Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ച റിലയൻസ് ജിയോയ്ക്ക് പിഴയായി അടയ്‌ക്കേണ്ടത് വെറും 500 രൂപ മാത്രം; മഹാത്മാ ഗാന്ധി മുതൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ എംബ്ലം വരെ ഇനി അഞ്ഞൂറ് അടച്ചിട്ട് ഉപയോഗിച്ചോട്ടേ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ച റിലയൻസ് ജിയോയ്ക്ക് പിഴയായി അടയ്‌ക്കേണ്ടത് വെറും 500 രൂപ മാത്രം; മഹാത്മാ ഗാന്ധി മുതൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ എംബ്ലം വരെ ഇനി അഞ്ഞൂറ് അടച്ചിട്ട് ഉപയോഗിച്ചോട്ടേ എന്നു  ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചതിന് റിലയൻസിന് വെറും അഞ്ഞൂറു രൂപ പിഴ. റിലയൻസ് ജിയോ എന്ന 4ജി സേവനം രാജ്യത്ത് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മിക്ക ദേശീയ പത്രങ്ങളിലും ഫുൾപേജ് പരസ്യം നൽകിയ റിലയൻസ് അതിൽ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

ഇതോടെ നരേന്ദ്ര മോദി ജിയോയുടെ ബ്രാൻഡ് അംബാസഡറാണെന്ന് ആരോപണം ഉയർന്നു. മോദിയുടെ അനുമതിയോടെയാണോ റിലയൻസ് ചിത്രം ഉപയോഗിച്ചതെന്ന് വ്യക്തമാക്കണമെന്ന് പല ഉന്നത രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുകയും ചെയ്തു. മോദിയുടെ അംബാനി, അദാനി ബന്ധത്തിന് ഉത്തമ ഉദാഹരണമാണ് ഈ പരസ്യമെന്ന പ്രചാരണവുമുണ്ടായി.

ഇതുമായി ബന്ധപ്പെട്ടാണ് മോദിയുടെ ചിത്രം അനുമതി കൂടാതെ പ്രിന്റ്, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ ഉപയോഗിച്ചതിന് അഞ്ഞൂറു രൂപ പിഴയിട്ടിരിക്കുന്നത്. പരസ്യത്തിൽ മോദിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയോടെയാണോ എന്ന ചോദ്യമുയരുകയും അല്ലെങ്കിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ മുദ്രകളും പേരുകളും അനുമതിയില്ലാതെ പരസ്യങ്ങളിൽ ഉപയോഗിച്ചുകൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന 1950ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ അതിസമ്പന്നനായ റിലയൻസ് മുതലാളി മുകേഷ് അംബാനിക്ക് വെറും അഞ്ഞൂറു രൂപ പിഴയിട്ട് കേന്ദ്ര സർക്കാർ നേരത്തെ ഉണ്ടായ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. അതേസമയം ഇത്രയും കുറഞ്ഞ പിഴയിട്ട് പ്രശ്‌നം ഒതുക്കാൻ കേന്ദ്രം ശ്രമിക്കുന്നത് വലിയ ചർച്ചയായി മാറുകയാണ്.

കേന്ദ്ര വാർത്താവിനിമയ മന്ത്രി രാജ്യവർധൻ സിംഗാണ് വ്യാഴാഴ്ച എഴുതി നൽകിയ ഒരു മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് പ്രദാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു. അതേസമയം റിലയൻസ് ജിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. സമാജ് വാദി എംപി നീരജ് ശങ്കർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. മോദിയുടെ ചിത്രം ഉപയോഗിച്ചത് സർക്കാരിന്റെ അറിവോടെയാണോ എന്നായിരുന്നു ചോദ്യം.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തിൽ അനുമതിയില്ലാതെ ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം എങ്ങനെ ഉപയോഗിക്കുമെന്നും ഇത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നു. സമാനമായ രീതിയിൽ നരേന്ദ്ര മോദി കറൻസി നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിന് പിറ്റേ ദിവസങ്ങളിൽ ഇറങ്ങിയ പത്രങ്ങളിൽ മോദിയുടെ ചിത്രവുമായി ഇ-വാലറ്റ് കമ്പനിയായ പേ ടിഎമ്മും ദേശീയ തലത്തിൽ പത്രപ്പരസ്യങ്ങൾ നൽകിയിരുന്നു.

ഇതോടെ ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസിഡറാകാൻ പ്രധാനമന്ത്രിയെ ഏതെങ്കിലും നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അങ്ങനെയല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരം പരസ്യങ്ങൾ നൽകിയ കമ്പനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് അറിയിക്കണമെന്നും സമാജ് വാദ് എംപി ആവശ്യപ്പെട്ടു. മുദ്രകളും പേരുകളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് എതിരായ നിയമം ബാധകമാകുന്നത് ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം വകുപ്പുകളുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിൽ മോദിയുടെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചില്ലെന്ന നിലപാടാണ് മന്ത്രാലയ അധികൃതർ സ്വീകരിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട നിയമത്തിലെ മൂന്നാം സെക്ഷൻ പ്രകാരം ഇത്തരത്തിൽ പ്രത്യേകമായി നിഷ്‌കർഷിച്ചിട്ടുള്ള മുദ്രകളും പേരുകളും പരസ്യങ്ങളിൽ അനുമതി കൂടാതെ നൽകുന്നതിന് വിലക്കുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവർണർമാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, നെഹ്‌റു, ഐക്യരാഷ്ട്ര സഭ, അശോകചക്രം, ധർമ്മചക്രം തുടങ്ങി ഏതാണ്ട് മൂന്നു ഡസനോളം പേരുകളും മുദ്രകളും പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.

ഇത് മറികടന്നാണ് റിലയൻസ് പരസ്യം നൽകിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസിന് വെറും അഞ്ഞൂറു രൂപമാത്രം പിഴയിട്ട സർക്കാർ നടപടിയെ കളിയാക്കിയും ഇത്രയേ പിഴയുള്ളൂ എങ്കിൽ വിലക്കുള്ള മറ്റു രാജ്യചിഹ്നങ്ങളും പേരുകളും ഉപയോഗിച്ച്് ഞങ്ങൾക്കും പരസ്യം നൽകാമോ എന്നു ചോദിച്ചും സോഷ്യൽ മീഡയയിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP