Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ കുട്ടികളെ കണ്ടെത്താൻ സർക്കാരിന്റെ ഓപ്പറേഷൻ വാത്സല്യ; ബാലവേല ചെയ്യുന്ന കുട്ടികളുടെയും അനാഥാലയങ്ങളിലെ കുരുന്നുകളുടെയും വിവരങ്ങളും ശേഖരിക്കും: നിയമവിരുദ്ധരെ പിടികൂടാൻ 'വാത്സല്യ'ക്കു കഴിയുമോ?

കാണാതായ കുട്ടികളെ കണ്ടെത്താൻ സർക്കാരിന്റെ ഓപ്പറേഷൻ വാത്സല്യ; ബാലവേല ചെയ്യുന്ന കുട്ടികളുടെയും അനാഥാലയങ്ങളിലെ കുരുന്നുകളുടെയും വിവരങ്ങളും ശേഖരിക്കും: നിയമവിരുദ്ധരെ പിടികൂടാൻ 'വാത്സല്യ'ക്കു കഴിയുമോ?

കൊച്ചി: സംസ്ഥാനത്ത് ബാലവേല ചെയ്യുന്ന കുട്ടികളെ കണ്ടെത്താനും അനാഥലയങ്ങളിലുള്ള കുട്ടികളുടെ വിവരം ശേഖരിക്കാനും കാണാതായ കുട്ടികളെ കണ്ടെത്താനുമുള്ള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ വാത്സല്യക്കു തുടക്കമായി. പല ജില്ലകളിലും ഇതിന്റെ ജില്ലാതല ഉൽഘാടനം കഴിഞ്ഞു.

ഒക്ടോബർ മുപ്പത് വരെ ഓപറേഷൻ വാത്സല്യ പദ്ധതി നടപ്പിലുണ്ടാവും. ഒരു മാസത്തിനകം സംസ്ഥാനത്തെ മുഴുവൻ സ്ഥലങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തി കുട്ടികളെ കണ്ടെത്താനാണ് പരിപാടി. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ചൈൽഡ്‌ലൈൻ പ്രവർത്തകർ, ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം എന്നിവ ഇതിൽ പങ്കാളിയാകുന്നുണ്ട്.

എന്നാൽ കാണാതായ കുട്ടികളെ കണ്ടെത്തൽ മാത്രമാണ് ഓപറേഷൻ വാത്സല്യയുടെ പ്രധാന ദൗത്യമായി കണക്കാക്കിയിരിക്കുന്നത്. പല പ്രായോഗിക പ്രശ്‌നങ്ങളും ഉള്ളതിനാൽ ബാലവേല ചെയ്യുന്ന കുട്ടികളെ കണ്ടെത്തൽ പ്രഥമ പരിഗണനാ വിഷയമല്ല. കാരണം ബാലവേല കണ്ടെത്തിയാലും കേസ് എടുക്കാനും മറ്റു നിയമനടപടികൾ സ്വീകരിക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്.

ബാലവേല ചെയ്യിച്ചതിന് ഈ വർഷം 300 ഓളം കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 56 കേസുകൾ റിപ്പോർട്ട് ചെയ്ത വയനാട് ജില്ലയാണ് ഇതിൽ മുന്നിൽ. കാസർഗോഡ് ജില്ലയിലാണ് കുറവ് കണ്ടെത്തിയത്. ഏഴ് കേസുകൾ മാത്രമാണ് അവിടെ നിന്നുള്ളത്. എന്നാൽ അഞ്ചിരട്ടി കേസുകൾ സാമൂഹിക സംഘടനകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കേസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടും ഇതിലൊന്നും കേസെടുത്തിട്ടില്ല.

ബാലവേല കണ്ടെത്തിയാലും പിടികൂടി താക്കീത് നൽകി വിട്ടയക്കൽ മാത്രമാണ് പതിവ്. സംസ്ഥാനത്ത് നാട്ടിൻപുറങ്ങളിലും മറ്റും ബാലവേല ചെയ്യിക്കുന്ന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നമ്പോഴാണ് ബാലവേല സർക്കാരിന് മുഖ്യ വിഷയമല്ലാതായി തീരുന്നത്. സംസ്ഥാനത്തെ റോഡരികിൽ തന്നെ ആയിരകണക്കിന് അന്യ സംസ്ഥാന കുട്ടികളാണ് വിദ്യാഭ്യാസത്തിനും നല്ല ഭക്ഷണത്തിനും മറ്റുമൊക്കെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ജോലി ചെയ്യാൻ നിർബന്ധിതരായി തീരുന്നത്.

റോഡരികിൽ കേബിൾ ചാൽ വെട്ടാൻ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികൾ കുടുംബമായാണ് എത്തുന്നത്. തൊട്ടടുത്ത തണലിൽ കൊച്ചുകുഞ്ഞിനെ ഉറക്കി കിടത്തി കുഴിയെടുക്കുന്ന അമ്മക്കൊപ്പം മണ്ണ് ചുമക്കുന്ന 14 വയസ്സിന് താഴെയുള്ള കുട്ടികൾ പലയിടത്തും പതിവ് കാഴ്ചയാണ്. ട്രെയിൻ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഭിക്ഷാടനത്തിനും മറ്റും വിധേയരാവുന്ന ഒരു കുട്ടിയെ പോലും പിടികൂടി ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കഴിയാത്ത അവസ്ഥയുണ്ട്. ഇങ്ങിനെ ഒരു കുട്ടിയെ പിടികൂടിയാൽ തന്നെ അമ്മയാണ് എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നാൽ കുട്ടിയെ വിട്ടുകൊടുക്കണം. അമ്മയിൽ നിന്നും കുട്ടിയെ പിടിച്ചെടുക്കാൻ നിർവ്വാഹമില്ലെന്നാണ് ഇത് സംബന്ധിച്ച് ചൈൽഡ്‌ലൈൻ അധിക്യതർ പറഞ്ഞത്. കുട്ടിയുടെ അമ്മയാണോ യഥാർത്ഥത്തിൽ വന്നതെന്ന് അന്വേഷിക്കാൻ പൊലീസിൽ പരാതിപ്പെടണം. ഇത്തരം കാര്യങ്ങൾക്കൊന്നും ആരും മിനക്കെടാറില്ല.

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയോരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത ഇഷ്ടിക ചൂളകളിൽ നിരവധി കുട്ടികൾ ജോലിയെടുക്കുന്നുണ്ട്. ഇതുപോലെ സംസ്ഥാനത്ത് പലയിടത്തും പരസ്യമായി ബാലവേല നടക്കുന്നുണ്ട്. ബാലവേല നിയമം പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതാണ് കുറ്റകരമെങ്കിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം 18 വയസ് പൂർത്തിയാകാത്തവരെ കൊണ്ടും ജോലി ചെയ്യിക്കുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഇത് സംബന്ധിച്ച് കേസുകളൊന്നും എടുക്കാറില്ല. അന്യ സംസ്ഥാന കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കാനും ബാലവേല തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാനുമായി ബാലവകാശ കമ്മീഷൻ കുട്ടികളുടെ കണക്കെടുക്കാൻ സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP