Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മെട്രോ ശിൽപ്പീ ഉമ്മഞ്ചാണ്ടീ.. അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ..' ആലുവ സ്റ്റേഷനിൽ എത്തിയതോടെ അഭിവാദ്യങ്ങളുമായി നൂറ് കണക്കിന് പ്രവർത്തകർ; ചാനൽ ക്യാമറയിൽ ഇടപിടിക്കാൻ ഖദർധാരികൾ ഇടിച്ചു നിന്നതോടെ സൂചി കുത്താൻ ഇടമില്ലാതെ ഞെങ്ങി ഞെരിഞ്ഞ് മെട്രോ യാത്ര; ആൾക്കൂട്ടത്തിന്റെ രാജാവായി കുഞ്ഞൂഞ്ഞ് വീണ്ടുമെത്തിയത് ഇങ്ങനെ

'മെട്രോ ശിൽപ്പീ ഉമ്മഞ്ചാണ്ടീ.. അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ..' ആലുവ സ്റ്റേഷനിൽ എത്തിയതോടെ അഭിവാദ്യങ്ങളുമായി നൂറ് കണക്കിന് പ്രവർത്തകർ; ചാനൽ ക്യാമറയിൽ ഇടപിടിക്കാൻ ഖദർധാരികൾ ഇടിച്ചു നിന്നതോടെ സൂചി കുത്താൻ ഇടമില്ലാതെ ഞെങ്ങി ഞെരിഞ്ഞ് മെട്രോ യാത്ര; ആൾക്കൂട്ടത്തിന്റെ രാജാവായി കുഞ്ഞൂഞ്ഞ് വീണ്ടുമെത്തിയത് ഇങ്ങനെ

അർജുൻ സി വനജ്

 ആലുവ: കൊച്ചി മെട്രോയുടെ യഥാർത്ഥ ശിൽപ്പി ആരെന്ന് ചോദിച്ചാൽ ഉത്തരം ഉമ്മൻ ചാണ്ടി എന്നു തന്നെ പറയേണ്ടി വരും. മെട്രോ യാഥാർത്ഥ്യമാക്കിയതിന് പിന്നിലെ യഥാർഥ ശക്തി ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന വേളയിലാണ് കൊച്ചിക്കാരുടെ മെട്രോ സ്വപ്‌ന പൂവണിഞ്ഞത. ഇങ്ങനെയുള്ള വ്യക്തിയെ ഉദ്ഘാടന ചടങ്ങിൽ നിന്നു തഴഞ്ഞുവെന്ന വികാരം പൊതുജനങ്ങൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ, എന്നും ജനക്കൂട്ടത്തിന്റെ നേതാവായ അദ്ദേഹം പതിവു ശൈലിയിൽ മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയപ്പോൾ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പിന്നാലെ കൂടി. സാധാരണക്കാർക്കൊപ്പം ടിക്കറ്റെടുത്ത് യാത്ര ചെയ്ത ഉമ്മൻ ചാണ്ടി ശരിക്കും താരമായി മാറുകയായിരുന്നു.

ഉച്ചക്ക് മൂന്നരയോടെയാണ് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം എം ഹസനും മറ്റ് നേതാക്കളും അടക്കം ആലുവ മെട്രോ റെയിൽവേ സ്‌റ്റേഷനിൽ യാത്ര ചെയ്യാൻ എത്തിയത്. ഉദ്ഘാടനചടങ്ങിൽ നിന്ന് കോൺഗ്രസ് നേതാക്കളെ അകറ്റി നിർത്തിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ജനകീയയാത്ര നടത്തിയത്. ആലുവ സ്‌റ്റേഷയിൽ ഉമ്മൻ ചാണ്ടി എത്തുന്നു എന്നറിഞ്ഞ് നൂറ് കണക്കിന് പ്രവർത്തകർ ടിക്കറ്റെടുത്ത് ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്യാൻ കാത്തു നിന്നു.

മെട്രോ യാഥാർത്ഥ്യമാക്കിയ മുൻ മുഖ്യൻ ആലുവ സ്‌റ്റേഷനിൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം കൂടി. 'മെട്രോ ശിൽപ്പീ ഉമ്മഞ്ചാണ്ടീ.. അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ..' ഉച്ചത്തിൽ മ്ുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അദ്ദേഹത്തിന് ചുറ്റു കൂടി. ഇതോടെ മെട്രോ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉമ്മൻ ചാണ്ടിയും. ഇതിനിടെ ആദ്യം പ്ലാറ്റ്‌ഫോമിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ആദ്യ എത്തിയ മെട്ര ട്രെയിനിൽ ചെന്നിത്തല കയറി. പിന്നാലെ യൂത്ത് കോൺഗ്രസ് നേതാക്കള ഒപ്പം കയറി. എന്നാൽ, തിരക്കു കാരണം ഉമ്മൻ ചാണ്ടിക്ക് ഈ ട്രെയിനിന്റെ അടുത്തേക്ക് എത്താനായില്ല. ഇതിനിടെ ഉമ്മൻ ചാണ്ടി കയറില്ലെന്നറിഞ്ഞ കുറെ പ്രവർത്തകർ തിരികെ ഇറങ്ങി. രമേശിനെയും വഹിച്ചു കൊണ്ട് ആദ്യ ട്രെയിൻ പാലരിവട്ടത്തേക്ക് തിരിക്കുകയും ചെയ്തു.

ഇതിനിടെ തിരക്ക് ശക്തമായതോടെ നേതാക്കൾ തന്നെ ഇടപെട്ട പ്രവർത്തകരെ നിയന്ത്രിക്കുന്ന കാഴ്‌ച്ചയും കണ്ടു. മെട്രോയാത്രയ്ക്കെത്തിയ സാധാരണക്കാർക്കൊപ്പം നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ കൂടി ആലുവ സ്റ്റേഷനിലേക്ക് പ്രവേശിച്ചതോടെ ആലുവ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നിറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ ആലുവ സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും തിരക്ക് നിയന്ത്രിക്കാനിറങ്ങി. തിരക്കിനെ തുടർന്ന് ആളുകളിൽ ചിലർ യെല്ലോ ലൈനും കടന്ന് ട്രാക്കിൽ വീഴുമെന്ന് വന്നതോടെയാണ് നേതാക്കൾ നേരിട്ടറങ്ങിയാണ് തിരക്ക് നിയന്ത്രിച്ചത്.

ഇതിനിടെ മെട്രോയിലെത്തിയ മുന്മുഖ്യമന്ത്രിയെ കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ആളുകൾ തിക്കിതിരക്കിയതോടെ വളരെ കഷ്ടപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ മെട്രോ ട്രെയിനിനുള്ളിലേക്ക് എത്തിച്ചത്. ഉമ്മൻ ചാണ്ടി കയറിയ മെട്രോയിലേക്ക് പ്രവർത്കരും ചാനലുകാരും ഇടിച്ചുകയറി. ചിലർക്ക് ട്രെയിനിൽ കയറിപ്പറ്റാനും സാധിച്ചില്ല. കിട്ടിയ സീറ്റിൽ ഉമ്മൻ ചാണ്ടി ഇരുന്നപ്പോൾ തൊട്ടടുത്തായി അൻവർ സാദത്തും എം എം ഹസനും ഹൈബി ഈഡനും ഇടംപിടിച്ചു. ചുരുക്കത്തിൽ സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി മെട്രോയിൽയാത്ര ചെയ്തത്.

ട്രെയിനിന് ഉള്ളിൽ വെച്ച് ഉമ്മൻ ചാണ്ടിക്കൊപ്പം സെൽഫിയെടുക്കാനും പ്രവർത്തകർ മത്സരിക്കുന്ന കാഴ്‌ച്ച കാണാനും പറ്റി. പാലാരിവട്ടം സ്റ്റേഷനിൽ എത്തിയ വേളയിൽ നേതാക്കളെ കാത്ത് നൂറ് കണക്കിന് പേരാണ് കാത്തു നിന്നത്. ഇവിടെ തുറന്ന ജീപ്പിൽ നേതാക്കളെ ആനയിച്ചു കൊണ്ട് പ്രകടനവും നടന്നു. മെട്രോയുടെ ശിൽപ്പി ഉമ്മൻചാണ്ടാക്കായിരുന്നു ഏറ്റവും അധികം മുദ്രാവാക്യങ്ങൾ. പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത കൊച്ചി മെട്രോയുടെ രണ്ടാം ദിന സർവ്വീസിൽ ആവേശം നിറച്ചു കൊണ്ടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംഘവും ജനകീയ യാത്ര സംഘടിപ്പിച്ചത്.

ആലുവ മുതൽ പാലാരിവട്ടം വരെ നീളുന്ന ജനകീയയാത്രയിൽ പങ്കുചേരാൻ ഉമ്മൻ ചാണ്ടിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എംഎം ഹസൻ, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടൻ മുഹമ്മദ്, പിടി തോമസ്, ബെന്നി ബെഹ്നാൻ, കെ.ബാബു, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, വിപി സജീന്ദ്രൻ, അൻവർ സാദത്ത് തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ എത്തിയിരുന്നു.

പതിവ് ശൈലിയിൽ അണികളും കോൺഗ്രസ് നേതാക്കളും ചേർന്ന് സൃഷ്ടിച്ച ആൾക്കൂട്ടത്തിന് നടുവിലാണ് ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാക്കളും എത്തിയത്. മുഖ്യമന്ത്രിയായിരിക്കേ കഴിഞ്ഞ വർഷം ആദ്യം മെട്രോയുടെ പരീക്ഷ ഓട്ടം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി പക്ഷേ കഴിഞ്ഞ ശനിയാഴ്‌ച്ച നടന്ന ഔദ്യോഗിക ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP