അതിർത്തിയിലെ ഭീകരക്യാമ്പുകൾ തച്ചുതകർത്ത് ഇന്ത്യ സേന; മ്യാന്മാറുമായി ചേർന്നു നടത്തിയ സൈനിക ഓപ്പറേഷനിൽ തകർത്തത് നിരവധി ഭീകര ക്യാമ്പുകൾ; സൈനിക നീക്കത്തിന് ഒടുവിൽ കീഴടങ്ങിയത് 72 ഭീകരർ; മൂന്നാഴ്ച്ച നീണ്ട സംയുക്ത നീക്കം 'ഓപറേഷൻ സൺറൈസ്' ഭീകരവാദികളുടെ നട്ടെല്ലൊടിച്ചു
June 16, 2019 | 09:57 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അതിർത്തിയിലെ തീവ്രവാദികളെ തുരത്തി ഇന്ത്യൻ സേനയുടെ സൈനിക നീക്കം. ഇന്ത്യ- മ്യാന്മർ സംയുക്ത സൈനിക നീക്കത്തിലൂടെയാണ് അതിർത്തിയിൽ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തത്. 'ഓപറേഷൻ സൺറൈസ് '(സൂര്യോദയം) എന്നു പേരിട്ടിരിക്കുന്ന ഏറ്റവും വലിയ സൈനിക നടപടിയിലൂടെയായിരുന്നു ഭീകരകേന്ദ്രങ്ങൾ തകർത്തത്.
മണിപ്പൂർ, നാഗാലാന്റ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശത്തെ കേന്ദ്രങ്ങളാണ് തകർത്തത്. മെയ് 16 മുതൽ മൂന്നാഴ്ച നീണ്ടുനിന്ന പോരാട്ടത്തിലാണ് സൈന്യം ലക്ഷ്യം കണ്ടത്. നിരവധി ഭീകര ക്യാമ്പുകൾ സൈനിക നീക്കത്തിൽ തകർത്തതായി അറിയുന്നു. നിരവധി ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് സൈനിക നീക്കം നടത്തിയത്.
ഏകദേശം അൻപതോളം ഭീകര ക്യാംപുകൾ ഇന്ത്യമ്യാന്മർ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്. നാഗാലാന്റിലും മണിപ്പൂരിലും നീണ്ടകാലമായി തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ട്. ലിബറേഷൻ ഓർഗനൈസേഷൻ (കെ.എൽ.ഒ), എൻ.എസ്.സി.എൻ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്(എൻ.ഡി.എഫ്.ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണു സൈന്യം തകർത്തത്.
സൈനിക നീക്കത്തിലൂടെ 72 ഭീകരർ കീഴടങ്ങിയിട്ടുണ്ട്. ഇൻന്റലിജൻ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓപറേഷൻ സൺറൈസിന്റെ മൂന്നാം ഘട്ടം നടക്കുമെന്ന് സൈന്യം അറിയിച്ചു. ഓപറേഷൻ സൺറൈസിന്റെ ഒന്നാം ഭാഗം സൈനിക നീക്കം നടത്തിയിരുന്നത് ആറ് മാസം മുമ്പായിരുന്നു. അറാക്കൻ ആർമി പ്രക്ഷോഭകാരികളെയാണ് അന്ന് സൈന്യം തുരത്തിയത്. അസം റൈഫിൾസും സൈനിക നടപടിയിൽ പങ്കെടുത്തിട്ടുണ്ട്. 1640 കിലോമീറ്റർ ദൂരം അതിർത്തിയാണ് മ്യാന്മറുമായി ഇന്ത്യ പങ്കിടുന്നത്.
നേരത്തെ ഇന്ത്യ അതിർത്തി കടന്ന് സൈനിക ഓപ്പറേഷൻ നടത്തി ഭീകരവാദികളെ തുരത്തിയിരുന്നു. 2015ൽ ആയിരുന്നു ഈ ഓപ്പറേഷൻ നടത്്തിയത്. അന്ന് മ്യാന്മാർ സൈന്യത്തെ അറിയിക്കാതെ ഇന്ത്യൻ സൈന്യം നേരിട്ടാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. അന്ന് 18 തീവ്രവാദികളെ വകവരുത്തുകയുണ്ടായി.
