർവ്വെ നമ്പർ - 114/12) തങ്ങൾക്ക് താമസിക്കുന്നതിനായി ഭർത്താവ് പണി തീർത്ത വീട് (PGPI/419) തന്നെ കബളിപ്പിച്ച് മകൻ സ്വന്തമാക്കിയെന്നാണ് സതിയമ്മയുടെ പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ ഡിസംബർ 15-ന്് തന്റെ ഭൂമിയിൽ നിന്നും വീട്ടിൽ നിന്നും സോമനും കുടുംബവും 2 മാസത്തിനകം ഒഴിവാകണമെന്ന് കാണിച്ച് ദേവികുളം സബ്ബ് കളക്ടർ രേണു രാജ് ഉത്തരവിട്ടിരുന്നെന്നും( ഉത്തരവ് ഫയൽ ചീ. RDO DVM/583/2018) എന്നാൽ നാളിതുവരെ ടി സോമൻ വീടും സ്ഥലവും ഒഴിവായിത്തരുകയോ ദേവികുളം സബ് കളക്ടറുടെ ഉത്തരവ് പാലിക്കുകയോ ചെയ്തിട്ടില്ലന്നും പരാതിയിൽ വിവരിക്കുന്നുണ്ട്.

പത്ത് വർഷം മുമ്പ് പ്രായാധിക്യത്തെത്തുടർന്നുള്ള രോഗങ്ങളാൽ ഭർത്താവ് മരണപ്പെട്ടുവെന്നും രോഗാവസ്ഥയിലായിരുന്ന സമയത്ത് ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റുമുള്ള സൗകര്യം കണക്കിലെടുത്ത് അടിമാലിയിൽ ഇളയമകൻ മുരളിക്കൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഭർത്താവ് മരണപ്പെട്ടിട്ടും താൻ ഇവിടെ തന്നെ താമസം തുടർന്നെന്നും ഇതിനിടയിൽ കല്ലാറിലെ പുതിയവീട്ടിലേയ്ക്ക് താമാസം മാറാമെന്നും താൻ നോക്കിക്കോളാമെന്ന് പറഞ്ഞ് മൂത്തമകൻ സമീപിച്ചെന്നും വാക്ക് വിശ്വസിച്ച് ഇവിടെ താമസത്തിനെത്തിയ തന്നെ മകനും മരുമകളും ചേർന്ന് ഭക്ഷം പോലും നൽകാതെ ദ്രോഹിച്ച് ഇറക്കിവിട്ടു എന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

താനും ഭർത്താവും അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും ഭൂമിയും വസ്തുകകളും സ്വന്തമാക്കിയ മാർഗ്ഗങ്ങളെക്കുറിച്ചും മക്കൾക്ക് നൽകിയ സ്വത്ത് വിരങ്ങളെക്കുറിച്ചുമെല്ലാം വിശദമായി വിവരിച്ചുകൊണ്ടുള്ളതാണ് പരാതി. ആർ ഡി ഒ ഉത്തരവിനെതിരെ മൂത്തമകൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും രോഗങ്ങൾ മൂലമുള്ള അവശതകൾക്കിടയിലും താൻ കോടതി കയറി ഇറങ്ങേണ്ട ഗതികേടിലായിരിക്കുകയാണെന്നുള്ള പരിതേവനവും സതിയമ്മയ്ക്കുണ്ട്.

സതിയമ്മയുടെ പരാതിയുടെ പൂർണ്ണ രൂപം ചുവടെ:

സർ,
ഞാൻ വളരെയധികം ശരീര അവശതകളും രോഗിയുമായ ഒരു വൃദ്ധയാണ്. എന്റെ ഭർത്താവ് മരിച്ചു പോയിട്ട് 10 വർഷം കഴിഞ്ഞു. ഞങ്ങൾക്ക് 4 മക്കളാണ്. മൂത്തവർ രണ്ടും പെൺമക്കളും ഇളയവർ ആൺമക്കളുമാണ്. ആൺമക്കളിൽ മൂത്തയാൾ സോമൻ മുഖാന്തിരം ഭയപ്പെട്ടും മാനസിക പീഡനം അനുഭവിച്ചുമാണ് ഞാൻ ജീവിക്കുന്നത്.

എന്റെ പേരിലുള്ളതും കൈവശത്തിലിരുന്നതുമായ 64 സെന്റ് പട്ടയഭൂമിയിൽ(പള്ളിവാസൽ വില്ലേജ് സർവ്വെ നമ്പർ (PGP-XII/419) ആ വസ്തുവിൽ ഞാനും ഭർത്താവും കൂടി ഞങ്ങൾക്ക് താമസിക്കുന്നതിനായി പണി തീർത്തിരുന്ന മൂന്നു നിലകളിലുള്ള വീടും (PGP-XII/419) എന്റെ മൂത്ത മകനായ സോമനും അവന്റെ ഭാര്യയും മക്കളും കൂടി അനധികൃതമായി കൈവശപ്പെടുത്തി ഈ വീട്ടിൽ കയറി താമസിച്ചു വരികയാണ്. എനിക്ക് ആ വീട്ടിൽ പ്രവേശി ക്കാനോ സ്ഥലത്തെ ആദായം എടുക്കുവാനോ അനുവാദം ഇല്ലാതെ തടസ്സപ്പെടു ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഞാൻ ബഹു. ദേവികുളം സബ് കളക്ടർക്ക് പരാതി നൽകുകയുണ്ടായി. പരാതി പ്രകാരം ദേവികുളം സബ് കളക്ടറുടെ ആഫീസിൽ എന്നെയും മകൻ സോമനെയും മറ്റ് മൂന്നു മക്കളെയും വിളിച്ച് സബ് കളക്ടർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും 15-12-2018 തീയതി എന്റെ ഭൂമിയിൽ നിന്നും വീട്ടിൽ നിന്നും സോമനും കുടുംബവും 2 മാസത്തിനകം ഒഴിവാകണമെന്ന് ഉത്തരവിടുകയുണ്ടായി.

(ഉത്തരവ് ഫയൽ ചീ. RDO DVM/583/2018) എന്നാൽ നാളിതുവരെ ടി സോമൻ വീടും സ്ഥലവും ഒഴിവായിത്തരുകയോ ദേവികുളം സബ് കളക്ടറുടെ ഉത്തരവ് പാലിക്കുകയോ ചെയ്തിട്ടില്ലാത്തതാണ്. ദേവികുളം സബ് കളക്ടറുടെ ഉത്തരവിനെതിരായി സോമൻ - വക്കീൽ മുഖാന്തിരം ദേവികുളം സബ് കോടതിയിലും ഇടുക്കി കളക്ടർ മുമ്പാകെയും അന്യായവും കളവായ പരാതിയും കൊടുത്ത് ദേവികുളം സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാതെ തള്ളിക്കൊണ്ട് പോവുകയാണ്. 15-11-2017 ൽ ആണ് ഞാൻ സബ് കളക്ടർക്ക് പരാതി കൊടുത്തതെങ്കിലും പുതിയ സബ് കളക്ടർ വന്നതിനു ശേഷമാണ് എന്റെ പരാതിയിൽ വ്യക്തമായ തീരുമാനം ഉണ്ടായത്. പ്രായമായവരുടെ പരാതിയിൽ സബ് കളക്ടർ എടുത്ത തീരുമാനത്തിനെതിരെ - എതിർകക്ഷിയുടെ പരാതി പ്രകാരം കളക്ടർക്കോ സബ് കോടതിക്കോ മറ്റു നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

85 വയസ്സുള്ള ഞാൻ ഇനി എത്രകാലം ജീവിക്കുമെന്ന് അറിയില്ല. പ്രായാധിക്യവും ശാരീരിക അവശതയും രോഗിയുമായ ഞാൻ ആശുപത്രി ചികിത്സയിലും മരുന്നുകളുടെ ഉപയോഗത്തി ലുമാണ് ജീവിക്കുന്നത്. ഞാൻ മരിക്കുന്നതിന് മുൻപ്, എത്രയും പെട്ടെന്ന് എനിക്ക് എന്റെ വീട്ടിലും സ്ഥലത്തും പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണ മെന്ന് അപേക്ഷിക്കുന്നു. എന്റെ തറവാട് കോതമംഗലം വാരപ്പെട്ടിയിലായിരുന്നു. വിവാഹശേഷം ഞാനും ഭർത്താവ് കുട്ടപ്പനും കൂടി 1957 ൽ കല്ലാറിലുള്ള ഏലത്തോട്ടങ്ങളിൽ കൂലിപ്പണിക്കായി വന്നതാണ്. മാസം 5 രൂപാ വാടകയുള്ള ഒരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. രണ്ടു മൂന്ന് വർഷം കഴിഞ്ഞ് കൂലിപ്പണിയോടൊപ്പം ഒരു പശുവിനെ വാങ്ങി വളർത്തി പാൽ വിൽപന നടത്തിയും മറ്റുമാണ് ഞങ്ങൾ ജീവിച്ചു വന്നത്. ഞങ്ങൾക്ക് 4 മക്കളാണ് (മൂത്തത് രണ്ട് പെൺമക്കളും ഇളയവർ ആൺ മക്കളുമാണ്).

കല്ലാറിൽ വന്ന് താമസം തുടങ്ങിയതിനുശേഷം പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞപ്പോൾ 3 ഏക്കർ ഏലത്തോട്ടം പാട്ടത്തിന് എടുത്ത് ഞങ്ങൾ കൃഷി ചെയ്തു. നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ പാട്ടത്തിനെടുത്ത സ്ഥലത്തെ വരുമാനവും മറ്റും കൂട്ടി ഞങ്ങൾ കല്ലാറിൽ 27 സെന്റ് സ്ഥലവും ഒരു ചെറിയ വീടും കൂടി വാങ്ങിച്ച് താമസം അങ്ങോട്ട് മാറുകയും ഭർത്താവ് ആ വീടിനോട് ചേർന്ന് ഒരു ചെറിയ കടമുറിയുണ്ടാക്കി അതിൽ പലചരക്ക് കച്ചവടം തുടങ്ങി. മക്കളെ നാലു പേരെയും ഞങ്ങളുടെ കഴിവിനനുസരിച്ച് ഡിഗ്രിവരെ പഠിപ്പിച്ചു. പഠനം കഴിഞ്ഞ് പെൺമക്കളെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ചു. മൂത്തമകൻ സോമന്റെ വിവാഹം ആയപ്പോൾ കുറച്ചു കൂടി വലിയ ഒരു വീട് വേണമെന്ന ആഗ്രഹത്താൽ ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത് തന്നെ 5 സെന്റ് സ്ഥലവും അതിലുണ്ടായിരുന്ന 4 കിടപ്പുമുറിയും അടുക്കളയും മറ്റുമുള്ള ഒരു വീട് സോമന്റെ പേർക്ക് വാങ്ങി ഞങ്ങൾ അങ്ങോട്ട് താമസം മാറി. അവിടെ താമസിച്ചുകൊണ്ടിരിക്കെ 1989-ൽ എനിക്ക് വാരപ്പെട്ടിയിലുണ്ടായി രുന്ന കുടുംബവീതം വിറ്റ് കിട്ടിയ പണം (രണ്ട് ലക്ഷം) ആ പണവും കടയിലെ വരുമാനവും എല്ലാം ചേർത്ത് ഞങ്ങൾ കല്ലാറിൽ 20 ഏക്കർ 64 സെന്റ് പട്ടയസ്ഥലം വാങ്ങിച്ചു.

അതിൽ 4 ഏക്കർ വീതം ഭർത്താവ്, മക്കളായ സോമൻ, മുരളി, സോമന്റെ ഭാര്യ ലത എന്നിവരുടെ പേരിലും, ഞങ്ങളുടെ രണ്ട് പെൺമക്കളുടെ പേരിൽ 4 ഏക്കറും, എന്റെ പേരിൽ 64 സെന്റ് സ്ഥലവും വാങ്ങിച്ചു. കൃഷി ചെയ്യാൻ പറ്റുന്ന സ്ഥലം തെളിച്ച് ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്തു. ആ സ്ഥലത്തുനിന്നും കിട്ടിയ വരുമാനം ഉപയോഗിച്ച് 1999 -ൽ ഞങ്ങൾ അടിമാലിയിൽ ഒരു വീടും 20 സെന്റ് സ്ഥലവും കൂടി, ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും പേരിലായി ആധാരം ചെയ്തു വാങ്ങിക്കുകയും ഇളയ മകൻ മുരളി അങ്ങോട്ട് താമസം മാറുകയും ചെയ്തു. രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ എനിക്കും ഭർത്താവിനും കൂടി ഒരു നല്ല വീട് വേണമെന്ന് തോന്നുകയാൽ പലചരക്ക് കടയിലെ വരുമാനവും ഞങ്ങളുടെ (എന്റെയും ഭർത്താവിന്റെയും) പേരിലുള്ള സ്ഥലത്തെ വരുമാനവും ചേർത്ത് എന്റെ പേരിലുള്ള 64 സെന്റ് സ്ഥലത്ത് ഒരു വീട് പണിയാൻ തീരുമാനിച്ചു. ചരിവുള്ള ഭൂമിയായതിനാൽ 3 നിലകളിലുള്ള വീടാണ് പണിതത്.

രണ്ടു നിലകൾ റോഡ് നിരപ്പിന് താഴെയും മൂന്നാമത്തെ നില റോഡ് നിരപ്പിന് സമാനവുമായാണ് പണിതത്. വീട് പണി പൂർത്തിയായി ഞങ്ങൾ കയറി താമസിക്കുന്നതിന് മുൻപായി ഭർത്താവിന് അസുഖമായി ആശുപത്രിയിലായി. അസുഖത്തെ തുടർന്ന് ആശുപത്രിയിലും വീട്ടിലുമായി ഭർത്താവ് രണ്ടു വർഷത്തോളമേ ജീവിച്ചിരുന്നുള്ളൂ. 5-11-2008-ൽ ഭർത്താവ് മരിച്ചു. ഭർത്താവ് സുഖമില്ലാതായ പ്പോൾ ആശുപത്രിയിൽ പോകുന്നതിനും മറ്റുമുള്ള സൗകര്യത്തിനായി ഞാനും ഭർത്താവും കൂടി അടിമാലിയിൽ മുരളി താമസിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്.

ഭർത്താവിന്റെ മരണശേഷം ഞാൻ മുരളിയുടെ കൂടെ തന്നെ താമസിച്ചു വരവെ 6 മാസമായപ്പോൾ മകൻ സോമൻ എന്റെ അടുത്ത് വന്ന് ഞാൻ അമ്മയെ നോക്കിക്കൊള്ളാമെന്നും നമുക്ക് കല്ലാറിൽ പണിതിട്ടുള്ള പുതിയ വീട്ടിലേക്ക് താമസം മാറാമെന്നും പറഞ്ഞു. ഞാൻ അത് വിശ്വസിച്ച് പുതിയ വീട്ടിലേക്ക് താമസം മാറി. അവിടെ താമസം തുടങ്ങി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ മുതൽ സോമന്റെ ഭാര്യ ലത എന്നോട് വഴക്കുണ്ടാക്കു കയും വളരെ മോശമായി പെരുമാറുകയും എനിക്ക് ഭക്ഷണം തരാതിരിക്കുകയും ചെയ്തു. ഞാൻ സോമന്റെയടുത്ത് വിവരം പറഞ്ഞപ്പോൾ അമ്മച്ചി അടങ്ങിയൊ തുങ്ങി മര്യാദക്ക് ജീവിക്കണമെന്നും ഞങ്ങളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് ഓർമ്മ വേണമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി.

പിന്നെ സോമനോ അവന്റെ ഭാര്യയോ എന്നോട് സംസാരിക്കാതെയായി. എട്ട് പത്ത് ദിവസം കൂടി ഞാനവിടെ വിഷമിച്ചും മാനസികപീഡനം സഹിച്ചും ജീവിച്ചു. നിവൃത്തിയി ല്ലാതെ ഞാൻ അടിമാലിയിൽ മുരളി താമസിച്ചിരുന്ന വീട്ടിലേക്ക് തന്നെ തിരികെപ്പോന്നു. അവിടെ നിന്നും പോന്നതു മുതൽ എനിക്ക് ശ്വാസംമുട്ടലും പലപല അസുഖങ്ങളുമായി ഞാൻ ആശുപത്രി കയറിയിറങ്ങി ജീവിക്കുകയാണ്. മുരളിയാണ് എന്റെ ജീവിതചിലവുകളും ആശുപത്രി ചിലവുകളും മറ്റും നടത്തുന്നത്. 2006 മുതൽ എന്റെയും ഭർത്താവിന്റെയും മറ്റ് മൂന്നു മക്കളുടെയും പേരിലുള്ള 12 ഏക്കർ 64 സെന്റ് സ്ഥലത്തെയും മുഴുവൻ ആദായവും എടുത്തിരുന്നത് എന്റെ മൂത്ത മകനായ സോമനാണ്. എന്റെ ആശുപത്രി ചെലവിനും നിത്യജീവിതത്തിനുമുള്ള തുക എന്റെ ഇളയ മകനായ മുരളിയുടെ തുച്ഛമായ ശമ്പളം കൊണ്ട് നിവൃത്തീകരിക്കാൻ ആവാത്ത സാഹചര്യത്തിൽ ആദായം എടുക്കാനായി പണിക്കാർ ചെന്നപ്പോൾ അവരെ സ്ഥലത്ത് കയറരുത് എന്ന് പറഞ്ഞ് സോമനും ഭാര്യയും കൂടി തടസ്സം പറഞ്ഞ് തിരികെ വിട്ടു. തുടർന്ന് എനിക്ക് ചികിത്സക്കും മറ്റും പണമില്ലാതെ ഞാൻ വളരെയേറെ ബുദ്ധിമുട്ടും മാനസിക പീഡനം അനുഭവിച്ചു വരുമ്പോഴാണ് പ്രായമായവരുടെ സങ്കടങ്ങൾക്ക് അധികാരികളുടെ ഭാഗത്ത് നിന്നും എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് അറിഞ്ഞ് ദേവികുളം സബ് കളക്ടറുടെ അടുത്ത് 15-11-2017 ൽ പരാതി കൊടുത്തത്. എന്റെ പരാതിയിൽ വളരെ വേഗം തീരുമാനം ഉണ്ടാകേണ്ട തായിരുന്നു എങ്കിലും ഒരു വർഷത്തിനു ശേഷം 15.12.2018 ൽ ആണ് തീർപ്പുണ്ടായത്. (പുതിയ സബ്കളക്ടർ ബഹു: രേണു രാജാണ് തീർപ്പു കല്പി ച്ചത്)

85 വയസ്സ് പ്രായമുള്ള എനിക്ക് എന്റെ സ്വന്തം വീട്ടിൽ കയറാനോ, എന്റെയോ ഭർത്താവിന്റെ പേരിലുള്ള സ്ഥലത്തോ കയറാനോ ആദായം എടുക്കാനോ അനുവദിക്കാതെ എന്റെ മൂത്ത മകൻ സോമനും, ഭാര്യ ലതയും കൂടി രോഗിയായ എന്നെ വളരെ മാനസികമായും, സാമ്പത്തികമായും പീഡിപ്പിക്കുകയാണ്. ഞങ്ങളുടെ നാല് മക്കളിൽ സോമന് മാത്രമാണ് ഞങ്ങൾ ഇത്രയേറെ ഭൂമി (8 ഏക്കർ 12 സെന്റ്) നൽകിയിട്ടുള്ളത്. എന്റെ ഭർത്താവ് നടത്തിയിരുന്ന പലചരക്ക് കട ഭർത്താവിന് അസുഖം ആയതുമുതൽ 12 വർഷമായി സോമൻ അനധികൃതമായി കൈവശം വച്ച് കച്ചവടം നടത്തി വരുകയുമാണ്. സോമന് ധാരാളം പണമുള്ളതിനാൽ സ്ഥലത്തെ ചില രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും സപ്പോർട്ടുണ്ട്.

ഇളയമകൻ മുരളി മൂന്നാറിൽ ടൂറിസ്റ്റു ഹോമിൽ ജോലി ചെയ്താണ് എന്നെയും അവന്റെ കുടുംബത്തേയും സംരക്ഷിക്കുന്നത്. മുരളി ജോലിക്ക് പോയാൽ വീട്ടിൽ അധിക സമയവും ഞാൻ ഒറ്റക്കാണുണ്ടാവുക. ആ സമയം മൂത്തമകൻ സോമനോ, സോമൻ ഏർപ്പാടാക്കുന്ന ആളുകളോ എന്റെ അടുത്ത് വന്ന് എന്നെ വല്ലവിധേനയും അപായപ്പെടുത്തുമെന്ന ഭയത്തോടുകൂടിയാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് ഏതെങ്കിലും വിധത്തിലുള്ള സ്വാഭാവികമല്ലാത്ത മരണം സംഭവിച്ചാൽ അതിന് ഉത്തരവാദി എന്റെ മൂത്തമകൻ സോമനും അവന്റെ ഭാര്യ ലതയും അവർക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന CPI- ൽ പെട്ട രാഷ്ട്രീയ നേതാവ് കല്ലാറിൽ അനധികൃതമായി പട്ടയഭൂമിയിൽ കുടിയേറി താമസിക്കുന്ന ശ്രീനിവാസനും ആയിരിക്കും. എന്റെ സ്വത്തുവകകൾ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് അവർ എന്നെ ഇല്ലാതാക്കുന്നത്.

വയോധികയായ എനിക്ക് ഭയപ്പെട്ടും മാനസികപീഡനം അനുഭവിച്ചും കഴിയാൻ ഇടവരുത്താതെ എത്രയും വേഗം എന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും വീട്ടിൽ നിന്നും ടി സോമനെയും അവന്റെ ഭാര്യയേയും മക്കളേയും ഒഴിവാക്കി തരണമെന്നും നിത്യരോഗിയായ ഞാൻ അപേക്ഷിക്കുന്നു. എനിക്ക് ഒരു വക്കീലിനെ വെച്ച് കേസ് നടത്താനോ ഒന്നും എന്റെ സാമ്പത്തിക നില എന്നെ അനുവദിക്കുന്നില്ല. എന്റെയും ഭർത്താവിന്റെയും പേരിൽ വസ്തുവകകൾ ഉണ്ടായിട്ടും അതൊന്നും അനുഭവിക്കാൻ കഴിയാതെ രോഗിയായ ഞാൻ ആശുപത്രിയിൽ പോകുന്നതിനും, മരുന്നു വാങ്ങുന്നതിനും എന്റെ മറ്റു മക്കളെ ആശ്രയിക്കേണ്ട അവസ്ഥയി ലാണ്. ഗതികെട്ട ഈ വൃദ്ധക്ക് ഭയപ്പെടാതെയും മന:സുഖത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു നടപടി എടുക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP