Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജലസംഭരണികളിൽ 16ശതമാനം വെള്ളം മാത്രം; മഴശക്തമായില്ലെങ്കിൽ വൈദ്യുതി ഉത്പാദനം നിർത്തിവയ്‌ക്കേണ്ടി വന്നേക്കും; ഇടുക്കിയിൽ അവശേഷിക്കുന്നത് ആകെ ശേഷിയുടെ 20 ശതമാനവും ശബരിഗിരിയിൽ പതിമൂന്നു ശതമാനവും വെള്ളം മാത്രം; ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞതോടെ പ്രധാന പദ്ധതികളിലെല്ലാം ഉത്പാദനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി;ഈ വർഷം രേഖപ്പെടുത്തിയത് സംസ്ഥാന ചരിത്രത്തിലെ ഉയർന്ന പ്രതിദിന വൈദ്യുതി ഉപയോഗം

ജലസംഭരണികളിൽ 16ശതമാനം വെള്ളം മാത്രം; മഴശക്തമായില്ലെങ്കിൽ വൈദ്യുതി ഉത്പാദനം നിർത്തിവയ്‌ക്കേണ്ടി വന്നേക്കും; ഇടുക്കിയിൽ അവശേഷിക്കുന്നത് ആകെ ശേഷിയുടെ 20 ശതമാനവും ശബരിഗിരിയിൽ പതിമൂന്നു ശതമാനവും വെള്ളം മാത്രം; ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞതോടെ പ്രധാന പദ്ധതികളിലെല്ലാം ഉത്പാദനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി;ഈ വർഷം രേഖപ്പെടുത്തിയത് സംസ്ഥാന ചരിത്രത്തിലെ ഉയർന്ന പ്രതിദിന വൈദ്യുതി ഉപയോഗം

മറുനാടൻ ഡെസ്‌ക്‌

സീതത്തോട്: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സംഭരണികളിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞു. ആകെ സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോൾ വിവിധ പദ്ധതികളിലായി ശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് പരീക്ഷാക്കാല വെല്ലുവിളികളെ അതിജീവിച്ച് പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെയായിരുന്നു വേനൽ കടന്നുപോയത്. അതേസമയം ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം ഡബിളായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മഴ ശക്തമാകാതെ വന്നാൽ പല പദ്ധതികളിലും വൈദ്യുതി ഉത്പാദനം നിർത്തിവെയ്‌ക്കേണ്ടി വന്നേക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയിൽ ആകെ ശേഷിയുടെ 20 ശതമാനം വെള്ളം മാത്രമാണിപ്പോഴുള്ളത്. വലിയ രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയിൽ ഇത് വെറും പതിമൂന്നു ശതമാനമേയുള്ളൂ. ഇടുക്കി ഡാമിൽ 705.502 മീറ്റർ വെള്ളമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയിൽ 939.058 മീറ്ററും ഉപ സംഭരണിയായ പമ്പാ ഡാമിൽ 963.05 മീറ്ററും വെള്ളമാണ് ശേഷിക്കുന്നത്.

ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് പ്രധാന പദ്ധതികളിലെല്ലാം ഉത്പാദനത്തിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. ഇടുക്കിയിലും ശബരിഗിരിയിലുമുൾപ്പടെ വൈകുന്നേരങ്ങളിൽ മാത്രമാണ് വൈദ്യുതി ഉത്പാദനം കൂടുതൽ അളവിൽ നടത്തുന്നത്. സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 16 ശതമാനം ജലനിരപ്പ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇതിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവ് 10 ശതമാനത്തിൽ താഴെ മാത്രമാണ്.

ഡാമുകളിൽ വെള്ളം കുറവായതിനാൽ ഇടുക്കിയിൽ 10.737 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 5.275 ദശലക്ഷം യൂണിറ്റും ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ പദ്ധതികളിൽനിന്നുമായി 21.7878 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് മെയ്‌ 31-ന് വൈദ്യുതി ബോർഡിന് ഉത്പാദിപ്പിക്കാനായത്.

വൃഷ്ടിപ്രദേശങ്ങളിലൊന്നുംതന്നെ കാര്യമായ മഴ ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോഴും പ്രധാന പദ്ധതിയായ ഇടുക്കിയിൽ കഴിഞ്ഞ ദിവസം 0.08 മില്ലിമീറ്ററും ശബരിഗിരിയിൽ 16 മില്ലിമീറ്ററുമാണ് ലഭിച്ചത്. പ്രധാന സംഭരണികളിലേക്കുള്ള നീരൊഴുക്ക് ദിവസേന വലിയ അളവിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സംസ്ഥാനത്തെ മറ്റു പ്രധാന സംഭരണികളായ ഷോളയാറിൽ പതിനൊന്നും ഇടമലയാറിൽ പത്തും കുണ്ടളയിൽ പതിമൂന്നും മാട്ടുപ്പെട്ടിയിൽ പന്ത്രണ്ടും ശതമാനം വെള്ളമാണിപ്പോഴുള്ളത്.

ജൂൺ ഒന്നിന് 450 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളിൽ കരുതലുണ്ടാകണമെന്നതാണ് കെ.എസ്.ഇ.ബി യുടെ ജലവിനിയോഗ തത്വം. 666.268 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയം 983.687 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. 2018 ൽ 501.891 യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.

ഓരോ ദിവസവും റെക്കോഡ് തിരുത്തി ഉപയോഗം കുതിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഉയർന്ന പ്രതിദിന വൈദ്യുതി ഉപയോഗമാണ് ഈ വർഷം രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ദിനമായ മെയ് 23 ലെ 88.336 ദശലക്ഷം യൂനിറ്റാണ് റെക്കോഡ്. ഏപ്രിൽ 13 ലെ 88.102 എന്ന റെക്കോഡാണ് വോട്ടെണ്ണൽ ദിനത്തിൽ തകർന്നത്.

2018 ലെ ഉയർന്ന പ്രതിദിന ഉപയോഗം 77.579 ദശലക്ഷം യൂനിറ്റായിരുന്നു. വൈദ്യുതി ഉപയോഗം ഇപ്പോഴും ഉയരത്തിൽ തന്നെ തുടരുകയാണ്. 84.82 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതിൽ 62.551 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോൾ 22.271 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചു. കൂടുതൽ വൈദ്യുതി പുറത്തുനിന്നും എത്തിച്ച റെക്കോഡും ഈ വർഷമാണ്. ഏപ്രിൽ 9ന് 64.0665 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേന്ദ്രപൂളിൽ നിന്നും ദീർഘകാല കരാർ പ്രകാരവും എത്തിച്ചത്. കോഴിക്കോട് അരീക്കോട് 2018 ൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന് പിന്നാലെ 2950 മെഗാവാട്ട് വരെ വൈദ്യുതി സംസ്ഥാനത്തേക്ക് ഒരു സമയം കൊണ്ടുവരാൻ സാധിക്കും.

ഒരു ദിവസം പരമാവധി 68.3 ദശലക്ഷം യൂണിറ്റ് വരെ.വൈദ്യുതി ബോർഡ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ വിഭാഗത്തിന് കീഴിൽ കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മികവാണ് കടുത്ത പ്രതിസന്ധിയിലും കാര്യമായ വൈദ്യുതി നിയന്ത്രണംപോലുമേർപ്പെടുത്താതെ വേനൽ കടത്താൻ സഹായകമായത്. ഇപ്പോഴത്തെ സ്ഥിതിയിൽ സംസ്ഥാനത്തെ ഊർജ മേഖല സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP